The Good the bad and the ugly.(1966)
54 വർഷങ്ങൾക്കു ശേഷം ഇന്നും ആ ഒരു സിനിമ കാണുമ്പോൾ ” രോമഞ്ചിഫിക്കേഷൻ ” ഉണ്ടാകണമെങ്കിൽ ആ സിനിമ ഒരു പടിഞ്ഞാറൻ കൗബോയ് ചലച്ചിത്രമായിരിക്കും -അതിന്റെ സംവിധായകൻ Sergio Leone ആയിരിക്കും -അതിന്റെ സംഗീതം സിരകളിൽ പഴകിയ വീഞ്ഞിന്റെ ലഹരി പോലെ പടരുന്നെങ്കിൽ അതു Ennio Morricone എന്ന വിഖ്യാത സംഗതജ്ഞന്റെ കൈയ്യൊപ്പ് പതിഞ്ഞതായിരിക്കണം -Long shot കളുടെയും Close up ഷോട്ടുകളുടെയും cowboy shot കളുടെയും മനോഹാരിത ഫ്രെയിമുകളിൽ നിറയണമെങ്കിൽ അതിന്റെ ഛായാഗ്രാഹണം Tonnino Delli Colli ആയിരിക്കണം.
ലോക പ്രശസ്തമായ ആ Rythamic montage സൃഷ്ടിച്ചത് ആ രണ്ട് എഡിറ്റർമാരായിരിക്കണം -Eugeno Alabiso. & Nino Baragli . സർവ്വോപരി ചുരുട്ടു കടിച്ചു പിടിച്ച Clint Eastwood ഉം , നീണ്ടനാസികയും കണ്ണുകളിൽ ക്രൗര്യം നിറഞ്ഞ Lee van Cleef ഉം , കുടില തന്ത്രങ്ങളും തളരാത്ത മനസ്സുമായി Eli wallach ഉം ഉണ്ടായിരിക്കണം.
അതേ – അമേരിക്കൻ സിവിൽ വാർ കാലഘട്ടമായ 1862 ലേക്കാണ് നമ്മൾ സഞ്ചരിക്കുന്നത് – നിധി തേടിയലഞ്ഞ ആ മൂന്നു പോരാളികളുടെ ജീവിതത്തിലേക്ക് – കാലത്തെ അതിജീവിക്കുന്നതാണ് ക്ലാസിക്ക് എങ്കിൽ Good bad ugly തന്നെയാണ് അതിനുത്തമ ഉദാഹരണം എന്ന് നിസ്സംശയം പറയാം –
ബ്ലോണ്ടി -(Good)
പേരില്ലാത്തവൻ, എവിടെ നിന്നോ വന്നവൻ, വാക്കുകൾ വളരെ കുറച്ചുപയോഗിച്ച് പ്രവൃത്തിയിൽ മാത്രം ശ്രദ്ധിക്കുന്നവൻ, ക്ലിന്റ് ഈസ്റ്റ് വുഡിനെ സ്റ്റാറാക്കിയത് ബ്ലോണ്ടി എന്ന കഥാപാത്രമായിരുന്നു. Dollars Trilogy യിലെ അവസാന ചിത്രമായിരുന്നു അത്. മാസ്സായ നായകന്റെ തുടക്കം എന്നു വേണമെങ്കിലും പറയാം.മരുഭൂമിയിൽ പൊലിഞ്ഞു തീരേണ്ട ബ്ലോണ്ടിയുടെ ജീവിതം ബിൽ കാർസണിലൂടെ ഒരു വലിയ നിധിയിലേക്കെത്തിച്ചു. നിധി തേടിയുള്ള യാത്രയിൽ യുദ്ധവും പലായനവും യുദ്ധത്തിന്റെ നിരർത്ഥകതയും ബ്ലോണ്ടി തിരിച്ചറിയുന്നുണ്ട്. ഇത്രയും വലിയ കായിക ശക്തി പാഴാക്കുന്ന യുദ്ധത്തെ മഠയത്തരമായാണ് അയാൾ വിലയിരുത്തുന്നത്. എങ്ങിനെയാണവൻ ഗുഡ് ആകുന്നത്. ഒരു നിധിവേട്ടക്കാരനാണ് അവനും – പക്ഷേ തന്നോടൊപ്പം വന്നവനെ ചതിച്ച് ഇല്ലാതാക്കി മുഴുവൻ സമ്പാദ്യവും സ്വന്തമാക്കാൻ അവൻ ആഗ്രഹിക്കുന്നില്ല. മരിക്കാൻ കിടക്കുന്ന ക്യാപ്റ്റന് അവസാന നിമിഷം മദ്യം പകർന്നു നൽകുകയും, വെടിയേറ്റ് മരിച്ചു കൊണ്ടിരുന്ന പട്ടാളക്കാരനെ സ്വന്തം കുപ്പായമൂരി പുതപ്പിക്കുകയും അയാൾക്ക് അവസാനമായി വലിക്കാൻ സ്വന്തം ചുരുട്ടു നൽകുകയും ചെയ്യുന്നുണ്ട് ബ്ലോണ്ടി – പക്ഷേ സ്വയം നഷ്ടപ്പെടുത്തി നൻമ ചെയ്യാൻ അയാൾ ആഗ്രഹിക്കുന്നില്ല. ചുറ്റുപാടുകളെ അയാൾ ഗൗരവത്തോടെ നിരീഷിക്കുകയും – പഴുതുകൾ അടക്കുകയും ചെയ്യുന്നുണ്ട്. റ്റുക്കോയുടെ തോക്കിലെ വെടിയുണ്ട എടുത്തു മാറ്റുകയും, സെമിത്തേരിയിലെ കല്ലറ തെറ്റിച്ചു പറയുന്നതും , അതിന്റെ ഉദാഹരണമാണ്. അവസാനം ബ്ലോണ്ടി പറയുന്നുണ്ട്. “രണ്ടു തരം ആളുകളാണ് ലോകത്തുള്ളത് …. കൈയിൽ തോക്കുളളവരും : : പിന്നെ കുഴിയെടുക്കുന്നവരും വികാര രഹിതമായ മുഖമാണ് ബ്ലോണ്ടിയുടേത്. ക്ലിന്റ് ഈസ്റ്റ് വുഡിന്റെ ജീവിതത്തിലെ ഒരു നാഴികകല്ലാണ് പേരില്ലാത്ത കൗബോയ് .
ഏയ്ഞ്ചൽ ഐസ് – (Bad)
ജാക്സണെ അന്വേഷിച്ചാണ് ഏയ്ഞ്ചൽ ഐസ് എത്തുന്നത്. ദയാരഹിതവും സൂഷ്മവുമായ മിഴികൾ,
ഒരു വാടക കൊലയാളി : പണത്തിനോടു മാത്രമാണ് അയാൾക്ക് പ്രതിപത്തിയുള്ളൂ – ജാക്സൺ ,ബിൽ കാർ സൺ എന്ന പേരു സ്വീകരിച്ചതായി മനസ്സിലാക്കി അയാളും അവന്റ പിറകേ തിരിക്കുന്നു.Lee van Cleef ന്റെ കൈയിൽ ഭദ്രമാണ് എയ്ഞ്ചൽ ഐസ്. ബിൽ കാർസണിനെ തേടി പ്രാകുന്ന അയാളും തേടുന്നത് ആ നിധിയാണ്. നിർഭാഗ്യവശാൽ ബിൽ കാർസൺ അയാളുടെ അടുത്തു തന്നെ എത്തിച്ചേരുന്നു. എയ്ഞ്ചൽ ഐസ് വെറും ക്രൂരനായ ഒരു വില്ലൻ മാത്രമല്ല. ബുദ്ധിയുള്ള വിവേകശാലി കൂടിയാണ്. നിധിയിരിക്കുന്ന സെമിത്തേരിയിൽ ആദ്യം എത്തുന്നതും അയാളാണ്.
റ്റൂക്കോ (Ugly)
ഈ ചിത്രത്തിലെ നായകൻ ബ്ലോണ്ടിയാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം റ്റൂക്കോയാണ്. നിരവധി മാനങ്ങളുള്ള ഒരു കഥാപാത്രമാണ് റ്റുക്കോയുടേത്. അയാൾ ഒരു പിടികിട്ടാപ്പുള്ളിയാണ്. സമൂഹത്തിലെ ഏറ്റവും കൊള്ളരുതാത്തവനാണ്.. ദയാരഹിതനാണ്. മൊത്തത്തിൽ വൃത്തികെട്ടവൻ തന്നെയാണ്. ഏതെങ്കിലും രീതിയിൽ വൈകാരികത കാണിക്കുന്നതും റ്റൂക്കോയാണ്.
പുരോഹിതനും സഹോദരനുമായ പാബ്ലോയെ കണ്ടുമുട്ടുന്ന സീനിൽ അയാളുടെ വൈകാരികമായ മറ്റൊരു വശം കൂടി നാം കാണുന്നുണ്ട്. ജീവിതത്തിൽ പരാജയപ്പെട്ടവനായിരുന്നു റ്റൂക്കോ. ആർത്തിയാണ് അയാളുടെ സ്ഥിരം ഭാവം. ഒരു മെത്തേഡ് ആക്ടറായ Eli wallach ആ വേഷത്തെ അസാധാരണമാം വിധം അനശ്വരമാക്കി. വിവിധ ഭാവങ്ങളെ തന്റെ മുഖത്ത് ഒരേ സമയം അയാൾ അഭിനയിച്ചു ഫലിപ്പിക്കുന്നുണ്ട്. ഒരു ബാത്ത്ടബ്ബിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ കൊല്ലാൻ വരുന്നവനോട് റ്റൂക്കോ ഒരു ഉപദേശവും നൽകുന്നുണ്ട്. ” വെടി വയ്ക്കാൻ വന്നാൽ വെടിവയ്ക്കണം – ചുമ്മാ വാചകം അടിച്ച് സമയം കളയരുത്. 54 വർഷങ്ങൾക്കു ശേഷവും ഈ ഡയലോഗിന് പ്രസക്തിയുണ്ട്. ഇപ്പോഴും തോക്ക് കൈയ്യിൽ വച്ച് പഴം പുരാണം പറയുന്ന കഥാപാത്രങ്ങൾ സിനിമയിലുണ്ട് എന്നതാണ് അതിനു കാരണം.
റ്റുക്കോ പറയുന്നു: രണ്ടു തരം ആളുകളാണ് ഈ ലോകത്തുള്ളത്.
“കഴുത്തിൽ കയറുള്ളവരും അത് ഉന്നം തെറ്റാതെ വെടിവച്ച് മുറിക്കുന്നവരും ”
കാലങ്ങൾക്കിപ്പുറം ഈ സിനിമയിൽ നിന്ന് എന്തൊക്കെ ചുരണ്ടിയിട്ടുണ്ട് എന്നറിയാൻ ഈ സിനിമ കാണുക തന്നെ വേണം. 3 Act structure രീതിയിൽ തിരക്കഥ രചന പഠിക്കുന്നവർക്കുള്ള ഉദാഹരണം കൂടിയാണ് പ്രസ്തുത ചലച്ചിത്രം – ഓരോ ഫ്രെയിമിലും സെർജിയോ യുടെ കൈയ്യൊപ്പ് പതിഞ്ഞ സിനിമ കാലങ്ങൾക്കിപ്പുറവും തല ഉയർത്തി നിൽക്കുന്നു.