വർഷങ്ങൾക്ക് മുൻപേ സുരാജിലെ മികച്ച അഭിനേതാവിനെ കണ്ടെത്തിയ ദേശീയ അവാർഡ് കമ്മിറ്റിയുടെ മുൻപിൽ ശിരസ് നമിക്കുന്നു

150

Rafeeq Abdulkareem

സുരാജ് വെഞ്ഞാറമൂടിന് 2013 ൽ ഇന്ത്യയിലെ മികച്ച നടനുള്ള നാഷണൽ ഫിലിം അവാർഡ് കിട്ടിയ ന്യൂസ് കേട്ടപ്പോൾ, സത്യത്തിൽ ഒന്ന് ചിരിച്ചു. ഡോക്ടർ ബിജുവിന്റെ പേരറിയാത്തവർ എന്ന സിനിമയിലെ പ്രകടനത്തിനാണ് അവാർഡ് കിട്ടിയത്. (ആ സിനിമ അന്നും, ഇന്നും കണ്ടിട്ടില്ല.) മലയാള സിനിമയിൽ തട്ടുപൊളിപ്പൻ കോമഡികളുമായി നിറഞ്ഞു നിന്നിരുന്ന സുരാജെന്ന കോമേഡിയന് നാഷണൽ അവാർഡോ ? ഏതൊരു മലയാളിയുടെയും സഹജമായ മുൻ വിധി തന്നെയായിരുന്നു, എന്നെയും അത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

എന്നാൽ ആക്ഷൻ ഹീറോ ബിജുവിലെ ഒരൊറ്റ സീനിൽ വന്ന് നമ്മെ അതിശയിപ്പിച്ച് പിൻ വാങ്ങിയപ്പോൾ , അയാളിലെ നടനെന്ന നിലയിലുള്ള ഒരു ട്രാൻസ്ഫോർമേഷൻ നാം ആദ്യമായി കാണുകയായിരുന്നു. നിസ്സഹായനായ ഒരു ഭർത്താവിന്റെ ദയനീയതയെ അതി മനോഹരമായി അദ്ദേഹം സ്ക്രീനിൽ തീർത്തപ്പോൾ പ്രേക്ഷകർ കൗതുകത്തോട് കൂടിയായിരുന്നു അതിനെ നോക്കി കണ്ടത്. ഒരു കെമോഡിയൻ എന്ന നിലയിൽ നിന്നും ക്യാരക്ടർ റോളിലേക്കുള്ള ആ മാറ്റത്തിലൂടെ അദ്ദേഹത്തിലെ നടന്റെ സാദ്ധ്യതകളെ മലയാള വാണിജ്യ സിനിമ തിരിച്ചറിയുകയായിരുന്നു.

2017 ൽ തൊണ്ടിമുതലും, ദൃക്സാക്ഷിയും എന്ന സിനിമയിലെ പ്രസാദ് എന്ന കഥാപാത്രത്തിലൂടെ , സുരാജ് എന്ന കോമേഡിയനെക്കുറിച്ചുള്ള മുൻവിധികളെ തകിടം മറിയ്ക്കുന്ന പ്രകടനത്തിലൂടെ അയാൾ പ്രേക്ഷകരെ കൊണ്ട് “നടൻ” എന്നു വിളിപ്പിച്ചു.അതേ വർഷം തന്നെ പുലിമുരുകനിലെ പൂങ്കായി ശശി എന്ന കഥാപാത്രത്തിലൂടെ വന്ന വഴിയിലൂടെ ഒരിയ്ക്കൽ കൂടി നടയ്ക്കുകയും ചെയ്തു. പിന്നീട് കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന സിനിമയിലൂടെ ടൈറ്റിൽ കഥാപാത്രമായി നായക റോളിലൂടെ വീണ്ടും തന്നിലെ മികച്ച അഭിനേതാവിനെ ഒരിയ്ക്കൽ കൂടി അദ്ദേഹം നമ്മുക്ക് കാണിച്ചു തന്നു. വാർദ്ധക്യത്തിലേക്ക് കടയ്ക്കുന്ന കണിശക്കാരനായ കുട്ടൻ പ്പിള്ളയെന്ന പോലീസുകാരന്റെ എല്ലാ മാനറിസങ്ങളും തീർത്ത്, അയാൾ സ്ക്രീനിൽ ചലിച്ചപ്പോൾ ജഗതി ശ്രീകുമാറിന്റെ വഴിയിലൂടെയാണോ, സുരാജിന്റെ നടത്തം എന്ന് പ്രേക്ഷകർ സാകൂതം വീക്ഷിച്ചു.

തീവണ്ടിയിലെ അച്ഛൻ വേഷത്തിൽ മികച്ച് നിന്ന സുരാജ് തന്നിലെ മാറ്റത്തിന്റെ വ്യക്തമായ സന്ദേശം നൽകുകയായിരുന്നു. ആത്മസംഘർഷങ്ങൾ നിറഞ്ഞ ഫൈനൽസിലെ വർഗീസ് മാസ്റ്റർ എന്ന കഥാപാത്രത്തെ ലളിതമായി, ഗംഭീരമായി, മനോഹരമായി അദ്ദേഹം സ്ക്രീനിൽ പ്രസന്റ് ചെയ്തപ്പോൾ പ്രേക്ഷകർ അതിശയം കൂറി. പലപ്പോഴും അതിഭാവുകത്വത്തിലേക്ക് വഴുതി മാറാൻ കഴിയുമായിരുന്ന ആ കഥാപാത്രത്തെ കരുതലോടെ, മികച്ച അച്ചടക്കത്തോടെ മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു. കാർക്കശ്യത്തോടൊപ്പം ശാന്ത സ്വാഭാവക്കാരനായ അച്ഛനെ ശക്തമായ നിയന്ത്രണത്തോടെ സുരാജ് അവതരിപ്പിച്ചപ്പോൾ, തന്നിൽ വരാനിരിയ്ക്കുന്ന ഭാവ പകർച്ചകളുടെ ഒരു മുന്നൊരുക്കം പ്രേക്ഷകർക്ക് നൽകുകയായിരുന്നു അദ്ദേഹം.

ഊമയായ ഒരു മനുഷ്യന്റെ ചേഷ്ടകളെ, സംസാര രീതികളെ വ്യക്തമായി, അയത്നലളിതമായി വികൃതിയിൽ സുരാജ് തീർത്തപ്പോൾ, അയാളിലെ മികച്ച അഭിനേതാവിനെ കണ്ടെത്താൻ വൈകിയതിന് പ്രേക്ഷക മനസുകൾ മുറിവേറ്റ് വിങ്ങി. ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെട്ടപ്പോൾ, തന്റെ നിരപരാധിത്യം തെളിയിക്കാൻ പരിമിതികൾ ഉള്ള, നിസ്സഹായനായ, സംസാരശേഷിയില്ലാത്ത എൽദോയെ ഉജ്ജ്വലമാക്കിയപ്പോൾ അയാൾക്കൊപ്പം പ്രേക്ഷക ഹൃദയവും സംസാരിക്കാനാവാതെ നിശ്ശബ്ദതയിൽ മുങ്ങി വീണു.

സുരാജിനെ പിന്നീട് നാം കാണുന്നത് പിടിവാശിക്കാരനായ അച്ഛനായി, വൃദ്ധനായി വാർദ്ധക്യത്തിൽ അനാഥത്വം അനുഭവിക്കുന്ന, ഒരു റോബോട്ടിനെ മകനോളം തന്നെ സ്നേഹിക്കുകയും ചെയ്യുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ ഭാസ്ക്കര പൊതുവാളായിട്ടാണ്. ഓരോ സിനിമ കഴിയുന്തോറും സുരാജ് എന്ന നടനിൽ അഭിനയത്തിന്റെ മാറ്റ് കൂടി കൊണ്ടിരിയ്ക്കുന്നുവെന്നുള്ളതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ ഭാസ്ക്കര പൊതുവാൾ. ഈ സിനിമയിൽ ഭാര്യയുടെ ചിതാഭസ്മവുമായി, റോബോട്ടിനൊപ്പം കാടിനുള്ളിലെ അമ്പലത്തിലേക്ക് നടന്നു വരുന്ന സുരാജ് എന്ന നടൻ നമ്മെ അതിശയിപ്പിക്കുന്നു. ഒരു വൃദ്ധന്റെ സഹജമായ ചേഷ്ടകളെ നടത്തതിൽ, ശരീരഭാഷയിൽ, കൈ കാലുകളിൽ, മുഖഭാവത്തിൽ ഒട്ടും കൃത്യമത്വമില്ലാതെ അയാൾ അഭിനയിച്ച് ഫലിപ്പിക്കുമ്പോൾ, വർഷങ്ങൾക്ക് മുൻപേ അയാളിലെ മികച്ച അഭിനേതാവിനെ കണ്ടെത്തിയ ദേശീയ അവാർഡ് കമ്മിറ്റിയുടെ തീരുമാനത്തിന് മുൻപിൽ ശിരസ് നമിക്കുന്നു.