സർക്കാരിനു വരുമാനമുണ്ടാക്കാൻ മദ്യവിൽപ്പനശാലകൾ തുറക്കണ്ട

36

സർക്കാരിനു വരുമാനമുണ്ടാക്കാൻ മദ്യവിൽപ്പനശാലകൾ തുറക്കണ്ട : തോമസ് ഐസക്ക് .

നിശ്ചിത വരുമാനക്കാരായ ഇടത്തരക്കാരും കൂടുതൽ കൂലി ചോദിക്കാൻ നിർബന്ധിതരാകുന്ന കൂലിപ്പണിക്കാരും തമ്മിലുണ്ടാകുന്ന സ്വാഭാവിക സംഘർഷങ്ങൾ വർഗ്ഗ മുന്നണിയിൽ ഭിന്നിപ്പുണ്ടാക്കുന്നുവെന്നും അത് പിന്തിരിപ്പൻ ശക്തികളുടെ വളർച്ചയ്ക്ക് കാരണമാകുമെന്നും തോമസ്സ് ഐസ്ക്ക് കുറെ കാലങ്ങൾക്ക് മുമ്പ് ഒരു നിരീക്ഷണം നടത്തിയിരുന്നു. ഇ എം എസ്സ് മരണപ്പെട്ടതിനു ശേഷം കൂട്ടായ വിലപേശലിന്റെ അനിവാര്യതയെ കുറിച്ചു ഓർമ്മിപ്പിച്ച അപൂർവും രാഷ്ട്രിയ പ്രസ്തവനകളിൽ ഒന്നായിരുന്നു അത്. . എന്നാൽ കൂലിപ്പണിക്കാർ ന്യായവിരുദ്ധമായി കൂലി ചോദിക്കാനുണ്ടാകുന്ന സാഹചര്യം കണ്ടെത്താനോ പരിഹാരം കാണാനോ ഐസക്കും പാർട്ടിയും ശ്രമിക്കുന്നില്ല എന്നൊരു പരിഭവം എനിക്കുണ്ട് .

. രണ്ട് മാസം മുമ്പ് , വീട്ടിലെ മരങ്ങൾ കോതി വൃത്തിയാക്കുന്നതിനായി രണ്ട് തൊഴിലാളി സുഹൃത്തുക്കളെ ഏർപ്പാട് ചെയ്തിട്ടാണ് രാവിലെ ഞാൻ ഓഫീസിൽ പോയത്. ഉച്ചയായപ്പോഴേക്കും , ബാക്കി പണി പിറ്റേ ദിവസത്തേക്ക് മാറ്റിവച്ചു അവർ പോയെന്ന് അറിയിച്ചു കൊണ്ട് വീട്ടിൽ നിന്നും വിളി വന്നു . പല തവണയായി ഏതാണ്ട് ഒരു ദിവസത്തെ കൂലി വീതം അവർ രണ്ട് പേരും വാങ്ങുകയും ചെയ്ത് . ബാക്കി പണിക്കായി അടുത്ത ദിവസം വീണ്ടും വന്നു. എല്ലാം പറഞ്ഞു ഉറപ്പിച്ചതിനു ശേഷമാണ് പണിക്ക് നിർത്തിയത്. അന്നും കാര്യങ്ങൾ പഴയപ്പടിയായി . 10 മണിക്ക് ചായ കുടിക്കാൻ പോയപ്പോൾ ഒന്നു മിനുങ്ങിയായിരുന്നു . ഉച്ചയായപ്പോഴേക്കും മരം കയറാനാകാത്ത അവസ്ഥയായി . എന്തു ചെയ്യും?

കഠിനമായ കായികാദ്ധ്വാനം വേണ്ടി വരുന്ന പണി രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ ചെയ്യിക്കുന്ന രീതിയോട് എനിക്ക് യോജിപ്പില്ല. 6 മണിക്കൂർ കായികാദ്ധ്വാനത്തിന് ഒരു ദിവസത്തെ കൂലിക്കും അർഹതയുണ്ട്. എന്നാലും വേണം എല്ലാറ്റിനും ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും. പീസ് വർക്കുകൾ ചെയ്ത് കൂടുതൽ കൂലി വാങ്ങുക , ഉച്ചയ്ക്ക് മുമ്പ് പണി നിർത്തി അടിച്ചു പാമ്പാവുക. തൊട്ടടുത്ത ദിവസം വീണ്ടും രാവിലെ മുതൽ അടി തുടങ്ങുക….! നമ്മുടെ തൊഴിലാളി സുഹൃത്തുക്കളിൽ അത്ര ന്യൂനപക്ഷമല്ലാത്ത ഒരു വിഭാഗം ഏതാണ്ട് ഇങ്ങനെയാണ് മുന്നോട്ട് പോകുന്നത്.

കേരളത്തിന്റെ സാമൂഹ്യ- സാമ്പത്തിക ജിവിതത്തിൽ മദ്യം ഏൽപ്പിക്കുന്ന ആഘാതം എത്രകണ്ട് മാരകമാണെന്നു തിരിച്ചറിയാൻ ഈ ഉദാഹരണം മതിയാകുമോ എന്നെനിക്കറിയില്ല. ഏതായാലും ഇനി പഴയത് പോലെ നമ്മുക്ക് മുന്നോട്ട് പോകാൻ കഴിയില്ല. എല്ലാറ്റിനം ആപ്പായില്ലെ . കുടിയൻമാർക്കായി മുന്തിയ ഇനം ചില ആപ്പുകൾ വികസിപ്പിക്കാൻ കാലമായി . കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചത് പോലെ വൈകുന്നേരം 5.30 മുതൽ രാത്രി 9.30 വരെ പ്രവർത്തിക്കുന്ന , കള്ള് മുതൽ സ്കോച്ച് വരെ ലഭിക്കുന്ന , ദേവാലയം പോലെ വിശുദ്ധവും മെട്രോ പബ്ബുകൾ പോലെ മനോഹരവുമായ ഒരു പതിനായിരം ഷാപ്പുകൾ സംസ്ഥാനത്തൊട്ടാകെ തുടങ്ങട്ടെ . തമ്പ് ഇംപ്രഷൻ വഴിയോ ATM കാർഡുകൾ പോലെയുള്ള കാർഡുകൾ വഴിയോ ഒരോ ഉപഭോക്താവിനും ഇത്ര മില്ലി മദ്യം എന്നു ക്രമപ്പെടുത്തട്ടെ . വീടും നാടും തുലയ്ക്കുന്ന ഒടുക്കത്തെ കുടിക്ക് ഒരു അറുതിയാകട്ടെ .

സർക്കാരിനു ധന നഷ്ടമെന്ന വാദം ശുദ്ധ ഭോഷ്ക്കത്തരമാണ്. ദാരിദ്ര്യ ലഘൂകരണ രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ കഴിഞ്ഞ 14 വർഷത്തിനുള്ളിൽ കുറഞ്ഞത് 30 കോടി രൂപയെങ്കിലും ഞാൻ മുഖാന്തിരം സർക്കാർ ചിലവഴിച്ചിട്ടുണ്ട്. അതിൽ 20 കോടിയും മദ്യം തകർത്ത കുടുംബങ്ങൾക്ക് വേണ്ടിയാണ് ചില വഴിച്ചത്. ഒടുക്കത്തെ കുടി ഇല്ലാതാക്കുന്നതോടെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ തുക നീക്കിവയ്ക്കാൻ കഴിയും .ഒരു ഷാപ്പ് നന്നായാൽ ഒരു നാട് നന്നാവും .

Advertisements