ത്രികോണ പ്രണയം, ആരും നിരാശപ്പെട്ടില്ല, അവർ മൂവരും ഒന്നായി , കപ്പിൾ അല്ല ത്രപ്പിൾ

391

കെട്ടുകഥയോ സിനിമയോ അല്ല, ബ്രസീലിൽ നിന്നുള്ള രണ്ട് ആത്മാർഥ സുഹൃത്തുക്കളുടെ ജീവിതമാണ്, ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയാകുന്നത്..ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയാറില്ലേ, ഇവരുടെ ജീവിതത്തിൽ സംഭവിച്ചതും അത് തന്നെയായിരുന്നു. ആത്മാർഥ സുഹൃത്തുക്കൾ അവധി ആഘോഷിക്കുന്നതിനിടെ ഒരു പെൺകുട്ടിയെ കണ്ട് മുട്ടി. രണ്ട് പേർക്കും ആദ്യ കാഴ്ചയിൽ തന്നെ അവളെ ഇഷ്ടമാവുകയും ചെയ്തു. പിന്നീടാണ് കഥ ആരംഭിക്കുന്നത്, പ്രണയത്തിന് വേണ്ടി സൗഹൃദത്തെയോ, സൗഹൃദത്തിന് വേണ്ടി പ്രണയത്തെയോ ഉപേക്ഷിക്കാൻ ഇരുവരും തയ്യാറായില്ല. പിന്നീടവർ ത്രപ്പിളായി (Throuple) മാറി.

മൂന്നുപേരുടെയും പ്രണയത്തെയും ജീവിതത്തെയും അറിയാം.ബ്രസീൽ സ്വദേശികളായ ഡീനോ ഡിസൂസ എന്ന നാൽപ്പതുകാരനും സൗളോ ഗോമസ് എന്ന മുപ്പതുകാരനും അവധി ആഘോഷിക്കാനായി ബാഴ്സലോണയിൽ എത്തിയപ്പോഴാണ് ബെലാറസിൽ നിന്നുള്ള ഓൾഗയെ (27) ആദ്യമായി കാണുന്നത്. 2019 ഓഗസ്റ്റ് 19ന് ഒരു പ്രാദേശിക ബാറിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന ഓൾഗയിൽ ആകൃഷ്ടരായ ഇരുവർക്കും അവളോട് താൽപ്പര്യം തോന്നുകയായിരുന്നെന്നാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്.ചാമ്പ്യൻസ് ലീഗ് മത്സരം കാണാനായിട്ടാണ് താനും സൗളോയും ബാഴ്സലോണയിലെത്തിയതെന്നാണ് ഡീനോ പറയുന്നത്. രാത്രിയായിരുന്നു മത്സരം. സ്ഥലത്തെത്തിയ ഉടനെ ഇരുവരും ബാറിലേക്ക് പോവുകയായിരുന്നു. അവിടെ എത്തിയപ്പോൾ തന്നെ ഓൾഗയെ കാണുകയും ചെയ്തു. ത്രപ്പിൾ റിലേഷൻഷിപ്പിലേക്ക് നീങ്ങാമെന്ന് തങ്ങൾ ഒരിക്കലും പദ്ധതി ഇട്ടിരുന്നില്ലെന്നും ഇത് സ്വാഭാവികമായി സംഭവിച്ചതാണെന്നുമാണ് അദ്ദേഹം പറയുന്നത്.

ഓൾഗയെ കണ്ടുമുട്ടിയ നിമിഷങ്ങളെ ഡീനോ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്.സുഹൃത്തുക്കൾക്കൊപ്പം ബാറിലുണ്ടായിരുന്ന ഓൾഗയെ കണ്ടപ്പോൾ ഡ്രിങ്ക്സിനായി ക്ഷണിക്കുകയായിരുന്നെന്നാണ് ഡീനോ പറയുന്നത്. ‘ബാറിൽ സുഹൃത്തുക്കൾക്കൊപ്പം ഓൾഗയെ കണ്ടപ്പോൾ ഞങ്ങൾ അവളെ സമീപിക്കുകയും ഡ്രിങ്ക്സിനായി ക്ഷണിക്കുകയുമായിരുന്നു. അവിടെ നിന്നാണ് നമ്മുടെ സുന്ദരമായ കഥ ആരംഭിക്കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം മൂന്നുപേർ തമ്മിൽ ബന്ധമുണ്ടാവുക എന്നത് ഒരു ചോദ്യമേ അല്ല. ഞങ്ങൾ ബന്ധിക്കപ്പെട്ടു. നമ്മൾ തമ്മിലുള്ള കെമിസ്ട്രി ശക്തമായിരുന്നു’ അദ്ദേഹം പറഞ്ഞു പരിചയപ്പെട്ടത് മുതൽ ഇങ്ങോട്ട് മൂന്നുപേരും ബന്ധം തുടരുകയാണ്. ഡീനോയും സൗളോയും ഓൾഗയും ഒരുമിച്ച് യാത്ര ചെയ്യുന്നു. റസ്റ്റോറന്‍റുകളിലും മറ്റും സാധാരണ ദമ്പതികളെ പോലെ തന്നെ ഇവരും പോകുന്നു. പക്ഷേ കപ്പിളിന് പകരം ത്രപ്പിളാണെന്ന് മാത്രം. തങ്ങളുടെ ബന്ധത്തെക്കുറിച്ച് വിവരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും പക്ഷേ, ഈ വികാരത്തെ വിവരിക്കാൻ വാക്കുകളില്ലെന്നും ഡീനോ ഡിസൂസ പറയുന്നു.

ബന്ധം ആരംഭിച്ച സമയത്ത് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അനുകൂലമായ പ്രതികരണമായിരുന്നില്ല ലഭിച്ചിരുന്നത്. ഏറ്റവും അടുത്ത ആളുകളെ വരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ആദ്യത്തെ ഈ പ്രശ്നം ഒഴിച്ചാൽ കാര്യങ്ങൾ എല്ലാവരെയും പറഞ്ഞ് മനസിലാക്കാനായെന്നും ഇപ്പോൾ ഇവരെല്ലാവരും തങ്ങളുടെ ബന്ധത്തെ പിന്തുണക്കുന്നുണ്ടെന്നും ഇവർ പറയുന്നു. അതേസമയം സമൂഹത്തിൽ നിന്ന് ഇപ്പോഴും മോശം പരമാർശങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. എന്നാൽ ഇവയെ തള്ളി തങ്ങളുടെ ബന്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ദമ്പതികൾ പറഞ്ഞു.ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുണ്ടായ എതിർപ്പിനെ മറികടന്നതിനെക്കുറിച്ച് വിവരിച്ച ഡീനോ, മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് നമ്മൾ ആലോചിക്കുന്നില്ലെന്നും പറയുന്നു. എല്ലാ ബന്ധത്തിനും അതിന്‍റേതായ ഉയർച്ചയും താഴ്ചയുമുണ്ട്. ത്രപ്പിൾ റിലേഷൻഷിപ്പിലും അതുപോലെ തന്നെയാണ്. തങ്ങൾ ജീവിതത്തെക്കുറിച്ച് വളരെ പക്വതയും ദാർശനികതയും പുലർത്തുന്നവരാണ്. എല്ലായ്പ്പോഴും പോസിറ്റീവായി തുടരാൻ ശ്രമിക്കുകയും നെഗറ്റീവ് കാര്യങ്ങൾക്കായി ഊർജ്ജം പാഴാക്കാതിരിക്കുകയും ചെയ്യുന്നു, ഡീനോ വ്യക്തമാക്കി.എന്തെങ്കിലും തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ മൂന്ന് പേരും ഭൂരിപക്ഷ അഭിപ്രായമാണ് നോക്കുന്നത്. ഡീനോയും സൗളോയും ഓൾഗയും തങ്ങളുടെ നയം വ്യക്തമാക്കുകയും ഭൂരിപക്ഷ തീരുമാനം സ്വീകരിക്കുകയും ചെയ്യും. മോശം സാഹചര്യം ഒഴിവാക്കാൻ തങ്ങൾ കാര്യങ്ങൾ ചർച്ച ചെയ്യുകയും പരിഹാരങ്ങൾ കണ്ടെത്തുകയുമാണ് ചെയ്യുന്നതെന്നും ഡീനോ വ്യക്തമാക്കുന്നു.

‘ഒരാൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അത് നമ്മൾ മൂന്ന് പേരുടെയും പ്രശ്നമായാണ് കാണുന്നത്’ ഡീനോ പറയുന്നു.ത്രപ്പിൾ ദമ്പതികൾ നിലവിൽ ഫ്രാൻസിലെ ടുളൂസിലാണ് കഴിയുന്നത്. തങ്ങൾക്ക് ഭാവിയിൽ കുട്ടികൾ വേണമെന്നാണ് തീരുമാനിച്ചിട്ടുള്ളതെന്നാണ് ഇവർ പറയുന്നത്. ‘ഓൾഗയെ അമ്മയാക്കണം, എന്നിൽ നിന്നും സൗളോയിൽ നിന്നും കുട്ടികൾ വേണം.’ ഡീനോ പറയുന്നു. ദമ്പതികളിൽ സൗളോ അൽപ്പം ഗൗരവക്കാരനും എല്ലാവരെയും ചേർത്ത് കൊണ്ട് പോകുന്ന ആളാണെന്നും അതേസമയം ഓൾഗ നേരെ തിരിച്ചാണെന്നും ഡീനോ വ്യക്തമാക്കി. അതേസമയം ബന്ധത്തിൽ നിരുപാധികവും ശുദ്ധവുമായ സ്നേഹം അവൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.