ഇന്ത്യൻ കരസേന നേരിട്ടു ഭരണം നടത്തുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്ന് പഴവങ്ങാടി ഗണപതിക്ഷേത്രം
അറിവ് തേടുന്ന പാവം പ്രവാസി
👉കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്തായിട്ടാണ് പ്രശസ്തമായ പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം. പഴവങ്ങാടി ഗണപതി ഭഗവാനെ തൊഴുതു തേങ്ങയടിച്ചു തങ്ങളുടെ ഓരോ ദിവസവും തുടങ്ങുന്നത് ആയിരക്കണക്കിനു ഭക്തരാണ്. ആദ്യ കാലങ്ങളില്‍ വേണാടിന്റെ തലസ്ഥാനമായിരുന്ന പത്മനാഭപുരത്ത് വച്ച് രൂപം കൊണ്ട കരസേനയിലെ ഒരംഗത്തിന് പുഴയില്‍ നിന്നും ഒരു ഗണപതി വിഗ്രഹം കിട്ടി. സേനാംഗങ്ങള്‍ ആ വിഗ്രഹം ആരാധിച്ചു പോന്നു. അങ്ങനെ ഗണപതി ഭഗവാൻ അവരുടെ പരദേവതയായി മാറി.

വേണാട് വികസിച്ച് തിരുവിതാംകൂർ രാജ്യമായപ്പോള്‍ തലസ്ഥാനം അനന്തപുരി ആയി. അങ്ങനെ കരസേനയുടെ ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയപ്പോള്‍ സൈനികര്‍ ആ വിഗ്രഹം കൊണ്ടു വന്ന് പഴവങ്ങാടിയില്‍ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ക്ഷേത്രത്തിനു നേരേ എതിര്‍ വശത്ത് വെട്ടി മുറിച്ച കോട്ട കാണാം.

പത്മനാഭസ്വാമി ക്ഷേത്രവും നഗരവീഥിക്കും ചുറ്റും കോട്ടകളും നിര്‍മ്മിച്ചു കഴിഞ്ഞപ്പോൾ, പഴവങ്ങാടി ക്ഷേത്ര നിര്‍മ്മിതിക്കായി കല്ല് കൊണ്ടു വരാന്‍ വേണ്ടി കോട്ട വെട്ടി മുറിച്ചു. അങ്ങനെയാണിത് വെട്ടി മുറിച്ച കോട്ടയായത് എന്ന് പഴമൊഴി.ക്ഷേത്രനിര്‍മ്മിതിക്കാവശ്യമായ കല്ല് കൊണ്ടു വന്നത് കിള്ളിയാറ്റിലെ കല്ലന്‍ പാറയില്‍ നിന്നായിരുന്നു എന്ന് പ്രമാണം.ഇന്ത്യൻ കരസേന നേരിട്ടു ഭരണം നടത്തുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണു പഴവങ്ങാടി ഗണപതി ക്ഷേത്രം.