ഒരു ബന്ദി നാടകം “സ്റ്റോക്ക്ഹോം സിൻഡ്രോം” എന്നറിയപ്പെടുന്ന മാനസികരോഗമായി എങ്ങനെ മാറി ?

0
185

Saju Joseph

സ്റ്റോക്ക്ഹോം സിൻഡ്രോം:

ഒരു സ്വീഡിഷ് ബാങ്കിനുള്ളിലെ ആറ് ദിവസത്തെ ബന്ദിയാക്കൽ നാടകം “സ്റ്റോക്ക്ഹോം സിൻഡ്രോം” എന്നറിയപ്പെടുന്ന മാനസിക പ്രതിഭാസമായി എങ്ങനെ നാമകരണം ചെയ്തു?

നെന്മാറയിലെ റഹ്മാൻ, സജിതയെ പത്തുവർഷം മുറിയിൽ ആരുമറിയാതെ ഒളിച്ചു പാർപ്പിച്ചത് “സ്റ്റോക്ക്ഹോം സിൻഡ്രോം” വുമായി ബന്ധപ്പെടുത്തി പലരും പറയുന്നത് കണ്ടു. എന്നാൽ ഈ മാനസിക വ്യാപാരവുമായി ഇതിന് ഒരു ബന്ധവുമില്ലെന്ന് ഈ ടേമിന്റെ ഉത്ഭവവും അർത്ഥവും പഠിച്ചാൽ മനസ്സിലാകും. സജിത ഒരു ദുരുപയോഗം ചെയ്യപ്പെട്ട ഒരു ഇരയല്ല (abuse victim ) മറിച്ച് സ്വമേധയ അനുഭവിക്കാൻ തയ്യാറായ ഒരു തടവാണെന്നാണ് മനസ്സിലാവുന്നത്.

ബാങ്കിലെ ബന്ദിനാടകം

1973 ഓഗസ്റ്റ് 23 ലെ പ്രഭാതം. പരോളിലിറങ്ങി മുങ്ങിയ ഒരു കുറ്റവാളി സ്വീഡന്റെ തലസ്ഥാനനഗരിയിലെ തെരുവുകൾ ചാടിക്കടന്ന് സ്റ്റോക്ക്ഹോമിലെ നോർമൽസ്റ്റോർഗ് സ്ക്വയറിലെ തിരക്കേറിയ ബാങ്കായ സ്വെറിഗെസ് ക്രെഡിറ്റ്ബാങ്കനിൽ പ്രവേശിച്ചു. ജാക്കറ്റിന്റെ അടിയിൽ നിന്ന്, ജാൻ-എറിക് ഓൾസൺ ഒരു ലോഡ് ചെയ്ത തോക്ക് വലിച്ചെടുത്ത്നേരെ മുകളിലേക്ക് വെടിയുതിർത്തശേഷം അമേരിക്കൻ ചുവയുള്ള ഇംഗ്ലീഷിൽ ശബ്ദമുയർത്തി വിളിച്ചുപറഞ്ഞു, “ആരും അനങ്ങിപ്പോകരുത് ”

ആരോ അപായ സൂചന നൽകുന്ന അലാറത്തിന്റെ ബട്ടൺ അമർത്തി. ഓടിയെത്തിയ ഒരു പോലീസുകാരനെ മുറിവേൽപ്പിച്ച ശേഷം കവർച്ചക്കാരൻ നാല് ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി. ഒരു മോക്ഷണക്കേസിൽ മൂന്ന് വർഷത്തെ തടവിന് ശേഷം ജാമ്യത്തിലിറങ്ങി ജയിലിലേക്ക് മടങ്ങാതെ ഒളിച്ചു നടന്നിരുന്ന ഓൾസൺ, സ്വീഡിഷ് വിദേശ കറൻസിയിൽ 700,000 ഡോളർ, രക്ഷപ്പെടാനായി കാർ, ഒരു സായുധ കവർച്ച നടത്തുകയും, 1966 ൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിൽ സഹായിയായി പ്രവർത്തിക്കയും ചെയ്ത ക്ലാർക്ക് ഒലോഫ്‌സൺ എന്ന കുറ്റവാളിയെ മോചിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.

May be an image of 1 person, beard, standing and text that says "AFP Police officers wearing gas masks escort Jan-Erik Olsson from the bank"മണിക്കൂറുകൾക്കുള്ളിൽ, പോലീസ് ഓൾസൺ പറഞ്ഞ കുറ്റവാളിയേയും, ആവശ്യപ്പെട്ട മോചനദ്രവ്യവും, ഒരു നീല നിറത്തിലുള്ള ഫോർഡ് മസ്റ്റാങ് കാറും റെഡി ആയെന്ന് അറിയിച്ചു. . എന്നാൽ സുരക്ഷിതമായി രക്ഷപ്പെടുന്നത് ഉറപ്പാക്കുന്നതിനായി താൻ പോകുമ്പോൾ ബന്ദികളേയും കൂട്ടത്തിൽ കൊണ്ടു പോകണമെന്ന കൊള്ളക്കാരന്റെ ആവശ്യം അധികൃതർ നിരാകരിച്ചു.
പിന്നീട് ഓൾസന്റെ ആവശ്യപ്രകാരം പോലീസ് മോചിപ്പിച്ച ക്ലർക്ക് ഒലോഫ്‌സൺ ഈ കവർച്ചാ ശ്രമത്തിൽ ഓൾസനോടൊപ്പം ചേർന്നു.

May be an image of one or more people and text that says "Bi SVEFISES BANK 2 BANK AFP Police snipers opposite Kreditbanken where Jan-Erik Erik Olsson held workers hostage for six days"ചുരുളഴിഞ്ഞുകൊണ്ടിരുന്ന ഈ നാടകം ലോകമെമ്പാടും പ്രധാനവാർത്തയായിത്തീർന്നു. അത് സ്വീഡനിലുടനീളം ടെലിവിഷൻ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. പൊതുജനങ്ങൾ ഈ പ്രതിസന്ധി പരിഹരിക്കാനുള്ള നിർദ്ദേശങ്ങളുടെ ഒരു പെരുമഴതന്നെ തീർത്തു. തേനീച്ചക്കൂട്ടത്തെ തുറന്നു വിട്ട് കുത്തിച്ച് കുറ്റവാളികളെ കീഴ്പ്പെടുത്താൻവരെ അവർ നിർദ്ദേശിച്ചു.
ഇതിനിടയിൽ ഇടുങ്ങിയ ബാങ്ക് നിലവറയ്ക്കുള്ളിൽ തടവിലാക്കപ്പെട്ട ബന്ദികൾ കവർച്ചക്കാരുമായി ഒരു വിചിത്രമായ ബന്ധം സൃഷ്ടിച്ചു. ഓൾസൺ ബന്ദിയായ ക്രിസ്റ്റിൻ എൻമാർക്കിന് അവൾ തണുത്തു വിറയ്ക്കാൻ തുടങ്ങിയപ്പോൾ ദയയോടെ ഒരു കമ്പിളി ജാക്കറ്റ് തണുപ്പകറ്റാൻ കൊടുത്തു. ഒരു ഭീകര സ്വപ്നം കണ്ടു ഞെട്ടിയ അവളെ സമാശ്വസിപ്പിച്ചു, തോക്കിൽ നിന്ന് ഒരു വെടിയുണ്ട എടുത്ത് അവൾക്ക് ഒരു സമ്മാനമായി സൂക്ഷിക്കാനും നൽകി. ഫോണിലൂടെ കുടുംബത്തെ വിളിച്ചിട്ട് കിട്ടാതെ നിരാശപ്പെട്ട ബർഗിറ്റ ലണ്ട്ബ്ലാഡിനെ തോക്കുധാരി “ നിരാശപ്പെടാതെ വീണ്ടും വീണ്ടും ശ്രമിക്കുക; ഒരിക്കലും ശ്രമം ഉപേക്ഷിക്കരുത്. ” എന്ന് പറഞ്ഞ് ഉത്തേജിപ്പിച്ചു.

May be an image of 1 person and text that says "AFP Employees taken hostage in the bank's vault by Jan-Erik Olsson"ബന്ദി എലിസബത്ത് ഒല്ദ്ഗ്രെൻ claustrophobia(ഇടുങ്ങിയ സ്ഥലങ്ങള്‍ ചിലരില്‍ ഉണര്‍ത്തുന്ന ക്രമാതീതഭയം) തോന്നുന്നുവെന്ന് പറഞ്ഞപ്പോൾ 30 അടി നീളമുള്ള ഒരു കയർ അവളുടെ കഴുത്തിൽ കെട്ടിയശേഷം നിലവറക്ക് പുറത്ത് നടക്കാൻ അനുവദിച്ചു. ഈ സംഭവത്തിനുശേഷം
” ദ ന്യൂയോർക്കർ” എന്ന മാസികക്ക് അവർ അനുവദിച്ച ഒരു ആഭിമുഖത്തിൽ തന്റെ കഴുത്തിൽ കയറുകെട്ടിയിട്ടാണെങ്കിൽപോലും പുറത്തു പോകാൻ അവർ അനുവദിച്ചുതന്ന ദയാദാക്ഷ്യണ്യത്തെ വാനോളം പുകഴ്ത്തി. ഓൾസന്റെ അനുകമ്പയോടുകൂടിയ പ്രവർത്തനങ്ങൾ ബന്ദികളുടെ സഹതാപത്തെ കവർന്നു. “അവർ ഞങ്ങളോട് മാന്യമായി പെരുമാറുമ്പോൾ , അവനെ മുന്നിൽ പ്രത്യക്ഷപ്പെട്ട ദൈവമായി കണക്കാക്കുന്നതിൽ തെറ്റില്ല ” എന്ന് ഏക പുരുഷ ബന്ദിയായ സ്വെൻ സഫ്സ്ട്രോം പറഞ്ഞു.

രണ്ടാം ദിവസമായപ്പോഴേക്കും കവർച്ചക്കാരെ പേരെടുത്തു വിളിച്ച് അവരുമായി ബന്ദികൾ സല്ലപിച്ചു തുടങ്ങി. തങ്ങളെ തട്ടിക്കൊണ്ടുപോയവരെക്കാൾ കൂടുതൽആയി അവർ പോലീസിനെ ഭയപ്പെടാൻ തുടങ്ങി. ബന്ദികളുടെ ആരോഗ്യം പരിശോധിക്കാൻ പോലീസ് കമ്മീഷണറെ അനുവദിച്ചപ്പോൾ, ബന്ദികൾ തന്നോട് ശത്രുത പുലർത്തുന്ന രീതിയിലാണ് സംസാരിച്ചതെന്നും എന്നാൽ തോക്കുധാരിയുമായി വളരെ സൗഹൃദത്തിലും, സന്തോഷത്തോടെയുമാണ് സംസാരിക്കുന്നതെന്നും പറയുകയുണ്ടായി. തോക്കുധാരികൾ ബന്ദികളെ ഉപദ്രവിക്കുമെന്ന് തോന്നുന്നില്ലെന്ന് പോലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു
ബന്ദികളിൽ ഒരാളായിരുന്ന എൻ‌മാർക്ക് സ്വീഡിഷ് പ്രധാനമന്ത്രി ഒലോഫ് പാമെക്ക് ഫോൺ ചെയ്തു. ദേശീയ തെരഞ്ഞെടുപ്പിലും രാജ്യത്തിന്റെ ബഹുമാന്യനായ 90 കാരനായ ഗുസ്താഫ് ആറാമൻ അഡോൾഫ് രാജാവിന്റെ മരണനന്തരചടങ്ങുകളിലും മുഴുകിയിരിക്കയായിരുന്ന പ്രധാനമന്ത്രിയോട്, കവർച്ചക്കാർ രക്ഷപ്പെടുന്ന കാറിൽ അവർ ആവശ്യപ്പെട്ടതുപോലെ അവരുടെ കൂടെ പോകാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു. “ഞാൻ ക്ലാർക്കിനെയും, ഓൾസനേയും പൂർണമായും വിശ്വസിക്കുന്നു,” അവൾ പാമിന് ഉറപ്പ് നൽകി. “ഞാൻ നിരാശയല്ല. അവർ ഞങ്ങളെ ആരേയും ഒരിക്കലും ഉപദ്രവിച്ചിട്ടില്ല. നേരെമറിച്ച്, അവർ വളരെ നല്ല രീതിയിലാണ് ഞങ്ങളോട് പെരുമാറിയത്. പക്ഷേ, നിങ്ങൾക്കറിയാമോ, ഓലോഫ്, ഞാൻ ഭയപ്പെടുന്നത് പോലീസ് അവരെ ആക്രമിച്ച് ഞങ്ങളെ കൊല്ലിക്കും എന്നതാണ്. ”

തങ്ങളെ കൊല്ലുമെന്ന് കവർച്ചക്കാർ ഭീഷണിപ്പെടുത്തുമ്പോഴും ബന്ദികൾ അവർ അനുകമ്പയുള്ളവർ ആണെന്ന് ആണയിട്ട് പറയുന്നു. പോലീസിനെ സമ്മർദ്ദത്തിലാക്കാൻ ബന്ദികളിൽ ഒരാളായ സാഫ്സ്‌ട്രോമിന്റെ കാലിൽ തങ്ങൾ വെടിവെക്കുമെന്ന് ഭീഷണി പ്പെടുത്തിയപ്പോൾ ” കവർച്ചക്കാർ എത്ര ദയയുള്ളവരാണ്….ജീവനെടുക്കാതെ തന്റെ കാലിലേ വെടിവെക്കുന്നുള്ളുവല്ലോ” എന്നാണ് അയാൾ പറഞ്ഞത്. “എന്മാർക് ” എന്ന തടവുകാരൻ സഹതടവുകാരന്
സമാശ്വാസവും ധൈര്യവും പകർന്നുകൊണ്ട് പറഞ്ഞത് “പക്ഷേ സ്വെൻ, അവർ കാലിലല്ലേ വെടിവെക്കുന്നുള്ളൂ .” എന്നാണ്.

ആത്യന്തികമായി, കുറ്റവാളികൾ ബന്ദികൾക്ക് ശാരീരിക ഉപദ്രവങ്ങളൊന്നും വരുത്തിയില്ല, ഓഗസ്റ്റ് 28 രാത്രി 130 മണിക്കൂറിലധികം കഴിഞ്ഞപ്പോൾ പോലീസ് കണ്ണീർ വാതകം നിലവറയിലേക്ക് പമ്പ് ചെയ്തു, കുറ്റവാളികൾ വേഗത്തിൽ കീഴടങ്ങി. ബന്ദികളെ ആദ്യം പുറത്തുവരാൻ പോലീസ് ആഹ്വാനം ചെയ്തു, എന്നാൽ ബന്ദികൾ തങ്ങളെ തടവിൽ വച്ചിരിക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
അവർ പുറത്തുവാരാൻ വിസമ്മതിച്ചു. എൻ‌മാർക്ക് അലറി, “ഇല്ല,.. കവർച്ചക്കാരായ ഓൾസനും ക്ലാർക്കും ആദ്യം പോകട്ടെ.. അല്ലെങ്കിൽ ഞങ്ങൾ എല്ലാവരും പുറത്തു വരുന്ന നിമിഷം തന്നെ നിങ്ങൾ അവരെ വെടിവച്ചുകൊല്ലും!”

നിലവറയുടെ പടിവാതിൽക്കൽ കുറ്റവാളികളും ബന്ദികളും പരസ്പരം ആലിംഗനം ചെയ്യുകയും ചുംബിക്കുകയും കൈ കുലുക്കുകയും ചെയ്തു. പോലീസ് തോക്കുധാരികളെ പിടികൂടിയപ്പോൾ, രണ്ട് സ്ത്രീ ബന്ദികൾ, “അവരെ ഉപദ്രവിക്കരുത് – അവർ ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല” എന്ന് നിലവിളിച്ചു. എൻ‌മാർക്കിനെ ഒരു സ്ട്രെച്ചറിൽ‌ ഇരുത്തി ഉരുട്ടിക്കൊണ്ട് പോകുന്ന സമയത്ത് അവൾ‌ കൈകൊണ്ട് ഒലോഫ്‌സണിനോട്, “ക്ലാർ‌ക്ക്, ഞാൻ‌ നിങ്ങളെ തീർച്ചയായും വീണ്ടും കാണും” എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

ബന്ദികൾ ഇങ്ങനെ യുക്തിരഹിതമായി പെരുമാറുന്നത് പൊതുജനങ്ങളെയും പോലീസിനെയും വലിയ ആശയക്കുഴപ്പത്തിലാക്കി. എൻമാർക്ക് കവർച്ചയുടെ ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടോ എന്നുവരെ പോലീസ് സംശയിച്ചു. മോചിതനായതിന്റെ പിറ്റേ ദിവസം ഓൾഡ്‌ഗ്രെൻ ഒരു മനോരോഗവിദഗ്ദ്ധനോട് ചോദിച്ചു, “എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? എന്തുകൊണ്ടാണ് ഞാൻ അവരെ വെറുക്കാത്തത്? ”
സൈക്യാട്രിസ്റ്റുകൾ ഈ പെരുമാറ്റത്തെ സൈനികർ പ്രദർശിപ്പിച്ച യുദ്ധകാല ഷെൽ ഷോക്കുമായി (shell shock) താരതമ്യപ്പെടുത്തി. ബന്ദികൾ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയതിന് പോലീസിനോടല്ല മറിച്ച് തങ്ങളെ കൊല്ലാതിരുന്നതിന് കുറ്റവാളികളോടാണ് നന്ദിയും കൂറും കാണിക്കുന്നതെന്ന് അവർ നിരീക്ഷിച്ചു.

വിചിത്രമായ ഈ പ്രതിഭാസത്തെ മനഃശാസ്ത്രജ്ഞർ സ്റ്റോക്ക്ഹോം സിൻഡ്രം എന്ന് പേരിട്ടുവിളിക്കാൻ തുടങ്ങി. ഈ പുതിയ വാക്ക് പ്രശസ്തമായത് 1974 ൽ കാലിഫോർണിയയിൽ
പാറ്റി ഹാർസ്റ് എന്ന പത്രമാധ്യമ ഉടമസ്ഥാവകാശിയെ വിപ്ലവ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയശേഷമുള്ള ഒരു കേസ് വിസ്താര വേളയിലാണ്. അവരുടെ കസ്റ്റഡിയിൽ കഴിഞ്ഞ വേളയിൽ തീവ്രവാദികൾക്കനുകൂലമായ ഒരു അനുഭാവം അവരിൽ ഉണ്ടാകുകയും അവരോടൊപ്പം കവർച്ചയിൽ പങ്കുചേരുകയും ചെയ്തു. ഒടുവിൽ പിടിക്കപ്പെട്ടപ്പോൾ വിചാരണവേളയിൽ
അഭിഭാഷകർ തന്റെ കക്ഷി “സ്റ്റോക്ക്ഹോം സിൻഡ്രം ” എന്ന മാനസിക അസുഖത്തിന് അടിമപ്പെട്ടതുകൊണ്ടാണ് കുറ്റകൃത്യത്തിൽ പങ്കാളിയായതെന്ന് വാദിച്ചെങ്കിലും പരാജയപ്പെട്ടു ജയിൽ ശിക്ഷ വാങ്ങി.

അങ്ങനെ ഈ വാക്ക് ഭാഷയുടെ ഭാഗമായി മാറി. ഒലോഫ്‌സണും ഓൾസണും ജയിലിലേക്ക് മടങ്ങിയതിനുശേഷവും ബന്ദികൾ അവരുടെ മുൻ തടവുകാരെ ജയിലിൽ സന്ദർശിച്ചു. അപ്പീൽ കോടതി ക്ലർക്ക് ഒലോഫ്‌സണിന്റെ ശിക്ഷ റദ്ദാക്കി. എന്നാൽ ഓൾസൺ 1980-ൽ മോചിതനാകുന്നതിനുമുമ്പ് വർഷങ്ങളോളം ജയിലഴിക്കു പിന്നിൽ ചെലവഴിച്ചു. മോചിതനായ ശേഷം, ജയിലിൽ കിടക്കുമ്പോൾ അദ്ദേഹത്തിന് അഭിനന്ദന കത്തുകൾ അയച്ച നിരവധി സ്ത്രീകളിൽ ഒരാളെ അദ്ദേഹം വിവാഹം കഴിച്ചു, തായ്‌ലൻഡിലേക്ക് മാറി. 2009 ൽ തന്റെ ആത്മകഥ പുറത്തിറക്കി, സ്റ്റോക്ക്ഹോം സിൻഡ്രം.
സ്റ്റോക്ക്ഹോം സിൻഡ്രോം

ക്രിമിനോളജിസ്റ്റും സൈക്യാട്രിസ്റ്റുമായ നിൾസ് ബെജെറോട്ട് ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചതെന്ന് റിപ്പോർട്ടുണ്ട്. സൈക്യാട്രിസ്റ്റ് ഡോ. ഫ്രാങ്ക് ഓച്ച്ബെർഗ് ഈ പ്രതിഭാസത്തെ 1970 കളിൽ എഫ്ബിഐ, സ്കോട്ട്ലൻഡ് യാർഡ് എന്നിവർക്കുവേണ്ടി “സ്റ്റോക്കഹോം സിൻഡ്രോം ” നിർവ്വചിച്ചു.
അക്കാലത്ത് അദ്ദേഹം യുഎസ് നാഷണൽ ടാസ്‌ക് ഫോഴ്‌സ് ഓൺ ടെററിസം ആന്റ് ഡിസോർഡർ ബന്ദിയാക്കൽ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ സഹായിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ മാനദണ്ഡങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു: “ആദ്യം ആളുകൾക്ക് ഭയാനകമായ എന്തെങ്കിലും അവിചാരിതമായി സംഭവിക്കും. അവർ മരിക്കുമെന്ന് അവർക്ക് ഉറപ്പുണ്ട്.
“അപ്പോൾ അവർ കുട്ടികളേപ്പോലെ പെരുമാറാൻ ആരംഭിക്കുന്നു അനുവാദമില്ലാതെ ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ ടോയ്‌ലറ്റിൽ പോകാനോ അവർക്ക് കഴിയില്ല.”
ചെറിയ ദയാപ്രവൃത്തികൾ – ഭക്ഷണം നൽകുന്നത് പോലുള്ളവ – അവരുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന പ്രവർത്തികൾ “നന്ദിയുണ്ടാകാൻ” പ്രേരിപ്പിക്കുന്നു.
“അപ്പോൾ ബന്ദികളും തടവുകാരനുമായി ശക്തമായ, പ്രാകൃതമായ ഒരു പോസിറ്റീവ് വികാരം ജനിക്കുന്നു.

അവരെ ഈ അവസ്ഥയിലാക്കിയത് ഇയാളാണെന്ന് അവരുടെ മനസ്സ് നിഷേധിക്കുന്നു. അവരുടെ ഉള്ളിൽ , ഇത് അവരെ ജീവിക്കാൻ അനുവദിക്കുന്ന വ്യക്തിയാണെന്ന് അവർ കരുതുന്നു.”
എന്നാൽ സ്റ്റോക്ക്ഹോം സിൻഡ്രോം കേസുകൾ വിരളമാണെന്ന് അദ്ദേഹം പറയുന്നു.
സ്റ്റോക്ക്ഹോമിലെ നോർമൽസ്റ്റോർഗ് സ്ക്വയറിലെ ബാങ്കിൽ തടവുകാരെ അവരുടെ ജീവിതത്തെ ഭയന്ന് തടവുകാരോട് പോസിറ്റീവ് വികാരങ്ങൾ പ്രകടിപ്പിക്കാൻ കാരണമെന്താണ് ?
2009 ൽ റേഡിയോ സ്വീഡനുമായുള്ള ഒരു അഭിമുഖത്തിൽ ക്രിസ്റ്റിൻ എഹ്മാർക്ക് വിശദീകരിച്ചു: “നിങ്ങളുടെ എല്ലാ മൂല്യങ്ങളും, നിങ്ങളുടെ ധാർമ്മികതയും ഏതെങ്കിലും വിധത്തിൽ മാറുമ്പോൾ നിങ്ങൾ പ്രവേശിക്കുന്ന ഒരുതരം മാനസികാവസ്ഥയാണിത് .”