ഇതാ ഒരു അഭിമന്യു

224

ഇതാ ഒരു അഭിമന്യു. പതിമൂന്നാം വയസില്‍ വിവാഹം, ഭാര്യ അഞ്ചാം ക്ലാസുകാരി, അധ്വാനത്തിലൂടെ ഐഎഎസ്: ഇതാണ് ടിക്കാറാം മീണ. ദുരിതം നിറഞ്ഞതായിരുന്നു പഠനകാലം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം കേരളം ചര്‍ച്ച ചെയ്ത പേരുകളില്‍ ഒന്നാണ് ടിക്കാറാം മീണ ഐഎഎസിന്റെത്. സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കപ്പെട്ട അദ്ദേഹം ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത് സംബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തോടെയാണ് മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്. ഇതുവരെയുള്ള സര്‍വീസ് കാലയളവില്‍ കാര്യമായ പേരുദോഷം കേള്‍പ്പിക്കാത്ത വ്യക്തിയാണ് ടിക്കാറാം മീണ. കാടിനോട് ചേര്‍ന്ന് കിടക്കുന്ന രാജസ്ഥാനിലെ വികസനമെത്താത്ത ഉള്‍ഗ്രാമത്തില്‍ നിന്നാണ് ടിക്കാറാം മീണ സിവില്‍ സര്‍വീസിലെത്തുന്നത്. വഴികാട്ടിയായത് മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന പിതാവിന്റെ ആഗ്രഹവും.

രാജസ്ഥാനിലെ സാവായ് മധോപൂര്‍ സ്വദേശിയായ ജയ് റാം മീണയുടെ ആറുമക്കളില്‍ ഇളയ മകനാണ് ടിക്കാറാം മീണ. തന്റെ ആറുമക്കളില്‍ രണ്ട് പേര്‍ക്കെങ്കിലും മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. എല്ലാ മക്കള്‍ക്കും മികച്ച വിദ്യാഭ്യാസം എന്നത് ആ കര്‍ഷകന് താങ്ങാനാവുമായിരുന്നില്ല. മുത്തമകന്‍ രത്തന്‍ ലാല്‍, ഇളയ മകന്‍ ടിക്കാറാം മീണ എന്നിവര്‍ക്കായിരുന്നു അവസരം ലഭിച്ചത്. ഇരുവരും പിന്നീട് സിവില്‍ സര്‍വീസില്‍ എത്തുകയും ചെയ്തു. മനോരമയുടെ വാർത്താ ചാനലിനെ നേരെ ചൊവ്വെ എന്ന പരിപാടിയിലൂടെയാണ് ടിക്കാറാം മീണ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മീണയുടെ വാക്കുകളിങ്ങനെ:

‘ഞാനൊരു വലിയ കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. 25 അംഗങ്ങളുള്ള തറവാടാണ് ഇപ്പോഴും എന്റെ വീട്. ഞങ്ങള്‍ ആറു മക്കളാണ്. ഇതില്‍ സ്‌കൂളില്‍ പോയി പഠിച്ചത് രണ്ടുപേര്‍ മാത്രമാണ്. ബാക്കിയെല്ലാവരും നിരക്ഷരരാണ്. കാരണം അന്ന് പഠിപ്പിക്കാന്‍ പണമില്ലായിരുന്നു അച്ഛന്. ഒരു രൂപ കിട്ടിയാല്‍ അത്ര വലിയ കാര്യമെന്ന് കരുതുന്ന കാലമല്ലേ അന്ന്. എന്റെ അച്ഛന് ഒപ്പിടാന്‍ പോലും അറിയില്ല. അദ്ദേഹം ഇപ്പോഴും വിരല്‍മുദ്ര പതിക്കാറാണ് പതിവ്. എന്തിന് എറെ പറയുന്നു. എന്റെ ഭാര്യ അഞ്ചാം ക്ലാസുവരെ മാത്രമാണ് പഠിച്ചിട്ടുള്ളത്. 13ആം വയസിലാണ് വിവാഹം കഴിക്കുന്നത്. വീട്ടിൽ ഇപ്പോഴും നിലത്തിരുന്നാണ് ഭക്ഷണം കഴിക്കാറ്.അങ്ങിനെ വിശേഷങ്ങൾ നിരവധി.

(കടപ്പാട്)