തച്ചോളി ഒതേനൻ കടത്തനാടിൻ്റെ വീര പുത്രൻ. വടകര പുതിയ ബസ്സ് സ്റ്റാന്റിൽ നിന്നും അര കിലോമീറ്ററിനുള്ളിൽ തിരുവള്ളൂർ റോഡ് വഴിയിൽ വലത് വശത്തായി – കടത്തനാടൻ വീരശൂരപരാക്രമി ഒതേനൻ ജനിച്ച് വളർന്ന തച്ചോളി മാണിക്കോത്ത് തറവാട്. പതിനാറാം നൂറ്റാണ്ടാണ് ഒതേനന്റെ ജീവിതകാലമെന്ന് വിലയിരുത്തപ്പെടുന്നു.

പുതുപ്പണം ദേശ വാഴിയയിരുന്ന ചീനംവീട്ടിൽ തങ്ങൾ (കോട്ടയാട് കോവിലകത്ത് പുതുപ്പണത്ത് മൂപ്പിൽ വാഴുന്നവർ) ക്രി.വ 1584 ) എന്ന് പറയുന്ന ഒരു നായർ പ്രഭുവായിരുന്നു അച്ഛൻ. ഇദ്ദേഹം തച്ചോളി മാണിക്കോത്ത് വീട്ടിലെ ഉപ്പാട്ടിയമ്മയെ സംബന്ധം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ അവർക്കുണ്ടായ മകനാണ് ഒതേനൻ.
“തേയി” എന്നായിരുന്നു ഉപ്പാട്ടിയമ്മയുടെ –അമ്മയുടെ പേര്.ഒതേനന് കോമപ്പൻ എന്ന ഒരു ജ്യേഷ്ഠനും, ഉണിചിരുത ( ഉണ്ണിച്ചാറ) എന്ന ഒരു അനുജത്തിയുമുണ്ട്. ഒതേനന്റെ ഉറ്റ ചങ്ങാതിയായി ചെറുപ്പം മുതൽ മരണനാൾ വരെ എന്തിനും – ഏതിനും എപ്പോഴും കൂടെയുണ്ടായിരുന്ന കണ്ടാച്ചേരിചാപ്പൻ ഒതേനന്റെ സഹോദരൻ തന്നെയാണ്. ഉപ്പാട്ടിയമ്മയുടെ ദാസിയായ മാക്കത്തിൽ ഒതേനന്റെ അച്ഛന് ഉണ്ടായ മകനാണ് ചാപ്പൻ.

ദേശവാഴിയുടെ മകനായിരുന്നിട്ടും ദാരിദ്ര്യവും, കഷ്ടപ്പാടും നിറഞ്ഞതായിരുന്നു ഒതേനന്റെ കുട്ടിക്കാലം. പുതുപ്പണം വാഴുന്നവരായ അച്ഛൻ ഇവരുടെ കാര്യത്തിൽ ഒട്ടും ശ്രദ്ധാലുവായിരുന്നില്ല. ഉപ്പാട്ടിയമ്മ വളരെ കഷ്ടപ്പെട്ടാണ് മൂന്ന് മക്കളെയും വളർത്തിയത്.തെങ്ങോലയും ,തെങ്ങിൻമടലും വിറ്റുമായിരുന്നു ഇവരുടെ ഉപജീവനം. അത് മാത്രമല്ല ഇവർ താമപ്പിച്ചിരുന്ന തച്ചോളി മാണിക്കോത്ത്പറമ്പ് ” കുന്നേൽ കണ്ണക്കുറുപ്പ് ” എന്ന ജന്മി പാട്ടത്തിനെടുത്തത്കൊണ്ട് ഇവർക്ക് അവിടെ നിന്ന് യാതൊരുവിധ ആദായവും എടുക്കാനും പാടില്ലായിരുന്നു.

ഒരിക്കൽ പറമ്പിൽ കൂട്ടിയിട്ടിരുന്ന തേങ്ങയിൽ നിന്ന് ഒരു തേങ്ങ അരയ്ക്കാനായി ഉപ്പാട്ടിയമ്മ എടുത്തപ്പോൾ അത് കണ്ട കണ്ണക്കുറുപ്പ് അടുത്തുണ്ടായിരുന്ന തേങ്ങാ കുലച്ചിലെടുത്ത് ഉപ്പാട്ടിയമ്മയെ എറിയുകയും – നിറഗർഭിണിയായിരുന്ന അവരുടെ വയറ്റത്ത് ഏറ് കൊണ്ടതിന്റെ ഫലമായിട്ടാണ് ഒതേനന്റെ ഇടത്തെ വാരിയിൽ ജന്മനാ ഒരു അടയാളമുണ്ടായതെന്ന് പറയപ്പെടുന്നു.

അച്ഛൻ ആരാണെന്നുള്ള ഒതേനന്റെ നിരന്തരമായ ചോദ്യത്തിന് മുമ്പിൽ ആ സാധു സ്ത്രീക്ക് ഒടുവിൽ ഉത്തരം പറയേണ്ടി വന്നു.അന്ന് ഒതേനന് 8 വയസ്സ് മാത്രം പ്രായം: എടുത്ത് ചാട്ടക്കാരനായിരുന്ന ഒതേനൻ ഉട;ൻ തന്നെ പുതുപ്പണം വാഴുന്നിടത്തേക്ക് പുറപ്പെട്ടു – സന്താനഭാഗ്യമില്ലാതിരുന്ന വാഴുന്നവരുടെ ധർമ്മപത്നി – വാഴുന്നവരുടെ തനി സ്വരൂപമായിരുന്ന കുഞ്ഞോതേനനെ കണ്ട മാത്രയിൽ തന്നെ തിരിച്ചറിഞ്ഞു സ്വീകരിച്ചു.

written by – Edayath saseendran .

ഒരു വാളിനായിരുന്നു അച്ഛനായ വാഴുന്നോരോട് ഒതേനൻ ആദ്യമായി അവശ്യപ്പെട്ടത്.അദ്ദേഹം പിന്നീട് അത് പണികഴിപ്പിച്ച് കൊടുത്തുവെന്ന് മാത്രമല്ല – ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും വെടിയേൽക്കാതിരിക്കാനുമുള്ളതെന്ന് പറഞ്ഞ് ഒരു ഉറുക്കും നൂലും ഒതേനന് സമ്മാനിക്കുകയുണ്ടായി. ജീവിതകാലം മുഴുവൻ ഒതേനന് ആയുധ ഭീതിയിൽ നിന്ന് കരുത്ത് പകർന്നത് ഈ ഉറുക്കും നൂലുമാണ്.
ജ്യേഷ്ഠൻ കോമക്കുറുപ്പ് ആരോടും വഴക്കിന് പോകാത്ത ഒരു സാത്വിക പ്രകൃതമായിരുന്നു. ഒതേനൻ നേരെ മറിച്ചും. ചെറുപ്പത്തിൽതന്നെ കളരി അഭ്യസിക്കാൻ തുടങ്ങിയ ഒതേനൻ യുവാവായതോടെ ധൈര്യശാലിയും, നിപുണനുമായ ഒരു തികഞ്ഞ അഭ്യാസിയായി മാറുകയുണ്ടായി. മതിലൂർ ഗുരുക്കളുടെ കളരിയിൽ പയറ്റി അടവുകളെല്ലാം പഠിച്ചു കായികാഭ്യാസത്തിൽ കടത്തനാട്ടിൽ ഒതേനനെ ജയിക്കാൻ ആരുമില്ലെന്ന അവസ്ഥയിലായി.ആരോരുമില്ലാത്തവർക്ക് ഒരു സുഹൃത്തും, ശത്രുക്കളോട് ഭയമില്ലാത്ത എതിരാളിയുമായി ഒതേനനെ എല്ലാവരും വാഴ്ത്താൻ തുടങ്ങി.

ഏത് ബലഹീനനെയും സർവ്വവിധ ശക്തിയും പ്രയോഗിച്ച് സംരക്ഷിക്കുക – സഹായിക്കുക- തന്റെ പിന്തുണ ആവശ്യപ്പെടുന്ന രാജാക്കന്മാർക്കും, നാടുവാഴികൾക്കും അവരുടെ അധികാര സംരക്ഷണത്തിനും മറ്റും വേണ്ടി -അവരുടെ സഹായിയായി ഒതേനൻ വർത്തിക്കുകയും ചെയ്തു പോന്നിരുന്നു.തന്റെ കായിക ബലം കൊണ്ട് സാദ്ധ്യമാകാത്ത കാര്യങ്ങൾ -എപ്പോഴും ഒപ്പമുണ്ടായിരുന്ന ചാപ്പന്റെ ബുദ്ധിശക്തികൊണ്ടും സാദ്ധ്യമാക്കിയായിരുന്നു ഒതേനന്റെ ജൈത്രയാത്ര -ഒരിക്കൽ വഴി ഒഴിഞ്ഞ് കൊടുക്കാത്തതിന്റെ പേരിൽ നാട്ടുപ്രമാണിയും, മഹാവീരനുമായ പയ്യനാട് ചിണ്ടൻ നമ്പ്യാരുമായുള്ള അങ്കവും, സാമൂതിരിയുടെ ആറ് പടനായകരുടെ കഴുത്തിൽ ഒരൊറ്റച്ചുഴറ്റൽ കൊണ്ട് ചുണ്ണാമ്പു വരയിട്ട ഉറുമി പ്രയോഗം മുതലായ അത്ഭുത സിദ്ധികൾ ഒതേനന്റെതായിരുന്നു.

ചിണ്ടൻ നമ്പ്യാരുമായിട്ടുള്ള അങ്കം കുറിച്ചതറിഞ്ഞ് ഒതേനന്റെ ജ്യേഷ്ഠൻ കോമപ്പക്കുറുപ്പ് അങ്കം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു. ചിണ്ടൻ നമ്പ്യാരുടെ കരുത്തും. അഭ്യാസ ചാതുരിയും എത്രയെന്ന് കോമപ്പക്കുറുപ്പിനറിയാം. അത് കൊണ്ട് പയ്യം വെള്ളി ചന്തുവിന് മാത്രമറിയാമായിരുന്ന പൂഴിക്കടകൻ’ എന്ന രഹസ്യ അടവ് അനുജനെ അയച്ചു പഠിപ്പിക്കുകയും…. ആ പൂഴിക്കടകൻ അടവ് ഉപയോഗിച്ചാണ് ചിണ്ടൻ നമ്പ്യാരെ അന്ന് ഒതേനൻ വധിച്ചത്.മറ്റൊരു സംഭവം” ചിറക്കൽ തംമ്പുരാൻ” എഴുന്നള്ളുമ്പോൾ ചില ജോനകന്മാർ (മാപ്പിള്ള മാർ) പതിവ് പ്രകാരം ആചാരം (ബഹുമാനം) ചെയ്തില്ലെന്നു പറഞ്ഞ് തമ്പുരാൻ അവരുടെ അഹങ്കാരം ശമിപ്പിക്കാൻ ഒതേനനോട് ആവശ്യപ്പെട്ടതനുസരിച്ച് – ഒതേനൻ അവരുടെയെല്ലാം ശിരഛേദം ചെയ്തതുൾപ്പെടെയും – പുന്നോറ കേളപ്പൻ, പുറമാല നമ്പിക്കുറുപ്പ് തുടങ്ങിയവരുടെയും തല കൊയ്ത നിരവധി ചരിത്ര സംഭവങ്ങൾ ഒതേനന്റെതായിട്ടുണ്ട്.

കോഴിക്കോട്ടെ ശക്തനായ സാമൂതിരി രാജാവ് പോലും ഒതേനനെ ബഹുമാനിച്ചിരുന്നെന്ന് പറയപ്പെടുന്നു. ഒതേനന്റെ ഇഷ്ട ദേവതയായിരുന്നു ലോകനാർകാവിലമ്മ.ഏതൊരു അങ്കത്തിന് പോകുമ്പോഴും കാവിൽവന്ന് വണങ്ങുന്ന പതിവ് ഒതേനൻ മരണം വരെ പാലിച്ചു പോന്നിരുന്നു. ശ്രീകോവിലിന് മുൻവശത്തായി ഇപ്പോഴും കണ്ടു വരുന്ന ആനയുടെ പ്രതിമ ഒതേനൻ വഴിപാടായി നൽകിയതാണ്.ലോകനാർകാവിന് വടക്ക് പടിഞ്ഞാറ് വശത്തായി ഏതാണ്ട് അര കിലോമീറ്ററിനുള്ളിലായിരുന്നു ‘കാവിലും ചാത്തോത്ത് ‘മാതേയ് അമ്മയുടെ വീട് (ഇന്ന് കാണുന്ന കുറുമ്പയിൽ ചെമ്പ്രോത്ത് NMUP സ്ക്കൂളിനടുത്ത് ). മാതേയ് അമ്മയ്ക്ക് തന്റെ മകൾ കുഞ്ഞിക്കുങ്കിയെ ഒതേനനെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന കലശലായ ആഗ്രഹവുമായി മേപ്പയിൽ തച്ചോളി മാണിക്കോത്ത് പോയി ഒതേനന്റെ ജ്യേഷ്ഠൻ കോമപ്പക്കുറുപ്പിനെ കണ്ട് വിവരം പറഞ്ഞപ്പോൾ – അതറിഞ്ഞ ഒതേനൻ
കാക്കയെപ്പോലെ കറുത്ത കുങ്കി
ചക്കച്ചുളപ്പല്ലും, പേന്തലയും
എനിക്കിന്ന കുങ്കീനെ വേണ്ടെന്റെട്ടാ….
അച്ഛനുമമ്മക്കും വേണ്ടെങ്കില്
വടകര പൊക്കൻ ചോനകന്
കുപ്പായമിട്ടാറ്റാനയച്ചേക്കട്ടെ
എന്ന് പരിഹസിച്ച് പറഞ്ഞൊഴിഞ്ഞ ഒതേനൻ കുറച്ച് കാലം കഴിഞ്ഞ് ലോകനാർകാവ് ചിറയിൽ കുളി കഴിഞ്ഞ് ഈറനോടെ വരുന്ന കുങ്കിയെ നേരിൽ കാണാനിട വരികയും, താൻ ധരിച്ച് വെച്ചത് തെറ്റായിപ്പോയെന്നും കുങ്കി വളരെ സുന്ദരിയാണെന്നും മനസ്സിലാക്കിയതോടെ അയാൾ അനുരാഗബന്ധനായി കുങ്കിയോട് അടുക്കാനും ചാപ്പന്റെ സഹായത്താൽ തച്ചോളിപ്പൊട്ടനായി അഭിനയിച്ച് കാവിലും ചാത്തോത്ത് കയറിക്കൂടുകയും ഒടുവിൽ കുങ്കിയെ തന്റെ ഭാര്യയായി സ്വീകരിക്കുകയും ചെയ്യുന്നു. ഈ ബന്ധത്തിൽ അവർക്കുണ്ടായ ഏക സന്താനമാണ് തച്ചോളി അമ്പാടി.
കറുത്തനിടം തമ്പുരാന്റെ ഏകപുത്രിയായ കുഞ്ഞികന്നിയെ പൊന്നാപുരം കോട്ടയിലെ കേളപ്പൻ എന്ന അക്രമി ഒരിക്കൽ പിടിച്ചു കൊണ്ടുപോയി.തമ്പുരാൻ ഒതേനനോട് വന്ന് കാര്യം പറഞ്ഞപ്പോൾ, ഒതേനൻ ചാപ്പനുമായിപ്പോയി പൊന്നാപുരം കോട്ട ആക്രമിച്ച് കേളപ്പനെ വധിച്ച് കന്യകയായ കുഞ്ഞി കന്നിയെ മോചിപ്പിക്കുകയും – അതിന് പ്രത്യുപകാരമെന്ന നിലയിൽ തമ്പുരാൻകുഞ്ഞി കന്നിയെ ഒതേനന് തന്നെ വിവാഹം കഴിച്ച് കൊടുക്കുകയും ചെയ്യുകയുണ്ടായി.
ലോകനാർകാവിലെ വേലയ്ക്ക് ഒതേനൻ പണികഴിപ്പിച്ച പന്തലിനടുത്തേക്ക് ഒരു ദിവസം പുത്തനായി പണിയിച്ചതോക്കുമായി മതിലൂർ ഗുരുക്കൾ വരികയും തോക്ക് അതിനടുത്തുള്ള പിലാവിനോട് ചാരിയത് കണ്ട് ഒതേനൻ ഗുരുക്കളോട്
“പൊൻകുന്നം ചാരും പിലാവോടിപ്പോൾ
മൺകുന്തം ചാരിയതാരാകുന്നു.”
എന്ന് പറഞ്ഞ് തോക്കെടുത്ത് നോക്കിയിട്ട് ഇത് മയിലിനെ വെടിവെക്കാൻ മാത്രമേ കൊള്ളൂവെന്ന് പറഞ്ഞ് ഗുരുക്കളെ പരിഹസിക്കുകയും, പ്രകോപിതനാക്കുകയും ചെയ്യുന്നു. തുടർന്ന് ഇരുവരും വാക്കു തർക്കത്തിലാവുകയും -ഏറ്റവും ഒടുവിൽ ഒരു വെല്ലുവിളിയെന്നോണം വരുന്ന കുംഭമാസം 9-10 തിയ്യതികളിൽ തലശ്ശേരി പൊന്നിയത്ത് വയലിൽ വെച്ച് അങ്കം നടത്താൻ തീരുമാനിക്കുകയും ചെയ്യുന്നു.

ഇതായിരുന്നു പൊന്നിയത്തങ്കം.ഒതേനന്റെ അവസാനത്തെ അങ്കവും. ഒതേനൻ അങ്കത്തിന് പോകുന്നതിന്റെ തലേ ദിവസം അയാൾ എപ്പോഴും ധരിച്ചിരുന്നതും, എല്ലാ പോരാട്ടങ്ങളിലും കരുത്ത് പകർന്നതും, എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കുന്നതെന്ന് വിശ്വസിക്കുന്നതുമായ ഉറുക്കും നൂലും ഇദ്ദേഹത്തിന്റെ മറ്റൊരു ഭാര്യയായ കൂമുണ്ട മഠത്തിൽ കുഞ്ഞിത്തേയി അപഹരിച്ച് കഴിഞ്ഞിരുന്നു.
പടക്കളത്തിൽ ഇരുവരും രണ്ട് നാൾ ഒന്നിനൊന്ന് പൊരിഞ്ഞ പോരിട്ട വീര്യം പ്രകടിപ്പിച്ചെങ്കിലും അവസാനം ഒതേനൻ തന്നെ പത്തൊമ്പതാമത്തെ പൂഴിക്കടകൻ (കാലുകൊണ്ട് എതിരാളിയുടെ കണ്ണിൽ മണ്ണ് തെറിപ്പിക്കുന്ന പ്രയോഗം) വിദ്യ പ്രയോഗിച്ച് ഗുരുക്കളുടെ തല കൊയ്തെടുത്തുന്നു.

പിന്നീട് വിജയശ്രീലാളിതനായി മടങ്ങി കുറേ ദൂരം ചെന്നപ്പോഴാണ് തന്റെ മടിയായുധമായ കഠാര മറന്ന് വെച്ചത് അയാൾക്ക് ഓർമ്മ വരുന്നത്. അതെടുക്കാനായി തിരിച്ച് പോകാനൊരുങ്ങവെ ജ്യേഷ്ഠൻ കോമപ്പക്കുറുപ്പ് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. മടിയായുധം വേറെയും നമ്മുടെ വീട്ടിലുണ്ടെന്നും-അങ്കം കഴിഞ്ഞ് എതിരാളി മരിച്ചുവീണ പോർക്കളത്തിലേക്ക് തിരിച്ച് പോകുന്നത് അപകടമുണ്ടാക്കുമെന്ന് പറഞ്ഞപ്പോൾ –മടിയായുധം പടക്കളത്തിൽ ഉപേക്ഷിച്ച് പോകുന്നത് ഒരു ധീരനായ പേരാളിക്ക് ചേർന്നതല്ലെന്നും -അത് നാളെ തനിക്കൊരു ദുഷ്പേരായി തീരുമെന്നും പറഞ്ഞ് എതിർപ്പ് വകവെക്കാതെ ഒതേനൻ തിരിച്ച് പടക്കളത്തിലേക്ക് പോകുന്നു.
ഒതേനന്റെ സ്വഭാവം നന്നായി അറിയാമായിരുന്ന ഗുരുക്കളുടെ ശിഷ്യനായ പരുന്തുങ്കൽ എമ്മൻ പണിക്കർ ഈ വരവ് പ്രതീക്ഷിച്ച് കൊണ്ട് തന്നെ ഒരു നാടൻ തോക്കുമായി ഗുരുക്കളുടെ മറ്റൊരു ശിഷ്യനായ മായൻകുട്ടി എന്ന ഒരു മാപ്പിളയെ ഒതേനനെ വെടിവെയ്ക്കാനായി ഏർപ്പാടാക്കുന്നു.

മായൻകുട്ടി വരമ്പിൽ മറഞ്ഞിരുന്നു കൊണ്ട് തന്നെ ആ കൃത്യം നിർവ്വഹിക്കുന്നു. വെടി കൊണ്ട ഒതേനൻ – തന്നെ വെടിവെച്ച മായൻകുട്ടിയെ അതെ കഠാര വലിച്ചെറിഞ്ഞു കൊണ്ട് തന്നെ വധിക്കുകയും ചെയ്യുന്നു. പിന്നീട് ചോരവാർന്ന് ഒതേനൻ ജ്യേഷ്ഠൻ കൊണ്ട് വന്ന മഞ്ചലിൽ പോലും കയറാതെ അവിടെ നിന്ന് നടന്ന് വടകര മേപ്പയിൽ തച്ചോളി വീട്ടിലെത്തി മരണം വരിക്കുകയും ചെയ്യുന്നു.
32 വയസ്സിന്നിടയിൽ 64 പട ജയിച്ച ആ ധീരയോദ്ധാവ് ചരിത്രങ്ങൾ അവശേഷിപ്പിച്ച് ഈ ലോകത്ത് നിന്ന് തന്നെ എന്നെന്നേക്കും യാത്രയാവുകയായിരുന്നു.

വീരന്മാർക്ക് മരണമില്ലെന്ന ചൊല്ലിനെ അന്വർത്ഥമാക്കും വിധത്തിലാണ് ഒതേനന്റെ അവസാന നാളുകൾ കടന്ന് പോയത്. മരണ വേദനയിൽ വിളറി നിലവിളിക്കുന്നതിന് പകരം – അപാരമായ പൗരഷത്തോടെ മരണത്തെ കൂസാതെ വിരോചിതമായ പുഞ്ചിരിയോടെ അനേക കാതങ്ങൾ നടന്ന് ചെന്ന് തന്റെ തട്ടകത്തിലെത്തി പറയാനുള്ളതൊക്കെ പറഞ്ഞ് വെച്ച് – തന്നിൽ ത്രസിക്കുന്ന പരാക്രമവീര്യം അവാസന നിമിഷം വരെ കാത്ത് കൊണ്ട് ധീരോദാത്തമായി മരണത്തെ വരിക്കുന്നതാണ് ഒതേനന്റെ അന്ത്യനാളിലും പ്രകടമായി കാണുന്നത്

തച്ചോളി മാണിക്കോത്ത് തറവാട് കാലക്രമേണ ക്ഷേത്രമാവുകയായിരുന്നു – മറ്റ് ക്ഷേത്രങ്ങളിൽ ഉള്ളത് പോലെ ഇവടെ വിഗ്രഹങ്ങളില്ല.(ഗുളിനെ പിന്നീട് ഒരു ഭാഗത്ത് സങ്കല്പിച്ചിട്ടുണ്ട്.) ഒതേനന്റെ വാളും, ഒരു പീഠവും, ഒരു ചന്ദന കട്ടിലുമുണ്ട്. കുഭം 10-11 തീയ്യതികളിലാണ് ഇവിടുത്തെ ഉത്സവം ഒതേനന്റെ ആരാധനാമൂർത്തിയായ ലോകനാർകാവിൽ നിന്നും ജനങ്ങളുടെ അകമ്പടിയോടെ ദീപം കൊണ്ട് വന്ന് തച്ചോളി മാണിക്കോത്ത് വിളക്ക് തെളിയിക്കുന്നതോട് കൂടി തിറ ആരംഭിക്കും. “ഇളം കോലം ” എന്നറിയപ്പെടുന്ന വേഷമണിത്ത് പെരുവണ്ണാൻ ഒതേനന്റെ വെള്ളാട്ട് ആടുന്നു. തികഞ്ഞ കളരി അഭ്യാസിയായിരിക്കും തിറയാടുന്നത്. ഒതേനന്റെ ജനനം മുതൽ മരണം വരെയുള്ള തോറ്റം ചൊല്ലിയാണ് തിറ .വീരാരാധനാ പ്രധാനമായ തിറകളിൽ അപൂർവ്വമായ തിറയാണ് ഒതേനന്റെത്. തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിൽ നിത്യപൂജകളില്ല .എന്നാൽ എല്ലാ മലയാളമാസം ഒന്നാം തീയ്യതിക്കും, സംക്രമത്തിനും ഇവിടെ പൂജയുണ്ട്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് മാത്രമല്ല. വിദേശികളും ഇവിടെ തിറ കാണാൻ എത്തുന്നത് കൗതുകം തന്നെയാണ്.

കടപ്പാട് – എടയത്ത് ശശീന്ദ്രൻ.

You May Also Like

ഹിറ്റ്ലറുടെ മയക്കുമരുന്ന് പടയാളികൾ

ഹിറ്റ്ലറുടെ മയക്കുമരുന്ന് പടയാളികൾ ✍️ Sreekala Prasad ജർമ്മൻകാരനായ ഹെൻ‌റിച്ച് ബോൾ തന്റെ ഇരുപതുകളിൽ ഒരു…

എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ഇന്ത്യൻ സിനിമയിലെ ഏറ്റവും വിജയം നേടിയ ചിത്രങ്ങളിലൊന്നായ ആർആർആർ ൽ പ്രതിപാദിക്കുന്ന ചരിത്ര നായകൻമാർ ആരെല്ലാം?

എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ഇന്ത്യൻ സിനിമയിലെ ഏറ്റവും വിജയം നേടിയ ചിത്രങ്ങളിലൊന്നായ ആർആർആർ ൽ…

ബോയിക്കോട്ട് … ഒരു നാമം ക്രിയയായി മാറിയ കഥ

ബോയിക്കോട്ട് … ഒരു നാമം ക്രിയയായി മാറിയ കഥ Sreekala Prasad നമുക്ക് വളരെ സുപരിചിതമായ…

ഹിറ്റ്‌ലറുടെ അവസാനത്തെ മണിക്കൂറുകൾ, ലോകത്തെ വിറപ്പിച്ചയാൾ ഭയന്നുപോയ നിമിഷങ്ങൾ

റഷ്യൻ സൈന്യം അടുത്തടുത്ത് വരികയായിരുന്നു. ചാൻസലറുടെ ബംഗ്ലാവിനടുത്തായി, ഭൂമിക്ക് അമ്പതടി താഴെ പണികഴിപ്പിച്ചിരുന്ന തന്റെ രഹസ്യ ബങ്കറിൽ ഇരുന്നായിരുന്നു