രാംഗോപാൽ വർമ്മ ടച്ചുള്ള ഒരു മണിരത്നം ചിത്രം

Shaju Surendran

തിരുടാ തിരുടാ…..!! [1993]

കൃപാ തീയേറ്ററിൽ നിന്ന് FDFS കണ്ടിറങ്ങിയപ്പോൾ വളരെ ത്രില്ലിങ്ങായ ഒരു മനോഹര സ്വപ്നം കണ്ടിറങ്ങിയ പ്രതീതിയായിുന്നു. ഒരാഴ്ച്ച കഴിഞ്ഞ് രമ്യാ തീയേറ്ററിൽ പോയി വീണ്ടൂം കണ്ടു ഒരു സിനിമ എന്ന നിലയിൽ ആസ്വദിക്കാൻ.

കഥാ ചുരുക്കം:
നാസിക്കിലെ റിസർവ് ബാങ്ക് സെക്യൂരിറ്റി പ്രെസ്സിൽ അച്ചടിച്ച നോട്ടുകൾ (ഏകദേശം ആയിരം കോടി രൂപ) ഒരു ഗുഡ്സ് ട്രെയിനിൽ ഘടിപ്പിച്ച കണ്ടയ്നറിൽ സൗത്തിന്ത്യയിലേക്കു കൊണ്ടുപോകുന്നതിനിടയിൽ കൊള്ളയടിക്കപ്പെടുന്നു. വിക്രം എന്ന അധോലോക ഗാംഗ്‌സ്റ്റർ ആണ് അതിനു പിന്നിൽ. എന്നാൽ കണ്ടയ്നറിൽ പണം ഇരിക്കുന്ന ലോക്കർ തുറക്കുന്ന കമ്പ്യൂട്ടർ കാർഡ് ചന്ദ്രലേഖ എന്ന ഡാൻസറുടെ പക്കൽ എത്തുന്നു. . ലക്ഷ്മി നാരായൺ എന്ന സി ബി ഐ ഓഫിസർ കൊള്ളയടിക്കപ്പെട്ട കണ്ടൈനർ കണ്ടെത്താൻ ചുമതലയെൽക്കപ്പെടുന്നു.. ഈ പ്രശ്നങ്ങൾക്ക് നടുവിലേക്ക് രണ്ടു ലോക്കൽ കള്ളന്മാരായ അഴകും, കതിരും, രാസാത്തി എന്ന ഒരു ഗ്രാമീണ പെൺകുട്ടിയും വന്നു പെടുന്നതും തുടർന്നുള്ള സംഭവങ്ങളും വളരെ രസകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.

മണിരത്നവും, റാം ഗോപാൽ വർമ്മയും ചേർന്ന് തയ്യാറാക്കിയ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് മണിരത്നമാണ്. ക്ഷണം ക്ഷണം, ദൗഡ് ഒക്കെ പോലുള്ള രാംഗോപാൽ വർമ്മ ചിത്രങ്ങളുടെ അതേ രീതിയിലുള്ള കഥപറച്ചിലാണു ഇവിടെയും അവലംബിച്ചിരിക്കുന്നത്. മികച്ച സാങ്കേതിക വിദഗ്ധരുടെ നിര തന്നെ ഇൗ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്.

സംഗീതം – എ ആർ റഹ്മാൻ
ക്യാമറ – പി സി ശ്രീറാം
എഡിറ്റിംഗ് – സുരേഷ് യുആർഎസ്‌
ആർട്ട് ഡയറക്ടർ – തോട്ട തരണി

മേൽ പറഞ്ഞ എല്ലാപേരുടെയും ഏറ്റവും മികച്ച വർക്കുകളിൽ ഉൾപ്പെടുത്താം തിരുടാ തിരുടാ.ഏ ആർ റഹ്മാൻ ഇന്ത്യൻ സിനിമാ സംഗീതത്തിലെ രാജകുമാരനായി ഉയർന്നുവരുന്ന കാലം. റോജയും, പുതിയമുഖവും, ജന്റിൽ മാനും ഒക്കെ കാസറ്റ് വിപണിയിൽ ചൂടോടെ വിറ്റു പൊയ്ക്കൊണ്ടിരുന്ന സമയത്തു അതാ വരുന്നു തിരുടാ തിരുടാ. അതിലെയും എല്ലാ ഗാനങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റ്. ഈ സിനിമയ്ക്കുവേണ്ടി അദ്ദേഹം ചെയ്ത ബിജിഎം ‘അതി ഗംഭീരം” തന്നെ. റഹ്മാൻ ഇതുവരെ ചെയ്ത ബി ജി എമ്മുകളുടെ കൂട്ടത്തിൽ ആദ്യ സ്ഥാനത്തു പ്രതിഷ്ഠിക്കാം തിരുടാ തിരുടാ.

P.C ശ്രീറാമിന്റെ ഛായാഗ്രഹണ ചാരുത ഓരോ ഷോട്ടിലും തെളിഞ്ഞു കാണാം. പല സീനുകളിലും അദ്ദേഹം നൽകിയ കളർ ടോണുകൾ കണ്ണുകൾക്ക് ആനന്ദം പകരുന്നവയായിരുന്നു
“ചന്ദ്രലേഖ..”, “കണ്ണും കണ്ണും കൊള്ളയടിത്താൽ…” എന്നീ ഗാന രംഗങ്ങൾക്കുൾപ്പെടെ, തോട്ട തരണി ഒരുക്കിയ സെറ്റുകൾ അതി മനോഹരം എന്ന് തന്നെ പറയാം.

സ്പെഷ്യൽ എഫ്ക്ടിനുള്ള ആ വർഷത്തെ ദേശീയ അവാർഡ് ചിത്രം നേടുകയുണ്ടായി.
പ്രശാന്തും, ആനന്ദും (പിൽക്കാലത്തു മലയാളത്തിൽ ടൈഗർ പോലുള്ള ചിത്രങ്ങളിൽ വില്ലൻ റോളിൽ അവതരിച്ചു), ഹീരയും, സലിം ഗൗസും, SPB യും ഒക്കെ മികച്ച പ്രകടനം കാഴ്ചവച്ചു പിന്നെ അനു അഗർവാളിന്റെ ഗ്ലാമറും. രാംഗോപാൽ വർമ്മ ടച്ചുള്ള ഒരു മണിരത്നം ചിത്രം. ആക്ഷനും, പ്രേമവും, ഗ്ലാമറും, മാസ്മര സംഗീതവും ഒത്തുചേർന്ന ഒരു Complete entertainment package ആണ് തിരുടാ തിരുടാ.