അണ്ണാൻ രക്തം കുടിക്കുമോ ?⭐
അറിവ് തേടുന്ന പാവം പ്രവാസി
👉ഏവർക്കും ഇഷ്‌ടമുള്ള ഇത്തിരിക്കുഞ്ഞൻമാരായ ജീവിയാണ് അണ്ണാൻ. എന്നാൽ ഇക്കൂട്ടർ രക്തം ഊറ്റിക്കുടിക്കും. പക്ഷേ, നമ്മുടെ നാട്ടിലെ പാവം അണ്ണാറക്കണ്ണൻമാർ അല്ല കേട്ടോ. ബോർണിയോ ദ്വീപിൽ മാത്രമാണ് രക്തം ഊറ്റിക്കുടിക്കുന്ന ഈ ഭീകരരെ കാണാനാകുക. ‘ ടഫ്‌റ്റഡ് ഗ്രൗണ്ട് സ്‌ക്വിറൽ ‘ എന്ന ഈ അണ്ണാൻമാർ ‘ വാമ്പയർ സ്‌ക്വിറൽ’ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. ശരീരത്തിന്റെ വലിപ്പവുമായി താരതമ്യം ചെയ്‌താൽ ലോകത്തെ ഏറ്റവും വലിയ വാലുള്ള സസ്‌തനി ഇവരാണ്.
തന്റെ ശരീരത്തേക്കാൾ 30 ശതമാനം വലിപ്പമുള്ള രോമാവൃതമായ വാലാണ് വാമ്പയർ അണ്ണാനുള്ളത്. തങ്ങളുടെ കുഞ്ഞു ശരീരത്തെ മൂടുന്ന പുതപ്പായി വാമ്പയർ അണ്ണാൻമാർ ഈ വാലിനെ ഉപയോഗിക്കാറുണ്ട്. ഇന്നും ശാസ്ത്രലോകത്തിന് പിടികൊടുക്കാത്ത ജീവികളിൽ ഒന്നാണ് വാമ്പയർ അണ്ണാൻ. സെക്കന്റുകൾ മാത്രം നീണ്ടു നിൽക്കുന്ന ഒരു വീഡിയോയും, വിരലിലെണ്ണാവുന്ന ചില ഫോട്ടോകളും മാത്രമേ ഗവേഷകർക്ക് ഇവയുടേതായി ലഭിച്ചിട്ടുള്ളു. ബാക്കി വിവരങ്ങൾ ബോർണിയോയിലെ ദായക് ഗോത്രവർഗക്കാർക്ക് മാത്രമാണ് അറിയാവുന്നത്. വാമ്പയർ അണ്ണാൻമാർ വളരെ അക്രമണകാരികളാണത്രെ. കാട്ടിലെ താഴ്ന്ന മരക്കൊമ്പുകളിൽ പതുങ്ങി ഇരുന്ന് ഇവ മൃഗങ്ങളുടെ നേരെ ചാടി വീഴുമെന്നും ശേഷം ഇരയെ കടിച്ച് മുറിച്ച് ചോര ഊറ്റിക്കുടിക്കുമെന്നും പറയപ്പെടുന്നു. രക്തം ഊറ്റിക്കുടിക്കുന്നതിനിടെ തളർന്നു വീഴുന്ന ജീവികളുടെ ശരീരം കരണ്ട് തിന്നാനും ഇക്കൂട്ടർക്ക് മടിയില്ലാത്രെ.
മാനാണ് വാമ്പയർ അണ്ണാന്റെ സ്ഥിരം ഇര. മാനിനെ കൊന്ന ശേഷം ഇതിന്റെ ഉദരത്തിനുൾവശവും ,കരളും, ഹൃദയവുമെല്ലാം വാമ്പയർ അണ്ണാൻ ആഹാരമാക്കുമെന്നും പറയുന്നു. ഇരയുടെ കഴുത്തിലെ ഞരമ്പാണ് ഇക്കൂട്ടർ കടിച്ചു മുറിക്കുന്നത്. എന്നാൽ ഈ കഥകളിൽ എത്രത്തോളം വാസ്‌തവമുണ്ടെന്ന് ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല. വാലൊക്കെ വലുതാണെങ്കിലും ഈ കുഞ്ഞൻ ജീവി ഇത്രയും ക്രൂരനാകാൻ വഴിയില്ലെന്നാണ് ഗവേഷകർ പറയുന്നത്. സാധാരണ അണ്ണാൻമാരിൽ നിന്നും വ്യത്യസ്ഥമാണ് ഇക്കൂട്ടരുടെ ശരീരഘടന. കാഠിന്യമേറിയ പല്ലുകളും വാമ്പയർ അണ്ണാന്റെ പ്രത്യേകതയാണ്.