ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണ്‍ പിറവി എടുത്തത് എങ്ങനെ ?
അറിവ് തേടുന്ന പാവം പ്രവാസി
👉ജീവനുംകൊണ്ടോടുകയാണ് ഒരു സുന്ദരൻ കുഞ്ഞനെലി… അവന്റെ വാലിന്റെ തുമ്പത്ത് പിടിത്തമിട്ട് നോക്കിച്ചിരിക്കുന്ന ഒരു വികൃതിപ്പൂച്ച. 80 വർഷങ്ങളായി പരസ്പരം കൊണ്ടും,കൊടുത്തും അവരങ്ങനെ ഓടിനടക്കുന്നു. 1940 ഫെബ്രുവരി പത്തിന് ഹോളിവുഡിലെ മെട്രോ ഗോൾഡ്വിൻ മേയർ (എം.ജി.എം.) കാർട്ടൂൺ സ്റ്റുഡിയോയിലാണ് ടോമും, ജെറിയും ആദ്യമായി പ്രദർശനത്തിനെത്തിയത്.
പുസ് ഗെറ്റ്സ് ദ ബൂട്ട് എന്നായിരുന്നു ആദ്യ കാർട്ടൂണിന്റെ പേര്. പിന്നീട് ലോകത്തിന്റെ പ്രിയപ്പെട്ടവരായി ഈ കാർട്ടൂൺ കഥാപാത്രങ്ങൾ.എം.ജി.എമ്മിൽ ആനിമേറ്റർമാരായിരുന്ന വില്യം ഹന്നയും, ജോസഫ് ബാർബറയുമാണ് ടോമിന്റെയും, ജെറിയുടെയും സ്രഷ്ടാക്കൾ. മിക്കി മൗസും ,പോർക്കി പിഗും പോലുള്ള കാർട്ടൂൺ കഥാപാത്രങ്ങൾ അരങ്ങിലെത്തിയതോടെ എം.ജി.എം. പരാജയം മണത്തു തുടങ്ങിയിടത്തു നിന്നാണ് ടോമിന്റെയും, ജെറിയുടെയും ജനനം.ഒരു പൂച്ചയും, എലിയും തമ്മിലുള്ള ഒരിക്കലും തീരാത്ത വഴക്കിന്റെയും ഇടയ്ക്കുള്ള ഇണക്കങ്ങളുടെയും കഥ അവർ കാർട്ടൂണാക്കി മാറ്റി.
ആ കഥ പുസ് ഗെറ്റ്സ് ദ ബൂട്ട് എന്നപേരിൽ കാർട്ടൂണായി. ആദ്യത്തെ കാർട്ടൂണിനുതന്നെ മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചു.ജാസ്പർ, ജിൻക്സ് എന്നിങ്ങനെയായിരുന്നു ടോമിന്റെയും, ജെറിയുടെയും ആദ്യ പേര്. പിന്നീടാണ് ഇവർ ടോമും ജെറിയുമായത്. ഓസ്കർ പുരസ്കാരം ഏഴുതവണ ടോം ആൻഡ് ജെറി നേടി. കുട്ടികൾക്കും, മുതിർന്നവർക്കും ഒരേപോലെ പ്രിയങ്കരമായ കാർട്ടൂൺ സീരിസാണ് ടോം ആൻഡ് ജെറി. ചെറിയ ഹൃസ്വ ചിത്രങ്ങളുടെ ഒരു സീരിസായിട്ടാണ് ടോം ആൻഡ് ജെറി ആദ്യം അവതരിപ്പിച്ചത്.
പിന്നീട് 1975-ലാണ് ദ് ടോം ആൻഡ് ജെറി ഷോ എന്ന പേരിൽ ടെലിവിഷൻ പരമ്പരയായി വന്നത്. ഇന്ന് നമ്മൾ കാണുന്ന ടോമും ജെറിയുമായിരുന്ന ആദ്യകാല കാർട്ടൂണുകളിൽ. ഉരുണ്ട തലയും ,വണ്ണമുള്ള ശരീരവുമുള്ള ടോമും ജെറിയുമായിരുന്നു അന്ന്. 1.30 മിനിറ്റ് ദൈർഘ്യമുള്ള ആ കാർട്ടൂൺ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടി. 1941-ൽ ഇറങ്ങിയ ‘ദ് മിഡ്നൈറ്റ് സ്നാക്ക്’ എന്ന ഹൃസ്വ ചിത്രത്തിലാണ് ഇപ്പോഴുള്ള പേരുകളിൽ അവരെ അവതരിപ്പിച്ചത്.