ചെങ്ങന്നൂരിലെ മെൻസസ് ഫെസ്റ്റിവൽ അഥവാ തൃപ്പൂത്താറാട്ട്

93

RamanVarier Punnakkal

ചെങ്ങന്നൂരിലെ മെൻസസ് ഫെസ്റ്റിവൽ അഥവാ തൃപ്പൂത്താറാട്ട്.

ഒറ്റ ശ്രീകോവിലിനുള്ളിൽ ശിവപാർവതി പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവക്ഷേത്രം. കേരളത്തിൽ മറ്റെങ്ങുമില്ലാത്ത ഒരു ആചാരം ഈ ക്ഷേത്രത്തിൽ നടക്കുന്നു. തൃപ്പൂത്താറാട്ട് എന്നാണ് ഈ ആചാരത്തിന്റെ പേര്. ദേവി മെൻസസ് ആകുമ്പോൾ ആണ് ഈ ആചാരം കൊണ്ടാടുന്നത്. എന്നും മേൽശാന്തി പൂജചെയ്യുമ്പോൾ ദേവിയുടെ ഉടയാടയിൽ പിരിയഡ് ആയതിന്റെ അടയാളം കാണുകയാണെങ്കിൽ താഴമൺമഠത്തിലെ അന്തർജനത്തെ അറിയിക്കുന്നു.

ദേവി മെൻസസ് ആയോ എന്നു ഉറപ്പുവരുത്തുന്നത് അന്തർജനമാണ്. പിരിയേഡ് ആയെങ്കിൽ ശ്രീകോവിലിൽനിന്ന് വിഗ്രഹം തൃപ്പൂത്തറയിലേക്ക് മാറ്റും. പിന്നീടുള്ള പൂജകൾ അറയിലായിരിക്കും. നാലാംപക്കം വാദ്യമേളത്തോടുകൂടി മിത്രക്കടവിലേക്ക് എഴുന്നള്ളിച്ച് തൃപ്പൂത്താറാട്ട് നടത്തുന്നു. ദേവി പിരിയേഡ് ആയാൽ ക്ഷേത്രത്തിന് മുന്നിൽ അറിയിപ്പ് നൽകുന്നതിനൊപ്പം പത്രം വഴിയും ഭക്തജനങ്ങളെ അറിയിക്കുന്നു.

തിരുച്ചെഴുന്നള്ളിപ്പ് ആന, ചമയതാലപ്പൊലികളോടെ ആർഭാടപൂർവമാണ്. സെറ്റും മുണ്ടും ധരിച്ച് ഒരുങ്ങിയെത്തുന്ന ധാരാളം സ്ത്രീകൾ ചമയതാലപ്പൊലിയിൽ പങ്കെടുക്കും. മംഗല്യസൗഭാഗ്യവും കുടുംബസൗഭാഗ്യവും കിട്ടുമെന്നാണ് ഹിന്ദു ശാസ്ത്രം. . കുറച്ചുകാലം മുമ്പുവരെ ദേവിയുടെ ഈ ഉടയാട ഭക്തർക്ക് നൽകുമായിരുന്നു. ഉടയാട കിട്ടാനായി മുൻകൂർ ബുക്ക് ചെയ്യാം. നാല്പത് വർഷങ്ങൾക്കപ്പുറം വരെയുള്ള ബുക്കിങ് ആയി കഴിഞ്ഞു💪..

തൃപ്പൂത്താറാട്ട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മൺറോ സായ്പ് വരെ ഇതിൽ പങ്കാളിയായിട്ടുള്ളതാണ്. മൺറോ സായ്പിന്റെ കാലത്ത് തൃപ്പൂത്താറാട്ടിനുള്ള ഫണ്ട് വെട്ടിക്കുറച്ചിരുന്നത്രെ. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് രോഗപീഡ വന്നപ്പോൾ പ്രശ്നചിന്തയിൽ ദേവീകോപമാണെന്ന് തെളിഞ്ഞു. ദേവിക്ക് പനംതണ്ടൻവളകൾ പ്രായശ്ചിത്തമായി നടയ്ക്കുവെക്കുകയും എല്ലാ മലയാള വർഷാദ്യത്തെ തൃപ്പൂത്താറാട്ടിന്റെ ചെലവിനുള്ളത് അദ്ദേഹം നിക്ഷേപിക്കുകയും ചെയ്ത സംഭവവും ഇവിടെ വിശ്വാസികൾ പങ്കുവെക്കുന്നു.

ഈ പനംതണ്ടൻവളകൾ ആറൻമുളയിൽ ദേവസ്വംബോർഡിന്റെ സ്ട്രോങ് റൂമിലായിരുന്നു സൂക്ഷിച്ചിരുന്നത്. പിന്നീട് ഭക്തജനങ്ങളുടെ നിരന്തര അഭ്യർഥനയെ തുടർന്ന് മലയാളവർഷാരംഭത്തിലെ ആദ്യ തൃപ്പൂത്തിന് ദേവിക്ക് ഈ വളയും ഒഡ്യാണവും അങ്കിയും ചാർത്തി ദീപാരാധന നടത്താൻ തുടങ്ങി. ദേവിക്ക് പിരിയേഡ് തുടങ്ങി പന്ത്രണ്ട് ദിവസം ദേവിയുടെ ഇഷ്ടവഴിപാടായ ഹരിദ്ര പുഷ്പാഞ്ജലിയ്ക്കും വൻതിരക്കാണ്.

ശബരിമലയാത്രയ്ക്കിടയിൽ വഴിത്താവളങ്ങളിലൊന്നാണ് ചെങ്ങന്നൂർ. ധനുമാസത്തിലെ തിരുവാതിരയിലാരംഭിച്ച് മകരമാസത്തിലെ തിരുവാതിരയ്ക്ക് അവസാനിക്കുന്ന ഉത്സവമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ഉത്സവം. പിന്നെ ശിവരാത്രിയും തുലാസംക്രമനെയ്യാട്ടും ചിത്രപൗർണമിയും ആഘോഷിക്കുന്നു.