ആത്മീയ ചികിത്സ പിടിമുറുക്കിയ മനോരോഗ മേഖല

0
468

*ആത്മീയ ചികിത്സ പിടിമുറുക്കിയ മനോരോഗ മേഖല.*

തയ്യാറാക്കിയത് 
ഷഫീഖ് പാലത്തായി
കൺസൽടെന്റ് സൈക്കോളജിസ്റ്

കഴിഞ്ഞ ദിവസം 22 വയസ്സുള്ള ഒരു യുവാവിന്റെ ഉമ്മയും ഉപ്പയും എന്നെ കാണാൻ വന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി മകൻ തനിയെ ഇരുന്നു ചിരിക്കുന്നു, സംസാരിക്കുന്നു, പുറം ലോകവുമായി ബന്ധപ്പെടാൻ താൽപര്യമില്ല, ആരും വിളിക്കുന്നത് ഇഷ്ടമല്ല എന്നു പറഞ്ഞു ഫോണിന്റെ സിം ഊരി വെക്കുന്നു, എല്ലാത്തിനും ഒരു മന്ദിപ്പ്. കുളി, ഭക്ഷണം തുടങ്ങിയ ദൈനംദിന കാര്യങ്ങളിൽ താല്പര്യം ഇല്ലാതായിരിക്കുന്നു. അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ. ഞാൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണാൻ നിർദ്ദേശിച്ചു. ചിലപ്പോൾ അവർ സൈക്യാട്രിസ്റ്റിനെ കണ്ടു മരുന്ന് കഴിക്കാൻ പറഞ്ഞേക്കും എന്നും സൂചിപ്പിച്ചു.അവർ ഇതുവരെ എടുത്ത ട്രീറ്റ്മെന്റ്കളെ കുറച്ചു ചോദിച്ചറിഞ്ഞപ്പോൾ ഇത് വരെ ജില്ലയിലും പുറത്തുമായി 8ഓളം ഉസ്താദ്മാരെയും 1 ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയും 2 സൈക്യാട്രിസ്റ്റിനെയും ‘3 കൗണ്‌സിലർ എന്നു പറയപ്പെടുന്നവരെയും’
കണ്ടു എന്നതാണ് “ട്രീറ്റ്മെന്റ് ഹിസ്റ്ററി”.

ആദ്യം കണ്ട ഉസ്താദ് ഇവനോട് ഒരു മുട്ട കൊണ്ട് വരാൻ പറഞ്ഞത്രേ. ആ മുട്ടയിലേക്ക് പ്രാർത്ഥനകൾ/ മന്ത്രങ്ങൾ ചൊല്ലിയത്തിനു ശേഷം മുട്ടയുടെ വെള്ള തലയിൽ തേച്ചു പിടിപ്പിക്കാൻ പറഞ്ഞു,
രണ്ടാമത്തെ ഉസ്താദ് 40 ദിവസം തുടർച്ചയായി ചെവിയിൽ ബാങ്ക് ഓതാൻ പറഞ്ഞു. 40ദിവസങ്ങൾക്ക് ശേഷം യാതൊരു മാറ്റവും ഉണ്ടായില്ല എന്നു പറഞ്ഞു ചെന്നപ്പോൾ നിങ്ങൾ കൃത്യമായി എല്ലാ ദിവസവും ചെയ്‌തിട്ടില്ല, എല്ലാ ദിവസവും ചെയ്തിട്ടു ഇങ്ങോട്ട് വന്നാൽ മതി എന്നു പറഞ്ഞു മടക്കി അയച്ചു,
മൂന്നാമത്തെ ഉസ്താദ് പ്രാർത്ഥനകളും മന്ത്രങ്ങളും ചൊല്ലിയ പ്രത്യേക വെള്ളം കുടിക്കാൻ നിർദ്ദേശിച്ചു. ഏതാനും ദിവസങ്ങൾ മാത്രം ലക്ഷണങ്ങൾക്ക് മാറ്റം കണ്ടു. എന്നാൽ വീണ്ടും പഴയ ലക്ഷണങ്ങൾ പൂർവ്വാധികം ശക്തിയായി തിരിച് വന്നു. അതിനിടെ യുവാവ് വീട് വിട്ട് ഓടി പോവുകയും ചെയ്തു. പിന്നീട് പോലീസും കോടതിയുമൊക്കെ ഒക്കെ ഇടപെട്ടാണ് വീട്ടിൽ തിരിച്ച് എത്തിയത്.
അങ്ങനെ ഓരോ ഉസ്താദ്മാരുടെ ഓരോ തരത്തിലുള്ള ചികിത്സകൾ.

ചിലപ്പോഴൊക്കെ ചെറിയ മാറ്റങ്ങൾ, അതു ഒന്നോ രണ്ടോ ആഴ്ചകൾ നീണ്ടു നിൽക്കും. യുവാവ്‌ വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ വരും. അപ്പോൾ വീണ്ടും ഉസ്താദ്മാരുടെ അടുത്തേക്ക് തന്നെ പോവും. ചെറിയ മാറ്റം വീണ്ടും കാണും. പക്ഷെ ആ മാറ്റം കഴിഞ്ഞ തവണത്തെ അത്ര ദൈർഘ്യം കാണില്ല. അപ്പോൾ അടുത്ത ആളെ പറ്റി എവിടെ നിന്നെങ്കിലും അറിയും, ചികിത്സാർത്ഥം അങ്ങോട്ട് പോവും.യഥാർത്ഥത്തിൽ
പ്ലാസിബോ എഫക്ട് എന്നു വിളിക്കപ്പെടുന്ന വിശ്വാസം കൊണ്ടുള്ള താൽകാലിക മാറ്റം ആണ് ഇതെന്ന് പലപ്പോഴും ഇത്തരത്തിൽ ഉള്ള ട്രീറ്റ്മെന്റിന് വിധേയമാവുന്നവർ മനസ്സിലാക്കാറില്ല.

ഇപ്പോഴും ഇത്തരത്തിലുള്ള ഉസ്താദ്മാരുടെയും സന്യാസിമരുടെയും പള്ളീലച്ചന്മാരുടെയും ആടുത്ത് മാനസിക പ്രശ്നങ്ങൾക്ക് ട്രീറ്റ്മെന്റിനു പോകുന്നവർ ഉണ്ട്.
മാനസിക പ്രശ്നങ്ങളുടെ ചെറിയ ലക്ഷണങ്ങൾ കാണിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള ആളുകളുടെ അടുത്ത് കൊണ്ടു പോവുകയും, ഒരുപാട് കാലം ഇവരുടെ കീഴിൽ ട്രീറ്റ്മെന്റ് ചെയ്യുകയും ചെയ്യും. എന്നാൽ ഈ അവസ്ഥ മൂർച്ഛിച്ച് കഴിയുമ്പോൾ മാത്രമാണ് മനഃശാസ്ത്രജ്ഞന്റെ/മനോരോഗവിദഗ്ധന്റെ അടുത്ത് കൊണ്ടു വരുന്നത്.എന്റെ അറിവിൽ ആത്മീയ ചികിത്സകരുടെ അടുത്ത് കൊണ്ടു പോവുന്ന മാനസിക രോഗങ്ങൾ ഒക്കെയും താൽക്കാലിക സമാധാനത്തിനു ശേഷം വീണ്ടും അസുഖം മൂർച്ഛിച്ച് മനോരോഗ വിദഗ്ധന്റെ അടുത്ത് എത്തുന്നുണ്ട്. എന്നാൽ പൊതു ജനങ്ങൾക്ക് ഇടയിൽ ആ താൽക്കാലിക സമാധാനം ഉണ്ടായ കാലം മാത്രം ചർച്ച ചെയ്യപ്പെടുകയും വിശ്വാസം ഇരട്ടിക്കുകയും ചെയ്യുന്നു.

ചെവിക്ക് തകരാറു വന്നാൽ മുന്തിയ ENT തന്നെ വേണം, ഹൃദയത്തിനു ചെറിയ പ്രശനം കണ്ടാൽ കിട്ടാവുന്നതിൽ ഏറ്റവും പ്രശസ്തനായ കാർഡിയോളജിസ്റ്റിനെ തന്നെ അന്വേഷിച്ചു പോവും. നാഡീഞരമ്പ് സംബന്ധമായും എന്നു വേണ്ട എല്ലാ ശാരീരിക പ്രശ്നങ്ങൾക്കും ഏറ്റവും നല്ല സ്പെഷ്യലിസ്റ്റിനെ അന്വേഷിക്കുന്ന ഇവർ, മാനസിക പ്രശ്നങ്ങൾ വരുമ്പോൾ എന്ത് കൊണ്ട് ഉസ്താദ്മാരെയും, പള്ളീലച്ചന്മാരെയും, സ്വാമിമാരെയും ആശ്രയിക്കുന്നു.?

ഇത് പിശാച് ബാധയാണ്, ജിന്നാണ്, ആത്മാവാണ്, ശൈത്താനാണ് എന്നു പൊതു ജനത്തിനെ തെറ്റിദ്ധരിപ്പിക്കാൻ കാലങ്ങളായി ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.മനസു തൊട്ടുകാണിക്കാൻ കഴിയാത്തത് കൊണ്ടു തന്നെ മനസിനെ ബാധിക്കുന്ന ഏതൊന്നും തൊട്ടുകാണിക്കാൻ കഴിയാത്തത് ആവണം എന്ന ഒരു ധാരണയെ ആണ് ഇക്കൂട്ടർ വിറ്റു കൊണ്ടിരിക്കുന്നത്. അങ്ങനെ ആണ് ജിന്നിലേക്കും, ആത്മാവിലേക്കും ഇവർ കാരണം കണ്ടെത്താൻ അഭയം തേടുന്നത്.
എന്നാൽ ഇത് അറിവില്ലായ്മയാണ്. മനസ് എന്നു പറയുന്നത് മനുഷ്യന്റെ കേന്ദ്ര നാഡീവ്യൂഹവും പെരിഫറൽ ന്യാഡിവ്യൂഹവും(central and peripheral nervous system) കൂടിച്ചേർന്നുള്ള പ്രവർത്തനങ്ങളാണ്. പ്രത്യേകിച്ചും കേന്ദ്ര നാഡി വ്യൂഹത്തിലെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ആണ് മനസിന്റെ പ്രവർത്തനങ്ങൾ എന്നു പൊതുവെ പറയുന്നത്.അതിൽ നാഡീകോശങ്ങൾ അഥവാ ന്യൂറോണുകൾ, അവ പുറപ്പെടുവിക്കുന്ന ന്യൂറോട്രാൻസ്മിറ്റർസ്,അന്തഃസ്രാവി വ്യവസ്ഥ(Endocrine system) അതിലെ ഹോർമോണുകൾ, എന്നിവ മനസിന്റെ പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഘടകങ്ങളാണ്. അതോടോപ്പം ജീവിതത്തിലെ അനുഭവങ്ങളും സമ്മർദങ്ങളും, അവയെ വിലയിരുത്തുന്ന രീതി, വളർന്ന രീതി, സാമൂഹിക ചുറ്റുപാട് തുടങ്ങിയവയും മനസിന്റെ സുഗമമായ പ്രവർത്തനത്തെ സ്വാധീനിക്കുന്നു. മാനസിക രോഗം ഉണ്ടാവുക എന്നാൽ മുകളിൽ പറഞ്ഞ ഘടകങ്ങളിൽ തകരാറുണ്ടാവുക എന്നുള്ളതാണ്, അതോടൊപ്പം ജീൻ(gene), തലച്ചോറിലെ ക്ഷതങ്ങൾ, തലച്ചോറിനേൽക്കുന്ന അണുബാധ, മയക്കുമരുന്ന് മദ്യം തുടങ്ങിയവയുടെ ഉപയോഗം ഇവയൊക്കെയും മാനസിക നില തകരാറിലാക്കാനോ, മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കാനോ കാരണമായ ഘടകങ്ങൾ ആണ്. ഇത്രയും ശാസ്ത്രീയമായ കാരണങ്ങൾ ഉണ്ടായിരിക്കെ എന്തിനാണ് ജിന്നിന്റെയും ആത്മാവിന്റെയും പിന്നാലെ പോകുന്നത്?

മനോരോഗ ചിൽകിത്സയുടെ ചരിത്രം എടുത്തു പരിശോധിച്ചാൽ മനസിലാകുന്ന വസ്തുത എന്തെന്നാൽ, മുൻ കാലഘട്ടം തൊട്ട് 16ആം നൂറ്റാണ്ടു വരെ മനോരോഗങ്ങളെ മനസിലാക്കിയിരുന്നത് ശരീരത്തിൽ ദുഷിച്ച ആത്മാവിന്റെ കടന്നുകയറ്റം മൂലമോ,കൂടോത്രം മൂലമോ ആണെന്നായിരുന്നു. ശരീരത്തിൽ കുടുങ്ങിയ ആത്മാവിനെ പുറത്തേക്ക്‌ വിടാൻ വേണ്ടി തലച്ചോറിൽ തുളയിടുക(Trephining), ദേഹത്തു ശക്തിയായി അടിക്കുക, ഡ്രം പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് രോഗിക്ക് ചുറ്റും നിന്നും വലിയ ശബ്ദം ഉണ്ടാക്കുക, മന്ത്രങ്ങൾ ഉരുവിടുക തുടങ്ങിയവയായിരുന്നു ആ കാലഘട്ടങ്ങളിലെ ചികിത്സാ രീതികൾ. ശിലായുഗത്തിൽ നിന്നു ലഭിച്ച തുളയുള്ള തലയോട്ടികൾ ഇതിന്റെ തെളിവാണ്. അത്തരത്തിലുള്ള ചികിത്സകൾ കൊണ്ട് രോഗികൾക്ക് ദാരുണാന്ത്യം വരെ സംഭവിക്കാറാണ് ഉള്ളത്. ഇത്തരത്തിലുള്ള “ബാധ ഒഴിപ്പിക്കൽ”(Exorcism) അന്ന് ചെയ്തിരുന്നത് മതപുരോഹിതന്മാർ ആയിരുന്നു.

ഏതൊരു ശാസ്ത്ര വിഷയമെടുത്തുകഴിഞ്ഞാലും, അതിനൊരു വിപ്ലവ കാലഘട്ടം ഉണ്ടാവും. മാനസികാരോഗ്യ മേഖലക്ക് അത് 19ആം നൂറ്റാണ്ട് ആയിരുന്നു. ആത്മീയ ചികിത്സകളിൾ നിന്നും കാന്തം വെച്ചുള്ള ചികിത്സകളിൽ നിന്നും, വെള്ളം ദേഹത്തേക്ക് അടിച്ചു കയറ്റിയുള്ള ചികിത്സയിൽ നിന്നും, അസൈലങ്ങളിൽ നിന്നുമെല്ലാം അത് മോചിപ്പിക്കപ്പെട്ടു.എന്നാൽ ഇപ്പോഴും മുൻകാലത്തിനു സമാനമായ ചികിത്സാ രീതികൾ നമുക്ക് ചുറ്റും നടക്കുന്നു.വലിയ മാറ്റങ്ങൾ ഒന്നുമില്ലാതെ. പല പേരിൽ ആണെന്ന് മാത്രം. അതിന്റെ പേരിൽ മരണം വരെ സംഭവിക്കുന്നത് സാധാരണമാവുന്നു.
മാനസിക രോഗങ്ങൾ/ പ്രശ്നങ്ങൾ ഉണ്ടാവുന്നതിന്റെ കാരണങ്ങളെ കുറിച്ചു മാത്രം ആദ്യം നമ്മൾ മാസ്സ് ക്യാമ്പയിൻ നടത്തേണ്ടത് ഉണ്ട്. ചില വിഭാഗം ആൾക്കാർ കാതടച്ചേക്കാം, തള്ളി പറഞ്ഞേക്കാം.എന്നാൽ മാനസിക പ്രശനങ്ങൾ ബാധിച്ച ഒരുകൂട്ടം ആൾക്കാരുടെ കുടുംബാംഗങ്ങൾ ഇത് കേൾക്കും..അവർ ശാസ്ത്രീയമായ ചികിത്സക്ക് വരും. അവരെ നമുക്ക് രക്ഷിച്ചെടുക്കാൻ കഴിഞ്ഞേക്കും.

അപ്പോ ജിന്നും ശൈത്താനും ഇല്ലാ എന്നാണോ എന്നൊക്കെ ചോദിക്കുന്നവരോട്, ഇവിടെ വിഷയം അതല്ല.മാനസിക രോഗങ്ങൾ ഉണ്ടാക്കുന്നത് ജിന്നും, ശൈത്താനും അല്ല എന്നുള്ളതാണ്. അതിനു ശാസ്ത്രീയമായി തന്നെ കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ധാർമ്മിക ബോധവും, മാനവികമൂല്യങ്ങളും മനുഷ്യനിൽ ഉയർത്തുന്നതിൽ ഉസ്താദമാരുടെ പങ്ക് വളരെ വലുതാണെന്നുള്ള ഉത്തമബോധ്യത്തിൽ നിന്നുതന്നെയാണ് ഞാൻ ഇത് എഴുതുന്നത്. അങ്ങനെ സമൂഹത്തിലെ സാംസ്കാരിക നിർമ്മിതിയിൽ കാര്യമായി പങ്കു വഹിക്കുന്ന ഈ വലിയൊരു ശൃംഖലയിൽ വളരെ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് ഇത്തരം ചികിത്സകൾ ഏറ്റെടുത്തു നടത്തുന്നത്, അതിലൂടെ ഒരുപാട് മനുഷ്യരുടെ സാധ്യമാവുന്ന നല്ല ജീവിതം നശിപ്പിക്കുന്നത്.

മനോരോഗ ചികിത്സകൾ ആവശ്യമായവരെ മനശാസ്ത്രജ്ഞരുടെ / മനോരോഗവിദഗ്ധരുടെ അടുത്തേക്ക് അയക്കുന്ന, പക്വമായ തീരുമാനം എടുക്കുന്ന ഉസ്താദ്മാരെ എനിക്കറിയാം, അങ്ങനെ ഉള്ളവർ ഒരുപാട് പേരുണ്ടെന്നും അറിയാം. അവരോട് തികഞ്ഞ സ്നേഹവും ബഹുമാനവും സൂചിപ്പുക്കുന്നു.

എല്ലാ മതത്തിലും ഇത്തരം “wrong number” കൾ ഉണ്ട്. മനോരോഗ ചികിത്സ കുത്തക ആക്കിയവർ. ഇതിനെതിരെ അതത് മതത്തിൽ നിന്നു തന്നെയുള്ള പ്രൊഫെഷണൽസ് മുന്നോട്ട് വരണം.
ഇത് മതത്തിന്റെ വിഷയമല്ല. മനസിന്റെ വിഷയമാണ്. മാനസികാരോഗ്യത്തിന്റെ വിഷയമാണ്.

======

Advertisements