ലോകത്തെ തന്നെ ഏറ്റവും വലിപ്പം കൂടിയ കരിങ്കൽ ക്വറി കണ്ടോ ? ഇങ്ങനെ വേണം ക്വറികൾ ഉണ്ടാക്കേണ്ടത്

241

Vinaya Raj V R

അമേരിക്കൻ ഐക്യനാടുകളിൽ ചിക്കാഗോയ്ക്ക് തെക്കായി ഇല്ലിനോയ്സ് സംസ്ഥാനത്തുള്ള ഒരു കരിങ്കൽ ക്വാറിയാണ് തോൺടൺ ക്വാറി (Thornton Quarry). രണ്ടര കിലോമീറ്റർ നീളവും ഒരുകിലോമീറ്റർ വീതിയുമുള്ള ഈ ക്വാറിക്ക് ഏറ്റവും കൂടിയസ്ഥലത്ത് 137 മീറ്റർ ആഴമുണ്ട്. 1928 മുതൽ ഈ ക്വാറി ഇവിടെ പ്രവർത്തിക്കുന്നു. ലോകത്തെ തന്നെ ഏറ്റവും വലിപ്പം കൂടിയ കരിങ്കൽ ക്വറിയാണിത്. ഇതിന്റെ മുകളിൽ മധ്യഭാഗത്തുകൂടി ഒരു വലിയ അന്തർസംസ്ഥാനപാത കടന്നുപോകുന്നുമുണ്ട്.

ഇതുപോലെയാണ് കരിങ്കൽക്വാറികൾ ഉണ്ടാക്കേണ്ടത്, സമതലങ്ങളിൽ നിരപ്പായ പ്രദേശത്ത്. കൃത്യമായി അതിരുകൾ തിരിച്ച്, താഴേക്ക് വേണം ഖനനം ചെയ്യാൻ. ഇതൊക്കെ ചെയ്യണമെങ്കിൽ ആദ്യം തന്നെ ഒരു കാര്യം ചെയ്യേണ്ടതുണ്ട്. കരിങ്കൽ നമുക്ക് അത്യാവശ്യവസ്തുവാണെന്നു സമ്മതിക്കലാണത്, അതോടെ പകുതി പ്രശ്നം തീർന്നു. റോഡ്, വീട്, സ്കൂൾ, ആശുപത്രി, റെയിൽവേ ഇതെല്ലാം നിർമ്മിക്കാൻ കരിങ്കല്ലും അതിൽനിന്നും ഉണ്ടാക്കുന്ന മെറ്റലും ഉണ്ടായേ പറ്റൂ. വേറൊരു വസ്തുവും ഇതിനുപകരം വയ്ക്കാൻ ഇന്നോളം കണ്ടെത്തിയിട്ടില്ല. ഭാഗ്യത്തിന് ഭൂമിയിൽ ഇതുസുലഭമാണുതാനും. നമ്മുടെ നാട്ടിൽ ചെയ്യുന്നതുപോലെ മലമുകളിൽ കല്ലുപൊങ്ങിനിൽക്കുന്നിടത്തെല്ലാം പൊട്ടിച്ച് ലാഭത്തിൽ കിട്ടാവുന്നിടത്തോളം എടുത്ത് ഉപേക്ഷിക്കുകയല്ല ശാസ്ത്രീയമായി ചെയ്യേണ്ടുന്ന രീതി.

Thornton Quarry transformation part of 'largest civil engineering ...എറണാകുളത്തിന്റെ സമീപത്ത് എവിടെയെങ്കിലും ആണ് നമുക്ക് ഇതുപോലൊരു ക്വാറി ഉണ്ടായിരുന്നെങ്കിൽ എന്നൊന്ന് ഓർത്തുനോക്കൂ. പ്രളയകാലത്ത് പെരിയാർ കവിഞ്ഞുവരുന്നജലം നമുക്കതിൽ നിറയ്ക്കാമായിരുന്നു. വെള്ളപ്പൊക്കം ഇല്ലാതാകും, വേനലിലേക്ക് കുടിക്കാനും വ്യാവസായികാവശ്യത്തിനും ഉപയോഗിക്കാനാവും. അതുമല്ലെങ്കിൽ വില കുറച്ചുകിട്ടുന്ന കാലത്ത് പെട്രോളിയം ഇറക്കുമതി ചെയ്ത് ക്രൂഡിന്റെ സ്റ്റോക്ക് ഉണ്ടാക്കിവയ്ക്കാനാവും. പകരം നമ്മൾ പശ്ചിമഘട്ടത്തിനുമുകൾനിരയിലെ പാറകൾ നാടുനീളെ ഓടിനടന്നു പൊട്ടിച്ചുതീർക്കുന്നു. അവിടത്തെ കാടുകളും ജൈവവൈവിധ്യവും നശിപ്പിക്കുന്നു.

Thornton Quarry IMG_7597_smaller | F.H. Paschen Commercial ...തോൺടൺ ക്വാറിയിൽ ശേഖരിക്കാൻ കഴിയുന്ന ജലത്തിന്റെ അളവ് മൂന്നുകോടി ക്യുബിക് മീറ്ററാണ്, അതായത് ഏതാണ്ട് മുവായിരം കോടി ലിറ്റർ ജലം. പെരിയാർ ഇതിലേക്ക് നേരേ തുറന്നുവിട്ടാൽ നിറയാൻ ശരാശരി ഒഴുക്കിൽ ഒരുദിവസത്തിലേറെ വേണം. ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കരിങ്കല്ലിന്റെ ഉപയോഗം ഇനിയും ദിവസേന കൂടിക്കൊണ്ടിരിക്കും. സമൂഹത്തിലെ സാമ്പത്തികമായി ഉയർന്നനിലയിലുള്ള വളരെ ചെറിയൊരു ശതമാനത്തിനുമാത്രമാണ് നമ്മുടെ നാട്ടിൽ താമസയോഗ്യമായ വീടുകൾ ഉള്ളൂ. കേന്ദ്രഽകേരളസർക്കാരുകളുടെ പ്രഖ്യാപിതനയം കൂടിയാണ് ഏവർക്കും വീടുകൾ. കനത്തമഴയുള്ള നമ്മുടെ നാട്ടിൽ പേടികൂടാതെ ജീവിക്കാൻ പറ്റുന്നത് കോൺക്രീറ്റ് വീടുകളിൽ തന്നെയാണു താനും.

Quarry serves as flood water reservoirക്വാറികൾ ഉണ്ടാക്കുന്നതെങ്ങനെ?  

 

പാറ തേടി ചന്ദ്രനിലേക്കും ചൊവ്വയിലേക്കും വിദേശപര്യടനം നടത്താൻ കച്ച കെട്ടുന്നവർ വായിക്കാൻ വിശ്വപ്രഭയുടെ (Viswa Prabha)ലേഖനം 

പഞ്ചായത്തിലെ കണ്ണായ ഭാഗത്തു് ഒരു 2 ഏക്കർ സ്ഥലം (100 x 80 മീറ്റർ) കണ്ടെത്തി പൊന്നുംവിലയ്ക്കു് ഏറ്റെടുക്കുക.അവിടെ നല്ല വൃത്തിയായി ചതുരത്തിൽ തന്നെ കുഴിച്ചുതുടങ്ങുക.പത്തോ ഇരുപതോ മീറ്റർ താഴേക്കു പോവട്ടെ.നാലോ അഞ്ചോ മീറ്റർ ആഴമെത്തിയാൽ കരിങ്കല്ലു കാണും.അതുവരെ കിട്ടുന്ന മണ്ണും ചെല്ലിയും ചെങ്കല്ലുണ്ടെങ്കിൽ അതും എല്ലാം പുറത്തെടുക്കുക.പാറ കണ്ടുതുടങ്ങിയാൽ പ്രൊഫഷണലായിത്തന്നെ അതും മുറിച്ചെടുക്കുക.ഇങ്ങനെ മൂന്നോ നാലോ കൊല്ലം തുടരേണ്ടി വന്നേക്കാം.ഈ മണ്ണും കല്ലും എല്ലാം അതേ പഞ്ചായത്തിലെ നിർമ്മാണപ്രവർത്തനങ്ങൾക്കു് ഉപയോഗിക്കാം. ശരിയായ വിലയിട്ടു് ശരിയായ മാർഗ്ഗത്തിലൂടെ വിറ്റു പങ്കുവെക്കുക.മുൻനിശ്ചയിച്ച ആഴമെത്തിക്കഴിഞ്ഞാൽ സൈറ്റ് മനോഹരമായി ഡെവലപ് ചെയ്തു് അരികു കെട്ടുക. ചുറ്റും രണ്ടോ മൂന്നോ മീറ്ററിൽ വാക്ക്‌വേ പണിയുക.

അതിന്റെ അരികത്തു് ഒരു വരി പൂച്ചെടികളോ പച്ചക്കറികളോ ഇടത്തരം തണൽമരങ്ങളൊ ഫലവൃക്ഷങ്ങളോ നട്ടുപിടിപ്പിക്കുക.പതിപ്പറ്റുമീറ്റർ ഇടവിട്ട് സിമന്റു്/ കരിങ്കല്ല് ബെഞ്ചുകൾ പണിതുവെക്കുക.അവിടെത്തന്നെ ഒരറ്റത്തു് സ്റ്റാൻഡേർഡ് ആയി ഡിസൈൻ ചെയ്ത മൂന്നോ നാലോ കൊച്ചു പുരകൾ (പഴയ കണ്ടെയ്നറുകൾ റീ-ഫോർമാറ്റ് ചെയ്തതായാലും മതി) പണിയുക. അതിലൊരെണ്ണം ഒരു മിനി ഹെൽത്ത് കം സേഫ്റ്റി റൂം. 24/7-ൽ വിദഗ്ദ്ധപരിശീലനം ലഭിച്ച ഒരു നഴ്സ് (സ്ത്രീയോ പുരുഷനോ ആവാം) അവിടെയുണ്ടാവും. കൊച്ചുങ്ങൾക്കു് വാക്സിൻ എടുക്കുന്നതുമുതൽ ആ ചുറ്റുവട്ടത്തു് ആളുകൾക്കു് ആവശ്യമുള്ള കൊച്ചുചികിത്സകളും പ്രഥമശുശ്രൂഷയും എല്ലാം അവർ നോക്കും.മറ്റൊരെണ്ണത്തിൽ ഒരു ബീറ്റ് പോലീസുകാരനോ സിറ്റിസൺ കാഡറ്റോ ഉണ്ടാവട്ടെ.

മൂന്നാമത്തേതിൽ പഞ്ചായത്ത് / വില്ലേജ് തുടങ്ങിയ സർക്കാർ വക ഡോക്യുമെന്റേഷൻ കാര്യങ്ങളൊക്കെ ഓൺലൈനിൽ ചെയ്യാൻ സഹായിക്കുന്ന (അക്ഷയ മോഡൽ) ഒരു സർവ്വീസ് സെന്റർ.ഇനിയും വേണമെങ്കിൽ ഏറ്റവും ആവശ്യം വരുന്ന ലൊട്ടുലൊടുക്കുസാധങ്ങൾക്കു മാത്രമായി ഒരു കൊച്ചുന്യായവില ഷോപ്പ്. അല്ലെങ്കിൽ സിമ്പിൾ ചായ/ജ്യൂസ് കട.(ഇവയെല്ലാം കർശനമായ മാനദണ്ഡങ്ങളോടെ ഔട്ട്സോഴ്സ് ചെയ്യാം)കുളത്തിൽ വർഷക്കാലത്തു് മഴവെള്ളം പിടിച്ചുവെക്കട്ടെ. വേനലിൽ ജലസേചനത്തിനോ കുടിവെള്ളത്തിനോ ഉപയോഗിക്കട്ടെ.ഒരു മൂലയിൽ ചെറിയൊരു ഭാഗം ലോഹക്കൂടിനുള്ളിലോ മറ്റോ വേർതിരിച്ച് കുഞ്ഞുങ്ങൾക്കു് നീന്തൽ പഠിക്കാനുള്ള പൂൾ ആക്കട്ടെ.പറ്റിയാൽ മത്സ്യം വളർത്തട്ടെ.എന്നിട്ടു്, വൈകുന്നേരം അഞ്ചുമണിയാവട്ടെ.റിട്ടയർ ചെയ്തോ ഗൾഫിൽനിന്നു് നീരുവറ്റിയോ ഒക്കെ ബാക്കിവന്ന, വേറെ പണിയൊന്നുമില്ലാത്തതിനാൽ വാട്ട്സാപ്പിലും ടീവി സീരിയലിലും കിടന്നു ജന്മം കോഞ്ഞാട്ടയാക്കുന്ന, പെൻഷൻ തുകയ്ക്കല്ലാതെ വീട്ടിൽ വേറെ ആർക്കും ആവശ്യമില്ലാത്ത, മൂപ്പീന്നുമാരും മൂപ്പത്തിമാരും ആ ബെഞ്ചുകളിൽ വന്നിരുന്നു് അന്യോന്യം സങ്കടപ്പൊതികളഴിക്കുകയോ വായുഗുളിക പങ്കുവെക്കുകയോ രാഷ്ട്രീയമോ ഈശ്വരകാര്യമോ പറയുകയോ ചെയ്യട്ടെ.

അവർ നോക്കിയിരിക്കേ കുഞ്ഞുങ്ങൾ അവിടെ ഓടിക്കളിക്കുകയോ സൈക്കിൾ ചവിട്ടിപ്പഠിക്കുകയോ ചെയ്യട്ടെ!നാട്ടിൽ മഷിയിട്ടുനോക്കിയാൽ കിട്ടാത്ത ആ പഴയ സോഷ്യൽ സ്പേസ് തിരിച്ചുപിടിക്കട്ടെ. അയൽക്കാരൻ അയൽക്കാരനെ തിരിച്ചറിയട്ടെ.മറ്റാരെയും കാണാതെ ബോറടിച്ച് പരസ്പരം മനഃശ്വാസം മുട്ടി സഹിക്കാതാവുമ്പോളത്തെ ടീവി സീരിയൽ മോഡൽ വീട്ടുകലഹങ്ങൾ ഒഴിവാവട്ടെ!വിജയകരമായി നടപ്പാക്കാം എന്ന ആത്മവിശ്വാസമുണ്ടെങ്കിൽ ഒരു നൂറോ ആയിരമോ പതിനായിരമോ വാർഡുകളിൽ ഇത്തരം സോഷ്യൽ മീറ്റിങ്ങ് പോയിന്റുകൾ ഉയർന്നു വരട്ടെ!

ഐഡിയ കൊള്ളാമെന്നു തോന്നുന്നുണ്ടെങ്കിൽ ചുമ്മാ ഷെയറു്! ആരെങ്കിലുമൊക്കെ വായിക്കട്ടെ. എവനെങ്കിലുമൊക്കെ മണ്ടയിൽ തെളിയട്ടെ! ഏതെങ്കിലും മൾട്ടിനാഷണലുകളുടെ കണ്ണിൽ പെട്ടാൽ അവരെങ്കിലും ഒരു വർക്കിങ്ങ് പ്ലാൻ ഉണ്ടാക്കിക്കൊണ്ടന്നുതരും. തക്കവും തരവുമൊക്കെ നോക്കി DPRഉം ഫയലും ബില്ലും ഒക്കെ വഴിപോലെ ഒപ്പിട്ടുകൊടുത്താൽ ചെലപ്പോ അമ്മായിയപ്പന്റെ ബിനാമി അക്കൗണ്ടിലേക്കു് 20% കമ്മീഷനും ഒത്തുകിട്ടും!