ഉദയൻ പൂങ്കോടിനെ പോലെ ജീവിക്കാനറിയാതെ പോയ കലാകാരന്മാരുടേതുകൂടിയാണ് സിനിമാലോകം

313

ശാന്തിവിള ദിനേശ്

ഇന്നലെ സംവിധായകൻ സുന്ദർദാസ് വിളിച്ചു….. ഇടയ്ക്കിടെ സുന്ദർദാസ് വിളിക്കും….. മിക്കവാറും സാംസ്കാരിക ക്ഷേമനിധിയിലെ എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനാകും വിളി…. മാലയോഗം എന്ന സിനിമയിൽ സുന്ദർദാസ് അസിസ്റ്റന്റായി വന്ന കാലത്ത് ആറ്റിങ്ങൽ ടൂറിസ്റ്റ് ഹോമിൽ ഒരു സന്ധ്യക്കാണ് ഫൊട്ടൊഗ്രാഫർ കെ ശ്രീകുമാർ സുന്ദറിനെ എനിക്ക് പരിചയപ്പെടുത്തി തന്ന്….. ആ ബന്ധം മുപ്പതു വർഷമാകാൻ പോകുന്നു…..
ഇടക്ക് ഞങ്ങൾ മാക്ടയിലും, ഫെഫ്കയിലും കമ്മിറ്റികളിൽ ഒന്നിച്ചുണ്ടായിരുന്നതിനാൽ കാണുമായിരുന്നു പതിവായി……മേസിരി പണി നന്നായി നാളെ മുതൽ വരണ്ട പണിക്ക് എന്ന് പറഞ്ഞ കണക്ക് ഇപ്പോൾ ഞാൻ മാക്ടയിലും, ഫെഫ്കയിലും ഇല്ലാഞ്ഞതിനാൽ കാണാറില്ല…..
ഇന്നലെ വിളിച്ചത് മാക്ടയുടെ 24 ഫ്രെയിംസിൽ കൊടുക്കാനായി കലാസംവിധായകൻ ഉദയൻ മൂങ്ങോടിനെപ്പറ്റി ഒരു ചെറിയ കുറിപ്പു വേണം…..
ഉദയനെപ്പറ്റി എന്തിനാ കുറിപ്പ്?
അവാർഡ് വല്ലതും അടിച്ചോ?
അപ്പോ, നിങ്ങളറിഞ്ഞില്ലേ? അയാൾ മരിച്ചു…..! മരിച്ചോ? എന്ന്?
ഒരു മാസമാകാൻ പോകുന്നു…..!
വലുപ്പച്ചെറുപ്പമില്ലാതെ കലാരംഗത്തെ ആർക്കെന്തു സംഭവിച്ചാലും ആദ്യം അറിയുകയും, അപ്പോത്തന്നെ എനിക്കറിയാവുന്ന സംഘടനകളിലും, പരിചിതരിലും എത്തിക്കുക എന്നത് എന്റെ കടമയായി കരുതുന്ന ഒരാളാണ് ഞാൻ…. എന്റെ പരിചിതരിൽ പലരും പറയുന്നത് എന്റെ മെസ്സേജ് വരുമ്പോൾ കാലന്റെ മെസ്സേജ് വരുന്ന പേടിയാണെന്നാണ്……! ഒരു മരണ വാർത്തയാകും ആ മെസ്സേജിൽ എന്ന് അവർക്കറിയാം…..!
സംഘടനകളിൽ ഉള്ള ഭൂരിപക്ഷം മഹാന്മാരും ചാനൽ ക്യാമറ വരും എന്നുറപ്പുള്ളിടത്തുള്ള വാർത്തകൾ നൽകാനും, അവിടെ റീത്തുവയ്ക്കാനും ആഗഹിക്കുന്നവരാണ്…… മുൻപ് ചാനൽ ക്യാമറകൾ വരാത്ത വെള്ളനാട് നാരായണനെപ്പോലുള്ള പാവം കലാകാരന്മാർക്ക് റീത്തുവയ്ക്കൽ എനിക്ക് സംവരണം ചെയ്തിരുന്നു……. ഇപ്പോ സംഘടനകളിൽ അകലം പാലിക്കുന്നതിനാൽ അത്തരക്കാർക്ക് റീത്തില്ല……!
അതുപോട്ടെ…… വിഷയത്തിലേക്ക് വരാം…… ഉദയൻ പൂങ്കോട് മരിച്ചതു് ആരും എന്നെ അറിയിച്ചില്ല….. നമ്മുടെ പ്രിയ നടൻ മധു സർ മരിച്ചത് അറിയിച്ചവർ പോലും ഉദയന്റെ കാര്യം എന്നിൽ നിന്ന് മറച്ചത് എന്തിനാകും? അറിയില്ല…..
ഉദയൻ സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ശ്രീകുമാർ ചേട്ടന്റെ പ്രിയപ്പെട്ടവനാണ്…. ഉദയൻ ക്ഷേമനിധി അംഗവുമാണ്….. രണ്ടുവർഷം മുൻപ് ഉദയന്റെ ഭാര്യ രജനി നാൽപ്പതാം വയസ്സിൽ ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചപ്പോൾ ശ്രീകുമാരൻ ചേട്ടനും, ഞാനും കൂടി ഉദയന്റെ വീട്ടിൽ പോയതുമാണ്……! സുന്ദർദാസ് വിളിച്ചപ്പോൾ ഇതൊക്കെ ഞാൻ സത്യമായും മറന്നു പോയി…..!
അദ്ദേഹം അറിഞ്ഞിരിക്കുമോ? ക്ഷേമനിധിയിൽ വിളിച്ച് PRO ശ്രീകാന്തിനോട് തിരക്കി….. അവിടെ ആരും അറിയിച്ചിട്ടില്ല…. അറിഞ്ഞിട്ടില്ല…..!
പ്രശസ്തനായൊരു ആളിന്റെ അപ്രശസ്തനായ അച്ഛൻ മരിച്ചാൽപ്പോലും എല്ലാവരുമറിയും….. ഉദയൻ ഒരു പാവമല്ലേ ……!
രാധാകൃഷ്ണൻ മംഗലത്ത് അടക്കം കലാസംവിധായകരിൽ ചിലരെ വിളിച്ചു….. ഉദയനേം അറിയില്ല , മൂങ്ങോടും അറിയില്ല….!
ബാലരാമപുരത്തിനടുത്ത് എവിടെയോ ആണ്…..
പറഞ്ഞേറ്റിരുന്ന പ്രോഗ്രാം വിട്ട് ഉദയന്റെ വീടുതേടി ഇറങ്ങി….. പള്ളിച്ചലിനും, വെടിവച്ചാൻ കോവിലിനും ഇടയിലാണ് മൂങ്ങോട് …… നേരത്തേ പറഞ്ഞ കണക്ക് രണ്ടുവർഷം മുൻപ് പോയിടമാണ്. പക്ഷേ, കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടി….. ഒരു പാട് കറങ്ങി…… കണ്ടെത്തി…..!
ഒന്നോ രണ്ടോ സെന്റിൽ കട്ട കെട്ടിയ പൂശാത്ത ഒരു വീട് …. അതിനോട് ചേർന്ന് ഭേദപ്പെട്ട ഒരു വീട് ….. ആ വീട്ടിൽ നിന്ന് നേരേ നടവഴിയിലിറങ്ങണം…..
വലിയ ചെവിയൊക്കെയുള്ള ഒരു മോളിറങ്ങിവന്നു….. ഉദയന്റെ വീടാണോ?
അതു് അപ്പുറത്തേതാ…..
മോളാരാ?
ഞാൻ ഉദയന്റെ മോളാ…..
വേറാരുമില്ലേ?
അപ്പുറത്ത് ചേട്ടനുണ്ട്……!
തിരിഞ്ഞ് ആ വീട്ടിലേക്ക് നോക്കുമ്പോൾ ഷർട്ടിടാത്ത ഒരാൾ പുറത്തേക്ക് തല നീട്ടിയിട്ട് ഉൾവലിഞ്ഞു……!
ആ വീട്ടിലേക്ക് ചെന്നു….. പൂശാത്ത വീടാണെങ്കിലും, ചുമരിൽ ഉദയൻ ആർട്സ് …… തുടങ്ങിയ ബോർഡൊക്കെ ആണി അടിച്ച് വച്ചിരിക്കുന്നു…..
മോനേ…..
ഒരു നിശബ്ദതക്കു ശേഷം പത്തുപതിനെട്ടുവയസ്സ് തോന്നിക്കുന്ന ….. മുടിയൊക്കെ പുതിയ സ്‌റ്റൈലിൽ വെട്ടിയ, ആദ്യ നോട്ടത്തിൽ തന്നെ നമുക്ക് ഇഷ്ടമാകുന്ന ചിരിയുള്ള …..നിസ്സംഗനായ മോൻ …..
ഉദയന്റെ മോനാ?
അതെ…..
എന്നാ ഉദയന്റെ മരണം?
കഴിഞ്ഞ 22നു……
എങ്ങിനാ മരിച്ചത്?
വെള്ളമടിച്ച് …..!
ഞാനവനെ കൗതുക പൂർവ്വം നോക്കി…..
സ്ഥിരം കുടിയനൊന്നുമല്ല….. കുടിക്കുമ്പോൾ വെള്ളം ഒഴിക്കാതടിക്കും……!
ഫുൾ ഒന്നുമല്ല…… പൈന്റ് …..!
അവൻ എന്നെ നോക്കി ചിരിച്ചു….. ഒരു പാട് അർത്ഥതലങ്ങളുള്ള ചിരി……!
അമ്മ മരിച്ച , എന്നേം , അനുജത്തിയേയും അനാഥനാക്കിയിട്ട് , വെള്ളമടിച്ചു ചത്ത അച്ഛനോടവന് അരിശമുള്ള പോലെ……!
വീട്ടിൽ വച്ചാണോ?
അല്ല….. ഉണ്ടോണ്ടിരുന്ന ചോറ് വച്ചിട്ട് ഞാൻ കറണ്ടിന് പണമടച്ചിട്ടു വരാം എന്നും പറഞ്ഞ് ഒറ്റ പോക്കാ….. എനിക്കറിയാം ആ ധൃതി എന്തിനാന്ന്…… ബില്ലും അടച്ച് സിവിൽ സപ്ലൈസിൽ കയറി കുപ്പിയും വാങ്ങി, ഇവിടെ അടുത്തൊരു കുളമുണ്ട്….. അവിടെപ്പോയിരുന്ന് അടിച്ചു….. അവിടെ കിടന്നു….. ബോധമില്ലല്ലോ ….. ഉരുണ്ട് കുളത്തിൽ വീണിരിക്കാം……!
എങ്ങിനാ മരിച്ചത് അറിഞ്ഞത്?
ബില്ലടക്കാൻ പോയ ആൾ മടങ്ങിവന്നില്ല….. ഫോണിൽ വിളിച്ചപ്പോ കിട്ടുന്നില്ല….. അച്ഛനെ കാണാനില്ലാന്നു ബാലരാമപുരം സ്റ്റേഷനിൽ ഞാൻ പരാതി കൊടുത്തു….. അതു വായിച്ചിട്ട് Cl പറഞ്ഞതു് നിന്റച്ഛനെ മഷിയിട്ടു നോക്കാനാ …..!
എന്നിട്ട്?
കുളത്തിന്റവിടെ ഇരിക്കുന്നത് കണ്ടവരുണ്ട് …… കുളത്തിൽ നിറയെ പായലാണ്….. പിറ്റേന്ന് ഫയർഫോഴ്സ് വന്ന് തപ്പി… കിട്ടിയില്ല…..
പിറ്റേന്ന് ഇവിടെ ഒരു ചേട്ടനുണ്ട് സ്കൂബി ഡൈവിംഗിലൊക്കെ ഉള്ളയാളാ…… ചേട്ടൻ തപ്പിയെടുത്തു……!
എന്നിട്ട്?
എന്നിട്ടെന്താ?
ബോഡിയുടെ രണ്ടു പടം എടുത്തതിന് 2500 രൂപ വാങ്ങി പോലീസ്……! പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റ് മൂന്നു മാസം കഴിഞ്ഞേ കിട്ടുള്ളൂന്നു് പറഞ്ഞു……
കാര്യങ്ങളൊക്കെ എങ്ങിനെ?
ബന്ധക്കാർ നോക്കുന്നു……!
ഞാനിവിടെ കിടക്കും……. അനിയത്തി കൊച്ചല്ലേ? അവൾ അപ്പുറത്ത് മാമന്റെ കൂടെയാ……
അതു നന്നായി….. മാമിയുണ്ടല്ലോ അവളെ നോക്കാൻ …..
അതുമില്ല……. മാമി മരിച്ചു പോയി….. മക്കൾ രണ്ടു പേരും വിവാഹിതരായി ദൂരെയാ….. മാമൻ ഒറ്റക്കാ….. ഇപ്പോ അനിയത്തി ചോറും കറിയും ഒക്കെ അവൾക്കറിയാവുന്ന പോലെ ഉണ്ടാക്കും……!
മാമനെന്താ പണി?
കണ്ടില്ലേ, നെയ്ത്ത്…… കറാൽ കടയ്ക്കാ….. ഞങ്ങടെ സമയം മോശം….. കറാൽ കടയിൽ പഴയ കച്ചവടമില്ല…… മുതലാളി മരിച്ചില്ലേ ? മക്കൾക്ക് ആ താൽപ്പര്യമില്ല…… പത്ത് തറിയുണ്ടായിരുന്നതാ ……പിന്നെയത് അഞ്ചായി ….. ഇപ്പോ മൂന്നായി…… രണ്ടു ലക്ഷം ബിൽ തരാൻ കാണും. രണ്ടായിരം അക്കൗണ്ടിൽ വരും…. ജോലിക്കാര് കേൾക്കുമോ?
മോൻ എത്രയിൽ പഠിക്കുന്നു?
പ്ലസ്സ് ടൂ…….
അനിയത്തിയോ?
പ്ലസ്സ് വൺ…..
ഞാൻ വരുമ്പോൾ മോൻ എന്തു ചെയ്യുകയായിരുന്നു?
വെറുതേ കിടക്കുകയായിരുന്നു…….
അങ്ങിനെ കിടന്ന് വേണ്ടാത്ത ചിന്തകൾ പാടില്ല…..
നല്ല ഹൈറ്റൊക്കെയുണ്ടല്ലോ…… പഠിച്ച്, നല്ല ബോഡി യൊക്കെയായാൽ പോലീസിലൊക്കെ പണി കിട്ടാം……. അനിയത്തിയെ നന്നായി പഠിപ്പിച്ച് കെട്ടിച്ചൊക്കെ വിടണ്ടെ?
ഞാൻ നീന്തുമായിരുന്നു……
എവിടെ?
വെള്ളായണി കിരീടം പാലത്തിനപ്പുറമുള്ള സ്വിമ്മിംഗ് പൂളിൽ …..!
ഇപ്പോ പോണില്ലേ?
ഇല്ല……
അതെന്താ?
ഇവിടുന്ന് ആറേഴ് കിലോമീറ്ററുണ്ട് ….. സൈക്കിളിലാ പോക്ക് …. അവിടെച്ചെന്ന് നീന്തി കരക്ക് കയറുമ്പോ നല്ല വിശപ്പാ…… പിന്നെ സൈക്കിൾ ചവുട്ടി വരാനാകില്ല…….
നിർത്തി……
ഉദയനോടു പറഞ്ഞില്ലേ ?
പറഞ്ഞു….. അടുത്തടുത്ത് ഗോകുലത്തിന്റെ മുന്നു പടം കലാസംവിധാനം ചെയ്യും. അതോടെ നമ്മുടെ പ്രശ്നങ്ങളെല്ലാം തീരും എന്ന് പറയുമായിരുന്നു…… ഗോകുലം ഈഴവനല്ലേ…… ഞങ്ങളും ഈഴവരാ….. അതുകൊണ്ട് വിശ്വസിച്ചു…… ഇനിയിപ്പോ……!
ജീവിക്കാനുള്ള ഒരു പാവം മോന്റെ ആശയറ്റ വർത്തമാനമായേ എനിക്കിതൊക്കെ അനുഭവപ്പെട്ടുള്ളൂ……
മോനേ, സാംസ്കാരിക ക്ഷേമനിധി എന്നൊരു സർക്കാർ സ്ഥാപനമുണ്ട്…….
എനിക്കറിയാം….. അച്ഛൻ അതിൽ മെമ്പറാ ….. അംഗത്വ കാർഡിവിടെയുണ്ട്….. അമ്മയും, ഞങ്ങൾ രണ്ടുമക്കളും അവകാശികളാ…… അച്ഛൻ പറയുമായിരുന്നു…..
അവിടുന്ന് മരണാനന്തരസഹായമായി 10,000 രൂപ കിട്ടും….. അമ്മയില്ലാത്തതിനാൽ മോൾക് അവകാശ പെൻഷൻ കിട്ടും…..
അതിന് ചെയ്യേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു…..അവനേം കൂടി അപ്പുറത്തു ചെല്ലുമ്പോൾ പതിനാറു തികയാത്ത മോൾ മീനറുക്കുകയാണ്…..!
മോളേ, വാ…..നിങ്ങടെ രണ്ടു പേരുടേം ഒരു പടമെടുക്കട്ടെ……
അവൾ വേഗം അടുത്ത കിടന്ന ഒരു ഷാളെടുത്തിട്ട് വന്നു…..!
പടമെടുത്തു…..
അല്ല , എന്താ നിങ്ങടെ പേരു്?
ഞാൻ കൃഷ്ണ വർദ്ധൻ ….. ഇവൾ കൃഷ്ണപ്രിയ…..
അച്ഛൻ വർക്ക് ചെയ്ത സിനിമകളുടെ പേരുകൾ അറിയാമോ?
ഡമ്മി ജോക്കർ ….
പി കെ റോസി……. പരബ്രഹ്മം…..
ഇതൊക്കെ പൂർത്തിയായതാണോ മോനേ…..?
അറിയില്ല …. കാശുകിട്ടാത്ത തട്ടിക്കൂട്ട് പടങ്ങളാ അച്ഛൻ ചെയ്തതെല്ലാം….!
ആരുടെ കൂടെയാ അസിസ്റ്റന്റായിരുന്നത്?
ആരുടേം കൂടെ പോയിട്ടില്ലാന്ന് ഇടക്കിടെ പറയുമായിരുന്നു……
വാ … ഒരു പടമെടുക്കട്ടെ നിങ്ങടെ ….. ഒരു വൈമനസ്യവുമില്ലാതെ നിന്നു…..
വലിയ തോട്ടച്ചെവികളാ മോളുടെ ….
ഭാഗ്യച്ചെവിയാ നിനക്ക് ….. നല്ല ഭംഗി ……
നിസ്സംഗമായി മോൾ ചിരിച്ചു….. ആ ചിരിക്കും ഒരു പാട് അർത്ഥതലങ്ങൾ ഉണ്ടെന്നു തേന്നി…..
ചെയ്യേണ്ടതൊക്കെ റെഡിയാക്കി എന്നെ വിളിക്കാൻ നമ്പരും കൊടുത്ത് പോരുമ്പോൾ സന്ധ്യയായി സമയം….. കഴിഞ്ഞ രണ്ടു മണിക്കൂറുകളോളം ഞാൻ റോഡിൽ നിൽക്കുകയായിരുന്നു എന്ന് അപ്പോഴാ ഞാൻ ഓർത്തതും…..
24 ഫ്രെയിംസിലേക്ക് കൊടുക്കാനുള്ള വിവരങ്ങൾ സുന്ദർദാസിന് വിളിച്ച്നൽകുമ്പോൾ ഞാനോർക്കുകയായിരുന്നു……
കലാസംവിധാനത്തിന് കോടികൾ വാങ്ങുന്ന വരും…… സെറ്റിൽ ഉപയോഗിക്കാൻ ആണിക്കായി ആണി കമ്പനി തുടങ്ങിയ കലാസംവിധായകരും, നിർമ്മാതാവിന്റെ കാശിൽ വാങ്ങിയ സാധനങ്ങൾ കൊണ്ട് സെറ്റ് പ്രോപ്പർട്ടീസ് വാടകക്ക് കൊടുക്കുന്ന സ്ഥാപനം തുടങ്ങിയവരും ഒക്കെയുള്ള സിനിമ രംഗത്ത് , പറക്കമുറ്റാത്ത രണ്ടു കുട്ടികളെ അനാഥരാക്കിപ്പോയ ഉദയൻ പൂങ്കോട് എന്ന ജീവിക്കാനറിയാതെ പോയ കലാകാരനെ ശപിച്ചു കൊണ്ടായിരുന്നു മടക്ക യാത്ര ……!

Advertisements