കൊച്ചിയിലെ ആദ്യ കാല നടൻ തോമസ് ബർലി …..

മൻസൂർ നൈന (944 62 07 922)

നവതിയുടെ നിറവിലാണ് ആദ്യ കാല നടനും , സംവിധായകനും , നിർമ്മാതാവും ഹോളീവുഡ് സിനിമാ സീരിയലുകളിൽ വരെ സാന്നിദ്ധ്യമറിയിച്ച ഫോർട്ടുക്കൊച്ചിക്കാരനായ ശ്രീ തോമസ് ബർലി . ഈ പ്രായത്തിലും വെറുതെ സമയം കളയുന്നില്ല. ഇപ്പോൾ പൂർത്തിയാക്കുന്ന ‘ മൈെ നെയിം ഈസ് മരിയ ‘ അടുത്തു തന്നെ സിനിമയാകുകയാണ് . ഏഴോളം തിരക്കഥകളുടെ രചനയിലാണിപ്പോൾ ഈ തൊണ്ണൂറുകാരൻ .ഹോളീവുഡിലും , തമിഴിലും , മലയാള സിനിമയിലും തന്റെതായ അടയാളം രേഖപ്പെടുത്തിയ തോമസ് ബർലി എന്ന കുട്ടേട്ടന്റെ വിശേഷങ്ങളിലേക്ക് .

തോമസ് ബർലിയുടെ മുത്തച്ചൻ കെ.ബി. ജേക്കബായിരുന്നു ഇന്ത്യയിലെ ആദ്യത്തെ മുൻസിപ്പാലിറ്റി ചെയർമാൻ . ഫോർട്ട് കൊച്ചി മുൻസിപ്പാലിറ്റിയുടെ ആദ്യ ഇന്ത്യക്കാരനായ ചെയർമാൻ . ഒന്നര വർഷത്തോളം അദ്ദേഹം ഈ സ്ഥാനം അലങ്കരിച്ചു . ശേഷം അദ്ദേഹത്തിന്റെ മകൻ കെ.ജെ. ഹർഷൽ മുപ്പത് വർഷക്കാലം ഫോർട്ട് കൊച്ചിയുടെ മുൻസിപ്പൽ ചെയർമാനായിരുന്നു . കെ.ബി. ജേക്കബ് ചെയർമാനാകുന്നതിന് മുൻപ് വിദേശികളായ വെള്ളക്കാരായിരുന്നു ഇവിടെ ചെയർമാന്മാരായി ഇരുന്നത് . വോൾട്ടാസും , പാട്രിക്ക് ലെസ്ലി , ജോൺ ഹച്ചിൻസൺ , ആസ്പിൻവാൾ , എം.എ. പ്ലാറ്റൽ തുടങ്ങിയ വിദേശികൾ ഇവിടെ ചെയർമാന്മാരായി ഇരുന്നിട്ടുണ്ട് . ഇന്ത്യയിലെ ആദ്യത്തെ മുൻസിപ്പൽ ചെയർമാൻ കൊച്ചിക്കാരനായ കെ.ജെ. ജേക്കബായിരുന്നു . കാരണം ഇന്ത്യയിലെ ആദ്യത്തെ മുൻസിപ്പാലിറ്റിയാണല്ലൊ ഫോർട്ട് കൊച്ചി . കെ. ജെ ഹർഷൽ ഫോർട്ട് കൊച്ചി മുൻസിപ്പൽ ചെയർമാനായിരുന്ന കാലത്താണ് ഫോർട്ട് കൊച്ചി വെളി മുതൽ ബീച്ച് വരെ തണൽ മരങ്ങൾ നട്ടു വളർത്തി ഫോർട്ട് കൊച്ചിക്ക് സൗന്ദര്യം നൽകിയത് .

തോമസ് ബർലിയെ മൻസൂർ നൈന ഇന്റർവ്യൂ ചെയുന്നു

തോമസ് ബെർലി സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കിയത് ഫോർട്ട് കൊച്ചിയിലെ സാന്താക്രൂസ് ഹൈസ്ക്കൂളിലാണ് . ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് കൊച്ചിയിൽ നേതൃത്വം കൊടുത്തിരുന്ന കുരിശിങ്കൽ കുടുംബത്തിന്റെ തറവാട് ഫോർട്ട് കൊച്ചിയായ അന്നത്തെ ബ്രിട്ടീഷ് കൊച്ചിയിൽ തന്നെയായിരുന്നു . 1932 -ൽ കെ.ജെ. ബർലിയുടെയും ആനി ബർലിയുടെയും രണ്ടാമത്തെ മകനായാണ് തോമസ് ബർലിയുടെ ജനനം . 1934 -ൽ മഹാത്മാ ഗാന്ധിയെ ഫോർട്ട് കൊച്ചിയിലേക്ക് ക്ഷണിക്കാൻ പോയ അച്ചനും അമ്മയ്ക്കും ഒപ്പം അന്ന് രണ്ട് വയസ്സു മാത്രം പ്രായമുള്ള തോമസ് ബർലിയും ഉണ്ടായിരുന്നു .

അഭിനയം , ചിത്രകാരൻ , എഴുത്തുകാരൻ ഇത്തരം മോഹങ്ങളുമായാണ് തോമസ് ബർലി ചെറുപ്പത്തിലെ വളർന്നു വന്നത് . ഇതിനിടെയാണ് എറണാകുളം ജില്ലയിലെ കണ്ണമാലി – ചെല്ലാനം കണ്ടക്കടവ് പ്രദേശത്തെ അറക്കൽ കുടുംബാംഗമായ ( പിന്നീട് ബോംബെയിൽ സ്ഥിര താമസമാക്കി ) സേവ്യർ തോമസ് അറയ്ക്കൽ എന്ന വിമൽ കുമാറിന്റെ സംവിധാനത്തിൽ ‘തിരമാല’ എന്ന ചിത്രത്തിൽ തോമസ് ബർലി നായക വേഷം ചെയ്യുന്നത് (വിമൽ കുമാറിനെ കുറിച്ച് പിന്നീട് വഴിയെ പറയാം ) .

അന്ന് തോമസ് ബർലിയുടെ അച്ചനു കാമറ വിൽക്കാൻ ഫോർട്ട് കൊച്ചിയിലെ കുരിശിങ്കൽ തറവാട്ടിലെത്തിയ രാമു കാര്യാട്ട് ഈ ചിത്രത്തിന്റെ സഹസംവിധായകനായി . സംഗീത സംവിധാനം വിമൽ കുമാർ തന്നെയായിരുന്നു നിർവ്വഹിച്ചത് . അന്ന് സംഗീത സംവിധാനത്തിന് സഹായിയായി എത്തിയത് പിന്നീട് പ്രശസ്ത സംഗീത സംവിധായകനായി മാറിയ ബാബുരാജാണ് . ഗാനരചന പി. ബാസ്ക്കരനും . നായികയായത് ലളിത പത്മിനി – രാഗിണിയുടെ അടുത്ത ബന്ധുവായ കുമാരി തങ്കം . വില്ലനായി അഭിനയിച്ചത് പിന്നീട് പ്രശസ്ത നടനായി മാറിയ സത്യൻ . ഈ സിനിമയിലെ മറ്റൊരു നടൻ മുത്തയ്യയായിരുന്നു ഇദ്ദേഹം മട്ടാഞ്ചേരി ടൗൺ ഹാളിന് സമീപമാണ് താമസിച്ചിരുന്നത് . അക്കാലത്ത് സത്യനും പ്രേംനസീറുമെല്ലാം കടന്ന് വരുന്നതേയുള്ളു . 1953 -ൽ റിലീസായ സിനിമ അതിലെ സംഗീതം കൊണ്ട് ശ്രദ്ധേയമായി .

അമേരിക്കയിലേക്ക് പോയ തോമസ് ബർലി സിനിമാ മോഹവും , പഠനവുമായി യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ , ലോസ് ആഞ്ചലസിൽ ചേർന്നു . ഒന്നര പതിറ്റാണ്ടോളം ഹോളീവുഡ് ലോകത്തായിരുന്നു കൊച്ചീക്കാരനായ തോമസ് ബർലി . ‘ നെവർ സോ ഫ്യൂ ‘ ( Never So Few )
എന്ന ഹോളിവുഡ് സിനിമയിൽ വേഷമിട്ടു .
‘വാണ്ടഡ് ഡെഡ് ഓർ എലൈവ് ‘ ,
‘ ഗൺസ് സ്മോക്ക് ‘ ,
‘ ഹാവ് ഗൺ ‘ ,
‘ വിൽ ട്രാവൽ ‘
എന്നീ ടി.വി. സീരിയലുകളിൽ മെക്സിക്കൻ വേഷത്തിൽ അഭിനയിച്ചു .

1959 ൽ തോമസ് ബർലി കുട്ടികൾക്കായി ‘ മായ ‘ എന്ന ഇംഗ്ലീഷ് സിനിമ നിർമ്മിച്ചു . ഈ ചിത്രത്തിന്റെ ഇന്ത്യയിലെ വിതരണം ബോംബെയിലെ മെഹ്ബൂബ് സ്റ്റുഡിയോയായിരുന്നു ഏറ്റെടുത്തത് . അത് പ്രശസ്തമാവുകയും ചെയ്തു . കാലിഫോർണിയയിൽ വാർണർ ബ്രദേർസിലും ബർലി ജോലി നോക്കിയിട്ടുണ്ട് . ‘ ജാസ് ‘ ‘ ജുറാസിക് പാർക്ക് ‘ ‘ ഇ.ടി. ‘ , ‘ ക്ലോസ് എൻ കൗണ്ടേഴ്സ് ഓഫ് ദി തേർഡ് കൈൻഡ് ‘ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശസ്ത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് ,
‘ സ്റ്റാർ വാർസ് ‘ സംവിധാനം ചെയ്ത ജോർജ്ജ് ലൂക്കോസ് , ‘ ദി ഗോഡ് ഫാദർ ‘ സംവിധാനം ചെയ്ത ഫ്രാൻസിസ് ഫോർഡ് കപ്പോള .തുടങ്ങിയ പ്രശസ്തർ പഠിച്ച യൂണിവേഴ്സിറ്റിയിൽ അവരെ പഠിപ്പിച്ച അതെ പ്രൊഫസർമാരുടെ കീഴിൽ തന്നെയാണ് തോമസ് ബർലിയും പഠിച്ചത് .

ആൽഫ്രഡ് ഹിച്ച്കോക്കിന്റെ സസ്പെൻസ് സിനിമകളോട് ഏറെ ഇഷ്ടം തോന്നിയ തോമസ് ബെർലി ഹിച്ച്കോക്കിന്റെ ടൈം സ്പൈസ് ടെക്ക്നിക്ക് ഉപയോഗിച്ച് മലയാള സിനിമയിൽ പരീക്ഷിച്ച് നിർമ്മിച്ച സിനിമയാണ് ‘ ഇതു മനുഷ്യനോ ? ‘ .
ഒരു കുറ്റാന്വേഷണ കഥയുടെ സസ്പെൻസ് ത്രില്ലറോടെയാണ് ഈ സിനിമ നിർമ്മിച്ചത് . കഥയും , സംവിധാനവും , സ്ക്രീൻ പ്ലേയും ബർലി തന്നെ . ശ്രീകുമാരൻ തമ്പി ഗാനരചനയും , എം.കെ. അർജുനൻ മാസ്റ്റർ സംഗീത സംവിധാനവും നിർവ്വഹിച്ചു . ഈ സിനിമയിലെ ‘സുഖമൊരു ബിന്ദു ‘ എന്ന ഗാനം ഏറെ പ്രശസ്തമായി .

മുൻ നിര നായകനായിരുന്ന പ്രേംനസീറിനെ വെച്ച് ‘ വെള്ളിരിക്കാ പട്ടണം ‘ എന്ന മുഴുനീള ഹാസ്യ സിനിമ നിർമ്മിച്ച ബർലി തന്നെയായിരുന്നു ഈ ചിത്രത്തിന്റെ സംവിധാനവും , സംഗീത സംവിധാനവും നിർവ്വഹിച്ചത്. 2015 ൽ ലിജൊ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവ്വഹിച്ച ‘ ഡബിൾ ബാരൽ ‘ എന്ന സിനിമയിലും അഭിനയിച്ചു .തോമസ് ബർലിയുടെ വീട്ടിലും തറവാട്ടിലും എത്തിയ പ്രശസ്തർ നിരവധിയാണ് . പ്രേം നസീർ ഇദ്ദേഹത്തിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു . പ്രേംനസീറിനെ കുറിച്ച് പറയുമ്പോൾ ബർലിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു . അദ്ദേഹം പറയുന്നു പ്രേംനസീറെന്ന വിശാല ഹൃദയനെ , ധർമ്മിഷ്ടനെ പോലൊരാളെ നിങ്ങൾക്ക് കാണാൻ കഴിയില്ല ഏറെ നന്മകളുള്ള ഹൃദയമായിരുന്നു അദ്ദേഹത്തിന്റേത് .

ഒരിക്കൽ കുറച്ച് തുക ബർലിയെ ഏൽപ്പിച്ചിട്ട് നസീർ പറഞ്ഞു ഒരു പാവം തയ്യൽക്കാരനുണ്ട് കൊച്ചിയിൽ . അയാളെ ഇത് ഏൽപ്പിക്കണം . ഈ തയ്യൽക്കാരന്റെ വീട്ടിൽ ചെന്നു കണ്ട ബർലി പറയുന്നു സാമ്പത്തിക സഹായത്തിനു ഏറ്റവും അർഹമായ ഒരു കുടുംബമായിരുന്നു അത് . കാൻസർ രോഗവും ദാരിദ്ര്യവും ആ കുടുംബത്തെ വല്ലാതെ അലട്ടിയിരുന്നു . ഒരു ലക്ഷം രൂപയാണ് അന്ന് നസീർ ആ കുടുംബത്തിന് നൽകാൻ ബർലിയെ ഏൽപ്പിച്ചത് . അന്നത്തെ ഒരു ലക്ഷം രൂപയുടെ മൂല്യം പറയേണ്ടതില്ലല്ലൊ ..

അതു പോലെ നടൻ മുത്തയ്യ ഇംഗ്ലീഷിൽ നല്ല പ്രാവീണ്യമുള്ള വ്യക്തിയായിരുന്നു . മുത്തയ്യയുടെ അച്ചൻ സച്ചിദാനന്ദൻ പിള്ള എന്ന ടി.എസ് . സച്ചിത്ത് കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് പത്രമായ ‘ കൊച്ചിൻ ആർഗസ് ‘ ( Cochin Argus ) കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു . മുത്തയ്യ എന്ന വലിയ നടന്റെ ജീവിതം പിന്നീട് കടുത്ത പ്രയാസങ്ങളുടെതായിരുന്നു . അന്ന് മുത്തയ്യക്ക് താങ്ങായി മാറിയത് ശ്രീ പ്രേംനസീർ എന്ന കരുണയുള്ള ഹൃദയമായിരുന്നു .

സിനിമയിൽ മാത്രം ജീവിതം തളച്ചിടാൻ ശ്രമിക്കാതെ അമേരിക്കയിൽ നിന്നു വീണു കിട്ടിയ ബന്ധം ഉപയോഗപ്പെടുത്തി ചെമ്മീൻ കയറ്റുമതി രംഗത്ത് ചുവടുറപ്പിച്ചു ബർലി . സിനിമയിൽ നിന്ന് തുടങ്ങി അതിലൂടെ പ്രശസ്തമായി അതിൽ തന്നെ എരിഞ്ഞൊടുങ്ങുന്ന ആളുകൾക്കിടയിൽ നിന്ന് വേറിട്ടു നിന്നു തോമസ് ബർലി . അക്കാലത്തെ പ്രശസ്ത ഹിന്ദി സിനിമാ നടൻ ദിലീപ് കുമാറിന്റെ അനുജൻ അസ്ലം ഖാനുമായി തുടങ്ങിയ കയറ്റുമതി രംഗത്തെ പാർട്ട്ണർ ഷിപ്പ് പതിറ്റാണ്ടുകളോളം തുടർന്നു . ജേഷ്ടൻ ദിലീപ് കുമാർ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും അസ്ലം ഖാന് അതിൽ താൽപ്പര്യമുണ്ടായിരുന്നില്ലെന്ന് ബർലി പറയുന്നു . ചെമ്മീൻ കയറ്റുമതി രംഗത്ത് വിജയശ്രീലാളിതനാണ് തോമസ് ബെർലി എന്ന നടൻ .

Leave a Reply
You May Also Like

‘തുറമുഖം’ എത്താന്‍ രണ്ട് ദിവസം കൂടി

നിവിൻ പോളിയെ നായകനാക്കി പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം…

അഭിരാമിയെ കമല്‍ഹാസന്‍ പീഡിപ്പിച്ചുവെന്നും അതുകാരണമാണ് അഭിരാമി നാടുവിട്ടതെന്നും മാധ്യമപ്രവർത്തകനും നടനുമായ ബയിൽവാൻ രംഗനാഥൻ

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന അഭിരാമിയുടെ ചിത്രം ശ്രദ്ധേയമാണ്. മലയാളത്തിന് പുറമെ…

1988 കാലത്തു ജയറാം നൽകിയ വീഡിയോ ഇന്റർവ്യൂ, അപൂർവ്വ വീഡിയോ

മലയാളചലച്ചിത്രരംഗത്തെ നായകനടൻമാരിൽ ഒരാളാണ് ജയറാം . എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ് സ്വദേശം. മിമിക്രിയിലൂടെ കലാരംഗത്ത് എത്തി.…

”ടഫ് സ്റ്റെപ്സാ, ഇതുകണ്ട് കേരളക്കര മൊത്തം ഞെട്ടും”! ചിരിപ്പിച്ച് അര്‍ജുനും ഷാജുവും റാഫിയും…. തരംഗമായി ‘തീപ്പൊരി ബെന്നി’ ടീസര്‍

”ടഫ് സ്റ്റെപ്സാ, ഇതുകണ്ട് കേരളക്കര മൊത്തം ഞെട്ടും”! ചിരിപ്പിച്ച് അര്‍ജുനും ഷാജുവും റാഫിയും….തരംഗമായി ‘തീപ്പൊരി ബെന്നി’…