ആദ്യത്തെ അടിമപ്പോരാട്ടം ഒറ്റക്ക് നയിച്ചത് തേവി എന്ന പുലയി

0
203

ആദ്യത്തെ അടിമപ്പോരാട്ടം ഒറ്റക്ക് നയിച്ചത് തേവി എന്ന പുലയി.

കേരളത്തിലെ അടിമകളുടെ ആദ്യത്തെ പ്രതിഷേധത്തെ കുറിച്ച് അറിവ് ലഭിക്കുന്നത് തെക്കും ഭാഗം മോഹന്‍ എഴുതിയ ‘അടിമഗര്‍ജനം’ എന്ന പുസ്തകത്തില്‍ നിന്നാണ്. ചവറ തെക്കുംഭാഗത്ത് മുക്കോടില്‍ വീട്ടില്‍ ഗോപാല പിള്ളയുടേയും മീനാക്ഷിയമ്മയുടേയും മകനായി ജനിച്ച മോഹന്‍ വിദ്യാഭ്യാസത്തിനുശേഷം കരസേനയില്‍ ചേര്‍ന്നു. സൈനികസേവനംവിട്ട് പത്രപ്രവര്‍ത്തകനായി. കേരളശബ്ദം, മലയാളനാട് എന്നിവയില്‍ എഴുതുകയും ‘സുനന്ദ’ വാരികയുടെ പത്രാധിപ സമിതിയില്‍ അംഗമായി രിക്കുകയും ചെയ്തു. നിരവധി സ്ഥലങ്ങളില്‍ സഞ്ചരിച്ചും പുരാരേഖകള്‍ പരിശോധിച്ചുമാണ് ഈ പുസ്തകം എഴുതിയത്.

കൊല്ലവര്‍ഷം 766 ല്‍ തിരുവല്ലയിലെ ‘കൊണ്ടരേട്ടു’ വീട്ടില്‍നിന്നും കണ്ടെടുത്ത രേഖയിലാണ് അടിമയുടെ ആദ്യത്തെ പ്രതിഷേധം കാണുന്നത്. ഈ രേഖയിന്‍പടി പാലക്കാട്ടുള്ള ഇരവി ചിരുതേവിയുടെ മകള്‍ തേവിയേയും മകന്‍ കോന്തനേയും ചെങ്ങമനാട്ടുള്ള കളത്തില്‍ തമ്പ്രാന് വിറ്റത് കൊലക്കുള്ള അധികാരത്തോടു കൂടിയായിരുന്നു. ആലുവാ പുഴയുടെ വടക്കേക്കരയിലാണ് ചെങ്ങമനാട്. കാട്ടുപുല്ലിനേക്കാളും വിലകുറഞ്ഞ മനുഷ്യര്‍. കാളക്ക് ഒപ്പം അടിമയെ വെച്ചുകെട്ടി ഉഴാറുണ്ടായിരുന്ന ആ നാളുകളില്‍ത്തന്നെ ഇരുട്ടുന്നതുവരെ പണിചെയ്യണം. പണി തീരുമ്പോള്‍ കൂലിനെല്ലളക്കും. അക്കൂട്ടത്തില്‍ ആണിനും പെണ്ണിനുമുള്ള കൂലിതെറ്റി ഒരുപാത്രത്തില്‍ വീണുപോയാല്‍ അപ്പോള്‍ മുതല്‍ അവര്‍ ജീവിത പങ്കാളികളാണ്. ഈ ‘കല്ല്യാണ’ത്തെ ‘കൂലിഭാഗ്യം’ എന്നാണ് അടിമകള്‍ വിളിച്ചിരുന്നത്. കൂലിഭാഗ്യത്തിലൂടെ തേവിക്കും കിട്ടി ഒരു പുലയക്കിടാത്തനെ. കാലം ചെന്നപ്പോള്‍ തേവി ഒരമ്മയായി. പുലയക്കിടാത്തന്‍ പെട്ടന്ന് മരണമടഞ്ഞു. തേവിക്ക് പിറന്നത് പെണ്‍കുഞ്ഞായിരുന്നു. തേരി എന്ന് പേരിട്ടുവിളിച്ചു. തേരിക്ക് പ്രായമായപ്പോള്‍ ചരിത്രം ആവര്‍ത്തിച്ചു. കൂലിഭാഗ്യത്തിലൂടെ അവള്‍ക്കും ആണ്‍പിറന്നവനായി.

തേരി പൂര്‍ണഗര്‍ഭിണി യായപ്പോള്‍ പ്രസവത്തിനായി തേരി സ്വന്തം കൂരയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പ്രസവദിവസ മടുത്തപ്പോള്‍ തമ്പുരാന്റെ കാര്യസ്ഥന്‍ പതിവുപോലെ പണിക്കുവിളിക്കാന്‍ വന്നു. മകള്‍ പ്രസവിക്കാറാ യതുകൊണ്ട് പണിക്കുവരാന്‍ പറ്റില്ലെന്നു തേവി പറഞ്ഞപ്പോള്‍ കാര്യസ്ഥന്‍ തേവിയെ ചാട്ടവാറുകൊണ്ട് പൊതിരെ തല്ലി. തന്നെയുമല്ല പ്രസവവമടു ത്തിരിക്കുന്ന തേരിയെയും തല്ലി ഇരുവരേയും പാടത്തേക്ക് കൊണ്ടു പോയി ഇരുട്ടുവോളം പണിയെടുപ്പിച്ചു. തിരിച്ചു കൂരയിലെത്തിയ തേവി ഈ കൊടും ക്രൂരതകക്ക് എതിരെ പോരാടാന്‍ ഉറച്ചു. ഉള്ളതെല്ലാം വാരിക്കെട്ടി, കൊയ്തരിവാള്‍ തേച്ചു മൂര്‍ച്ചകൂട്ടി അരി തിളപ്പിച്ച് ചക്കര കലര്‍ത്തി വെളുക്കുവോളം ചൂടാറ്റാതെ കാത്തിരുന്നു. നേരം വെളുക്കുന്നതിനു മുന്നേ കാര്യസ്ഥനെത്തി. വാതില്‍ തുറന്ന ഉടനെ ചൂടു ചക്കരക്കഞ്ഞി അയാളുടെ തലയില്‍ ചൊരിഞ്ഞ് തേവിയും തേരിയും ഇറങ്ങിയോടി.കാര്യസ്ഥന്റെ അലര്‍ച്ചകേട്ട് ആളുകള്‍ പുറകേ എത്തി പിടിച്ചാല്‍ ജീവനോടെ തീയിലിട്ടു കൊല്ലുമായിരുന്നു.

കൊരട്ടിക്കടുത്തുള്ള ചിറങ്ങര അമ്പലത്തിനുമുന്നില്‍ തിരുവിതാംകൂറിന്റെ അതിര്‍ത്തി അവസാനിക്കുന്നിടത്ത് ചെന്നുനിന്നു. നേരം പുലര്‍ന്നിരുന്നില്ല. പൂര്‍ണഗര്‍ഭിണിയായ മകളേയും ചെറിയ ഭാണ്ടവും പിടിച്ചു കൊണ്ട് തേവി ചാലക്കുടി പ്പുഴയിലൂടെ പടിഞ്ഞാറേ ക്കരയിലേക്ക് നീന്തി. മാളക്ക് അടുത്ത് പുത്തന്‍ചിറയില്‍ എത്തി. ആ നാട്ടിലെ ജന്മി ഒരു ക്രിസ്ത്യാനി യായിരുന്നു. അവരെ അടിമയാക്കി കൂരകുത്താന്‍ ഇടം കൊടുത്തു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കളത്തില്‍ കര്‍ത്താവിന്റെ പരിവാര ങ്ങളെത്തി. ഒരുവന്റെ അടിമയെ മറ്റൊരുവന് സ്വന്തമാക്കാന്‍ ചിലവ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ ഇവിടെ മറ്റൊരു രാജ്യമാണ്. തിരുവിതാം കൂറിലെ നിയമങ്ങള്‍ പാലിക്കണമെന്ന് കളത്തില്‍ കര്‍ത്താവിന് ശഠിക്കാന്‍ പറ്റില്ല. അടിമക്ക് ഇഷ്ടമുണ്ടെങ്കില്‍ പോകാം. തേവിക്ക് അതിന് മനസ്സില്ലാ യിരുന്നു. അവര്‍ ‘വാതേക്കാട്’ എന്ന പുരയിടത്തില്‍ കൂരകുത്തി.

തേരിക്ക് ഒരു ആണ്‍കുഞ്ഞാണ് പിറന്നത്. മുത്തശ്ശിയെപ്പോലെ ഒരു നിഷേധിയായാണ് അവനും വളര്‍ന്നത്. പിന്നീടങ്ങോട്ട് ഈ അടിമകളുടെ താവഴിചരിതം വ്യക്തമല്ല. പുരാരേഖയില്‍ നിന്ന് അത്രയേ ലഭ്യമാകു ന്നുള്ളൂ. പിന്നീടുള്ളതൊന്നും ആരും എഴുതിവെക്കുക യുണ്ടായിട്ടില്ലല്ലോ. എന്നാലും ഓര്‍ക്കുക, അറിയുക ആദ്യത്തെ അടിമഗര്‍ജനം മുഴക്കിയ തേവി എന്ന പുലയിയെ…..
കടപ്പാട് :- ഇടനേരം

Advertisements