‘തലശേരി ബിരിയാണി’ ഉണ്ടായ കഥ…. !

0
55

അഡ്വ.വി.അനിൽകുമാർ

‘തലശേരി ബിരിയാണി’ ഉണ്ടായ കഥ…. !

ഭക്ഷണത്തിൽ ബിരിയാണിയാണ് ഇന്ന് മുമ്പനും വമ്പനും. തലശേരിയിൽ വരുന്ന മറ്റു നാട്ടുകാർ ഒരു പക്ഷേ ആദ്യം ചോദിക്കുക നല്ല ബിരിയാണി എവിടെ കിട്ടും എന്നാണ്….. !!!ഫ്രൈ ചെയ്തത് എന്നർത്ഥം വരുന്ന ബെര്യാൻ എന്ന പേർഷ്യൻവാക്കിൽ നിന്നാണ് ബിരിയാണി എന്ന പദം ഉണ്ടായത്, അതായത് ബിരിയാണി പേർഷ്യനാണെന്നർത്ഥം. പക്ഷേ നാടുവിട്ടു വന്നപ്പോൾ പല ദേശത്തും പല കൂട്ടിച്ചേർക്കലുകളുമുണ്ടായി. ഇന്ത്യയിൽ പ്രശസ്തമായത് ഹൈദരബാദി ബിരിയാണിയും തലശേരി ബിരിയാണിയുമാണ്. കയമ അരിയിലാണ് തലശേരി ബിരിയാണി ഉണ്ടാക്കുന്നത്.

കച്ചവടാവശ്യാർത്ഥം ഗുജറാത്തിൽ നിന്ന് തലശേരിയിൽ കുടിയേറിയവരാണ് സിന്ധി പാരമ്പര്യമുള്ള മേമൻ ആലായി സേട്ടുമാർ. ആലായി എന്നാൽ മൊത്ത കച്ചവടക്കാർ എന്നാണർത്ഥം. തലശേരിയിൽ അരി ഇറക്കുമതി ചെയ്യുകയും ഇവിടെ നിന്ന് കുരുമുളകും സുഗന്ധ വ്യഞ്ജനങ്ങളും മറ്റും കയറ്റുമതി ചെയ്യലുമായിരുന്നു ഇവരുടെ തൊഴിൽ. 19ാം നൂറ്റാണ്ടിൽ ഇവിടെ കുടിയേറിയതാണിവർ.
സേട്ടുമാർ എന്നറിയപ്പെട്ട ഇവർ സ്ഥാപിച്ചതാണ് പിലാക്കൂലിലെ മഖാമും തലായി പള്ളിയും ആലിഹാജി പള്ളിയും. ഈ പള്ളികൾക്ക് വരുമാനം കിട്ടാൻ തൊട്ടടുത്ത് കുറേ പീടിക മുറികളും ഉണ്ടാക്കി. അതിൽ പ്രധാനി അബ്ദുൾ സത്താർ സേട്ടായിരുന്നു. സ്വന്തം വരുമാനത്തിൽ കുറേ ഭാഗം എടുത്ത് മലബാറിൽ മുസ്ലീം ലീഗ് സ്ഥാപിച്ചവരിൽ പ്രമുഖനാണദ്ദേഹം. ബ്രിട്ടീഷ് തലശേരിയിലെ മുൻസിപ്പൽ കൗൺസിലറായിരുന്നു. ഇന്ത്യാ വിഭജനത്തിനു ശേഷം പാക്കിസ്ഥാനിൽ കുടിയേറി പാക്കിസ്ഥാൻ ഹൈക്കമ്മീഷണറായി ഈജിപ്തിലും സിലോണിലും പ്രവർത്തിച്ചു.

പേർഷ്യൻ കച്ചവടക്കാർ പ്രശസ്തമാക്കിയ ബിരിയാണി ഇന്ത്യയിൽ ആദ്യം ഗുജറാത്തിലാണ് പ്രചാരത്തിലായത്. തലശേരിയിലെ സേട്ടുകുടുംബത്തിലെ പ്രധാന പാചകക്കാരനായിരുന്നു മൂലാമ്പത്ത് അബു. അബ്ദുൾസത്താർ ഹാജി ഈ പാചകക്കാരനെ ഗുജറാത്തിലെ കച്ചിൽ അയച്ച് ബിരിയാണി എങ്ങനെയാണ് പാചകം ചെയ്യേണ്ടത് എന്ന് പഠിപ്പിച്ചു. അങ്ങനെയാണ് ഇവിടെ കിട്ടുന്ന കയമ അരിയിൽ തലശേരിയുടെ സ്വന്തം ബിരിയാണി ഉണ്ടായത്. പിന്നീട് അത് പ്രശസ്തമായ തലശേരി ദം ബിരിയാണിയായി നമ്മുടെ വയറും മനസും നിറച്ചു….. !!!