രണ്ടായിരത്തിനുശേഷം സ്ഥാപിക്കപ്പെട്ടിട്ടും ഏറ്റവുംമൂല്യമുള്ള 10 കാർകമ്പനികളിൽ ഒന്നായി ടെസ്‌ല

96

ഇലോൺ മസ്ക്

വലിയ കണ്ടുപിടുത്തങ്ങൾ നടത്തിയവരെക്കുറിച്ച് പണ്ട് സ്കൂളിൽ പഠിച്ചിട്ടില്ലേ? ബൾബ് എഡിസൺ, ഡീസൽ എഞ്ചിൻ റുഡോൾഫ് ഡീസൽ. വൈദ്യുതി ഫാരഡേ.. എന്നിങ്ങനെ. ഇതൊക്കെ ഇപ്പോഴും കുട്ടികൾ പഠിക്കുന്നുണ്ടാവണം. ഇരുപതാം നൂറ്റാണ്ട് അതുവരെ സഞ്ചരിച്ച കാലഗതിയിൽനിന്ന് മാറി പുതിയ വഴികളിലൂടെ പ്രയാണം തുടങ്ങാൻ കാരണമായ ശാസ്ത്രകാരൻമാരെ കുട്ടികൾ പഠിച്ചിരിക്കേണ്ടത് അത്യാവശ്യം തന്നെ.

ബൾബ് കണ്ടുപിടിച്ചത് എഡിസൺ എന്ന് അറിയുന്നത് പോലെ അതിനോട് ബന്ധപ്പെട്ട മറ്റു പലതും കൂടിയുണ്ട്. അതായത് 1890കളുടെ അവസാനത്തോടെ പ്രായോഗികമായി ഉപയോഗിക്കാവുന്ന ലൈറ്റ്ബൾബ് എന്ന കണ്ടുപിടുത്തമാണ് എഡിസൺ നടത്തിയത്. ഇതിന് ഏതാണ്ട് നൂറുവർഷങ്ങൾക്കുമുമ്പേ വൈദ്യുതി ഉപയോഗിച്ച് ഹംഫ്രി ഡേവി വെളിച്ചം തെളിച്ചിട്ടുണ്ട്. എഡിസണ് മുമ്പ് ഇരുപത് പേരെങ്കിലും വൈദ്യുതി വെളിച്ചം തെളിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു.

Tesla Logo and the History of the Company | LogoMyWayഇതും കഴിഞ്ഞ് 1906 ൽ മാത്രമാണ് അമേരിക്കയിലെ ജെനറൽ ഇലക്ട്രിക് കമ്പനി ടങ്ങ്സ്റ്റൺ അടിസ്ഥാനമാക്കിയ ഫിലമെന്റ് ചേർത്ത് നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബൾബ് വിപണിയിലിറക്കിയത്. അതിന് ശേഷം മാത്രമാണ് സാധാരണക്കാരന് വൈദ്യുതി വെളിച്ചം ഉപയോഗയോഗ്യമായിട്ടുണ്ടാവുക എന്ന് കരുതാം.ഡീസൽ എഞ്ചിൻ കണ്ടു പിടിച്ചത് 1890-കളിൽ ആണ്. അക്കാലത്ത് കൽക്കരികൊണ്ടു പ്രവർത്തിക്കുന്ന ആവിയന്ത്രത്തെ ആശ്രയിച്ചായിരുന്നു തീവണ്ടികൾ ഓടിക്കൊണ്ടിരുന്നത്. എന്നാൽ 1912-ൽ മാത്രമാണ് ആദ്യമായി ട്രെയിനുകളിൽ ഉപയോഗിക്കുവാൻ തുടങ്ങിയത്.

ഫാരഡേയുടെ കണ്ടുപിടിത്തത്തിൽ നിന്ന് മനുഷ്യർക്കുപയോഗിക്കുവാൻ പാകത്തിൽ വിപണിയിൽ ലഭ്യമാവുന്ന ബൾബിലേക്ക് കുറച്ച് ദൂരമുണ്ട് എന്ന് കാണാം. അതുപോലെ, ഡീസൽ എഞ്ചിന്റെ കണ്ടുപിടിത്തത്തിൽ നിന്ന് ട്രാക്കിൽ ഓടുന്ന ഡീസൽ ലോകോമോട്ടീവിലേക്ക് കുറച്ചധികം ദൂരമുണ്ട്.ഈ ദൂരത്തെ നമുക്ക് വേണമെങ്കിൽ എന്റർപ്രണർഷിപ്പ് എന്ന് വിളിക്കാം. മലയാളത്തിൽ ഇത് ഒരുപക്ഷേ വ്യവസായസംരംഭകത്വം എന്നോ മറ്റോ പറയാമായിരിക്കും. എന്ത് പേരിട്ട് വിളിച്ചാലും, ഈ സംഭവം നടന്നാലേ മനുഷ്യപുരോഗതി സാധ്യമാവുകയുള്ളൂ എന്ന് നിസംശയം പറയാം.

രാഷ്ട്രപുരോഗതി എന്നത് മനുഷ്യപുരോഗതിയെ ആശ്രയിച്ചരിക്കുന്നതിനാൽ സംരംഭകത്വം എന്നത് ഏറ്റവും ആവശ്യം വേണ്ട ഒരു സംഭവമാണ്.ജനാധിപത്യം പോലും അതു കഴിഞ്ഞേ വരൂ എന്ന് പറയാൻ എനിക്ക് മടിയില്ല. വെളിച്ചം തരാൻ ബൾബ് ഇല്ലാത്ത ജനാധിപത്യം കൊണ്ട് ഒരു ഗുണവുമുണ്ടാവുകയില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.വൈദ്യുതിയുടെ പിതാവ് എന്ന് വിളിക്കപ്പെടുന്ന മൈക്കൽ ഫാരഡേ ഇലക്ട്രിക് മോട്ടോറിന്റെ ആദ്യരൂപം കണ്ടുപിടിച്ചിട്ട് ഇരുന്നൂറ് വർഷം തികയാൻ ഇനി അധികകാലമില്ല. വൈദ്യുതികൊണ്ട് ഒരു ചക്രം തിരിക്കാൻ കഴിയും എന്ന് കണ്ടുപിടിച്ചിട്ട് ഇത്രകാലം കഴിഞ്ഞു. എന്നിട്ടും നാം കാണുന്ന കൂടുതലും ചക്രങ്ങളെ കറക്കുന്നത് വെദ്യുതിയാണോ അതോ ഇതര ഇന്ധനങ്ങളാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.

ഇന്ധന ഊർജ്ജത്തെ യാന്ത്രിക ഊർജ്ജമായി മാറ്റുന്നതിൽ ഏറ്റവും ഉത്തമം എന്ന് പറയാവുന്നവയാണ് വൈദ്യുത എഞ്ചിനുകൾ. ഏകദേശം 90% ആണ് വൈദ്യുത മോട്ടോറുകളുടെ എഫിഷ്യൻസി. ഡീസൽ/പെട്രോൾ എഞ്ചിനുകളിൽ ഇത് പരമാവധി 40% മാത്രമാണ്.
സാധാരണക്കാർ ആശ്രയിക്കുന്ന വാഹനങ്ങളിൽ വ്യാപകമായി ഡീസൽ/പെട്രോൾ എഞ്ചിനുകൾക്ക് പകരം വൈദ്യുത മോട്ടോറുകൾ ഉപയോഗിക്കാൻ തുടങ്ങിയത് ഈ അടുത്ത കാലത്ത് മാത്രമാണ്. ഇന്ത്യയിൽ ഇപ്പോഴും വൈദ്യുത കാറുകൾ തീരെ കുറവും.
രണ്ടായിരത്തിപ്പതിമൂന്നിലെ “കാർ ഓഫ് ദി ഇയർ” ഒരു ഇലക്ട്രിക് കാർ ആയിരുന്നു. സാധാരണ കാറുകൾക്കിടയിൽ പൊതുജനം ഏറ്റവും ഇഷ്ടപ്പെട്ട കാർ, ബാറ്ററിയിൽ നിന്നുവരുന്ന വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു കാർ ആവുന്ന സ്ഥിതി വന്നു.
ഇലക്ട്രിക് കാറുകൾ പലതും ഇതിന് മുൻപ് വന്നിരുന്നെങ്കിലും ഇത്രയും ജനപ്രിയമായ ഇലക്ട്രിക് കാർ വിപണിയിലിറക്കിയത് അമേരിക്കയിലെ ടെസ്ല എന്ന കമ്പനിയാണ്. സമാന ശ്രേണിയിലുള്ള ലക്ഷ്വറി കാറുകൾക്ക് സാധിക്കാതിരുന്ന ആക്സിലറേഷൻ, ഡ്രൈവിംങ്ങ് കംഫർട്ട് മുതൽ എണ്ണിയാൽ തീരാത്ത ഗുണവിശേഷങ്ങൾ ഉൾക്കൊള്ളിച്ച ഒന്നാണ് ടെസ്ല രംഗത്തിറക്കിയ “മോഡൽ എസ്”. (അതിനു മുമ്പ് ടെസ്ല റോഡ്സ്റ്റർ ഇറങ്ങിയിരുന്നെങ്കിലും അത് സാധാരണക്കാരെ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല. സ്പോർട്സ് കാർ ഗണത്തിലുള്ളതായിരുന്നു.)

ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള പത്ത് കാർ കമ്പനികളിൽ ഒന്നാണ് ടെസ്ല. ഏറ്റവും ഒന്നാമതുള്ള ടൊയോട്ടയും പിന്നീട് വരുന്ന ബെൻസ് ബിഎംഡബ്ല്യൂ വിഡബ്ല്യൂ എന്നിവയെല്ലാം രണ്ടാം ലോകമഹായുദ്ധത്തിന് മുൻപ് സ്ഥാപിക്കപ്പെട്ടവയാണ്. ഇതിൽ രണ്ടായിരത്തിനു ശേഷം സ്ഥാപിക്കപ്പെട്ട ഏക കാർ കമ്പനി ടെസ്ലയാണ്. അമേരിക്കയിൽ നിന്നുള്ള ഫോർഡ് ജി.എം തുടങ്ങിയ മറ്റ് ഒരു കാർ കമ്പനി പോലും ആദ്യ പത്തിൽ ഇല്ല എന്നും ഓർക്കണം.

ഇലോൺ മസ്ക് എന്ന നാൽപ്പത്തെട്ടുകാരനാണ് ടെസ്ലയുടെ അമരക്കാരൻ. കറകളഞ്ഞ ശാസ്ത്രകുതുകി. സത്യത്തിൽ കമ്പനി സ്ഥാപിച്ചത് മസ്ക് അല്ല. ബാറ്ററി കാർ എന്ന ആശയത്തോട് താൽപ്പര്യമുള്ളതിനാൽ അതിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനായി മസ്ക് ജെ.ബി.സ്ട്രോബെൽ എന്ന സ്റ്റാൻഫോർഡ് ബിരുദധാരിയെ 2004-ൽ ചുമതലപ്പെടുത്തിയിരുന്നു. മാർട്ടിൻ എബർഹാർഡ് മാർക് ടാർപ്പനിങ്ങ് എന്ന രണ്ടുപേർ ചേർന്ന് 2003 ൽ തന്നെ ഇലക്ട്രിക് കാറുകൾ ഉണ്ടാക്കുക എന്ന ആശയവുമായി ടെസ്ല കോർപ്പറേഷൻ സ്ഥാപിച്ചിരുന്നത് മസ്ക് അറിയാനിടയായി. തുടർന്ന് അദ്ദേഹം ടെസ്ലയിൽ പണം ഇറക്കിത്തുടങ്ങി. 2007 ൽ എവർബോർഡിനെ മാറ്റി ടെസ്ല ഡയറക്ടർ ബോർഡ് ഇലോൺ മസ്കിനെ സി.ഇ.ഓ ആക്കി.

ഇന്നു കാണുന്ന രീതിയിൽ ടെസ്ല കാർ വികസിപ്പിച്ചെടുത്തതിന്റെ അംഗീകാരം ഇലോൺ മസ്കിന് തന്നെ അവകാശപ്പെട്ടതാണ്. ആരും പരിശീലിപ്പിക്കാതെ സ്വയം പഠിച്ച കുറച്ച് സോഫ്റ്റ് വെയർ ജ്ഞാനവുമായി 95ൽ സഹോദരൻ കിംബലുമൊത്ത് ഒരു ഡോട്ട് കോം സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങുന്നതിലൂടെയാണ് ഇലോൺ മസ്ക് കളത്തിലിറങ്ങുന്നത്. സിപ്പ് ഡോട്ട് കോം എന്നായിരുന്നു കമ്പനിയുടെ പേര്. ഇന്റർനെറ്റ് സിറ്റി ഡയറക്ടറി. യെല്ലോ പേജിന്റെ ഡിജിറ്റൽ രൂപം എന്ന് പറയാം. തുടക്കത്തിൽ കോഡിംങ്ങ് ഏതാണ്ട് മുഴുവൻ മസ്ക് തന്നെത്താൻ ചെയ്തു. 99-ലെ ഡോട്ട്കോം സുവർണ്ണകാലത്ത് ഈ കമ്പനിയെ കോംപാക് കോർപ്പറേഷൻ ഏറ്റെടുത്തു. ഏതാണ്ട് 300 മില്യൻ യു എസ് ഡോളർ. അതിൽ 22 മില്യൻ മസ്കിന് കിട്ടി.

അവിടെ നിന്ന് നേരം കളയാതെ 99-ൽ തന്നെ മസ്ക് എക്സ്.കോം എന്ന സംഭവം തുടങ്ങി. ഇന്റർനെറ്റ് ബാങ്ക് എന്ന ആശയം. ഇതാണ് പിന്നീട് Paypal ആയി മാറിയത്. മസ്ക് ആയിരുന്നു ആദ്യകാല സാരഥി. 2000-ത്തിൽ ഒരു അട്ടിമറി നടത്തി ബോർഡ് മസ്കിനെ സ്ഥാനഭ്രഷ്ടനാക്കി. മസ്ക് ഭാര്യയുമൊത്ത് കമ്പനി ആവശ്യത്തിനായി ആസ്ട്രേലിയയിലേക്ക് വിമാനത്തിൽ യാത്ര ചെയ്യവേ ആണ് സംഭവം. ഈ സംഭവത്തിൽ തകർന്നു പോയെങ്കിലും മസ്ക് ഡയറക്ടർ ബോർഡിൽ തുടർന്നു. പിന്നീട് 2002 ൽ ഇബേ (Ebay) 1.5 ബില്യന് പേപ്പാൽ ഏറ്റെടുത്തു. മസ്ക് ഈ കച്ചവടത്തിൽ 167 മില്യൻ ഉണ്ടാക്കി. പന്ത്രണ്ട് ശതമാനത്തോളം ഓഹരി ഇന്നും മസ്ക് കൈവശം വച്ചിട്ടുണ്ട്.

കുഞ്ഞിലേ അന്യഗ്രഹയാത്ര എന്ന ആശയത്തിലാണ് മസ്കിന് കമ്പം. 2002-ൽ പേപ്പാൽ വിൽപ്പനയിൽ നിന്നും കിട്ടിയതിലെ നൂറ് മില്യൻ നേരെ നിക്ഷേപിച്ചു കൊണ്ടാണ് ലോകത്തെ ആദ്യ സമ്പൂർണ്ണ സ്വകാര്യ റോക്കറ്റ് വിക്ഷേപണക്കമ്പനിയായ സ്പേസ് എക്സ് (Spacex) സ്ഥാപിക്കുന്നത്. ഈ കമ്പനി തുടങ്ങുന്നതിനും മുമ്പേ, പഴയ USSR ന്റെ ഒരു റോക്കറ്റിന് മസ്ക് വിലയന്വേഷിച്ച് പോയിരുന്നു. അവർ 8 മില്യന് കൊടുക്കാം എന്ന് പറഞ്ഞു. അതിത്തിരി കൂടുതലായിരുന്നു എന്നാണ് അന്ന് മസ്ക് പറഞ്ഞത്. രാജ്യങ്ങൾ നേരിട്ട് നിർമ്മിക്കുന്ന റോക്കറ്റുകൾ അതിന്റെ 3% വിലയ്ക്ക് ഉണ്ടാക്കാം എന്നായിരുന്നു മസ്കിന്റെ കണക്കുകൂട്ടൽ. അത് ഏതാണ്ട് ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു.

ഇന്ന് നാസയുടെ സ്പേസ് സ്റ്റേഷനിലേക്ക് സാധനങ്ങൾ എത്തിക്കാൻ കരാറുള്ള കമ്പനിയാണ് Spacex. ഏറ്റവും ഭാരമുള്ള പേലോഡ് കൊണ്ടുപോവാൻ കഴിവുള്ള Falcon Heavy എന്ന റോക്കറ്റ് വിജയകരമായി കഴിഞ്ഞ വർഷം പരീക്ഷിച്ചു. അതുപോലെ റീ-യൂസബിൾ റോക്കറ്റ് എന്ന ആശയം ആദ്യമായി പരീക്ഷിച്ചു. കോടികൾ ബഡ്ജറ്റിൽ വകയിരുത്തി നടത്തിക്കൊണ്ടു പോവുന്ന നമ്മുടെ സ്വന്തം ഇസ്റോ ഇതുവരെ ഈ നേട്ടങ്ങൾ കൈവരിച്ചിട്ടില്ല. അവിടെയാണ് രണ്ടായിരമാണ്ടിന് ശേഷം തുടങ്ങിയ പ്രൈവറ്റ് റോക്കറ്റ് കമ്പനി വിജയിക്കുന്നത് എന്നത് ചെറിയ കാര്യമല്ല. ഏതാണ്ട് 21 ബില്യൺ ഡോളറാണ് ഈ കമ്പനിയുടെ മൂല്യം കണക്കാക്കുന്നത്. ഇപ്പോഴും പ്രൈവറ്റ് കമ്പനി. 54% മസ്കിന് സ്വന്തം. അതോടൊപ്പം 74% വോട്ടിങ്ങ് അവകാശവും.

ചൊവ്വയിൽ ഒരു കോളനി സ്ഥാപിക്കുക എന്നതാണ് Spacex കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം. കേൾക്കുമ്പോൾ വട്ടാണ് എന്ന് തോന്നും. പക്ഷേ മസ്ക് സീരിയസാണ്. മനുഷ്യകുലം എന്നത് ഭൂമി എന്ന ചെറുഗ്രഹത്തിൽ ഒതുങ്ങേണ്ട ഒന്നല്ല എന്നാണ് മസ്കിന്റെ പക്ഷം. അദ്ദേഹത്തിന്റെ ചിന്തകൾ വേറെ ലെവലിലാണ്.ഇലോൺ മസ്ക് ഒരു ഇൻറർവ്യൂവിൽ സംസാരിച്ചുകൊണ്ടിരിക്കെ പറഞ്ഞ ഒരു വാക്കാണ് ഹൈപ്പർലൂപ്പ്. ലോകത്തെ വൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഉരുക്കു സിലിണ്ടർ എന്ന് വേണമെങ്കിൽ ലളിതമായി നിർവ്വചിക്കാം. ഇതിനുള്ളിൽ ബുള്ളറ്റ് വേഗതയിൽ പറക്കുന്ന പോഡുകൾ അഥവാ കമ്പാർട്ട്മെന്റുകൾ.

ഈ ആശയത്തെ ആധാരമാക്കി നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾ പലതും തുടർന്ന് നടന്നു. നിരവധി ഇതര കമ്പനികൾ പരീക്ഷണത്തിനായി മുന്നോട്ട് വന്നു. റിച്ചാർഡ് ബ്രാൻസന്റെ വെർജിൻ ഗ്രൂപ്പാണ് അതിലൊന്ന്. അമേരിക്കയിൽ അവർ പരീക്ഷണാടിസ്ഥാനത്തിൽ ചെറിയൊരു ട്യൂബ് സ്ഥാപിച്ചു കഴിഞ്ഞു. ദുബായിൽ ഇതിന്റെ പണി പുരോഗമിക്കുന്നതായി അറിയുന്നു. ബോംബെ-ഡെൽഹി ഹൈപ്പർലൂപ്പിനെക്കുറിച്ചും കേൾക്കുന്നു. ബോംബെ-ഡെൽഹി അരമണിക്കൂറിൽ ഒരു വശത്തേക്ക് യാത്ര ചെയ്യാം എന്നതാണ് ഇതിന്റെ ഗുണം.

മറ്റൊന്ന് ഇദ്ദേഹം സ്ഥാപിച്ച The Boring Company. ജനനിബിഡമായ വൻ നഗരങ്ങളിൽ വാഹനയാത്രകൾ വേഗത്തിലാക്കാൻ സഹായിക്കുന്ന ടണലുകൾ നിർമ്മിക്കുക എന്നതാണ് ലക്ഷ്യം.സോളാർ സിറ്റി എന്ന മറ്റൊരു കമ്പനി സോളാർ പാനലുകൾ നിർമ്മിക്കുന്നു. അമേരിക്കയിൽ ഏറ്റവും കൂടുതൽ സോളാർ പാനലുകൾ ഉണ്ടാക്കുന്നത് ഈ കമ്പനിയാണ് എന്നാണ് പറയുന്നത്.
സമീപകാലത്തെ എന്റർപ്രണർഷിപ്പ് വിജയങ്ങളുടെ ചിത്രത്തിൽ ഏറ്റവും തിളക്കമുള്ളതാണ് മസ്ക് കൈവരിച്ച നേട്ടങ്ങൾ. എന്തെങ്കിലും സ്റ്റാർട്ട് അപ്പ് കമ്പനി തുടങ്ങണം എന്ന് സ്വപ്നം കണ്ട് നടക്കുന്നവർ പഠിക്കേണ്ട ഒരു ടോപ്പിക് തന്നെ ആണ് ഇലോൺ മസ്ക്.
അമേരിക്കയിൽ മുരടിച്ചു കൊണ്ടിരുന്ന മാനുഫാക്ച്ചറിങ്ങ് കുറേയൊക്കെ തിരിച്ചു കൊണ്ടുവന്നതിൽ ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്കിന്റെ പ്രാധാന്യം ചെറുതല്ല. കുടിയേറ്റത്തെ എതിർക്കുന്ന ട്രമ്പിന്റെ എതിർചേരിയിലാണ് മസ്ക് മനസുകൊണ്ടെങ്കിലും എന്ന് അടുപ്പക്കാർ പറയുന്നു.

കഠിനാധ്വാനം, കുശാഗ്രബുദ്ധി, മനുഷ്യപ്പറ്റില്ലാത്ത മാനേജ്മെന്റ് എന്നിങ്ങനെ മസ്കിനെക്കുറിച്ച് എഴുതാൻ നിരവധി ഉപവിഷയങ്ങളുണ്ട്.
ഈ വിഷയത്തിൽ കൂടുതൽ വായിക്കാൻ താൽപ്പര്യമുള്ളവർക്കായി മസ്കിനെക്കുറിച്ച് എഴുതിയ ഇ-ബുക്കിൻ്റെ പൂർണ്ണരൂപം ഇവിടെ ലഭ്യമാണ്. തികച്ചും സൗജന്യം
https://m.facebook.com/story.php?story_fbid=225044709295795&id=110801507386783