നമ്പു

തത്താരം മൊഴിയമ്മയും ഗുരുവിലെ സംഗീതവും : പത്ത് പ്രത്യേകതകൾ

Underrated എന്ന വാക്ക് പലപ്പോഴും വെറുതെ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. വ്യക്തിപരമായി നല്ലത് എന്ന് തോന്നുന്നതിനെ ബാക്കിയുള്ളവർ ശ്രദ്ധിച്ചില്ല എന്ന് വരുത്തി തീർത്ത് underrated എന്ന് പറഞ്ഞു പറഞ്ഞു ആ വാക്കിന്റെ അർത്ഥം തന്നെ ഇല്ലാതാകുന്ന ഒരു പ്രവണത കണ്ടിട്ടുണ്ട്. മിക്ക അവസരങ്ങളിലും അതിനെക്കുറിച്ചു ഒരുപാട് ചർവിതചാർവണം പല ഗ്രൂപ്പുകളിലും കഴിഞ്ഞിട്ടുണ്ടാകും. എന്നാലും underrated എന്ന് പറഞ്ഞു വരുന്നത് കാണാറുണ്ട്.ഈ പോസ്റ്റും അങ്ങനെത്തന്നെയാണോ എന്നെനിക്കറിയില്ല, എങ്കിലും പറയാം. ഗുരു എന്ന ചിത്രത്തിലെ “തത്താരം മൊഴിയമ്മ” എന്ന ഗാനം വളരെ underrated ആണെന്ന് തോന്നിയിട്ടുണ്ട്. ആ ഗാനം ഇഷ്ടമുള്ള ഒരുപാട് പേരുണ്ട്, കൂടുതൽ പേരിലേക്ക് അത് ഇനിയും എത്തണം എന്നും ആഗ്രഹിക്കുന്നു.

1997ൽ രാജീവ്‌ അഞ്ചൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും മനോഹരമായ ചിത്രമാണ് ഗുരു. തീയറ്ററിൽ വലിയൊരു വിജയമാകാൻ സിനിമക്ക് കഴിഞ്ഞില്ലെങ്കിൽ പോലും സിനിമ മുന്നോട്ട് വെച്ച ആശയത്തെ മനസിലാക്കികൊണ്ട് പിൽക്കാലത്തു ഗുരു എന്ന ചിത്രം പലതരത്തിലും ചർച്ച ചെയ്യപ്പെട്ടു, വാഴ്ത്തപ്പെട്ടു. കഥാപരമായും, കലാപരമായും ഒരുപാട് മേന്മകൾ ഉള്ള ചിത്രത്തിലെ ഗാനങ്ങളും ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഗുരുവിന്റെ സംഗീതം നിർവഹിച്ചത് ഇളയരാജ ആയിരുന്നു. എസ്. രമേശൻ നായരുടേതായിരുന്നു വരികൾ. ദാസേട്ടനും രാധിക തിലകും ചേർന്ന് ആലപിച്ച “ദേവസംഗീതം നീയല്ലേ” എന്ന ഗാനം മലയാളത്തിൽ പിറന്ന ഏറ്റവും നല്ല ഗാനങ്ങളിൽ ഒന്നാണെന്നതിൽ സംശയമേതുമില്ല. യേശുദാസ് പാടിയ “അരുണകിരണ ദീപം”, ചിത്രയുടെ “മിന്നാരം മാനത്തു”, ജയചന്ദ്രൻ, വേണുഗോപാൽ, ലാലി അനിൽകുമാർ തുടങ്ങിയവർ ചേർന്നാലപിച്ച “ഗുരുചരണം ശരണം” എന്നീ ഗാനങ്ങൾ എല്ലാം ഗംഭീരം തന്നെയാണ്.

അധികമാരും ഇതിനിടയിൽ ശ്രദ്ധിക്കാതെ പോയ ഒരു അത്യുഗ്രൻ ഗാനമാണ് എം. ജി ശ്രീകുമാർ ആലപിച്ച “തത്താരം മൊഴിയമ്മ” എന്ന പാട്ട്. ഇളയരാജ ചെയ്ത ഗുരു എന്ന ആൽബത്തിലെ ഏറ്റവും ‘വ്യത്യസ്തം’ ആയ ഗാനം. ഈ ഗാനത്തിന്റെ ചില പ്രത്യേകതകളിലേക്ക് നമുക്കൊന്ന് പോകാം.

1. രമണകന്റെ നരബലി

താഴ്‌വരയിൽ അനർത്ഥങ്ങൾ സംഭവിക്കുന്നത് കണ്ട് അതിന്റെ കാരണങ്ങൾ തേടി വിജയന്ത മഹാരാജാവ് കൊട്ടാരത്തിലെ കർമ്മിയുടെയും ശബ്ദശാസ്ത്രജ്ഞനായ ശ്രവണകന്റെയും സഹായം തേടുന്നു. “ശബ്ദദേവത കോപിച്ചിരിക്കുന്നു. ദേവതയ്ക്ക് രക്‌തദാഹം ഏറി. അവളുടെ ദാഹം തീർക്കുന്ന കാര്യം രാജാവ് മറന്നിരിക്കുന്നു” എന്ന കർമ്മിയുടെ ഉപദേശത്തിൽ വിജയന്തൻ നരബലി ചെയ്ത് ദേവതയെ പ്രീതിപ്പെടുത്താൻ തീരുമാനിക്കുന്നു. അന്ധതയുടെ താഴ്‌വരയിൽ ദുഷ്ടദേവതയെ പ്രീതിപ്പെടുത്താൻ നരബലിക്കായി തന്റെ സഹോദരിയായ സ്യമന്തകയെ പ്രണയിക്കുന്ന രമണകനെ രാജാവായ വിജയന്തൻ ബലിക്കായി നിശ്ചയിച്ച് അർപ്പിക്കുന്ന ചടങ്ങിലേക്ക് ഈ ഗാനത്തിലൂടെ രാജീവ്‌ അഞ്ചൽ നമ്മളെ ക്ഷണിക്കുകയാണ്.

2. ഗോത്ര വാദ്യോപകരണങ്ങൾ

ഒരു ഗോത്ര കഥ ആയതിനാൽ പ്രാചീനമായ ശബ്ദങ്ങളും സംഗീതവും ആയിരിക്കണം ആ ഗാനത്തിന്റേത്. അതുകൊണ്ട് തന്നെ നമ്മൾ കേട്ട് പരിചയിച്ചിട്ടില്ലാത്ത മ്യൂസിക്കൽ instruments ആണ് ഈ പാട്ടിൽ ഉപയോഗിച്ചിട്ടുള്ളത്. പാട്ടിന്റെ തുടക്കത്തിൽ തന്നെ ഒരു കുടത്തിൽ ‘vaccum pressure’ ഉണ്ടാക്കി അതിന്റെ മുകളിൽ കൈകൊണ്ട് കൊട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദമാണ് കേൾക്കാൻ സാധിക്കുക. അതുപോലെ പണ്ട് സ്കൂളിൽ നമ്മൾ പഠിച്ചിട്ടുള്ള, ചെയ്തിട്ടുള്ള “ജലതരംഗം” എന്ന ഉപകാരണത്തിന്റേത് സമാനമായ ശബ്ദവും ഇടക്ക് കേൾക്കാം. അങ്ങനെ വൈവിധ്യമാർന്ന ശബ്ദങ്ങളും വാദ്യോപകരണങ്ങളും ആണ് ഇളയരാജ “തത്താരം മൊഴിയമ്മ” എന്ന ഗാനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഗാനം തുടങ്ങുമ്പോൾ ഉപയോഗിച്ചിട്ടുള്ള ആ ഉപകരണം ഏതാണെന്നു അറിയാൻ അതിയായ ആഗ്രഹമുണ്ട്.

3. Budapest Symphony Orchestra : ഗുരുവിലെ പശ്ചാത്തലം

ഇളയരാജ ഗുരുവിലെ ഗാനങ്ങളുടെ orchestration ഹംഗറിയിൽ 1943ൽ സ്ഥാപിതമായ Budapest symphony orchestra വഴിയാണ് ചെയ്തിരിക്കുന്നത്. ഏർനെസ്റ്റ് വോൺ ഡോഹനായി എന്ന മ്യൂസിഷ്യൻ സ്ഥാപകനായുള്ള budapest symphony orchestra ലോകത്തെ പ്രശസ്തരായ കലാകാരന്മാർക്ക് വേണ്ടിയും music conduction ചെയ്തിട്ടുണ്ട്. പാട്ടുകളിലേക്ക് തങ്ങളുടെ നാടിന്റെ തനതായ hungarian സംഗീതം മിക്സ് ചെയ്യുക എന്നതാണ് അവരുടെ orchestration ന്റെ പ്രത്യേകത. ഒരുപാട് വയലിൻ ചേർന്നുള്ള സംഗീതം, വയോളാ, സെല്ലോ തുടങ്ങിയ ഉപകാരണങ്ങളുടെ ഉപയോഗം എന്നതൊക്കെ ഈ orchestration ന്റെ പ്രത്യേകതകൾ ആണ്. ഗുരു ഒരു fantasy സിനിമ ആയതിനാൽ തന്നെ നമ്മുടെ നാട്ടിൽ കേൾക്കുന്ന സംഗീതത്തിൽ നിന്ന് മാറിയൊരു രാജ്യത്തിന്റെ സംഗീതത്തിന്റെ ഈണങ്ങൾ ചേരുമ്പോൾ ആ fantasy കുറച്ചുകൂടി ഫീൽ ചെയ്യാൻ പ്രേക്ഷകന് ആകും. ഇളയരാജ അതിമനോഹരമായി അവരുടെയൊപ്പം നിന്ന് orchestration ന്റെ എല്ലാ സാധ്യതകളും ഉപയോഗിക്കുകയും ചെയ്തു. പഴശ്ശിരാജ,ഹേ റാം,ഗുരു തുടങ്ങി പല ചിത്രങ്ങൾക്കും ഇളയരാജയ്‌ക്കൊപ്പം budapest orchestra work ചെയ്തിട്ടുണ്ട്.

4. മമ്മൂട്ടിയുടെ ശബ്ദം

പണ്ട് കാസറ്റ് കാലഘട്ടത്തിൽ ഓരോ പാടിനും മുൻപായി ഒരു നടൻ ആ ഗാനത്തെക്കുറിച്ചു അവതരണം പറയുന്നത് പതിവായിരുന്നു. ഹിസ് ഹൈനെസ്സ് അബ്ദുള്ള എന്ന ചിത്രത്തിലെ മോഹൻലാലിൻറെ ശബ്ദത്തിലൂടെ ആയിരുന്നു ഈ ഒരു പരീക്ഷണം ആദ്യമായി തുടങ്ങിയത് എന്നാണോർമ്മ. ഗുരുവിന്റെ ക്യാസെറ്റിൽ ഓരോ ഗാനത്തിനും അവതാരിക പറഞ്ഞത് മമ്മൂട്ടി ആയിരുന്നു. ഈ പാട്ടിനായി മമ്മൂട്ടി പറഞ്ഞ അവതാരിക മികച്ചതായിരുന്നു. മമ്മൂട്ടിയുടെ ഗംഭീര്യം നിറഞ്ഞ ശബ്ദത്തിൽ ആ അവതാരിക വാചകങ്ങൾ ഒരു അശരീരി പോലെ മുഴങ്ങി കേട്ടു..

“പൂക്കളും പഴങ്ങളും സുഗന്ധദ്രവ്യങ്ങളും ദൈവത്തിന് നിവേദ്യമായി നൽകാം.പക്ഷേ ചോരയും മാംസവും നിവേദ്യമായാൽ നിശ്ചയമായും അത് ദൈവം സ്വീകരിക്കുകയില്ല.എങ്കിൽ നമ്മുടെ പൂർവികരെക്കൊണ്ട് ബാലികർമ്മങ്ങൾ ചെയ്യിച്ചതാരാണ്? ദുഷ്ടദേവതകളും മാടനും മറുതയും ഇബിലീസും സാത്താനുമൊക്കെ ദൈവത്തിന്റെ സ്ഥാനത്ത് നിന്ന് നമ്മളെ വഴിതെറ്റിച്ചതല്ലേ? ചോര മണക്കുന്ന ഇന്നത്തെ ലോകത്തിന്റെ ദുരന്തകാരണം പൂർവികരുടെ കർമദോഷങ്ങളാണ്.ആരാധനാദോഷം കൊണ്ട് അന്ധരായിപോയവരുടെ താഴ്‌വരയിൽ ഇതാ വീണ്ടും ഒരു നരബലി കൂടി…”

5. എ ആർ റഹ്മാനുള്ള മറുപടി

ആ കാലത്ത് കേട്ടിരുന്ന ഒരു കഥയായിരുന്നു ഇത്. എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. ഇളയരാജ തമിഴ് സിനിമ സംഗീതലോകത്ത് രാജാവായി വാണിരുന്ന കാലത്താണ് 1992ൽ റഹ്മാൻ റോജയിലൂടെ വരുന്നത്. Unique ആയ instrumentation ലൂടെ എ ആർ റഹ്മാൻ തരംഗം സൃഷ്ടിച്ചപ്പോൾ, ഇളയരാജയുടെ മേലെ അദ്ദേഹത്തെ പലരും place ചെയ്തു. രാജയുടെ കാലം കഴിഞ്ഞു എന്ന് സിനിമലോകം വാഴ്ത്തി. ഇളയരാജയുടെ പാട്ടുകളിൽ ഇൻസ്‌ട്രുമെന്റേഷന് പ്രാധാന്യം കുറവാണെന്നും വാമൊഴി ഗാനത്തിന് മാത്രമാണ് പ്രാധാന്യമെന്നും മാറുന്ന കാലം പറഞ്ഞു. അത് കൊണ്ട് തന്നെ ഒരു ചെറിയ ആസ്വാരസ്യം പരോക്ഷമായി രാജയും റഹ്മനും തമ്മിൽ ഉണ്ടായിരുന്നു. റഹ്മാന്റെ instrumentation അത്ര ഗംഭീരം ആയതിനാൽ അതോ അതിനു മേലെയോ തനിക്കും വഴങ്ങും എന്ന് ഇളയരാജ തെളിയിക്കാൻ വേണ്ടിയാണ് ഗുരു ഇത്രെയും effort എടുത്ത് ചെയ്തതെന്ന് കഥകൾ ഉണ്ടായിരുന്നു.

6. ശങ്കറിന്റെ cameo..!

നടൻ ശങ്കർ ആണ് “തത്താരം മൊഴിയമ്മ” എന്ന ഗാനത്തിന് ചുണ്ടനക്കിയിരിക്കുന്നത്. സിനിമയിൽ ഈ പാട്ടിൽ മാത്രമെത്തുന്ന കഥാപാത്രമാണ് ശങ്കറിന്റേത്. മുഖത്തു ഭാവഭേദങ്ങൾ അധികമില്ലാതെ എന്നാൽ ചില വരികൾ പാടുമ്പോൾ സഹതാപം ജനിപ്പിക്കുന്ന ചലനങ്ങൾ മുഖത്തു നൽകി ശങ്കർ മനോഹരമായി പെർഫോം ചെയ്തു.

7. Unconventional ഫോർമാറ്റിൽ ഉള്ള ഗാനം

സാധാരണ ഗാനങ്ങൾ എല്ലാം തന്നെ പല്ലവി – അനുപല്ലവി – ചരണം എന്ന ഫോർമാറ്റിൽ ആണുണ്ടാവുക. എന്നാൽ ഈ ഗാനം അങ്ങനെയൊരു ഫോർമാറ്റിൽ അല്ല ഉണ്ടായിട്ടുള്ളത്. അനുപല്ലവി കഴിഞ്ഞുള്ള ഭാഗം വേറേ ട്യൂൺ ആണ് ചെയ്തിട്ടുള്ളത്. താളം കൂടിയും കുറഞ്ഞും കൂടിയും കുറഞ്ഞും ഭംഗിയായി ചേർത്തിരിക്കുന്നു.

8. ഇളയരാജ എന്നു മ്യൂസിക് ജീനിയസ്സ്

ഗാനത്തിന്റെ പലഭാഗത്തും അദ്ദേഹത്തിന്റെ brilliance കാണാം.
“അല്ലലെല്ലാം തിന്നരുള്..നല്ലതെല്ലാം തന്നാരുള്..” എന്ന ഭാഗം ഗംഭീരമാണ്. അതിന്റെ തുടർച്ചയായി വരികൾ വന്നു വീണ്ടും “അല്ലലെല്ലാം തിന്നരുള്.. അല്ലലെല്ലാം…” എന്ന് പറഞ്ഞു അവസാനിപ്പിക്കുന്നതൊക്കെ മാസ്റ്റർപീസ് ആണ്. ഗാനത്തിന്റെ അവസാനഭാഗം മ്യൂസിക് മാത്രമാണ്. രഘുരാമൻ രമണാകനെ ബലിയിൽ നിന്ന് മോചിപ്പിക്കുന്ന സീനുകൾ ആണ് അവ. ചടുലമായ സംഗീതം വേണ്ട സ്ഥലത്ത് വയലിൻ ഉപയോഗിച്ചുള്ള മനോഹരമായ സംഗീതമാണ് ഇളയരാജ നൽകിയിരിക്കുന്നത്.

9. മാന്ത്രിക വരികൾ : എസ്. രമേശൻ നായർ

ഇളയരാജയുടെ വ്യത്യസ്‌ത സംഗീതം പോലെത്തന്നെ രമേശൻ നായരുടെ വരികളും പ്രാധാന്യം അർഹിക്കുന്നു. സാധാരണ ഫോർമാറ്റിൽ ഉള്ള വരികളെയല്ല പാട്ടിൽ ഉള്ളത്. ഗോത്രവർഗം തങ്ങളുടെ ആരാധനാ ദേവതയെ തങ്ങളുടെ പാപം കഴുകികളയാൻ വേണ്ടി വിളിക്കുന്നതാണ് വരികൾ. വ്യക്തമായ മലയാള പദങ്ങൾ/ സാധാരണ ഗാനങ്ങളിൽ ഉപയോഗിക്കുന്ന മലയാളം അല്ല ഉപയോഗിച്ചിരിക്കുന്നത്.

” ചത്തം മുത്തം താ
തിരു തിത്തീം താളം താ
ചന്ദിരമായി തീയെടുത്തു വാ
മന്തിരമായി തേനെടുത്തു വാ
വാരമായി വീരമായി വാ
നാദമാകേ മാരിയായി.. ”

10. എം. ജിയുടെ ശബ്ദ വ്യത്യാസങ്ങൾ

ഗാനത്തിന്റെ മനോഹരിതയ്ക്ക് എം. ജി ശ്രീകുമാറിന്റെ ഗാനലാപനം പ്രത്യേക പങ്ക് വഹിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ശബ്ദത്തിന് ചെറിയ വെത്യാസം കൊടുത്തുകൊണ്ടാണ് അദ്ദേഹം പാടിയിട്ടുള്ളത്.
“ഉരിയാടൂ, ഇനി ഉയിരാടൂ
പായാരെ നീയേ ഗതി
താലോലം താരാട്ടായി നീയാടു..”
ഈ ഭാഗത്തൊക്കെ ഉള്ള variation നല്ല രസമാണ്.
“കൈയുണർത്തു, കാതിനു മെയ്യുണർത്തു
കാറ്റുണർത്തു, കാനക പാട്ടുണർത്തു
കരളിലെ, തിന്താരെ ഓളമേ”
ഈ ഭാഗത്തും എം. ജിയുടെ എക്സ്പീരിയൻസ് പാട്ടിന്റെ ഭംഗി കൂട്ടി.

11. പിന്നീട് ഓർത്ത് കയ്യടിച്ച ഗാനം

ഗുരുവിലെ മറ്റ് ഗാനങ്ങളെക്കാൾ ഒരുപാട് പ്രതീക്ഷകളോടെ പല instruments ഉപയോഗിച്ച compose ചെയ്ത ഗാനമായിരുന്നു “താത്തരം മൊഴിയമ്മ”. എന്നാൽ അന്ന് മറ്റ് ഗാനങ്ങൾ കൂടുതൽ ശ്രദ്ധ നേടിയപ്പോൾ കാലം കാത്ത് വെച്ചത് പോലെ ഇന്ന് ഈ ഗാനത്തെ എല്ലാവരും ഓർക്കുന്നുണ്ട്. അതിന്റെ ഇൻസ്‌ട്രുമെന്റേഷനെ സംബന്ധിച്ച് വാചാലർ ആകുന്നുണ്ട്. അത് തന്നെയാണ് ഈ ഗാനത്തിന്റെ വിജയം എന്ന് മനസിലാകുന്നു. On മനോരമ പണ്ട് ഇളയരാജയുടെ ഏറ്റവും മികച്ച albums തിരഞ്ഞെടുത്തപ്പോൾ അതിൽ നാലാമതായി തിരഞ്ഞെടുത്തത് ഗുരു ആയിരുന്നു.

ഗുരു എന്ന സിനിമയുടെ ആത്മാവ് ഉറങ്ങുന്നത് അതിന്റെ സംഗീതത്തോടൊപ്പമാണ്. ഗോത്ര ആചാരങ്ങളും അനുഷ്ടാനങ്ങളും പറയുമ്പോൾ മനുഷ്യൻ അന്ന് ശീലിച്ച്പോന്ന സംഗീതവും അതിന്റെ ഭാഗമാകുന്നുണ്ട്. ഇളയരാജയുടെ സംഗീതം അത്രമേൽ മനോഹരമായതുകൊണ്ട് തന്നെ കാലത്തിവർത്തിയായി അവയിലെ ഗാനങ്ങളും നിറഞ്ഞുനിൽക്കും.

You May Also Like

പറയാനേറെ പ്രിയപ്പെട്ട ഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവായിരുന്നു എസ് രമേശൻ നായർ

ഗുരു എന്ന ചിത്രത്തിന് വേണ്ടി, എസ് രമേശൻ നായരെഴുതിയ ഈ പാട്ടിനോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. നിറങ്ങളില്ലാത്ത ഇരുട്ടുമാത്രം നിറഞ്ഞൊരു ലോകത്ത് ദൂരെ നിന്ന് പ്രണയിക്കേണ്ടി വരുന്ന

പാട്ടുകൾക്ക് ഒരു പ്രേക്ഷകനെ തിയ്യേറ്ററുകളിൽ എത്തിക്കാൻ പറ്റുമോ.. ?

പാട്ടുകൾക്ക് ഒരു പ്രേക്ഷകനെ തിയ്യേറ്ററുകളിൽ എത്തിക്കാൻ പറ്റുമോ.. ? ഉണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഒരു കറുത്ത ലാൻസറുമായി തമിഴ്‌നാട്ടിലെ ഒരു പയ്യൻ കുറച്ചു

ഇളയരാജ – ഒരേ ഈണവും ആവർത്തനങ്ങളും

പല ഭാഷകളിലായി തങ്ങളുടെ കർമ്മരംഗം വ്യാപിച്ചു കിടക്കുന്ന സംഗീത സംവിധാ‍യകർ സ്വന്തം ഗാനങ്ങൾ പല ഭാ‍ഷകളിലേക്കു പറിച്ചു നടുക പതിവാണ്.

മാറാൻ മറന്ന ജോൺസൺ

ജോൺസൺന്റെ പാട്ടുകളെ ഏറ്റവും വന്യമായ ഭാവനയിൽപ്പോലും മോശമെന്നു വിശേഷിപ്പിക്കുക സാധ്യമല്ല. ഒരു ശരാശരി ഗാനമാണെങ്കിൽപ്പോലും കുറഞ്ഞൊരു നിലവാരം അതിനു തീർച്ചയായും അവകാശപ്പെടാനുണ്ടാകും. പക്ഷെ ഏകദേശം രണ്ടു പതിറ്റാണ്ടുകൾ മലയാളസിനിമാസംഗീതത്തിൽ നിറഞ്ഞു നിന്ന ഒരു സംഗീതജ്ഞൻ അത്തരം ഗാനങ്ങളുടെ പേരിലാണോ അറിയപ്പെടേണ്ടത്?