നമ്മള്‍ ഇടക്കിടക്ക് കാണുമ്പോള്‍ ചിരിച്ച് സംസാരിക്കുന്ന പലരും ശരിക്കുമങ്ങനെയാവണമെന്നില്ല

88

Raiza Shajitha Ummer Mohammed

നമ്മള്‍ ഇടക്കിടക്ക് കാണുമ്പോള്‍ ചിരിച്ച് സംസാരിക്കുന്ന പലരും ശരിക്കുമങ്ങനെയാവണമെന്നില്ല. ഉള്ളില്‍ സങ്കടം നിറയുമ്പോഴും ഒരു പുഞ്ചിരിയെങ്കിലും നമുക്ക് തരുന്ന പലരുമുണ്ട്.പെട്ടെന്നൊരിക്കല്‍ ഏതെങ്കിലുമൊരു സുഹൃത്ത് ആത്മഹത്യ ചെയ്തെന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടിത്തരിച്ചിരിക്കും നമ്മള്‍.അതിന്റെ കാരണമന്വേഷിച്ച് ചെല്ലുമ്പോള്‍ ഡിപ്രഷന്‍ മൂലമായിരുന്നു അതെന്നറിയുമ്പോഴാവും പിന്നെയും ഞെട്ടുന്നത്.അയാള്‍ക്കങ്ങനെ ആത്മഹത്യ ചെയ്യാനുള്ള ഒരു കാരണവുമില്ലല്ലോ എന്നോര്‍ക്കുമ്പോഴായിരിക്കും “എഡോ എന്നോടൊന്ന് സംസാരിക്കോ” എന്നയാളയച്ച മെസ്സേജ് ഓര്‍മ്മ വരുന്നത്.രണ്ട് മിനിറ്റൊന്ന് കൂടെയിരിക്കാമോ എന്നയാള്‍ കെഞ്ചിയതോര്‍മ്മ വരുന്നത്.

എനിക്കാകെ മടുപ്പാവുന്നു എന്നോ മറ്റോ സ്റ്റാറ്റസോ പോസ്റ്റോ ചെയ്യുമ്പോള്‍ നിനക്ക് വട്ടാണെന്ന് റീപ്ലേ കൊടുത്തതോര്‍ക്കുക.ഒന്നിരുന്ന് സംസാരിച്ചെങ്കില്‍, കേള്‍ക്കാനൊരാളുണ്ടായിരുന്നെങ്കില്‍, അയാള്‍ ഒരു പക്ഷേ ജീവനോടെയുണ്ടായിരുന്നേനെ എന്ന് തോന്നും.അപ്പോഴേക്കും ഒരുപാട് വൈകിയിട്ടുണ്ടാവും.വിചാരിക്കാത്ത നേരത്ത് വിചാരിക്കാത്തയാളായിരിക്കും പെട്ടെന്ന് ആത്മഹത്യ ചെയ്തെന്ന് നിങ്ങള്‍ കേള്‍ക്കുക.ഒരുപാട് സംസാരിച്ച് ചിരിച്ച് കളിച്ച് കൂട്ടത്തില്‍ നടന്നൊരാള്‍ മിണ്ടാതിരിക്കുന്നെങ്കിലോ രണ്ടോ മൂന്നോ വാക്കിലോ ഒരു മൂളലിലോ നിങ്ങളുമായുള്ള സംസാരം അവസാനിപ്പിക്കുന്നുവെങ്കിലോ അവന്/അവള്‍ക്ക് ജാഡയാണെന്നോ അഹങ്കാരമാണെന്നോ പറയാതെ നിനക്കെന്തിലും എന്നോട് പറയാനുണ്ടോ എന്ന് ചോദിക്കുക.അവര്‍ക്കൊപ്പം കുറച്ച് നേരമിരിക്കുക.ഒന്ന് തുറന്ന് സംസാരിച്ചാല്‍,ഒരു കെട്ടിപ്പിടുത്തത്തില്‍ കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞാല്‍ അത് തന്നെയവര്‍ക്ക് ജീവിക്കാനുള്ള കാരണമാവും.പുതിയ വഴികളില്‍ സ്നേഹമുണ്ടെന്ന് തോന്നും.

നോക്കൂ, ഡിപ്രഷന്‍ ഒരു ചെറിയ വാക്കല്ല.ചെറിയ അസുഖമല്ല.നിങ്ങളില്‍ പലരും കരുതുന്നത് പോലെ വിഷാദ രോഗം ഒരു ട്രെന്‍ഡുമല്ല.ഏത് പ്രായക്കാരിലും കാണപ്പെടുന്ന, വര്‍ഷത്തില്‍ എട്ട് ലക്ഷത്തോളം പേര്‍ ആത്മഹത്യ തിരഞ്ഞെടുക്കുന്നൊരു രോഗാവസ്ഥയാണിത്.ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കുമ്പോള്‍ അതിന്റെ പാര്‍ശ്വ ഫലങ്ങളെന്തൊക്കെയാണെന്നറിയാമോ.ഇപ്പോഴും 76% മുതല്‍ 85% വരെയുള്ള വിഷാദരോഗികള്‍ക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഏറ്റവും വേദനിപ്പിക്കുന്നൊരു വസ്തുത ആരോടെങ്കിലും എനിക്ക് ഡിപ്രഷനുണ്ടെന്നോ ഞാന്‍ മരുന്ന് കഴിക്കുന്നുണ്ടെന്നോ പറയുമ്പോള്‍ നിനക്ക് പ്രാന്താണ്, ഓ നിനക്കുമുണ്ടോ ഈ കുത്തിക്കഴപ്പ് എന്ന മറുപടി കിട്ടുന്നതാണ്.സമാധാനിപ്പിക്കുന്നൊരു വാക്ക് കേള്‍ക്കാന്‍ കൊതിക്കുന്നവര്‍ക്കടുത്ത് നിന്ന് കിട്ടുന്ന അത്തരമൊരു മറുപടി അവരെ കൂടുതല്‍ വേദനയിലേക്കും വിഷമത്തിലേക്കും തള്ളി വിടാനേ ഉപകരിക്കൂ.ഡിപ്രഷന്‍ ഒരിക്കലും ട്രെന്റിനൊപ്പം എന്ന് ഹാഷ് ടാഗിട്ട് കൂടെ വരുന്നൊരു കാര്യമല്ല.കൂടെ നില്‍ക്കാന്‍ പറ്റില്ലെന്ന് തോന്നുന്നുവെങ്കില്‍ ഒരിക്കലും നിങ്ങളയാളോട് കൂടെയുണ്ടെന്ന് പറയരുത്.അവരോട് ചെയ്യാവുന്ന വേദനിപ്പിക്കുന്ന ക്രൂരതയാണത്.

ഡിപ്രഷന്‍ കാരണം ആത്മഹത്യ ചെയ്ത സെലിബ്രിറ്റീസിന്റെ കൂട്ടത്തില്‍ ഏറ്റവുമൊടുവില്‍ പുറത്ത് വരുന്ന പേരാണ് ബോളിവുഡ് സിനിമാ താരം സുഷാന്ത് സിംഗ് രജ്പുതിന്റേത്.ലൈം ലൈറ്റില്‍ തിളങ്ങി നിന്ന അദ്ധേഹം അഭിനയിച്ചൊരു പടം ആത്മഹത്യ ഒരിക്കലും ഒന്നിനുമുള്ള പരിഹാരമല്ലെന്ന സന്ദേശമാണ് പങ്കു വെച്ചതെന്ന് കേള്‍ക്കുമ്പോള്‍ തെല്ല് കൗതുകം തോന്നിയേക്കാം.

*കനേഡിയന്‍ പോണോഗ്രാഫിക്ക് ആക്ടറും മോഡലുമായിരുന്ന ആഗസ്റ്റ് ആമസ് തൂങ്ങി മരിക്കുകയായിരുന്നു.
*ഒരു പോപ് ബാന്‍ഡ് സംഘത്തിലെ അംഗമായിരുന്ന സൈമണ്‍ ബാറ്റില്‍ 2014ല്‍ തൂങ്ങി മരിക്കുകയാണുണ്ടായത്.
*ട്രെയിന് മുന്നില്‍ ചാടിയാണ് മാലിക് എന്ന സ്വീഡിഷ് ഡോക്യുമെന്ററി ഫിലിം മേക്കര്‍ 2014ല്‍ തന്റെ ജീവനവസാനിപ്പിച്ചത്.
*അമേരിക്കന്‍ ഗായകനും പാട്ടെഴുത്തുകാരനുമായ ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ 2017ല്‍ തൂങ്ങി മരിച്ചു.
*കാനഡയിലെ റസ്ലിംഗ് താരമായ ക്രിസ് ബെനറ്റ് തന്റെ ഭാര്യയേയും മകനേയും കൊന്നതിന് ശേഷം തൂങ്ങി മരിക്കുകയായിരുന്നു.
*ജോനാഥന്‍ എന്ന അമേരിക്കന്‍ സിനിമാ താരം 2003ല്‍ തൂങ്ങി മരിച്ചു.

മേല്‍പ്പറഞ്ഞ ആത്മഹത്യകളുടേയെല്ലാം മൂല കാരണം ഡിപ്രഷനായിരുന്നു.എത്രയോ പേരുടെ മരണം നമ്മളറിയാതെ പോകുന്നുണ്ടായിരിക്കണം.നോക്കൂ..ഒരിക്കലും പുറമേക്ക് കാണുന്ന പോലെയാവണമെന്നില്ല ഒരാളുടെ മനസ്സിലുണ്ടാവുക. ഇടക്കെങ്കിലും സുഹൃത്തുക്കളോട് സുഖമാണോ എന്നോ ആര്‍ യൂ ഓക്കേയ് എന്നോ ചോദിച്ച് നോക്കണം. ഒരു പക്ഷേ മിണ്ടാനൊരാളില്ലാതെ നിസ്സാഹയാവസ്ഥയിലേക്ക് മുങ്ങുന്ന നേരത്തായിരിക്കണം അയാള്‍ക്ക് നിങ്ങളുടെ അന്വേഷണമെത്തിയിട്ടുണ്ടാവുക.കടല് പോലെ അയാള്‍ നിങ്ങള്‍ക്ക് മുന്നില്‍ പടരുമ്പോള്‍ കേള്‍ക്കാനുള്ള മനസ്സ് കൊടുക്കുക.കൈ മുറുക്കെപ്പിടിക്കുക.ഒരാള്‍ മരിച്ചതിന് ശേഷം അയാളെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടാതെ ജീവിച്ചിരിക്കുമ്പോള്‍ അയാളെക്കുറിച്ച് അന്വേഷിക്കുക.സ്നേഹിക്കുക. തീര്‍ച്ചയായും ഇത്തിരി സ്നേഹവും പരിഗണനയും ഓരോ മനഷ്യനുമര്‍ഹിക്കുന്നുണ്ടെന്ന് തന്നെയാണ്.നിങ്ങളുടെ ഒരു വാക്കോ ചിരിയോ നിങ്ങള്‍ പോലും ചിന്തിക്കാത്ത വഴിയിലൂടെ അയാള്‍ക്ക് സന്തോഷവും സമാധാനവും കൊടുത്തുവെങ്കില്‍ അതില്‍പ്പരം കൂടെ നിങ്ങളുണ്ടെന്ന് തോന്നാന്‍,ചേര്‍ത്ത് നിര്‍ത്താന്‍ അയാള്‍ക്കെന്ത് കാരണം വേണമെന്നാണ്…🙂💙🌼
Dear Sushanth, Rest in Cinema.