നവരസ’ ആന്തോളജിയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘സമ്മര്‍ ഓഫ് 92’ എന്ന ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനം. നവരസങ്ങളിലെ ഹാസ്യം എന്ന രസത്തെ അടിസ്ഥാനമാക്കിയായിരുന്നു സമ്മര്‍ ഓഫ് 92 ഒരുക്കിയിരുന്നത്. സംഗീതജ്ഞനായ ടി.എം. കൃഷ്ണ, സംവിധായിക ലീന മണിമേഖല എന്നിവരാണ് ചിത്രത്തിനെതിരെ പ്രധാനമായും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
”നവരസയിലെ ഹാസ്യം അറപ്പുളവാക്കുന്ന ചിത്രമായിരുന്നു. തികച്ചും ഇന്‍സെന്‍സിറ്റീവും, ജാതീയതയും ബോഡി ഷെയ്മിംഗും നിറഞ്ഞ ചിത്രത്തില്‍ ചിരിക്കാനായി ഒന്നുമുണ്ടായിരുന്നില്ല. 2021ലും നമുക്ക് ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിക്കാനാവില്ല. സമൂഹത്തിനോട് നമുക്ക് ബീഭത്സം തോന്നാന്‍ പറ്റിയ ചിത്രമായിരുന്നു ഇത്” എന്ന് ടി.എം കൃഷ്ണ ട്വീറ്റ് ചെയ്തു.
നെറ്റ്ഫ്ളിക്സും പ്രിയദര്‍ശനും മണിരത്നവും വൃത്തികെട്ട കാര്യമാണ് ചെയ്തിരിക്കുന്നത് എന്ന് മണിമേഖല പറയുന്നു. കറുത്ത വര്‍ഗക്കാരെയും ഗോത്രവിഭാഗങ്ങളെയും വര്‍ണ വിവേചനം നേരിടുന്ന മറ്റു വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ അമേരിക്കയില്‍ നിര്‍മ്മിക്കുന്ന നെറ്റ്ഫ്ളിക്സ് ഇന്ത്യയിലെത്തുമ്പോള്‍ ജാതീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും മണിമേഖല പറയുന്നു.
ബ്ലാക്ക്ലൈവ്സ്മാറ്റര്‍ രാഷ്ട്രീയമൊക്കെ വെറും കണ്‍കെട്ടാണെന്ന് ഇന്ത്യയിലെ നെറ്റ്ഫ്ളിക്സിന്റെ ‘ബ്രാഹ്‌മിണ്‍ കളികള്‍’ കാണുമ്പോള്‍ മനസിലാകുന്നുണ്ടെന്നും ലീന മണിമേഖല ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് 6ന് ആണ് നവരസ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. യോഗി ബാബു, നെടുമുടി വേണു, രമ്യ നമ്പീശന്‍, മണിക്കുട്ടന്‍ എന്നിവരാണ സമ്മര്‍ ഓഫ് 92വില്‍ വേഷമിട്ടിരിക്കുന്നത്.
ശ്രീഹരി ശ്രീധരന്‍ എഴുതിയ ലേഖനം വായിക്കാം
പ്രിയദർശന്റെ സിനിമകളിൽ മൗലികത തിരയാൻ പോവുന്നത് പ്രത്യേകിച്ച് പ്രയോജനം ഇല്ലാത്ത ജോലിയാണ്. അല്ലെന്ന് പ്രിയദർശൻ പോലും വാദിക്കാൻ സാധ്യതയില്ല. നെറ്റ്ഫ്ലിക്സിൽ റിലീസായ നവരസ സീരീസിലെ രണ്ടാമത്തെ ചിത്രം ‘സമ്മർ ഓഫ് 92’ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദർശനാണ്. വർഷങ്ങൾക്ക് മുൻപേ മലയാളം മിനിസ്ക്രീനിൽ വന്ന് പോയ ‘ഇന്നസെൻറ്കഥകൾ’ ലെ തമാശകളിൽ നിന്നാണ് ഈ ഹ്രസ്വചിത്രം തുടങ്ങുന്നത് എന്നത്, അത് കൊണ്ട് തന്നെ ഞെട്ടിക്കുന്ന വിഷയമൊന്നുമല്ല. എന്നാൽ മറ്റ് ചില ചോദ്യങ്ങൾ ഉണ്ട്.
ഒന്നാമത്തെ ചോദ്യം ഇതിൽ ഹാസ്യമെവിടെ എന്നതാണ്. നവരസങ്ങളിൽ ഹാസ്യത്തെ പ്രതിനിധീകരിച്ചാണ് പ്രിയദർശൻ സിനിമ എടുത്തിരിക്കുന്നത് എന്നത് കൊണ്ടാണ് ഇങ്ങനെ ചോദിക്കേണ്ടി വരുന്നത്. ബ്രോ ഇതിലെ തമാശ എവിടെ? ഹാസ്യം എന്നൊക്കെപ്പറയുമ്പൊൾ ഞങ്ങൾക്കൊന്ന് ചിരിക്കാൻ ഒക്കെ തോന്നണ്ടെ? ഇനി തമിഴ് ആയത് കൊണ്ടാണോ എന്തോ എനിക്ക് പ്രത്യേകിച്ച് ചിരിയൊന്നും വന്നില്ല. നായകന്റെ കുട്ടിക്കാലത്ത് മാവേലെറിയുന്ന കല്ല് പത്തെൺപത് വയസുള്ള ഒരു സ്ത്രീയുടെ തലയിൽ വീണത് മനസിലാക്കി നമ്മൾ ചിരിക്കണം എന്നൊക്കെ പ്രിയദർശനിലെ സംവിധായകൻ പ്രതീക്ഷിക്കുന്നുണ്ടാവുമോ?
അസംബന്ധനാടകങ്ങളെ പ്രേക്ഷകന് യാഥാർത്ഥ്യമെന്ന് തോന്നുന്ന വിധം ചിത്രീകരിക്കാനുള്ള കഴിവാണ് മലയാളത്തിലും ഒരു പരിധി വരെ ഹിന്ദിയിലും വിജയകരമായ തമാശപ്പടങ്ങൾ എടുക്കാൻ പ്രിയദർശനെ സഹായിച്ചിട്ടുള്ളത്. ആ കരവിരുതിന്റെ ഏഴിലൊന്നു പോലും സമ്മർ ഓഫ് 92വിൽ കാണാൻ ഇല്ല.
പിന്നെ ഉള്ളത് ചിത്രത്തിലെ രാഷ്ട്രീയമാണ്. ഏത് തരത്തിൽ വേണമെങ്കിലും വ്യാഖ്യാനിക്കാൻ സാധ്യതയുള്ള വണ്ണം മെഴുമെഴാ ഉള്ള രാഷ്ട്രീയമാണ്സിനിമയിലുള്ളത്. ബ്രിട്ടീഷുകാരൻ ഉപേക്ഷിച്ച് പോയ ഒരു നായയെ രമ്യാ നമ്പീശൻ അവതരിപ്പിക്കുന്ന ലക്ഷ്മിടീച്ചറുടെ കുടുംബം സംരക്ഷിക്കുന്നു. ഇന്നത്തെ രൂപത്തിലുള്ള ഇന്ത്യൻ ജാതീയത ബ്രിട്ടീഷുകാർ ഉത്പാദിച്ചുപേക്ഷിച്ച് പോയതാണ് എന്നൊരു വാദമുണ്ട്. അങ്ങിനെ കരുതിയാൽ നായ ജാതീയതയുടെ പ്രതീകമാണെന്ന് കരുതാം. എന്നാൽ നായയുടെ പേര്. കിങ്ങ് അഥവാ മഹാരാജാവ് എന്നാണ് പറയുന്നത്. അങ്ങനെ വരുമ്പോൾ ബ്രിട്ടീഷുകാർ ഉപേക്ഷിച്ച് പോയ അധികാരത്തെയാണ് നായ പ്രതിനിധീകരിക്കുന്നത് എന്ന് കാണാം.
അധികാരത്തിന്റെ ദുഷിച്ച വശങ്ങളെ ആണോ അതോ ജനാധിപത്യവ്യവസ്ഥിതിയെ ആണോ മഹാരാജാവെന്ന നായ സൂചിപ്പിക്കുന്നത്. അറിയില്ല. ഭക്ഷണകാര്യങ്ങളിൽ ഒരുപാട് പിടിവാശികൾ ഉള്ള നായയാണ് മഹാരാജ. അതിനെ തീറ്റിപ്പോറ്റുന്നതും അതിന്റെ വികൃതികൾക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുന്നതും രമ്യാ നമ്പീശനും നെടുമുടി വേണുവും അടങ്ങുന്ന ഒരു സവർണകുടുംബമാണ്. അന്ധവിശ്വാസങ്ങളിൽ കുടുങ്ങിക്കുടക്കുന്ന ആ കുടുംബത്തിൽ രമ്യാ നമ്പീശന്റെ കഥാപാത്രത്തിന് വിവാഹാലോചനയുമായി ഒരു ബ്രാഹ്മണപയ്യൻ വരുന്നു എന്നിടത്താണ് കഥയിൽ ട്വിസ്റ്റ് വരുന്നത്.
ബ്രാഹ്മണകുടുംബവുമായുള്ള ബന്ധം ഉൽകൃഷ്ടമാണെന്നാണ് നെടുമുടി വേണുവിന്റെ അച്ഛൻ കഥാപാത്രം കരുതുന്നത്. എന്നാൽ അതിന് നായ ഒരു തടസമായേക്കാം എന്ന് അയാൾ കണക്കാക്കുന്നു. സിനിമയിലെ നായകനായ വേലുച്ചാമി എന്ന അവർണ കഥാപാത്രത്തെ നായയെ കളയാൻ ഉള്ള ദൗത്യം നെടുമുടി ഏൽപ്പിക്കുകയാണ്. ഒമ്പതാം ക്ലാസ് തുടരെ തോറ്റിരിക്കുകയും വിദേശത്ത് പോയി തൊഴിൽ ചെയ്ത് രക്ഷപ്പെടാൻ കാത്തിരിക്കുകയും ചെയ്യുന്ന വേലുച്ചാമിയുടെ കഥാപാത്രം ആ ദൗത്യം ഏറ്റെടുക്കുന്നു. എന്നാൽ ദൗർഭാഗ്യവശാൽ ആ ദൗത്യം പരാജയപ്പെട്ട് പോവുകയാണ്. ജനവാസപ്രദേശത്ത് നിന്നും ശേഖരിച്ച് ദൂരെ സംസ്കരിക്കാൻ കൊണ്ട് ചെന്നിട്ട മലത്തിൽ നായ വീഴുകയും അത് മലം നിറഞ്ഞ ശരീരവുമായി വിവാഹനിശ്ചയം നടക്കുന്ന വേദിയിൽ ചെന്ന് ദേഹമാകെ കുടയുകയാണ്. സംബന്ധം ചെയ്യാൻ എത്തിയ ബ്രാഹ്മണകുടുംബത്തിന്റെയും നെടുമുടി-രമാ നമ്പീശൻ കുടൂംബത്തിന്റെ മേലാകെ അങ്ങനെ മലം പറ്റുന്നു. ആ കല്യാണവും മുടങ്ങുന്നു. രമ്യാ നമ്പീശന് പിന്നീടൊരിക്കലും കല്യാണം നടക്കുന്നില്ല എന്നാണ് സിനിമ പറയുന്നത്. എന്നാൽ വേലുച്ചാമി സിനിമയിലെത്തി പ്രശസ്തനായ ഒരു നടനാവുന്നു. രമ്യാ നമ്പീശന്റെ കുടുംബം പരാധീനതകളിൽ തുടരുകയും ചെയ്യുന്നു. തന്നോട് മാപ്പ് ചോദിക്കാൻ എത്തിയ വേലുച്ചാമിയോട് ‘ഇന്നും വീട്ടിലെ ആ മണം പോയിട്ടില്ല ’ എന്ന് രമ്യാ നമ്പീശൻ പറയുന്ന ഇടത്താണ് സിനിമ അവസാനിക്കുന്നത്.
പ്രേക്ഷകന്റെ മനോധർമമനുസരിച്ച് പുരോഗമനാത്മകമായോ ഋണാത്മകമായോ എങ്ങനെയും ഈ കഥയെ വ്യാഖ്യാനിക്കാം. പ്രിയദർശന്റെ പൂർവകാല സിനിമകളിലെ രാഷ്ട്രീയം പുരോഗമനാത്മകമായി സിനിമയെ വിലയിരുത്തുന്നതിന് തടസമാണ്. അക്കാരണം കൊണ്ടായിരിക്കണം പലയിടങ്ങളിൽ നിന്ന് സിനിമയ്ക്കെതിരെ വിമർശനമുയരുന്നത്.