തലവേട്ടയുടെ ചരിത്രം

38
തലവേട്ടയുടെ ചരിത്രം.
രണ്ടു ദിവസം മുമ്പുള്ള “ദ ഗാർഡിയൻ” പത്രത്തിൽ ഒന്നാം പേജിൽ വന്ന ഒരു വാർത്ത ശരിക്കും ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു. ഓക്സ്ഫോർഡിലെ പിറ്റ് റിവേഴ്സ് എത്തനോളജികൽ മ്യൂസിയം അവിടെ പ്രദർശിപ്പിച്ചിരുന്ന ഷ്രങ്കൺ ഹെഡുകൾ വംശീയമായ ആശയം പ്രതിനിധീകരിക്കത്തകതാണെന്ന് കണ്ട് മാറ്റി സ്ഥാപിക്കാനും ചരിത്ര പഠനത്തിനു മാത്രമായി വംശീയത അങ്കുരിപ്പിക്കാൻ സാധ്യതയില്ലാത്ത വിധം സൂക്ഷിക്കാൻ തീരുമാനിച്ച വിവരവുമാണ് വാർത്തയിൽ വന്നിരുന്നത്. Shrunken Heads: 16 Disturbing And Authentic Tsantsa Photosഅവർ അവരുടെ മാനവിക വിരുദ്ധമായ കൊളോണിയൽ പാരമ്പര്യത്തിലും അതിന്റെ അവശിഷ്ഠങ്ങളിലും ഒരു പരിഷ്കൃത സമൂഹത്തിനു മുമ്പിൽ ലജ്ജിച്ചു തല താഴ്ത്തുന്നു എന്നു തന്നെയായിരുന്നു ആ വാർത്തയുടെ രത്നച്ചുരുക്കം ഷ്രങ്കൺ ഹെഡുകൾ അഥവാ ചുരുക്കു തലകളുടെ (പോസ്റ്റിനായി മാത്രം മലയാളവത്കരിച്ചത്) കഥ കൗതുകകരവും അതേ സമയം ഭീതിജനകവുമാണ്. വടക്കൻ പെറുവിന്റെയും കിഴക്കൻ ഇക്വഡോറിന്റെയും ഭാഗങ്ങളിലായിയൊഴുകുന്ന മരാനോൻ നദിക്ക് തീരങ്ങളിലായി അധിവസിക്കുന്ന ജീവാരോൺ ജനതയും ലോകത്തിന്റെ മറ്റു ആദിമ ഗോത്ര സമൂഹങ്ങളും അനുവർത്തിച്ച് കൊണ്ടിരുന്ന ഒരു അനുഷ്ഠാനത്തിന്റെ ഭാഗമായിരുന്നു മനുഷ്യരുടെ തലയറുത്ത് ഒരു പ്രത്യേക രീതിയിൽ സംസ്കരിച്ച് ചുരുക്കുതലകൾ ഉണ്ടാക്കുക എന്നത്.
ജീവാരോൺ ജനതയിലെ പ്രധാനപ്പെട്ട അവാന്തര വിഭാഗങ്ങളാണ് ഷുവാർ, അച്ചുവാർ, ഹുവാമ്പിസ, അഗ്വാരുന, എന്നിവ. ശത്രുവംശത്തിൽ നിന്നുള്ളവരുടെ തലകൾ ഇത്തരത്തിൽ സൂക്ഷിക്കുന്നത് മുയ്സാക് എന്ന ദുർമൂർത്തിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തും എന്നവർ വിശ്വസിച്ച് പോരുന്നു.
Shrunken head - Wikipediaഷുവാർ, അച്ചുവാർ ഗോത്രങ്ങളിൽ പെട്ടവർ ഇതെല്ലാം പ്രത്യേക ആചാരാനുഷ്ഠാനമായാണ് നിർവഹിക്കുന്നത്. വ്യത്യസത വിഭാഗത്തിൽ പെട്ട ഈ തലവേട്ട സംഘങ്ങൾ വർഷത്തിലൊരിക്കലാണ് ഈ തലവേട്ട നായാട്ട് നടത്തുന്നത് . ഒരു നായാട്ടിൽ ശത്രുവംശത്തിൽപ്പെട്ട ഒരു കുടുംബം ആക്രമിക്കപ്പെടുന്നു. തറവാട്ടിലെ പുരുഷന്റെ തലയെടുക്കുകയും വയസ്സായ സത്രീയെ കുന്തത്തിലേറ്റി കൊല്ലുകയും കന്യകകളെ കവർന്ന് കൊണ്ടു പോയി കല്യാണം കഴിക്കുകയും ചെയ്യുന്നു.
ഷുവാർ ജനത ഇത്തരം തലകളെ സാൻസ (tsantsa) എന്നാണ് വിളിക്കുന്നത്. ഇത്തരം സാൻസകൾ ഉണ്ടാക്കുന്നത് അവർക്ക് മതപരമായ ഒരു ചടങ്ങാണ്. ദുർമരണങ്ങളിൽ നിന്നും രക്ഷിക്കുന്ന അരുതം (Arutam), ജീവൻ നിലനിർത്താൻ സഹായിക്കുന്ന വകാനി (Wakani), ദുരാത്മാവായ മുസയിക്(Musaik) എന്നിങ്ങനെ മൂന്ന് ആത്മാക്കളിലാണ് അവർ വിശ്വസിക്കുന്നത്. സാൻസകൾ മുസയികിൽ നിന്നുള്ള സംരക്ഷണമായാണ് ഷുവാർ വിഭാഗം കാണുന്നത്.
Custom Made Replica of an Authentic Human Shrunken Head / Tsantsa. Javaro. Ecuador - for saleതല കഴുത്തോട് ചേർത്ത് വെട്ടി മാറ്റുകയും ചെറുതാക്കാൻ കഴിയാത്ത തലയോട് മാറ്റുകയും കഴുത്തിനു മുകളിലേക്കുള്ള തൊലി മുടിയടക്കം നീക്കം ചെയ്യ്ത് കാട്ടുചെടികൾ ചേർത്ത് സംസ്കരിച്ചെടുക്കുകയും ചെയ്യുന്നു. തലയിൽ നിന്നുള്ള മുഴുവൻ കൊഴുപ്പും നീക്കം ചെയ്ത് തലയോട്ടിക്കു പകരം മരത്തിന്റെ ഗോളത്തിനുമേൽ സംസ്കരിച്ച മുടിയടക്കമുള്ള ചുരുങ്ങിയ തൊലി ഉറപ്പിക്കുന്നു. മൂക്കിന്റെ ദ്വാരത്തിൽ നമ്മുടെ കുന്നിക്കുരുവിനോടോ മഞ്ചാടിക്കുരുവിനോടോ സാമ്യമുള്ള ചുകന്ന വിത്തുകൾ നിറക്കുന്നു. പിന്നീട് മണലിലും പാറയിലുമൊക്കെയിട്ട് ഉണക്കുന്നു. ഇത്തരം രീതിയിൽ സംസ്കരിക്കുമ്പോൾ തൊലി മൂന്നിലൊന്നായി ചുരുങ്ങുന്നു. കണ്ണിന്റെ ഭാഗവും ചുണ്ടും തുന്നിക്കെട്ടിയ വിധത്തിലാണ് ഉത്തരം തലകൾ സൂക്ഷിക്കുന്നത്.
8 Disturbing Facts About Real Shrunken Heads | TheCollectorഅജ്ഞരായ അപരിഷ്കൃത ഗോത്രസമൂഹങ്ങൾ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി വർഷത്തിലൊരിക്കൽ ചെയ്തു പോന്നിരുന്ന ക്രൂരമായ ഒരനുഷ്ഠാനത്തിന് പരിഷ്കൃതരെന്നു സ്വയം അവകാശപ്പെട്ടിരുന്നു പടിഞ്ഞാറൻ ജനതയിലെ പലരും കൗതുകത്തിന്റെ പേരിലോ അവർക്കുള്ളിലായി തന്നെ പടർനിരുന്ന അന്ധ വിശ്വാസം കൊണ്ടോ വാണിജ്യപരമായി ചുരുക്കുതലകൾ വാങ്ങാൻ തുടങ്ങിയതോടെയാണ് വംശഹത്യയുടെയും മനുഷ്യകശാപ്പിന്റെയും ഭീകരമായ മറ്റൊരവസ്ഥ കൂടി വന്നു ചേർന്നത്. മാനിന്റെയും പുലിയുടെയുമൊക്കെ തലകൾ സ്വീകരണ മുറികളിൽ അലങ്കാരമായി വെക്കുന്നതു പോലെ മനുഷ്യരുടെ തലകളും വെക്കാൻ തുടങ്ങി. 1910 കാലങ്ങളിൽ ഒരു തലക്ക് ഒരു തോക്ക് എന്നതായിരുന്നു പ്രതിഫലം. നാഗരികരെന്നു പറഞ്ഞവർ അവരുടെ വിനോദത്തിനു വേണ്ടി ഗോത്ര സമൂഹങ്ങളെ ഉപയോഗിച്ചു. വലിയ രീതിയിൽ പല ഗോത്രവംശങ്ങളും കശാപ്പ് ചെയ്യപ്പെട്ടു. 1951 – 52 കാലഘട്ടങ്ങളിൽ ലണ്ടനിൽ ടൈംസ് പത്രത്തിൽ അത്തരം തലകളുടെ വിൽപന പരസ്യങ്ങൾ ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ ഒരു പക്ഷേ ഇന്ന് അവിശ്വസനീയമായി തോന്നിയേക്കാം.
Authentic Shrunken Heads. Tsantsa, Jivaro, Shuar, Shrunken Head Book. | Shrunken head, Shrunken heads for sale, Headedഎങ്ങനെയാണ് പടിഞ്ഞാറൻ ജനത ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയും ഗോത്രസമൂഹങ്ങളോട് പെരുമാറിയിരുന്നത് എന്നത് കാണിക്കുന്ന 1980 ൽ പുറത്തിറങ്ങിയ കാനിബാൾ ഹോളോ കോസ്റ്റ് എന്ന ഇറ്റാലിയൻ സിനിമയെ കുറിച്ച് ഇവിടെ സാന്ദർഭികമായി സൂചിപ്പിക്കേണ്ടതുണ്ട്. ആമസോൺ കാട്ടിൽ കുടുങ്ങിപ്പോയ ഒരു ഡോകുമെന്ററി ഷൂട്ടിംങ് സംഘത്തിനെ രക്ഷിക്കാനായി പുറപ്പെടുന്ന ഒരു സംഘത്തിലൂടെ ആമസോൺ മഴക്കാടുകളിലെ വ്യത്യസ്തവും വൈവിധ്യകരവുമായ നരഭോജികളടക്കം വരുന്ന ഗോത്രസമൂഹങ്ങളെക്കുറിച്ച് പറയുന്ന സിനിമ നാഗരികരുടെ പൊയ് മുഖങ്ങളാണ് അനാവരണം ചെയ്യപ്പെടുന്നുണ്ട്. റോബെർട്ട് കർമാൻ പ്രധാന വേഷത്തിലഭിനയിച്ച, റുഗ്ഗറോ ഡിയോഡാറ്റോ എന്ന ഇറ്റാലിയൻ സംവിധായകൻ സംവിധാനം ചെയ്ത ഈ സിനിമ വയലൻസും ഭീകരതയും അശ്ലീലതയും നിറഞ്ഞ ദൃശ്യങ്ങളുണ്ട് എന്ന കാരണങ്ങളാൽ തന്നെ പല രാജ്യങ്ങളിലും നിരോധിച്ചിരുന്നതും ചില രാജ്യങ്ങളിൽ ഇപ്പോഴും നിരോധനം നിലനിൽക്കുന്നതുമാണ്. ഒരു സിനിമ സംവിധാനം ചെയ്തതിന്റെ പേരിൽ മൂന്നു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന സംവിധായകന്റെ ചരിത്രവും ഈ സിനിമക്കുണ്ട്. ആരാണ് യഥാർത്ഥ നരഭോജികൾ എന്ന് സിനിമയുടെ അവസാനത്തിലായി പ്രാധാന കഥാപാത്രം ചോദിക്കുന്ന ചോദ്യം തന്നെയാണ് ആ സിനിമയുടെ രാഷ്ട്രീയം.
TSANTSA - Definition and synonyms of tsantsa in the English dictionaryചുരുക്കത്തിൽ ഇന്നത്തെ മാനവികതയും നീതി ബോധവും അവകാശപ്പെടുന്ന പടിഞ്ഞാറൻ സംസ്കാരത്തിനും വേട്ടകളുടെയും ശവപ്പറമ്പുകളുടെയും വലിയ കഥകളാണ് പറയാനുള്ളത്. എങ്കിൽ പോലും അവർ ചരിത്രത്തിൽ നിന്നും പാഠം ഉൾക്കൊള്ളാൻ തയ്യാറാകുന്നു എന്നതും അവരുടെ പൂർവ്വികൾ ചെയ്ത തെറ്റുകളേട് പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാക്കുന്നു എന്നതുമാണ് വളരെ പുരോഗമനപരമായ ഒരു കാര്യം. പൂർവ്വപിതാക്കൾ ചെയ്ത മാനവിക വിരുദ്ധവും ക്രൂരവുമായ കൃത്യങ്ങളിൽ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും പേരു പറഞ്ഞ് അഭിമാനം കണ്ടെത്തുകയല്ല പകരം ലജ്ജിച്ച് തലതാഴ്ത്തുകയാണ് അവർ ചെയ്യുന്നത്.
വേദം കേട്ട ശൂദ്രന്റെ ചെവിയിൽ ഈയ്യം ഉരുക്കി ഒഴിക്കണമെന്നും, സ്ത്രീ സ്വാതന്ത്ര്യമർശിക്കുന്നില്ലെന്നും, മനുഷ്യനെ ജനിച്ച പശ്ചാത്തലം നോക്കി തരം തിരിക്കണമെന്നും പറയുന്ന മനുവാദ ബ്രാഹ്മണ വാദ പൈതൃകത്തിൽ ഊറ്റം കൊള്ളുകയും അതിലേക്ക് തിരിച്ചു പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നവർ ലോകത്ത് ചുറ്റും നടക്കുന്ന കാര്യങ്ങളെ കൺതുറന്ന് കാണുന്നത് തല്ലതാണ്.