SPOILERS AHEAD
Riyas Pulikkal
അതിനാടകീയതയും മിസ്കാറ്റിങ്ങും കൊണ്ടാണ് ലോകത്തെ വിസ്മയിപ്പിച്ച “ദി ലോർഡ് ഓഫ് ദി റിങ്സ്” ഫ്രാഞ്ചസിയുടെ പ്രീക്വലായ ദി റിങ്സ് ഓഫ് പവർ എന്ന സീരീസ് പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയത്. ലോർഡ് ഓഫ് ദി റിങ്സിന്റെ നേർ പ്രീക്വലായ ദി ഹോബിറ്റും ആ ക്ലാസ്സിക്കിനോട് നീതി പുലർത്തുന്നതായിരുന്നു. ദി റിങ്സ് ഓഫ് പവറിലേക്ക് വരുമ്പോൾ ആ ഒരു ഫ്രാഞ്ചസിയുടെ തന്നെ നെടുന്തൂണുകളിൽ ഒന്നായ ഗലാഡ്രിയൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോർഫെയ്ഡ് ക്ലാർക്ക് തന്നെയാണ് സീരീസിലെ ഏറ്റവും വലിയ മിസ്കാസ്റ്റ്. സീരീസിലുടനീളം നിർവികാരത തളംകെട്ടി നിൽക്കുന്ന അവരുടെ സ്ഥായീഭാവം ആ കഥാപാത്രം ആവശ്യപ്പെടുന്നത് കൊണ്ടാണെന്ന് ഒരിക്കലും തോന്നിയില്ല.
എങ്കിലും, ഒരുപാട് മിസ്കാസ്റ്റുകൾക്ക് ഇടയിലും വളരെ കൃത്യമായൊരു കാസ്റ്റിങ്ങായി തോന്നിയത്, നക്ഷത്രങ്ങളിൽ നിന്നും ഭൂമിയിൽ പതിച്ച അപരിചിതനെ അവതരിപ്പിക്കുന്ന ഡാനിയൽ വെയ്മാന്റെ കാസ്റ്റിങ് ആയിരുന്നു. ആദ്യ സീസണിന്റെ ഫിനാലെ എപ്പിസോഡിലും പൂർണ്ണമായും വെളിപ്പെടാത്ത ആ കഥാപാത്രത്തിന്റെ യഥാർത്ഥ ഐഡന്റിറ്റി ഗാണ്ടാൾഫ് എന്ന മാന്ത്രികന്റേത് തന്നെയാണെന്നാണ് എന്റെ അനുമാനം. ഇയാൻ മക്കെല്ലൻ അനശ്വരമാക്കിയ ഗാണ്ടാൾഫ് എന്ന കഥാപാത്രത്തെ മുഖസാദൃശ്യം കൊണ്ടെങ്കിലും അനുസ്മരിപ്പിക്കാൻ ഡാനിയേലിന് സാധിച്ചിട്ടുണ്ട്. അയാളുടെ പ്രകടനവും ഒട്ടും മോശമല്ലായിരുന്നു. അപരിചിതനെ തേടിവന്ന വിചിത്രരായ മൂന്ന് സ്ത്രീകൾ അയാളെ ‘ഇസ്താരി’ എന്ന് വിശേഷിപ്പിച്ചതും അയാൾ തന്നെയാണ് ഗാണ്ടാൾഫ് എന്നതിലേക്കാണ് വിരൽചൂണ്ടുന്നത്.
അപരിചിതന്റെ ഇൻട്രോ തൊട്ടേ അയാളാണ് ഗാണ്ടാൾഫ് എന്നൊരു തോന്നൽ എനിക്ക് തോന്നിയെങ്കിലും ഫിനാലെ എപ്പിസോഡ് അൽപ്പം കൺഫ്യൂഷൻ ഉണ്ടാക്കി എന്നത് സത്യമാണ്. സീസൺ അവസാനത്തോടടുത്തപ്പോൾ സീരീസ് പ്രേക്ഷക പ്രതീക്ഷകളിലേക്ക് മടങ്ങിവരുന്നു എന്ന തോന്നൽ ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച്, ഫിനാലെ എപ്പിസോഡ്. ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ കൊണ്ടും ഇതുവരെ സീരീസ് പ്രകടിപ്പിച്ചിട്ടില്ലാത്ത പേസ് കൊണ്ടും അടുത്ത സീസണിനായി കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കാൻ ഫിനാലെ എപ്പിസോഡിന് തീർച്ചയായും സാധിച്ചിട്ടുണ്ട്.