ഗിരീഷ് വർമ്മ ബാലുശ്ശേരി
മലയാള സിനിമയിൽ പൌരുഷത്തിൻ്റെ തീജ്വാലയായ് തിളങ്ങി നിന്ന താരമാണ് സുകുമാരൻ .ആദ്യ ചിത്രമായ നിർമ്മാല്ല്യത്തിലെ പൊട്ടിത്തെറിക്കുന്ന കഥാപാത്രം . യുവമനസ്സുകളിലേക്ക് വിപ്ലവതിരിവെട്ടമായാദ്യം . മുഖസൗന്ദര്യത്തേക്കാളും ശബ്ദത്തിനും ,ഭാവത്തിനും ഒരു നടൻ ഏറെ പ്രാധാന്യം കൊടുക്കണം എന്ന് നിഷ്കർഷിച്ച നടൻന്മാരിൽ ഒരുവൻ . നായകനായും ,ചട്ടമ്പിയായും ,നിഷ്കളങ്കനായും വരെ എത്രയെത്ര കഥാപാത്രങ്ങൾ . നിർമ്മാല്ല്യത്തിലെ വിപ്ലവകാരിയിൽ നിന്ന് കുറുക്കൻ്റെ കല്ല്യാണത്തിലെ ഒതുങ്ങിയ പ്രകൃതക്കാരനിൽ വരെ സുകുമാരൻ്റെ അഭിനയ ഗ്രാഫ് നോക്കിയാൽ അത്ഭുതം തോന്നും !
കർക്കശക്കാരൻ എന്ന ഒറ്റ നോട്ട തോന്നൽ കാരണം ഏറെയും അത്തരം കഥാപാത്രങ്ങളെ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളു .എങ്കിലും എം.ടി വാസുദേവൻ നായർ കൊണ്ടുവന്ന സുകമാരന് പിന്നെയും കുറച്ച് കഥാപാത്രങ്ങൾ കൂടി അദ്ദേഹം സമ്മാനിച്ചിട്ടുണ്ട് . ബന്ധനം ,വിൽക്കാനുണ്ട് സ്വപ്നങ്ങൾ ,വളർത്തുമൃഗങ്ങൾ ,വാരിക്കുഴി , ഉത്തരം എന്നീ സിനിമകളിലും അവസരം കൊടുത്തപ്പോൾ മനുഷ്യമനസ്സിൻ്റെ ഭാവതീവ്രതകൾ നമ്മൾ കണ്ടനുഭവിച്ചു .
ഐ വി ശശി ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധമായിരുന്നു സുകുമാരൻ .മിക്കതിലും ടൈപ്പ് കഥാപാത്രങ്ങളെങ്കിലും ഐ വി ശശിയുടെ ആദ്യ ചിത്രമായ ഉത്സവം മുതൽ ഇടവിട്ടിടവിട്ട് ചിത്രങ്ങളിൽ ഉണ്ടായിരുന്നു . അങ്ങാടി ശ്രദ്ധേയ ചിത്രം . ജയൻ ,സോമൻ ,സുകുമാരൻ എന്നിവർ എഴുപത് അവസാനങ്ങളിലും എൺപത് കാലങ്ങളിലും മലയാള സിനിമയെ ശ്വാസം കൊടുത്ത് നിർത്തിയവർ .ഇതിൽ അഭിനയ മികവിൽ സുകുമാരൻ മുന്നേറിയെങ്കിലും ഏത് തരം റോളും, ഏത് തരം സിനിമയും ഏറ്റെടുക്കാൻ തെയ്യാറുള്ള നടനുമായിരുന്നു .
അത്യപൂർവ്വ റോളുകളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു . ഭ്രഷ്ടിലെ കഥാപാത്രം ഒരുദാഹരണം .ടൈപ്പ് കഥാപാത്രങ്ങൾ മടുക്കുമ്പോൾ നിർമ്മലമായ കഥാപാത്രങ്ങളും അദ്ദേഹത്തെ തേടി വന്നു. ശാലിനി എൻ്റെ കൂട്ടുകാരി ,രാജൻ പറഞ്ഞ കഥ തുടങ്ങിയവ ഉദാഹരണങ്ങൾ . ശബ്ദം കൊണ്ട് ഒരു കാലത്ത് മലയാള സിനിമ പ്രേക്ഷകരെ കീഴടക്കിയ സുകുമാരൻ്റെ ചരമദിനമാണിന്ന് …ആദരം അർപ്പിക്കുന്നു.