നടൻ സുകുമാരൻ ഓർമയായിട്ട് കാൽ നൂറ്റാണ്ട് 💞 അദ്ദേഹത്തെ കുറിച്ചുള്ള രണ്ടു ലേഖനങ്ങൾ വായിക്കാം
നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച സുകുമാരൻ 1997 ജൂൺ 16 നാണ് വിടവാങ്ങിയത്.
സിനിമയിലെ വിപ്ലവകാരി, മലയാളികളുടെ പ്രിയതാരം സുകുമാരൻ ഓർമയായിട്ട് ഇന്ന് 25 വർഷം. ജീവിതത്തിലും സിനിമയിലും യാതൊരു തരത്തിലുള്ള ബന്ധനങ്ങളും ഇഷ്ടപ്പെടാത്ത പറയാനുള്ളത് ആരുടെ നോക്കി പറയുന്ന സുകുമാരനെ ഓർമിക്കുകയാണ് അദ്ദേഹത്തിന്റെ ഓർമദിനത്തിൽ മലയാള സിനിമാ ലോകം.
ഒരു തലമുറയുടെ ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരൻ. ആരുടെ മുന്നിലും പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ സുകുമാരന്റെ കഥാപാത്രങ്ങളെ അന്നത്തെ യുവതലമുറ വളരെ പെട്ടെന്നാണ് നെഞ്ചിലേറ്റിയത്. ഭാഷയിലുള്ള കൈയടക്കമാണ് സുകുമാരനെ വ്യത്യസ്തനാക്കിയത്. ചടുലമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം കാണികളെ ആവേശഭരിതരാക്കി. 1948 മാർച്ച് 18-ന് മലപ്പുറം ജില്ലയിലെ എടപ്പാൾ പൊന്നങ്കുഴിവീട്ടിൽ സുകുമാരൻ നായർ എന്ന സുകുമാരൻ ജനിച്ചു. പിതാവ് പരമേശ്വരൻ നായർ, മാതാവ് സുഭദ്രാമ്മ. പാലാ സെന്റ് തോമസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ സുകുമാരൻ തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിന് പഠിക്കാൻ ചേർന്നു. അവിടെനിന്ന് സ്വർണ്ണമെഡലോടെയാണ് അദ്ദേഹം പാസ്സായത്. തുടർന്ന് കാസർഗോഡ് ഗവർണ്മെന്റ് കോളേജ്, നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1973 ൽ പുറത്തിറങ്ങിയ എം.ടിയുടെ നിർമാല്യത്തിലൂടെയായിരുന്നു സിനിമയിലേക്ക് വരുന്നത്. വെളിച്ചപ്പാടിന്റെ മകന് അപ്പുവായിട്ടായിരുന്നു ഇത്. നടനിലുള്ളിലെ സ്പാർക്ക് തിരിച്ചറിഞ്ഞ എം.ടി അഞ്ചുവര്‍ഷത്തിനിപ്പുറം സമ്മാനിച്ചത് ബന്ധനം എന്ന സിനിമയിലെ ക്ലര്‍ക്ക് ഉണ്ണികൃഷ്ണന് എന്ന കരുത്തുറ്റ കഥാപാത്രത്തെ. ആ വേഷം സുകുമാരന്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സമ്മാനിച്ചു. നിര്മ്മാല്യത്തിനുമുമ്പ് സ്കൂള്‍ നാടകങ്ങളില്‍പോലും പ്രത്യക്ഷപ്പെടാത്ത സുകുമാരന്‍ ആത്മവിശ്വാസത്തിന്റെ ആൾരൂപമായി ഓരോ പടവുകളും ചവിട്ടിക്കയറി.
സുകുമാരന്റെ സ്ഥാനം സിനിമയിൽ ഉറപ്പിച്ചത് സുരാസു തിരക്കഥയെഴുതിയ ‘ശംഖുപുഷ്പം’ എന്ന ചിത്രത്തിലെ വേഷമാണ്. ജയന്- സുകുമാരന്‍- സോമന് ത്രയം മലയാള സിനിമയെ വഴിമാറി നടത്തി. ജയനും സുകുമാരനും കൈകോര്‍ത്ത അങ്ങാടിപോലുള്ള സിനിമകള്‍ വമ്പന്‍ ഹിറ്റുകളായി. നീതിനിഷേധത്തിനെതിരെ തുറന്നടിക്കുന്ന യുവാവായി തിളങ്ങുമ്പോൾ തന്നെ സ്നേഹനിധിയായ കുടുംബനാഥന്റെ വേഷങ്ങളിലും സുകുമാരന്‍ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടി. മുറുകെപിടിച്ച ആദര്‍ശവും വെള്ളം ചേര്‍ക്കാത്ത അഭിപ്രായങ്ങളും സിനിമാലോകത്തിനു പുറത്തും സുകുമാരന്‍ ഇരിപ്പിടം നല്കി. നട്ടെല്ലുള്ള നടനെന്നായിരുന്നു സുകുമാരനെ സഹപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. സ്ഫോടനം, മനസാ വാചാ കര്‍മണാ, അഗ്നിശരം തുടങ്ങി എത്രയോ ഉദാഹരങ്ങള്‍. ശാലിനി എന്റെ കൂട്ടുകാരിയിലെ കോളജ് അധ്യാപകന് ജയദേവനൊക്കെ അക്കാലത്ത് ക്യാംപസുകളെ ഇളക്കിമറിച്ചു. വളർത്തുമൃഗങ്ങൾ, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഓഗസ്റ്റ് ഒന്ന്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി 250 ഓളം ചിത്രങ്ങളിൽ വേഷമിട്ടു. പ്രതിഫല തര്‍ക്കമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുകുമാരന്‍ ഇടപെടുകയും നീതി ഉറപ്പുവരുത്തുകയും ചെയ്തത് സിനിമാലോകത്ത് പതിവില്ലാത്ത കാഴ്ചയായിരുന്നു.
അഭിനേതാവായി ഒതുങ്ങിയില്ല സുകുമാരന്‍. ഭാര്യ മല്ലികയുമായി കെ ജി ജോർജ് സംവിധാനം ചെയ്ത ഇരകൾ, മമ്മൂട്ടി നായകനായ പടയണി എന്നീ സിനിമകളുടെ നിർമാതാവുമായി. തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ ചലച്ചിത്രമാക്കണമെന്ന മോഹം ബാക്കിയാക്കിയാണ് സുകുമാരൻ യാത്രയായത്. മക്കളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ചലച്ചിത്ര അരങ്ങേറ്റത്തിന് സാക്ഷിയാകാന്‍ സുകുമാരനുണ്ടായിരുന്നില്ല. അമ്മത്തണലായി മല്ലിക മാത്രം. സുകുമാരനെ മറക്കാതിരിക്കാന്‍ മലയാളിമനസ്സുകളില് നിരവധി സിനിമകളുണ്ട്. കണ്‍മുന്നിലാകട്ടെ, അതേ നടപ്പാതയില്‍ അച്ഛനെ പിന്തുടരുന്ന രണ്ടുമക്കളും. നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ചാണ് വിടവാങ്ങിയത്.
ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ മുൻ ചെയർമാൻ ആയിരുന്നു.
കടപ്പാട്. കലാഗ്രാമം ബുക്ക് ക്ലബ്ബ്
bhadran praveen sekhar
മറക്കാനാകാത്ത സുകുമാര ഭാവാഭിനയങ്ങൾ !!
‘നിർമ്മാല്യ’ത്തിലെ അപ്പുവിൽ തുടങ്ങി ‘വംശ’ത്തിലെ കുരിശിങ്കൽ വക്കച്ചൻ വരെ ഏതാണ്ട് 250ൽ പരം കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടൻ സുകുമാരൻ വിട വാങ്ങിയിട്ട് ഇന്നേക്ക് 25 വർഷങ്ങൾ തികയുന്നു.എം. ടി വാസുദേവൻ നായരുടെ കണ്ടെത്തലായിരുന്നു സുകുമാരൻ എന്ന നടൻ.. തന്റെ ആദ്യ സംവിധാന സംരംഭമായ ‘നിർമ്മാല്യ’ത്തിൽ സുകുമാരനെ അദ്ദേഹം പരിഗണിച്ചത് അപ്പു എന്ന കഥാപാത്രം നൽകി കൊണ്ടാണ്.. ആ ഒരൊറ്റ കഥാപാത്ര പ്രകടനം കൊണ്ട് തന്നെ ക്ഷുഭിത യൗവ്വനത്തിന്റെ മുഖമായി സുകുമാരൻ മാറി.
അദ്ധ്യാപക വേഷത്തിൽ നിന്നും മാറി ഒരു സിനിമാ നടനായി തിളങ്ങുക എന്നത് എളുപ്പമായിരുന്നില്ല. എം. ടിയുമായുള്ള സഹവാസം ഒരു പരിധി വരെ അദ്ദേഹത്തിന്റെ സിനിമാ സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കാൻ സഹായിച്ചെങ്കിലും സിനിമയിലെ അതിജീവനം ദുഷ്ക്കരമായി തന്നെ തുടർന്നു.
അവസരങ്ങൾക്ക് വേണ്ടി ആരെയും വാഴ്ത്താനും പുകഴ്ത്താനും തയ്യാറല്ലാത്ത വ്യക്തിത്വം പുതിയ സിനിമകൾക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ കാത്തിരിപ്പിനെ ദൈർഘ്യപ്പിച്ചു എന്ന് പറയാം.അഭിനയ കലയിലെ പരിചയമോ ഏതെങ്കിലും തരത്തിലുള്ള കലാപ്രവർത്തനങ്ങളുടെ പാരമ്പര്യമോ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും തനിക്ക് അഭിനയിക്കാൻ സാധിക്കും എന്ന അതിയായ ആത്മവിശ്വാസം കൊണ്ട് മാത്രം നടനായ ഒരാളായിരുന്നു സുകുമാരൻ. അതേ ആത്മവിശ്വാസം അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം കാണാൻ സാധിക്കും.
‘ബന്ധനം’സിനിമയിലെ ഉണ്ണിക്കൃഷ്ണനിലൂടെ മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് വാങ്ങിയെടുക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 29. അത് വരെ ചെയ്ത സിനിമകളുടെ എണ്ണവും സിനിമയിൽ വന്ന ശേഷമുള്ള കാലയളവുമൊക്കെ വച്ച് നോക്കുമ്പോൾ ആ കാലഘട്ടത്തിൽ അത്ര പെട്ടെന്ന് അതും ആ ഒരു പ്രായത്തിൽ അവാർഡ് വാങ്ങിയവർ വേറെയില്ല എന്ന് തോന്നുന്നു. എഴുപതുകളുടെ പകുതികളിൽ സംഭവിച്ച പുത്തൻ താരോദയങ്ങളിൽ ഒരു മുഖം സുകുമാരന്റേത് ആയിരുന്നു .. സോമ സുകുമാര ജയന്മാരുടെ കാലഘട്ടത്തിലാണ് നീളമുള്ള ഇംഗ്ലീഷ് ഡയലോഗുകൾ മലയാള സിനിമകളിൽ ആഘോഷിക്കപ്പെടുന്നത്.
ഡയലോഗ് ഡെലിവെറിയിൽ സുകുമാരന്‍ അദ്ദേഹത്തിന്റേതായ ഒരു താളമുണ്ടായിരുന്നു . നീട്ടിയും കുറുക്കിയും അദ്ദേഹം പറഞ്ഞിരുന്ന ഡയലോഗുകൾക്ക് ഇന്നും കൈയ്യടികൾ ഉണ്ട്.നായകനായാലും വില്ലനായാലും സഹനടനായാലും കഥാപാത്ര പ്രകടനങ്ങളിൽ അദ്ദേഹം പുലർത്തിയിരുന്ന സൂക്ഷ്മത എടുത്തു പറയേണ്ടതാണ്. ഒരേ മാനറിസങ്ങൾ വ്യത്യസ്ത കഥാപാത്രങ്ങൾക്ക് വേണ്ടി ഉപയോഗിക്കുമ്പോഴും അത് ആ കഥാപാത്ര പ്രകടനത്തെ ബാധിക്കാതെയും ആവർത്തന വിരസത അനുഭവപ്പെടുത്താതെയും അവതരിപ്പിക്കാൻ സുകുമാരന്‍ സാധിച്ചു കാണാം.
പൊതുവെ ജയൻ സിനിമകൾ എന്ന പേരിൽ ആഘോഷിക്കപ്പെട്ടിട്ടുള്ള ‘അങ്ങാടി’, ‘കോളിളക്കം’, ‘ചാകര’, ‘അഗ്നിശരം’, പോലുള്ള സിനിമകളിൽ പോലും സുകുമാരന്റെ സ്ക്രീൻ സ്പേസ് എടുത്തു പറയേണ്ടതാണ്.സി.ബിഐ എന്ന് പറഞ്ഞാൽ സേതു രാമയ്യർക്കൊപ്പം നമ്മൾ DYSP ദേവദാസിനെ കൂടി ഓർത്തു പോകും. ‘കാർണിവെല്ലി’ലെ ചന്ദ്രപ്പൻ ഭായ്, ‘ആവനാഴി’യിലെ ജയചന്ദ്രൻ , ‘ആഗസ്റ്റ് ഒന്നി’ലെ ചീഫ് മിനിസ്റ്റർ KGR, ‘വിറ്റ്നസ്സി’ലെ ജോർജ്ജ് മാത്യു, ‘ദശരഥ’ത്തിലെ ഡോക്ടർ ഹമീദ്, ‘ജാതക’ത്തിലെ മാലിനിയുടെ ആങ്ങള വേഷം, ‘കോട്ടയം കുഞ്ഞച്ചനി’ലെ കോര, ‘മുഖ’ത്തിലെ മിന്നൽ മാധവൻ അങ്ങനെ നായികാ നായകന്മാർക്കൊപ്പം തന്നെ ഓർത്തു പോകുന്ന അദ്ദേഹത്തിന്റെ എത്രയെത്ര സഹ കഥാപാത്രങ്ങൾ.. പറഞ്ഞു പോകാൻ ഏറെയുള്ള ഒരു നടനെ കുറിച്ച് എത്ര ചുരുക്കി പറഞ്ഞാലും ഓർമ്മകൾക്ക് അവസാനമില്ല ..
ഓർമ്മപ്പൂക്കൾ ..💐💐💐