സെക്‌സ് വര്‍ക്ക് ചെയ്യുന്നുണ്ട്, ജീവിക്കാന്‍ വേറെ നിവൃത്തിയില്ലെങ്കില്‍ പിന്നെന്തു ചെയ്യും?

1215

കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡറുകൾക്ക് ജോലി നല്‍കിയത് തികച്ചും വിപ്ലവകരമായ നടപടിയായിരുന്നു. ഇവരിൽനിന്നും 43 പേരെയാണ് മെട്രോയിൽ ജോലിക്കെടുത്തിരുന്നത്. കുടുംബശ്രീ മുഖേന കരാര്‍ നിയമനമാണ് മെട്രോ നടത്തിയത്. രണ്ട് വര്‍ഷമായപ്പോഴേയ്ക്കും ഏഴ് പേരാണ് മെട്രോയില്‍ ജീവനക്കാരായി അവശേഷിക്കുന്നത്. ടിക്കറ്റിങ്ങ് സ്റ്റാഫുകള്‍ക്ക് 17,000 രൂപയും ഹൗസ് കീപ്പിങ്ങ് ജീവനക്കാര്‍ക്ക് 13,000 രൂപയുമായിരുന്നു ശമ്പളം. കടുത്ത അവഗണനയാണ് മെട്രോയിൽ തങ്ങൾ നേരിട്ടതെന്ന് ട്രാൻസ്ജെൻഡറായ രഞ്ജുമോൾ. രഞ്ജുമോളുടെ വാക്കുകൾ വായിക്കാം

Image result for transgenders kochi“സര്‍ക്കാരിന് വന്‍ പബ്ലിസിറ്റിയായിരുന്നു. രക്ഷപ്പെടാന്‍ ഒരു അവസരം കിട്ടി എന്ന് ഞങ്ങള്‍ എല്ലാവരും കരുതി. സര്‍ക്കാര്‍ ജോലി ലഭിച്ചു എന്നൊക്കെ പ്രതീക്ഷിച്ചു, ഗവണ്‍മെന്റ് ജോലി ആയിരുന്നുമില്ല. സഹിക്കാന്‍ പറ്റാത്ത വിവേചനമായിരുന്നു മെട്രോയില്‍. മൂത്രമൊഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. പ്രത്യേക ടോയ്‌ലറ്റ് ഉണ്ടായിരുന്നില്ല. ഭിന്നശേഷിക്കാര്‍ക്കുള്ള ടോയ്‌ലെറ്റാണ് ഞങ്ങള്‍ക്ക് അനുവദിച്ചിരുന്നത്. അത് പക്ഷെ അവര്‍ പൂട്ടിയിടും. ടോയ്‌ലറ്റില്‍ പോകണമെങ്കില്‍ ഓരോ തവണയും സ്‌റ്റേഷന്‍ മാസ്റ്ററുടെ അടുക്കല്‍ പോയി താക്കോല്‍ ചോദിച്ച് വാങ്ങണം.

Image result for transgenders kochiപിഎഫും ഇഎസ്‌ഐയും പിടിച്ച ശേഷം 9,000 രൂപയായിരുന്നു എനിക്ക് കിട്ടിയിരുന്നത്. ആ തുകയ്ക്ക് എറണാകുളം നഗരത്തില്‍ എങ്ങനെ ജീവിക്കും? വീട്ടില്‍ നിന്ന് പോയിവരുന്നവരുടേതുപോലെയല്ല ഞങ്ങളുടെ കാര്യങ്ങള്‍. ലോഡ്ജിലും മറ്റും വാടകയ്ക്ക് കിടക്കുന്ന ഞങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കി കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ടുണ്ട്. രാവിലെ ഒന്നും കഴിക്കാതെയാണ് മോണിങ് ഡ്യൂട്ടിയ്ക്ക് കയറുക. ഉച്ച കഴിഞ്ഞ് ഡ്യൂട്ടി തീരുന്നതുവരെ പട്ടിണിക്ക് ഇരിക്കണം. ഡ്യൂട്ടിക്ക് കയറിയാല്‍ പിന്നെ പുറത്തുവിടില്ല. പുറത്തുപോയി ഭക്ഷണം കഴിക്കാനും പറ്റില്ല. മെട്രോയുടെ ലിസി സെക്ഷനിലായിരുന്നു എനിക്ക് ഡ്യൂട്ടി. സ്‌റ്റേഷന്‍ ഓഫീസര്‍ രാഹുലില്‍ നിന്ന് മാനസിക പീഡനവും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ശ്രീനാഥ്, റെനീഷ് എന്നിങ്ങനെ നല്ല ചില ഉദ്യോഗസ്ഥരും ഉണ്ട്. കുറഞ്ഞ ശമ്പളം, ഡിസ്‌ക്രിമിനേഷന്‍, മാനസിക പീഡനം എല്ലാം കൂടി സഹിക്കാന്‍ പറ്റാതെ ആയതോടെയാണ് മെട്രോയിലെ ജോലി വേണ്ടെന്ന് വെച്ചത്. ഇതുതന്നെയാണ് ഞങ്ങളില്‍ ഭൂരിഭാഗവും ജോലി ഉപേക്ഷിക്കാനുള്ള കാരണങ്ങള്‍.

Related imageഇപ്പോള്‍ തിയേറ്റര്‍ ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സംഘടനാപ്രവര്‍ത്തനം നടത്തുന്നുണ്ട്. സെക്‌സ് വര്‍ക്ക് ചെയ്യുന്നുണ്ട്. ജീവിക്കണ്ടേ? ആവശ്യം വരുമ്പോള്‍ അത് ചെയ്തല്ലേ പറ്റൂ. ജീവിക്കാന്‍ വേറെ നിവൃത്തിയില്ലെങ്കില്‍ പിന്നെന്തു ചെയ്യും?”