ബലംപ്രയോഗിച്ചോ നിർബന്ധപൂർവമോ നടപ്പിലാക്കുന്ന ദയാവധമാണ് തലൈക്കൂത്തൽ

0
306

Beena Antony

തലൈക്കൂത്തൽ

ബലംപ്രയോഗിച്ചോ നിർബന്ധപൂർവമോ നടപ്പിലാക്കുന്ന ദയാവധമാണ് തലൈക്കൂത്തൽ. വൃദ്ധരായവരെ അവരുടെ കുടുംബാംഗങ്ങൾ തന്നെ കൊല ചെയ്യുന്ന പരമ്പരാഗതമായ ആചാരമാണിത്. തമിഴ്‌നാട്ടിലെ ചിലഭാഗങ്ങളിലാണിത് നടന്നുവരുന്നത്. വിരുദുനഗർ ജില്ലയിലെ റെ‍ഡിയാർപട്ടി, ലക്ഷ്മിപുരം, മണ്ഡപശാല, മധുര ജില്ലയിലെ ഉശിലംപട്ടി, തേനിയിലെ ആണ്ടിപ്പട്ടി തുടങ്ങിയ ഗ്രാമങ്ങളിൽ അതീവ രഹസ്യവും ദുരൂഹവുമായി തലൈക്കൂത്തൽ ഇന്നും തുടരുന്നു. നിയമവിരുദ്ധമായാണ് ഇന്ത്യയിൽ ഈ ചടങ്ങ് നടത്തപ്പെടുന്നത്. എ സ്റ്റഡി ഓൺ ദി വിക്റ്റിംസ് ഓഫ് ജെറോന്റിസൈഡ് ഇൻ തമിഴ്‌നാട്, ഇന്ത്യ എന്ന വിഷയത്തിൽ പ്രഫ. എം. പ്രിയംവദ നടത്തിയ പഠനത്തിലാണ് 2016-ൽ ഇതിന്റെ പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

Highlighting a disgrace called Thalaikoothal - The Hinduവൃദ്ധരെ ഇങ്ങനെ മരണത്തിന് വിധിക്കുന്നത് ഭൂരിഭാഗവും അവരുടെ മക്കൾ തന്നെയാണ്. ഭൂരിഭാഗം ആളുകളും ഇതിനെ ആചാരത്തിന്റെ ഭാഗമായാണ് കാണുന്നത്. പണ്ടുകാലങ്ങളിൽ പരമ്പരാഗത രീതികളിലൂടെയായിരുന്നു കൊല ചെയ്തിരുന്നതെങ്കിലും ഇപ്പോൾ മാരകവിഷവും ഉറക്കഗുളികയും നൽകി കൊലപ്പെടുത്തുന്നു. മുൻകാലങ്ങളിൽ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചുചേർത്തു പരസ്യമായാണ് ചടങ്ങ് നടത്തിയിരുന്നത്. എന്നാൽ ഇന്നിത് വളരെ രഹസ്യമായി നടപ്പാക്കപ്പെടുന്നു. മക്കൾക്ക് പ്രായമായ മാതാപിതാക്കളെ സംബന്ധിച്ചുള്ള ഉത്കണ്ഠ, വൃദ്ധരുടെ ശാരീരിക മാനസിക ദുർബലത, സാമ്പത്തിക സ്ഥിരതയില്ലായ്മ എന്നിവയൊക്കെ ഈ ചടങ്ങ് നടത്താൻ കാരണങ്ങളാണ്. എന്നാൽ പിതാവിന്റെ സർക്കാർ ജോലി നേടുന്നതിനു വേണ്ടിപ്പോലും ഇതിനെയും ദുരുപയോഗം ചെയ്യുന്നുണ്ട്.

എണ്ണ തേച്ചു കുളി എന്നർഥം വരുന്ന തമിഴ് വാക്കാണ് തലൈക്കൂത്തൽ.
ജോലി ചെയ്യാൻ ആരോഗ്യമില്ലാത്തതും മാറാരോഗബാധിതരുമായ മാതാപിതാക്കളെ ഇപ്രകാരം വധിക്കുന്നത് പുണ്യമായി ഇന്നാട്ടുകാർ കരുതുന്നു. ചടങ്ങ് നടപ്പാക്കുന്ന ദിവസം വൃദ്ധരെ പുലർകാലെ കട്ടിലിൽനിന്ന് എഴുന്നേൽപ്പിച്ചിരുത്തി ഉടലാസകലം നല്ലെണ്ണ ഒഴിക്കും. ഇങ്ങനെ മണിക്കൂറുകളോളം തലയിലൂടെ എണ്ണ ഒഴിച്ചുകഴിയുമ്പോഴേക്കും ഇര മൃതപ്രായനാകുന്നു. പിന്നീട് തലയിലൂടെ തണുത്ത ജലം ഒഴിക്കുന്നു. തുടർന്ന് നാടൻ വേദനസംഹാരികൾ ചേർത്ത് തയ്യാറാക്കിയ കരിക്കിൻവെള്ളം വായിൽ ഒഴിക്കും. ഇതോടെ അവരുടെ വൃക്കകളുടെ പ്രവർത്തനം തന്നെ താറുമാറാകുന്നു. അടുത്ത 2 ദിവസത്തിനുള്ളിൽ ഇര പനിയോ ന്യുമോണിയയൊ പിടിപെട്ട് മരണമടയുന്നു. തുടർന്നുള്ള 41 ദിവസം വീടിനടുത്തുള്ള ചായ്പിൽ ഒരു മൺവിളക്ക് കെടാതെ കത്തിച്ചു വെയ്ക്കുന്നു. ശരീരതാപനില പെട്ടെന്ന് താഴ്ന്ന് ചിലപ്പോൾ ഹൃദയാഘാതം മൂലവും മരണം സംഭവിക്കുന്നു.

ഈ വൃദ്ധഹത്യക്ക് 26 വ്യത്യസ്തമായ രീതികളാണ് ഇവർ അവലംബിക്കുന്നത്. വെള്ളത്തിൽ മണ്ണു കലക്കി കുടിപ്പിക്കുക, മൂക്കടച്ച് പാൽ കുടിപ്പിക്കുക തുടങ്ങിയ രീതികളും ചെയ്യുന്നു. മൂക്കിലേക്ക് പശുവിൻപാൽ നിർബന്ധപൂർവം ഒഴിച്ച് ശ്വാസതടസം സൃഷ്ടിക്കുന്ന രീതിയും ഇവർ പിന്തുടരുന്നു. ചിലപ്പോൾ വിഷം ചേർത്തും പാനിയം നൽകി വരുന്നു. പല ഗ്രാമങ്ങളിലും പണം വാങ്ങി തലൈക്കൂത്തൽ നടത്താൻ പ്രത്യേകം ആളുകൾ ഉണ്ട്.