അനന്തപുരിയിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം ?

അറിവ് തേടുന്ന പാവം പ്രവാസി

സവിശേഷമായ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് അനന്തപുരിയിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഈ ക്ഷേത്രം, വിശ്വാസികളെ എന്നും വിസ്മയിപ്പിക്കുന്ന സവിശേഷതകൾ നിറഞ്ഞൊരു ക്ഷേത്രമാണ് .ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട കുറച്ചു സവിശേഷതകൾ ഇതൊക്കെയാണ് ….

മൂന്നു വാതിലുകളിൽ കൂടി പൂർണ ദർശനം സാധ്യമാകുന്ന 18 അടി നീളമുള്ള അനന്തശയനം അപൂർവങ്ങളിൽ അപൂർവമായയൊരു പ്രതിഷ്ഠയാണ്.

നേപ്പാളിലെ ഗന്ധകി നദിതീരത്ത് നിന്നും കൊണ്ടു വന്ന പന്ത്രണ്ടായിരത്തിഎട്ടു സാളഗ്രാമങ്ങൾ കൊണ്ടാണ് വിഗ്രഹത്തിന്റെ അടിത്തറ തീർത്തിരിക്കുന്നത്.

വിഗ്രഹം പൂർണമായി ശിലാ നിർമിതമല്ല.കടുശർക്കരയോഗം എന്ന അത്യപൂർവആയുർവ്വേദ ഔഷധകൂട്ട് ഉപയോഗിച്ചാണ് മൂല വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്.ദേവവൃക്ഷങ്ങളുടെ ചട്ടകൂടിൽ ആണ് സാളഗ്രാമം നിറച്ചു അടിസ്ഥാനം നിർമ്മിച്ചിരിക്കുന്നത്.അസ്ഥിയായി ദേവവൃക്ഷങ്ങളും , നാഡിയായി ചകരിനാരും,ആന്തരിക അവയവങ്ങളായി സാളഗ്രാമവും,ശരീരമായി ഔഷധക്കൂട്ടും ചേർന്ന മഹനീയമായ നിർമ്മിതിയാണ്‌,മൂന്നു വാതിലിലൂടി നാം കാണുന്ന അനന്തശയനം.

ധാരാളം തുരങ്കങ്ങൾ ക്ഷേത്രത്തിൽ നിന്നും കവടിയാർ കൊട്ടാരത്തിലേയ്ക്കും , കോവളം കൊട്ടാരത്തിലേയ്ക്കും നീളുന്നു എന്ന് പറയുന്നുണ്ട്. അനന്തശയനത്തിനു അരികെയുള്ള ഒരു ചെറുകുഴിയിൽ കാതോർത്താൽ കടൽ ഇരമ്പുന്ന ശബ്ദം കേൾക്കാൻ സാധിക്കും എന്ന് വിശ്വാസികൾ സാക്ഷ്യപെടുത്തുന്നു.

ഇവിടുത്തെ വാസ്തുവിദ്യാ അത്ഭുദമാണ്. നൂറു ആനകളും, പതിനായിരം പണിക്കാരും ചേർന്നു നിർമ്മിച്ചതാണീ ക്ഷേത്രം.വർഷ ദിവസങ്ങളെ സൂചിപ്പിക്കാൻ 365 കൽ തൂണുകളും,മനുഷ്യശരീരത്തെ
സൂചിപ്പിക്കാൻ വഴികളും ക്ഷേത്രത്തിലുണ്ട്. ആയിരംകല്ലെന്നും, കുലശേഖരമെന്നും അറിയപ്പെടുന്ന സപ്തസ്വരമണ്ഡപത്തിലെ തൂണുകളിൽ കൃത്യമായി തട്ടിയാൽ ശിലയിൽ നിന്നും സപ്തനാദമാണ് ഉണ്ടാവുക .

The Sree Padmanabhaswamy Temple. Photo: Shutterstock/alionabirukova

നൂറ്റാണ്ടുകൾ മുന്നേ,യാതൊരു സാങ്കേതികവിദ്യയും ഇല്ലാതെ കിള്ളിയാറിൽ കൂടി കടത്തിയ അതി ഭീമാകാരമായ ഒറ്റകല്ലു കൊണ്ടാണു മണ്ഡപം നിർമ്മിച്ചിരിക്കുന്നത്‌ എന്നതു ഇന്നും ആശ്ചര്യമാണ്.

ബി നിലവറ തുറക്കാൻ പാടില്ലാ എന്നൊരു വിശ്വാസം നിലവിൽ ഉണ്ട്.എന്നാൽ ബി നിലവറ തുറക്കാൻ സാധിക്കില്ലാ എന്നല്ല അതിന്റെ സാരം .ബി നിലവറയ്ക്കു ഉള്ളിൽ ഒരു നിലവറയുണ്ട് ,അതിനുള്ളിൽ മറ്റൊരു നിലവറയുണ്ട് അതു ഒരിക്കലും തുറക്കരുത് എന്നാണു വിശ്വാസം.ബി നിലവറ നാഗപാശബന്ധനമന്ത്രം പ്രയോഗിച്ചു നാഗദേവതയുടെ രൂപം ആലേഖനം ചെയ്തു കരിങ്കൽപ്പാളികളാൽ പൂട്ടിയ ആകുന്നു. മഹാഗരുഡമന്ത്രം അറിവോടും ,ശുദ്ധിയോടും ജപിച്ചു മാത്രേ ഈ നിലവറ തുറക്കാൻ പാടുള്ളൂ എന്നാണ് വിശ്വാസം.

ക്ഷേത്രത്തിനു മതിലകം എന്നൊരു വിളി പേരുണ്ടായിരുന്നു. ആദ്യകാലങ്ങളിൽ കളിമണ്ണുകൊണ്ടും,പിന്നീടു കരിങ്കല്ലുകൊണ്ടും തീർത്ത മതിലുകൾ ക്ഷേത്രത്തിനു ചുറ്റും കെട്ടിയുയർത്തിയതിനാലണ് അങ്ങിനെ പറയുന്നത്.

ഒരു അരിമണി ആണേൽ കൂടി, അമ്പലത്തിൽ സമർപ്പിച്ചാൽ അത് താളിയോലയിൽ കോലെഴുത്ത്, മലയാണ്മ, ഗ്രന്ഥാക്ഷരം,വട്ടെഴുത്ത്, പഴന്തമിഴ് എന്നീ ഭാഷകളിൽ രേഖപ്പെടുത്തണം എന്നു നിയമമുണ്ടായിരുന്നു. അതിനെയാണ് മതിലകം രേഖകൾ എന്നു പറയുക. അപ്രകാരം കെട്ടുകളാക്കിയ രേഖകളെ ചുരുണകളെന്നു പറയും. ഒരു ചുരുണയിൽ ആയിരത്തിലധികം ഓലകളുണ്ടാകും. അങ്ങിനെ ആയിരക്കണക്കിനു ചുരുണകൾ ..ആദ്യകാലങ്ങളിൽ കളിമണ്ണുകൊണ്ട് നിർമ്മിച്ച കോട്ട പിന്നീട് കരിങ്കല്ലുകൊണ്ടു തീർത്തൂ.ഇന്നും കോട്ടയിലെ കരിങ്കല്ലിനു ഇടയിലൊരു പേനാകത്തി കൂടി കയറില്ല.അത്രയ്ക്കു കൃത്യമാണ്, ശക്തമാണ് ഓരോരോ കല്ലുകളും.എന്നാൽ ഇതേ കോട്ട അമ്പലം വിപുലീകരിക്കുന്ന ജോലികൾ നടക്കും നേരം തകർക്കുകയുണ്ടായി. അങ്ങിനെ തകർത്ത ഭാഗം “വെട്ടിമുറിച്ച കോട്ട” എന്ന പേരിൽ ഇന്ന് അറിയപ്പെടുന്നു.

ക്ഷേത്ര നിർമ്മിതിക്കാവശ്യമായ കല്ല് കൊണ്ടു വന്നതു കിള്ളിയാറ്റിലെ കല്ലൻ പാറയിൽ നിന്നായിരുന്നു.ആദ്യ സെൻട്രൽ ജയിൽ വന്നതും കോട്ടയ്ക്കുള്ളിൽ തന്നെയാണ്. തിരുവിതാംകൂർ സൈന്യത്തിന്റെ ബാരക്കുകൾ സെൻട്രൽ ജയിലാക്കി മാറ്റുകയായിരുന്നു. ശേഷമത് കോട്ടയ്ക്കു പുറമെയാക്കി.

തോവാള മുതൽ തിരുവല്ല വരെ വ്യാപിച്ചുകിടന്ന ഐക്യവേണാട് ഭാഗം വച്ചു പലതായിയെങ്കിലും ഇന്നും പൂജാപുഷ്പങ്ങൾ എത്തുന്നത് തോവാളയിൽ നിന്നും ശുദ്ധിയോടു മാത്രമാണ്. താമര പുഷ്പങ്ങൾ വെള്ളയാണി കായലിൽ നിന്നും കൊണ്ടു വരുന്നു. അനന്തശയനത്തിൽ നിന്നും പൂജാദ്രവ്യങ്ങൾ നീക്കം ചെയ്യുന്നത് മയില്പീലി ഉപയോഗിച്ചാണ്

ക്ഷേത്രത്തിന്റെ മൂലസ്ഥാനം കാസർഗോഡ്‌ ജില്ലയിലെ കുമ്പളത്തിനു അരികെയുള്ള ശ്രീ അനന്ത പദ്മനാഭ ക്ഷേത്രമാണ്.”ബിബിയ” എന്ന ചോറു ഭക്ഷിക്കുന്ന മുതലയുള്ള അമ്പലം. കടുശർക്കരയോഗപ്രകാരം നിർമ്മിച്ച വിഗ്രഹമാണ്‌ അവിടയും ഉള്ളത്.അമ്പലം സ്ഥിതിചെയ്യുന്ന കുളം മരത്തടിയും, റബ്ബർപശയുംപോലുള്ള ഒരു മിശ്രിതം കൊണ്ട് കോർക്ക് ഉപയോഗിച്ച് അടച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.അതു ഇളക്കിയാൽ കുളത്തിലെ വെള്ളം ഭൂമിയുടെ അടിയിൽ നിർമ്മിച്ച തുരങ്കം വഴി ഒഴുകിപ്പോകുമത്രേ.

ഇന്ത്യൻ യൂണിയനിൽ സ്റ്റേറ്റ് ഓഫ് ട്രാവൻകൂർ ലയിക്കുന്നതിനു മുന്നേ വരെ ഭഗവാൻ ഭരണാധികാരിയായുള്ള ഒരേയൊരു രാജ്യം ഇത് മാത്രമായിരുന്നു. ഓരോരോ ദിനവും തിരുവിതാംകൂർ രാജവംശത്തിലെ മുതിർന്ന ആൾ പുലർച്ചെ ഭഗവാനെ മുഖം കാട്ടി,ദൈന്യദിന ഭരണകാര്യങ്ങൾ ഉണർത്തിക്കുകയെന്നൊരു രീതിയുണ്ടായിരുന്നു. ഒരു ദിവസം അതിൽ വീഴ്ചവരുത്തിയാൽ സമസ്താപരാധം ചൊല്ലി മാപ്പിരിക്കുകയും പിഴയൊടുക്കുകയും വേണം എന്നുള്ളത് നിർബന്ധം ആയിരുന്നു. വേണാടിന്റെ ദേശിയ പതാകയിലുള്ള വലംപിരി ശംഖു് ഭഗവൽ മുദ്രയാണ്,രാജ്യാധികാരിശ്രീ അനന്തപദ്മനാഭനും.

ബ്രിട്ടീഷ്‌ഭരണകാലത്തു തന്നെ ആറാട്ട്‌ വേളയിൽ കര,വായു സേനാവിഭാഗങ്ങളും, പോലീസും,അർദ്ധ സൈനിക വിഭാഗങ്ങളും 21 തോക്ക് അഭിവാദ്യംശ്രീപദ്മനാഭനു നടത്തി വന്നിരുന്നു. പിന്നിട് ശ്രീമതി ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ഈ സമ്പ്രദായം നിർത്തലാക്കുകയുണ്ടായി. പദ്മനാഭന്റെ ആറാട്ടു വേളയിൽ മാത്രമാണ് അനന്തപുരി അന്തർദേശിയ വിമാനതാവളം അടയ്ക്കുക.ആറാട്ടു എഴുന്നള്ളിപ്പ് വിമാനത്താവളത്തിനുള്ളിൽ കൂടി കടന്നു പോകുന്നതിലാണ് ഇത്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് കോട്ടയ്ക്കു തൊട്ടു പുറമേ, ക്ഷേത്രത്തിന് വടക്ക് ഭാഗത്തായിട്ടുള്ള പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം.പദ്മനാഭപുരം തലസ്ഥാനമായിരുന്ന കാലത്ത് തിരുവിതാംകൂർ സൈന്യത്തിലെ ഒരു സൈനികന് നദിയിൽ നിന്നും കിട്ടിയതാണ് ആ ഗണപതി വിഗ്രഹം. തിരുവിതാംകൂർ സൈന്യം ആ വിഗ്രഹം തങ്ങളുടെ പരദേവതയായി പൂജിച്ചു പോന്നു.ശേഷം തലസ്ഥാനം അനന്തപുരി ആയി മാറിയ നേരം പഴവങ്ങാടിയിൽ പ്രതിഷ്ഠ നടത്തുകയും ചെയ്തു.സൈന്യം, ശേഷം മദ്രാസ് രജിമെന്റിൽ ലയിക്കുകയും, ക്ഷേത്രകാര്യങ്ങൾ ഭാരതീയ കരസേനയുടെ പാങ്ങോട് ഉളള ക്യാമ്പ് നടത്തുകയും ചെയ്യുന്നു .

Leave a Reply
You May Also Like

‘ഞാൻ വോട്ടുചെയ്യുന്നില്ല’: ബൂത്തിനുള്ളിലും വോട്ടർക്ക് തീരുമാനിക്കാം

നോട്ടയോടും താത്പര്യമില്ലെങ്കിൽ വോട്ടിങ് യന്ത്രത്തിനടുത്തുനിൽക്കുന്ന അവസാന നിമിഷം വോട്ടർക്ക് തീരുമാനിക്കാം -ഞാൻ വോട്ടുചെയ്യുന്നില്ല

എങ്ങിനെ വീണാലും പൂച്ച നാലു കാലിൽ എന്നത് ശാസ്ത്രീയം ആണോ ?

എങ്ങിനെ വീണാലും പൂച്ച നാലു കാലിൽ എന്നത് ശാസ്ത്രീയം ആണോ ? അറിവ് തേടുന്ന പാവം…

എന്താണ് മൊബൈൽ ജേണലിസം ?

എന്താണ് മൊബൈൽ ജേണലിസം ? അറിവ് തേടുന്ന പാവം പ്രവാസി വിനോദവും,വിജ്ഞാനവും എല്ലാം ഞൊടിയിടയിൽ വിരൽ…

തവളയുടെ മുതുകിൽ പണിത ക്ഷേത്ര വിസ്മയം എവിടെ ആണ്?

ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തെ തവളയുടെ ശിൽപമാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണം. ഒരു കൂറ്റൻ തവളയുടെ പുറത്ത് എടുത്തു വച്ചിരിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം.