അണക്കെട്ട് ഭൂമിയുടെ ഭ്രമണവേഗത കുറയ്ക്കുന്നു

സാബു ജോസ് ഫേസ്ബുക്കിൽ എഴുതിയത് 

ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ചൈനയിലെ യാങ്‌സീ നദിയിലെ ത്രീ ഗോര്‍ജസ് അണക്കെട്ട്. അതുമാത്രമല്ല ഈ ഭീമന്‍ അണക്കെട്ടിന്‍രെ പ്രത്യേകത. റിസര്‍വോയറില്‍ സംഭരിച്ചിരിക്കുന്ന ജലത്തിന്റെ ഭാരം ഭൂമിയുടെ ഭ്രമണവേഗതയില്‍ കുറവുണ്ടാക്കുകയും അക്കാരണത്താല്‍ ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 574 അടി ഉയരത്തിലാണ് ഈ അണക്കെട്ടില്‍ ജലം കെട്ടിനിര്‍ത്തിയിരിക്കുന്നത്. 22,500 മെഗാവാട്ട് വൈദ്യുതിയാണ് പവര്‍‌സ്റ്റേഷനില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നത്. രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ഹൂവര്‍ ഡാമില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ പതിനൊന്ന് മടങ്ങാണിത്. ഡാമിന്റെ റിസര്‍വോയറിന്റെ ശരാശരി നീളം 660 കിലോമീറ്ററും വീതി 1.12 കിലോമീറ്ററുമാണ്. 1084 ചതുരശ്രകിലോമീറ്റര്‍ ഉപരിതല വിസ്തൃതിയുള്ള റിസര്‍വോയറിന്റെ ജലസംഭരണശേഷി 39.3 ക്യുബിക് കിലോമീറ്ററാണ്. ഇത് ഏകദേശം 4200 കോടി മെട്രിക് ടണ്‍ വരും. ഒരു ചെറിയ പ്രദേശത്ത് ഇത്രയധികം ജലം കെട്ടിനിര്‍ത്തുന്നത് ഭൂമിയുടെ ജഡത്വത്തെ സ്വാധീനിക്കും. അച്ചുതണ്ടിനെ ആധാരമാക്കി ഭൂമിയുടെ ധ്രുവങ്ങളുടെ സ്ഥാനം രണ്ട് സെന്റിമീറ്റര്‍ മാറ്റുന്നതിനും (Axial tilt) ഭൂമിയുടെ ‘മോമെന്റ് ഓഫ് ഇനര്‍ഷ്യ’ നേരിയ തോതില്‍ വര്‍ധിക്കുന്നതിനും ഇതുകാരണമാകും. വേഗത്തില്‍ കറങ്ങുന്ന ഒരു ഡാന്‍സര്‍ വീഴാതിരിക്കാന്‍ കൈകള്‍ വിരിച്ചുപിടിക്കുന്നതിനു സമാനമാണിത്. മോമെന്റ് ഓഫ് ഇനര്‍ഷ്യവര്‍ധിക്കുന്നതിന് ആനുപാതികമായി ഭൂമിയുടെ ഭ്രമണ വേഗത കുറയും. ഭൂമിയുടെ ഭ്രമണവേഗത കുറയുമ്പോള്‍ ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ധിക്കും. 0.06 മൈക്രോസെക്കന്റാണ് ഈ വര്‍ധനവ്. ഈ വര്‍ധനവ് അത്ര അധികമൊന്നുമില്ലെങ്കിലും കൃത്യമായി അളക്കാന്‍ കഴിയുന്നതാണ്. മനുഷ്യരുടെ ഇടപെടലുകള്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളെ വരെ സ്വാധീനിക്കുന്നുണ്ടെന്നതിനുള്ള വ്യക്തമായ സൂചനയാണ് ത്രീ ഗോര്‍ജസ് അണക്കെട്ട് നല്‍കുന്നത്.

ത്രീ ഗോര്‍ജസ് അണക്കെട്ട് (Three Gorges Dam)

വടക്കന്‍ ചൈനയിലെ യിചാംഗ്, ഹ്യൂബേ പ്രവിശ്യയില്‍ യില്ലിംഗ് ജില്ലയില്‍ യാങ്‌സീ നദിയ്ക്കു കുറുകെയാണ് ത്രീ ഗോര്‍ജസ് അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. മാവോ സേ ദോംഗിന്റെ സ്വപ്ന പദ്ധതിയായിരുന്നു ഇത്. 1994 ഡിസംബര്‍ 14 ന് ആരംഭിച്ച നിര്‍മാണം പൂര്‍ത്തിയായത് 2008 ലാണ്. ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോ-ഇലക്ട്രിക് പവര്‍‌സ്റ്റേഷന്‍ ഇവിടെയാണ്. 22,500 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന പവര്‍‌സ്റ്റേഷന്‍ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമായത് 2012 നവംബര്‍ 27 നാണ്. ഉള്‍നാടന്‍ ജലഗതാഗതം, വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം, കുടിവെള്ള വിതരണം, വ്യവസായം, കൃഷി എന്നീ മേഖലകളില്‍ വലിയ സംഭാവനയാണ് ഈ അണക്കെട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. 3700 കോടി യു.എസ് ഡോളറാണ് ഡാമിന്റെ നിര്‍മാണച്ചെലവ്. 594 അടി ഉയരമുള്ള ഡാമിന്റെ നീളം 2335 മീറ്ററും അടിഭാഗത്തെ വീതി 115 മീറ്ററുമാണ്. മുകള്‍ഭാഗത്ത് 40 മീറ്റര്‍ വീതിയുണ്ട്. സെക്കന്റില്‍ 41 ലക്ഷം ക്യുബിക് അടിയാണ് (1,16,000m3/s) സ്പില്‍വേയുടെ ശേഷി. ജലസംഭരണ ശേഷി 39.3 ക്യുബിക് കിലോമീറ്ററാണ്. 700 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന 32 ഫ്രാന്‍സിസ് ജനറേറ്ററുകളും 50 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന രണ്ട് ചെറിയ ജനറേറ്ററുകളും പവര്‍‌സ്റ്റേഷനിലുണ്ട്. വലിയ ജനറേറ്ററുകള്‍ക്ക് 6000 ടണ്‍ വീതം ഭാരവും 80.6 മീറ്റര്‍ ഉയരവും 10.4 മീറ്റര്‍ വ്യാസവുമുണ്ട്. 27.2 മില്യണ്‍ ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റാണ് ഡാമിന്റെ നിര്‍മാണത്തിനുപയോഗിച്ചിട്ടുള്ളത്. കൂടാതെ 4,63,000 ടണ്‍ ഇരുമ്പും ഉപയോഗിച്ചിട്ടുണ്ട്. നിര്‍മാണത്തിനിടെ 102.6 മില്യണ്‍ ക്യുബിക് മീറ്റര്‍ മണ്ണ് ഡാംസൈറ്റില്‍ നിന്ന് നീക്കിയിട്ടുണ്ട്.
ഒരു ചരിത്ര വിസ്മയമായാണ് ത്രീ ഗോര്‍ജസ് കണക്കാക്കപ്പെടുന്നത്. ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യാണ് ഈ ഗ്രാവിറ്റി ഡാമിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ത്രീ ഗോര്‍ജസിന്റെ പ്രസക്തി

യാങ്‌സീ നദിയിലുണ്ടാകുന്ന വെള്ളപ്പൊക്കം കുപ്രസിദ്ധമാണ്. ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിസ്ഥലം വെള്ളത്തിനടിയിലാകുന്നത് സാധാരണമാണ്. നിരവധി ജീവനുകളും യാങ്‌സീ അപഹരിച്ചിട്ടുണ്ട്. 1954 ലെ വെള്ളപ്പൊക്കത്തില്‍ 1,93,000 ചതുരശ്ര കിലോമിറ്റര്‍ പ്രദേശമാണ് വെള്ളത്തിനടിയിലായത്. 33,169 ആളുകള്‍ മരണമടയുകയും 1,88,84,000 ആളുകള്‍ പലായനം ചെയ്യുകയുമുണ്ടായി. 80 ലക്ഷം ജനസംഖ്യയുള്ള വുഹാന്‍ നഗരം മൂന്നുമാസം വെള്ളത്തിനടിയിലായിരുന്നു. റെയില്‍ ഗതാഗതം നൂറു ദിവസം നിര്‍ത്തിവച്ചു. 1998 ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടമുണ്ടായി. 23 ലക്ഷം ആളുകളെ ബാധിച്ച ആ വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടമായത് 1526 ആളുകള്‍ക്കാണ്. കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടം കണക്കുകള്‍ക്കപ്പുറമാണ്. എന്നാല്‍ ത്രീ ഗോര്‍ജസ് യാഥാര്‍ഥ്യമായതോടെ വുഹാന്‍ നഗരവും പരിസരപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് മുക്തമായി. സമീപകാലത്തുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമായ 2010 ലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ ത്രീ ഗോര്‍ജസിനു കഴിഞ്ഞു. യാങ്‌സീ നദിയിലും അതിന്റെ പോഷക നദികളിലും കൂടിയുള്ള കപ്പല്‍ ഗതാഗതവും മറ്റു ജലഗതാഗത സംവിധാനങ്ങളും അഭിവൃദ്ധി പ്രാപിക്കുന്നതിനും ത്രീ ഗോര്‍ജസ് സഹായിക്കുന്നുണ്ട്. കൃഷിക്കും വ്യവസായങ്ങള്‍ക്കും ആവശ്യമായ ശുദ്ധജലം ഉറപ്പുവരുത്തുന്നതിനും വരള്‍ച്ച നിയന്ത്രിക്കുന്നതിനും കുടിവെള്ള വിതരണത്തിനും ഈ അണക്കെട്ട് കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി എന്ന ബഹുമതിക്കു പുറമെയാണ് ഇവയെല്ലാം.

ത്രീ ഗോര്‍ജസ് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍

മറ്റേതൊരു ജലസംഭരണിയുമെന്നപോലെ ത്രീ ഗോര്‍ജസും നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുന്നുണ്ട്. പവര്‍‌സ്റ്റേഷനില്‍ നിന്നു പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രിക് ഓക്‌സൈഡ്, മെര്‍ക്കുറി, സള്‍ഫര്‍ ഡയോക്‌സൈഡ് എന്നീ വാതകങ്ങള്‍ അന്തരീക്ഷ താപവര്‍ധനവിന് കാരണമാകുന്നുണ്ട്. യാങ്‌സീ നദിയിലുണ്ടാകുന്ന വെള്ളപ്പൊക്കം വന്‍ ദുരന്തമാണുണ്ടാക്കുന്നതെങ്കിലും അത് അവശേഷിപ്പിക്കുന്ന ഫലഭൂയിഷ്ടമായ ഡെല്‍റ്റ ത്രീ ഗോര്‍ജസ് കാരണം നഷ്ടമായിരിക്കുകയാണ്. മണ്ണൊലിപ്പും ഭൂകമ്പഭീഷണിയും മറ്റേതൊരു അണക്കെട്ടിനേയും പോലെ ത്രീ ഗോര്‍ജസിനും ബാധകമാണ്. ഈ പ്രദേശത്ത് 1950 ല്‍ ഉണ്ടായിരുന്ന വനസമ്പത്തിന്റെ പത്തുശതമാനം മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. ആവാസ വ്യവസ്ഥകളാകെ താറുമാറായിക്കഴിഞ്ഞു. 6388 സസ്യ സ്പീഷിസുകള്‍ വംശനാശ ഭീഷണി നേരിടുകയാണ്. ഇവയില്‍ പലതും ചൈനീസ് മെഡിസിനില്‍ ഉപയോഗിക്കുന്ന അപൂര്‍വ ഇനം ഔഷധ സസ്യങ്ങളാണ്. ജലത്തിന്റെ താപനിലയിലുണ്ടാകുന്ന മാറ്റം കാരണം ശുദ്ധജല മത്സ്യങ്ങള്‍ക്കും ഡാം ഭീക്ഷണിയാണ്. പല ജലജീവികളും വംശനാശം സംഭിവിക്കുകയോ വംശനാശ ഭീക്ഷണിയുടെ നിഴലിലോ ആണ് ഇപ്പോഴുള്ളത്. 27 ശതമാനം മത്സ്യങ്ങളും അപകടാവസ്ഥയിലാണുള്ളത്. ചൈനീസ് റിവര്‍ ഡോള്‍ഫിന് വംശനാശം സംഭവിച്ചുകഴിഞ്ഞു. മൂവായിരത്തിനും നാലായിരത്തിനും ഇടയില്‍ സൈബീരിയന്‍ കൊക്കുകള്‍ മാത്രമേ ഇപ്പോള്‍ ഈ മേഖലയില്‍ അവശേഷിക്കുന്നുള്ളൂ.

ഇതു കൂടാതെ ചൈനയുടെ പടിഞ്ഞാറുഭാഗത്തുള്ള ഗോബി മരുഭൂമി വലുതായിക്കൊണ്ടിരിക്കുന്നതിനും കാരണം ഈ അണക്കെട്ടാണ്. ആ പ്രദേശത്തേക്കുള്ള നദികളുടെ പാത തടയുകയോ വഴി തിരിച്ചുവിടുകയോ ചെയ്തതുകൊണ്ടാണിത്. വര്‍ഷം തോറും 1400 ചതുരശ്ര മൈല്‍ വിസ്തൃതിയിലാണ് മരുഭൂമി വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയ്ക്കും ആ അണക്കെട്ട് ഭീഷണിയാണ്. ബഹ്മപുത്ര നദിയിലെ (ചൈനയില്‍ സാങ്‌പോ) നീരൊഴുക്ക് അപകടകരമായ നിലയിലേക്ക് താഴുന്നതിനും ജലത്തിന്റെ ലവണാംശം വര്‍ധിക്കുന്നതിനും ഈ അണക്കെട്ട് കാരണമായിട്ടുണ്ട്. ഹാന്‍ നദിയിലെ ജലത്തിന്റെ ഗുണനിവാരം കുറയ്ക്കുന്നതിനും ഈ നദിയില്‍ വെള്ളപ്പൊക്കത്തിനും ത്രീ ഗോര്‍ജസ് കാരണാകുന്നുണ്ട്. നിലവില്‍ ചൈനയിലെ ശുദ്ധജലത്തിന്റെ 70 ശതമാനവും മലിനമാക്കപ്പെട്ടതാണ്. ഈ തോത് വര്‍ധിപ്പിക്കുന്നതിനും ഈ പ്രോജക്ട് കാരണമാകുന്നുണ്ട്. റിസര്‍വോയര്‍ സ്ഥിതിചെയ്യുന്നത് അഞ്ച് പ്രധാന ഭ്രംശരേഖകള്‍ക്കു മുകളിലായാണ്. 2008 ല്‍ 70,000 ആളുകളുടെ മരണത്തിനു കാരണമായ ഭൂകമ്പത്തിന്റെ എപ്പിസെന്ററും ഡാമിനടിയിലാണ്. ഊര്‍ജോല്‍പാദനം വലിയൊരു കാര്യം തന്നെയാണ്. എന്നാല്‍ ജല ദൗര്‍ലഭ്യം അതിലും വലിയ കാര്യമാണ്. വടക്കന്‍ ചൈനയില്‍, ചൈനയുടെ ആകെ ജനസംഖ്യയുടെ പകുതിയും ജീവിക്കുന്നുണ്ട്. എന്നാല്‍ ഇവരില്‍ 15 ശതമാനം ആളുകള്‍ക്കു മാത്രമേ ശുദ്ധജലം ലഭ്യമാകുന്നുള്ളൂ. 13 വലിയ പട്ടണങ്ങള്‍, 140 ചെറിയ നഗരങ്ങള്‍, 1600ല്‍ പരം ഗ്രാമങ്ങള്‍, കൃഷിസ്ഥലങ്ങള്‍, വനഭൂമി തുടങ്ങിയവയെല്ലാം വെള്ളത്തിനടിയിലായിക്കഴിഞ്ഞു. 13 ലക്ഷത്തില്‍ പരം ആളുകളെ ഇതിനകം മാറ്റിപ്പാര്‍പ്പിച്ചുകഴിഞ്ഞു. ഈ നടപടി തുടരുകയാണ് വീടും കൃഷിസ്ഥലങ്ങളും വിട്ടുകൊടുത്തവരില്‍ പലര്‍ക്കും മതിയായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്.

വൈദ്യുതോല്‍പാദനം, വെള്ളപ്പൊക്കനിയന്ത്രണം, ജലസേചനം, ഉള്‍നാടന്‍ ജലഗതാഗതം, വ്യവസായങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വളരെയധികം പ്രയോജനകരമായ പദ്ധതിയാണ് ത്രീ ഗോര്‍ജസ്. എന്നാല്‍ ഈ അണക്കെട്ടുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളും അത്രതന്നെ പ്രധാനമാണ്. ഭൂമിയുടെ ഭ്രമണത്തെപ്പോലും സ്വാധീനിക്കുന്നുണ്ടെന്നു പറയുമ്പോഴാണ് ഇത്തരം ഭീമന്‍ ജലസംഭരണികള്‍ ആവശ്യമാണോ എന്ന ചോദ്യമുയരുന്നത് പ്രാപഞ്ചിക പ്രതിഭാസങ്ങളെ വരെ താളം തെറ്റിക്കുന്ന തരത്തിലുള്ള നിര്‍മിതികള്‍ വലിയ ദുരന്തങ്ങളിലേക്കായിരിക്കും ലോകത്തെ നയിക്കുന്നത്

You May Also Like

എന്താണ് കാർ ബൂട്ട് വിൽപ്പന ? കാറിൽ വച്ചുള്ള ബൂട്ട് വില്പനയല്ല, പിന്നെന്താണ് ?

എന്താണ് കാർ ബൂട്ട് വിൽപ്പന ? പാശ്ചാത്യ രാജ്യങ്ങളിൽ ഏറെ ജനകീയമായ ഒരു സംരംഭമാണ് കാർ…

എങ്ങനെ ആണ് പെർഫ്യൂമു കൾക്കു ധാരാളം ‘വെറൈറ്റി’ സുഗന്ധങ്ങൾ കണ്ടെത്തുന്നത് ?

എങ്ങനെ ആണ് പെർഫ്യൂമു കൾക്കു ധാരാളം ‘വെറൈറ്റി’ സുഗന്ധങ്ങൾ കണ്ടെത്തുന്നത് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന…

ഉല്‍ക്കാശിലകൊണ്ട് ബാഗ്, വിലയറിഞ്ഞാൽ ഞെട്ടും

Anoop Nair ഉല്‍ക്കാശിലകൊണ്ട് ബാഗ് ! പലപ്പോഴും ഫാഷന്‍ രംഗത്തെ വന്‍കിട കമ്പനികള്‍ പുറത്തിറക്കുന്ന പുത്തന്‍…

ഉയരം കൂടിയ ഇലക്ട്രിക്ക് ലൈനുകളിൽ കാണുന്ന വലിയ ബോളുകൾ എന്താണ് ?

ഉയരത്തിലൂടെ പോവുന്ന ഇലക്ട്രിക്ക് ലൈനുകളിൽ ബോളുകൾ കാണാം. അത് ലൈനുകൾ തമ്മിൽ കൂട്ടി മുട്ടാതിരിക്കാനോ , അല്ലെങ്കിൽ പൊട്ടി നിലത്തു വീണാൽ നിലത്തു മുട്ടാതിരിക്കാൻ ഫ്യൂസ് പോലെ താനേ മുറിഞ്ഞു നീളം കുറയാനുള്ള എന്തോ സൂത്രം ആണെന്ന് കരുതേണ്ട.