കള്ളപ്പണക്കാരുടേയും അഴിമതിക്കാരുടേയും പറുദീസയാണ് സ്വിസ്സ് ബാങ്കുകൾ, എങ്ങനെയാണ് ഈ ‘ബഹുമതി’ ബാങ്കിന് കിട്ടിയത്?

91

സ്വിസ്സ് ബാങ്കുകളും തുറക്കാത്ത പൂട്ടുകളും

സ്വിസ്സ് ബാങ്ക്… ഏതു കൊച്ചുകുട്ടിക്കും ഈ പേര് മനഃപാഠമാണ്. ലക്ഷക്കണക്കിന് കോടി രൂപയുടെ കണക്കിൽ പെടാത്ത പണമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. കള്ളപ്പണക്കാരുടേയും അഴിമതിക്കാരുടേയും പറുദീസയാണ് ഈ ബാങ്ക്. എങ്ങനെയാണ് ഈ ‘ബഹുമതി’ ബാങ്കിന് കിട്ടിയത്? .

സ്വിസ്സ് ബാങ്കുകളുടെ രഹസ്യങ്ങളിലേക്ക് ഒരു യാത്ര. 18 – ാം നൂറ്റാണ്ടിലാണ് ഈ ബാങ്കുകൾ പ്രവർത്തനം ആരംഭിച്ചത്. ഈ കാലത്ത് യൂറോപ്പിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന യുദ്ധങ്ങളിൽ കൂലിപ്പടയാളികളായി സ്വിറ്റ്‌സർലണ്ടിലെ ജനങ്ങൾ പങ്കെടുത്തിരുന്നു. അവരുടെ പ്രതിഫലം സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ ബാങ്കുകൾ. അവരുടെ വിവരങ്ങൾ മറ്റു രാജ്യങ്ങൾക്ക് ലഭിക്കാതിരിക്കാൻ നിഷ്പക്ഷതയുടെ കുടപിടിച്ച് യൂറോപ്യൻ രാജ്യങ്ങളുടെ വൈരത്തിൽ നിന്ന് നേട്ടം കൊയ്യുകയായിരുന്നു തന്ത്രം. അന്ന് അക്കൗണ്ടുകൾക്ക് ഇന്നു കാണുന്ന രഹസ്യാത്മകത ഇല്ലായിരുന്നു.

Indian funds in Swiss banks rose by over 50% in 2017 despite ...ഒന്നാം ലോക മഹായുദ്ധ സമയത്ത് യുദ്ധാവശ്യങ്ങൾക്ക് പണം കണ്ടെത്താനായി നികുതി നിരക്ക് കുത്തനെ കൂട്ടി. അധിക നികുതി ഒഴിവാക്കാനായി സമ്പന്നർ സ്വിസ്സ് ബാങ്കുകളെ ആശ്രയിച്ചു. അതിർത്തി നഗരങ്ങളിലെ ബാങ്കുകൾ അവർക്ക് സൗകര്യമേകി. ഒരേ ഭാഷ സംസാരിച്ചിരുന്നത് അവർക്ക് ഗുണകരമായി. തങ്ങളുടെ രാജ്യങ്ങൾ ധാരാളം കള്ളപ്പണം കടത്തിയെന്നറിഞ്ഞ യൂറോപ്യൻ രാജ്യങ്ങൾ ആ പണം തിരിച്ചു പിടിക്കാൻ വേണ്ടി ഇടപാടുകാരുടെ വിവരങ്ങൾ കൈമാറാൻ സ്വിസ്സ് ഗവണ്മെന്റിനുമേൽ സമ്മർദ്ദം ചെലുത്തി. പക്ഷെ വിവരങ്ങൾ കൈമാറുന്നത് ക്രിമിനൽ കുറ്റമാക്കി നിയമനിർമ്മാണം നടത്തിയാണ് ബാങ്കുകൾ പ്രതികരിച്ചത്. 1934 ൽ ആണ് ഇത്. ഇതാണ് ആധുനിക സ്വിസ്സ് ബാങ്കുകളുടെ തുടക്കം. രഹസ്യാത്മകതകളുടേയും.

രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമ്മനിയിലെ പണക്കാർ തങ്ങളുടെ സമ്പത്ത് സംരക്ഷിക്കാൻ ഈ ബാങ്കുകളെ ആശ്രയിച്ചു. ലക്ഷക്കണക്കിന് യഹൂദർ നാസികളെ പേടിച്ച് ഈ ബാങ്കുകളിൽ പണം നിക്ഷേപിച്ചു. വിരോധാഭാസമെന്ന് പറയട്ടെ നാസികളും ഈ ബാങ്കുകളിലാണ് പണം നിക്ഷേപിച്ചത്. ഹിറ്റ്ലർക്ക് ഈ ബാങ്കുകളിൽ 5 ബില്യൺ ഡോളറിന്റെ നിക്ഷേപം ഉണ്ടായിരുന്നു. യുദ്ധം അവസാനിച്ചപ്പോൾ ദശലക്ഷക്കണക്കിന് ജനങ്ങൾ കൊല്ലപ്പെട്ടു. അവരിൽ അക്കൗണ്ട് ഉണ്ടായിരുന്ന നാസികളും, യഹൂദരും ഉൾപ്പെടും. അതിജീവിച്ച അനേകായിരം പേർക്ക് മതിയായ രേഖകൾ ഇല്ലെന്ന കാരണം പറഞ്ഞ് പണം നിക്ഷേധിച്ചു. ഒരു നിശ്ചിത കാലവുധിക്കുശേഷം ഉടമസ്ഥരില്ലാത്ത പണം ഗവണ്മെന്റിലേക്ക് കണ്ടുകെട്ടുക എന്നതാണ് സ്വിസ്സ് ഗവണ്മെന്റ് നിയമം. ധാരാളം പേർ നിയമ പോരാട്ടം നടത്തിയെങ്കിലും അർഹിക്കുന്ന തുകയുടെ ചെറിയ ഒരംശം മാത്രമേ അവർക്ക് ലഭിച്ചുള്ളൂ. ചുരുക്കത്തിൽ മനുഷ്യരുടെ ദുരവസ്ഥയിൽനിന്ന് നേട്ടം കൊയ്യുകയായിരുന്നു ഈ ബാങ്കുകൾ.

യുദ്ധാന്തരം കള്ളക്കടത്തുകാർ, അഴിമതിക്കാരായ രാഷ്ട്രീയക്കാർ, സ്വേച്ഛാധിപതികളായ ഭരണാധികാരികൾ എന്നിവരായി പ്രധാന ഉപഭോക്താക്കൾ. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. സ്വതേ ഉണ്ടായിരുന്ന അഴിമതിക്കു പുറമെ ഒരു കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്ന അപഹാസ്യമായ നികുതി നിരക്കും ഇന്ത്യക്കാരെ അവിടെ നിക്ഷേപകരാക്കി. 1973 ലെ ഏറ്റവും ഉയർന്ന നികുതി നിരക്ക് 97.75 % ആയിരുന്നു. കോടിക്കണക്കിനു രൂപ ഈ കാലയളവിൽ നികുതി വെട്ടിച്ച് അങ്ങോട്ടൊഴുകി.

ഈ ബാങ്കുകളിൽ സാധാരണ അക്കൗണ്ട് തുടങ്ങണമെങ്കിൽ 18 വയസ്സ് തികഞ്ഞിരിക്കണം. ഈ രാജ്യവുമായി നല്ല നയതന്ത്രബന്ധമുള്ള ലോകത്തിലെ ഏത് രാജ്യക്കാർക്കു വേണമെങ്കിലും ഇവിടെ അക്കൗണ്ട് തുറക്കാം. പാസ്പോർട്ടിന്റെ പകർപ്പും, വരുമാനത്തിന്റെ ശ്രോതസ്സും, അഡ്രസ്സ് തെളിയിക്കുന്ന രേഖയും നിർബന്ധമാണ്. ചെറിയ പലിശയും കിട്ടും. പക്ഷെ കള്ളപ്പണക്കാർക്കിഷ്ടം പേരിനു പകരം കോഡ് നമ്പർ ഉപയോഗിച്ച് ഇടപാട് നടത്തുന്ന തരം അതീവ രഹസ്യ സ്വഭാവമുള്ള അക്കൗണ്ടുകൾ ആണ്. കോഡ് നമ്പർ ഉപയോഗിക്കുമ്പോൾ വ്യക്തി വിവരങ്ങളുടെ രഹസ്യ സ്വഭാവം കൂടുതൽ സൂക്ഷിക്കപ്പെടുന്നു. ഈ അക്കൗണ്ട് തുറക്കാനുള്ള കുറഞ്ഞ തുക ഒരു ലക്ഷം അമേരിക്കൻ ഡോളർ ആണ്. ഈ തുകകൾക്ക് പലിശ കിട്ടില്ലെന്ന്‌ മാത്രമല്ല ഈ അക്കൗണ്ട് നിലനിർത്താൻ വർഷാവർഷം 300 മുതൽ 400 വരെ ഡോളർ ഫീസും കൊടുക്കേണ്ടി വരും.

അക്കൗണ്ടുള്ളവരുടെ വിവരങ്ങളും, വിലപിടിപ്പുള്ള നിധികളും, രത്നങ്ങളും രേഖകളുമൊക്കെ ആൽഫ്സ് പർവ്വത നിരകളിലുള്ള രഹസ്യ കേന്ദ്രത്തിലാണ് സൂക്ഷിക്കുന്നത്. ഹെലികോപ്റ്ററിലേ ഇവിടെ എത്താനൊക്കൂ. കഴിഞ്ഞ രണ്ട് ദശകങ്ങളായി അക്കൗണ്ട് വിവരങ്ങൾ അറിയാൻ ലോകരാഷ്ട്രങ്ങൾ ശ്രമിക്കുന്നു. ചെറിയ തോതിൽ ഇതിന് ഫലം കണ്ടിട്ടുണ്ട്. എന്നാൽ 7000 കോടി രൂപയുടെ കണക്കു മാത്രമേ അവർ നമുക്ക് കൈമാറിയുള്ളൂ. കള്ളപ്പണത്തിന്റെ വ്യാപ്‌തി നോക്കുമ്പോൾ ഇതൊരു ചെറിയ തുകയാണ്. രഹസ്യ സ്വഭാവം അങ്ങേയറ്റം ആഗ്രഹിക്കുന്നവർ ആശ്രയിക്കുന്നത് ഷെൽ കമ്പനികളെയാണ്. ഈ കമ്പനികളുടെ പ്രവർത്തനത്തെ ഒരു ട്രസ്റ്റിന്റെ പ്രവർത്തനത്തോട് ഉപമിക്കാം. ഇവർ ബാങ്കുകളേപ്പോലെ പണമിടപാടുകൾ നടത്തുന്നവയല്ല. ഒരു സ്റ്റോക്ക് കമ്പനിയുടെ പ്രവർത്തന രീതി. ബാങ്ക് അക്കൗണ്ടിലുള്ള പേര് ഒരു ഷെൽ കമ്പനിയിലും, ഈ കമ്പനിയുടെ ഉടമസ്ഥത മറ്റൊരു രാജ്യത്തുമായിരിക്കും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇപ്രകാരം അനേകം തട്ടുകളിൽ പണം ഒളിപ്പിച്ചാൽ കണ്ടെത്തുക ദുഷ്ക്കരമായിരിക്കും. കള്ളപ്പണം കണ്ടെത്താൻ ഈ കമ്പനികളേക്കൂടി ലക്ഷ്യം വയ്‌ക്കേണ്ടത് അനിവാര്യമാണ്.

സ്വിസ് ബാങ്കില്‍ ഏറ്റവും അധികം നിക്ഷേപമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥാനം 77ആണ്. മുന്‍ വര്‍ഷം 74 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം.1980-നും 2010-നും ഇടയ്ക്കുള്ള കള്ളപ്പണ നിക്ഷേപം 49,000 കോടി ഡോളറിനടത്ത് വരുമെന്ന് റിപ്പോർട്ടുകൾ. 1996 മുതല്‍ 2007 വരെ ഇന്ത്യ ആദ്യ 50 രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. 2008 ല്‍ 55ാം സ്ഥാനത്തായി. പിന്നീട് ഓരോ വര്‍ഷവും നിക്ഷേപകരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം താഴ്ന്നുകൊണ്ടിരിക്കുന്നു.

ഒന്നാം സ്ഥാനം ബ്രിട്ടന്‍ നിലനിര്‍ത്തി. ആകെ നിക്ഷേപങ്ങളുടെ 27 ശതമാനവും ബ്രിട്ടനില്‍ നിന്നാണ്.ബ്രിട്ടന് പിന്നാലെ അമേരിക്കയ്ക്കാണ് രണ്ടാം സ്ഥാനം. 11 ശതമാനമാണ് അമേരിക്കയുടെ നിക്ഷേപം. വെസ്റ്റ് ഇന്‍ഡീസ്, ഫ്രാന്‍സ്, ഹോങ്‌കോങ് എന്നിവയാണ് ആദ്യ അഞ്ചില്‍. ആദ്യ അഞ്ചു രാജ്യങ്ങളുടെയും നിക്ഷേപം മാത്രം ആകെ നിക്ഷേപത്തിന്റെ 50 ശതമാനം വരും. ആദ്യ 30 രാജ്യങ്ങളില്‍ നിന്നാണാണ് നിക്ഷേപത്തിന്റെ 90 ശതമാനവും. ജര്‍മ്മനി, ലക്‌സംബര്‍ഗ്, ബഹാമാസ്, സിങ്കപ്പൂര്‍, കേമാന്‍ ദ്വീപ് എന്നിവ ആദ്യ പത്തു രാജ്യങ്ങളിലുണ്ട്.