നമ്മൾ ഓരോ ആളും അറിഞ്ഞിരിക്കണം എന്താണ് ULCCS എന്ന്

0
1110

സിജിത് രാഘവൻ എഴുതുന്നു

നമ്മൾ ഓരോ ആളും അറിഞ്ഞിരിക്കണം എന്താണ് ULCCS എന്ന്.

കോഴിക്കോട്‌ ജില്ലയിലെ വടകരയ്ക്കടുത്ത്‌ ഊരാളുങ്കൽ എന്ന ഗ്രാമത്തിൽ തുടങ്ങി ബെൽജിയത്തിലെത്തിയ കഥയാണ്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി എന്ന ULCCS-ന്റേത്‌. ബെൽജിയത്തിലെ അന്തർദേശീയ സഹകരണ അലയൻസിലെ സ്ഥിരാംഗത്വമുള്ള ഭാരതത്തിലെ ഏക സഹകരണ സൊസൈറ്റി.

കൂലിവേലക്കാരായ 14 തൊഴിലാളികൾക്ക്‌ വേണ്ടി വാഗ്ഭടാനന്ദ ഗുരു 1925-ൽ തുടങ്ങി പിന്നീട്‌ ക്രമത്തിൽ വലുതായ ഈ കൺസ്റ്റ്രക്ഷൻ സൊസൈറ്റി ഇന്ന് പ്രത്യക്ഷമായും പരോക്ഷമായും പന്തീരായിരം പേർക്ക്‌ തൊഴിൽ നൽകുന്നു. ഇന്നതിന്‌ 3000 കോടി രൂപയുടെ ആസ്തി സ്വന്തമായുണ്ട്‌.

കഴിഞ്ഞ 94 വർഷങ്ങളിൽ വൻകിട പാലങ്ങൾ, റോഡുകൾ, ബൈപാസുകൾ ഫ്ലൈഓവറുകൾ എന്നിവയടക്കം 6000-ത്തിലധികം എഞ്ചിനീയറിംഗ്‌ പ്രോജക്റ്റുകൾ. തുഷാരഗിരിയിലെ ആർച്ച്‌ ബ്രിഡ്ജും കോഴിക്കോട്ടെ ചില സുന്ദരമായ റോഡുകളും ബൈപാസുകളും അവയിൽ ചിലത്‌ മാത്രം.

Image result for ulccs ltdനിശ്ചിത സമയത്തിനു മാസങ്ങൾ മുൻപ്‌ പ്രോജക്റ്റുകൾ വൃത്തിയായി തീർത്ത്‌ അധികം വന്ന ഫണ്ടുകൾ സർക്കാരിലേയ്ക്ക്‌ തിരിച്ചടച്ച്‌ ചരിത്രം സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്ന സഹകരണ സ്ഥാപനം. രാമനാട്ടുകര ഫ്ലൈ ഓവറും തൊണ്ടയാട്‌ ഫ്ലൈ ഓവറും 2 മാസങ്ങൾ മുൻപ്‌ തീർത്ത്‌ 17 കോടി രൂപ തിരിച്ചടച്ചതാണ്‌ ഏറ്റവും പുതിയ ഉദാഹരണം. അതിനാൽ തന്നെ ULCCS-നെ നിർബന്ധിച്ച്‌ പണിയേൽപ്പിക്കാൻ ഇന്ന് ഭരണാധികാരികൾ മത്സരിക്കുന്നു.

ഒരേ സമയം മൂവായിരം കോടി രൂപയിലധികം വരുന്ന 1600-ലധികം സിവിൽ എഞ്ചിനീയറിംഗ്‌ പ്രോജക്റ്റുകൾ മുതൽ കേരള അസംബ്ലി, പൊലീസ്‌ തുടങ്ങിയവയ്ക്ക്‌ വേണ്ട അത്യാധുനികമായ Blockchain technology അധിഷ്ഠിതമായ സോഫ്റ്റ്‌വെയർ പ്രോജക്റ്റുകകൾ വരെ ULCCS കൈകാര്യം ചെയ്യുന്നു.

ക്രഷറുകൾ, ഹോളോബ്രിക്സ്‌ ഫാക്റ്ററികൾ മുതൽ ഇന്ത്യയിലെ ഏതൊരു സിവിൽ എഞ്ചിനീയറിംഗ്‌ കമ്പനിയേയും വെല്ലുന്ന തരത്തിൽ 300 കോടി രൂപയുടെ engineering equipment-കൾ സ്വന്തമായുള്ള ഏക ISO 9001:2008 സൊസൈറ്റി.

ഇന്ത്യയിൽ സ്വന്തമായി ഐ ടി പാർക്കുള്ള ഏക സഹകരണ സ്ഥാപനം. കോഴിക്കോട്ട്‌ 27 ലക്ഷം സ്ക്വയർ ഫീറ്റിൽ തീർത്ത ഈ അത്യാധുനിക പാർക്കിൽ 40 സ്വകാര്യ IT കമ്പനികളിലായി 1300 ഐ ടി പ്രൊഫെഷനലുകൾ. ഇവർ വഴി കോഴിക്കോട്ടങ്ങാടിയിലെത്തുന്ന കോടികൾ വേറെ.

കോഴിക്കോട്ടെ സൈബർ പാർക്കിലെ നാലാം നിലയിൽ സ്വന്തം സോഫ്റ്റ്‌വെയർ കമ്പനിയായ ULTS-നായി ഈയ്യിടെ പണിത ആസ്ഥാനം ലോകത്തെ ഏറ്റവും സുന്ദരമായ ഓഫീസുകളിലൊന്നാണ്‌. സ്വന്തം ആർക്കിറ്റെക്റ്റുകൾ ഡിസൈൻ ചെയ്ത്‌ ആധുനിക എർഗൊണോമിക്സ്‌ അനുസരിച്ച്‌ പണിത ഈ തൊഴിലിടം സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർക്ക്‌ മികച്ച തൊഴിലനുഭവം തന്നെ കൊടുക്കുന്നു.

നാഷണൽ കോ-ഓപ്പറേറ്റീവ്‌ ഡെവലപ്‌മന്റ്‌ കോർപ്പറേഷന്റെ കീഴിൽ പ്രധാനമന്ത്രിയുടെ മുൻ സൈബർ ഉപദേഷ്ടാവ്‌ ഡോ. ഗുൽഷൻ റായ്‌ നയിക്കുന്ന ദേശീയ കോ-ഓപ്പറേറ്റീവ്‌ സൈബർ സെക്ക്യൂരിറ്റി ഓപ്പറേഷൻസ്‌ കമ്മിറ്റിയിലെ അംഗമാണിന്ന് ULCCS. സൈബർ കുറ്റകൃത്യങ്ങൾക്ക്‌ തടയിടാൻ കഴിയുന്നത്ര സുരക്ഷയൊരുക്കാൻ ഭാരതത്തിലെ സഹകരണ മേഖലയെ സഹായിക്കുക എന്നതാണീ കേന്ദ്രസർക്കാർ കമ്മിറ്റിയുടെ ഉദ്ദേശം.

എഞ്ചിനീയറിംഗ്‌ മേഖലയിൽ വിദഗ്ധരെ സൃഷ്ടിക്കാനായി കൊല്ലം ജില്ലയിലെ ചാവറയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇൻഫ്രാസ്റ്റ്രക്ചർ ആന്റ്‌ കൺസ്റ്റ്രക്ഷൻ എന്ന സർക്കാർ സ്ഥാപനം നടത്താൻ സർക്കാർ ULCCS-നെയാണ്‌ ഏൽപ്പിച്ചിരിക്കുന്നത്‌. മാത്രമല്ല, ഭാരതത്തിലെ ഗ്രാമീണ ആർട്ട്‌, ക്രാഫ്റ്റ്‌ എന്നിവ നിലനിർത്താനും പ്രചരിപ്പിക്കാനുമായി വടകരയിൽ പുഴയോരത്ത്‌ വിശാലമായ ക്യാമ്പസിൽ തുടങ്ങിയ Sargaalaya Craft Village-ഉം സർക്കാർ ULCCS-നെയാണ്‌ ഏൽപ്പിച്ചിരിക്കുന്നത്‌. അവിടെ ആണ്ടിലൊരിക്കൽ ULCCS നടത്തുന്ന അന്തർദ്ദേശീയ കരകൗശല പ്രദർശനവും പ്രസിദ്ധമാണിന്ന്. ഡെൽഹിയിലെ വിദേശ എമ്പസി ഉദ്യോഗസ്ഥർ അവരുടെ രാജ്യങ്ങളുടെ ആർട്ടും ക്രാഫ്റ്റും വടകരയിൽ പ്രദർശിപ്പിക്കാമോ എന്ന് ഇങ്ങോട്ട്‌ ചോദിക്കുന്നിടം വരെ എത്തി ഈ പ്രദർശനം. തിരുവനന്തപുരത്തെ വെള്ളാർ റ്റ്യൂറിസം പ്രോജക്റ്റാണ്‌ മറ്റൊന്ന്.

2018-ൽ മാത്രം ആയിരം കോടി രൂപയുടെ എഞ്ചിനീയറിംഗ്‌ പ്രോജക്റ്റുകൾ ചെയ്ത്‌ 250 കോടി രൂപയുടെ ലാഭമുണ്ടാക്കി.

ലാഭവിഹിതം സാമൂഹത്തിന്‌ ഉപകാരപ്രദമാം വിധം വിനിയോഗിക്കുന്നു. ഓട്ടിസം ബാധിച്ച 140 കുട്ടികളെയും നൂറോളം വലിയവരെയും പിന്നെ നിരവധി വൃദ്ധജനങ്ങളെയും ശാസ്ത്രീയമായി പരിപാലിക്കുന്ന 3 സ്ഥാപനങ്ങൾ നടത്തുന്നു.

കൂടാതെ എഞ്ചിനീയറിംഗ്‌ കോളെജുകളിൽ നിന്ന് ക്യാമ്പസ്‌ പ്ലേസ്മെന്റിലൂടെ കുട്ടികളെ തെരഞ്ഞെടുത്ത്‌ പ്രത്യേക പരിശീലനം നൽകി സ്വന്തം സ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളും പ്ലേസ്മെന്റ്‌ ഒരുക്കി കൊടുക്കുന്ന സ്വന്തം Training Academy നടത്തി സാമൂഹ്യസേവനം ചെയ്യുന്നു.

സഹകരണ മേഖലയിലെ എല്ലാ വ്യവസ്ഥാപിത ആനുകൂല്യങ്ങളോടു കൂടി ശമ്പളം വാങ്ങുന്ന ഒൻപതിനായിരത്തിലധികം ജീവനക്കാർ. സൂക്ഷ്മമായി ഇന്റർവ്വ്യൂ നടത്തി ULCCS-ന്റെ സംസ്ക്കാരത്തിനു ചേരുമെന്നുറപ്പുള്ളവരെ മാത്രം തെരഞ്ഞെടുക്കുന്ന പ്രത്യേക രീതിയിലൂടെ വന്ന ജീവനക്കാരാണിവർ.

ഇവരെ നയിക്കാൻ നിരവധി അതിവിദഗ്ധർ. അതിൽ മുൻനിര എഞ്ചിനീയറിംഗ്‌ കോളേജുകളിൽ നിന്നുള്ള M. Tech., MBA- ക്കാർ മുതൽ ഡോക്റ്ററേറ്റുള്ളവർ വരെയുണ്ട്‌. ഇവർ വലിയ സ്ഥാപനങ്ങളിൽ വലിയ സ്ഥാനങ്ങൾ ഇട്ടെറിഞ്ഞ്‌ പോന്ന് ULCCS-ൽ തൊഴിലാളികൾക്കൊപ്പം പണിയെടുക്കുന്നർ. UL സൈബർ പാർക്ക്‌ നിർമാണത്തിന്റെ ആദ്യാവസാനം വെയിലും മഴയുമേറ്റ്‌ തൊഴിലാളികൾക്കൊപ്പം പണിയെടുത്ത്‌ വിജയം വരിച്ച്‌ ചരിത്രം സൃഷ്ടിച്ച സിവിൽ എഞ്ചിനീയറിംഗ്‌ മാനേജ്‌മന്റ്‌ വിദഗ്ധ അനൂപ ശശി, സ്ഥാപനത്തിന്റെ സാമ്പത്തികം ഭദ്രമായി നിലനിർത്തുന്ന സാമ്പത്തിക വിദഗ്ധ ശ്രീജ മുരളി, IBM-ന്റെ മാനേജിംഗ്‌ ഡയറക്റ്റർ പദവി വിട്ടൊഴിഞ്ഞ്‌ പോന്ന എഞ്ചിനീയറിംഗ്‌ ഇൻഫ്രാസ്റ്റ്രക്ചർ വിദഗ്ധനും UL Cyber Park മേധാവിയുമായ രവീന്ദ്രൻ കസ്തൂരി, ന്യൂക്ലിയർ പവർ പ്ലാന്റുകളുടെ മുതൽ താജ്‌ ഹോട്ടുലുകളുടെ വരെ സിവിൽ എഞ്ചിനീയറിങ്ങിൽ വൈദഗ്‌ധ്യം നേടിയ റ്റി. എസ്‌. രവികുമാർ, പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞൻ ഡോ. എം. കെ. ജയരാജ്‌, വിദ്യാഭ്യാസ വിദഗ്ധൻ ഡോ. ടി. പി. സേതുമാധവൻ, റ്റാറ്റാ ഗ്രൂപ്പിൽ നിന്ന് വന്ന സൈബർ സെക്യൂരിറ്റി വിദഗ്ധൻ വിനോദ്‌ തിരുവത്ര, CISCO-യിൽ നിന്നെത്തിയ ബാലാജി വെങ്കിട്ടരാമൻ, ബ്ലോക്ക്‌ ചെയിൻ സാങ്കേതികവിദഗ്ധൻ ശ്രീനിവാസ്‌, മഹീന്ദ്രയിൽ നിന്നെത്തിയ സാമ്പത്തിക വിദഗ്ധൻ വസന്ത്‌, KSEB മുൻ ബോർഡംഗം നീന തുടങ്ങി നിരവധി വിദഗ്ധരാണ്‌ ULCCS-നെ ഇന്ന് നയിക്കുന്നത്‌.

ഈ സൊസൈറ്റിയെ വളർത്തി വലുതാക്കിയത്‌ പാലേരി കണാരൻ മാസ്റ്റർ. ഉന്നതങ്ങളിലെത്തിച്ചത്‌ ഇന്നത്തെ പ്രസിഡന്റ്‌ രമേശൻ പാലേരിയും സെക്രട്ടറി ഷാജുവും പിന്നെ പ്രൊജക്റ്റ്‌ മേധാവിയും ദേശീയ ലേബർ സഹകരണ ഫെഡറേഷൻ ഡയറക്റ്ററുമായ കിഷോർകുമാറും.

പുറത്തു നിന്നുള്ള ഉപദേഷ്ടാക്കളുടെ ഒരു നിര തന്നെയുണ്ട്‌ ഈ സൊസൈറ്റിക്ക്‌.
പ്രമുഖ സൈബർ ഫൊറൻസിക്ക്‌ വിദഗ്ധൻ ഡോ. വിനോദ്‌ ഭട്ടതിരിപ്പാട്‌, മുൻ IIS ഓഫീസറും ഡെൽഹിയിലെ പബ്ലിക്‌ റിലേഷൻസ്‌ വിദഗ്ധനുമായ വി. വി. വിനോദ്‌, ISRO മുൻ ശാസ്ത്രജ്ഞനും സ്റ്റാർട്ടപ്പ്‌ വിദഗ്ധനുമായ ഷിനൻ സുഗുണൻ തുടങ്ങി നിരവധി വിദഗ്ധരുടെ സേവനം ULCCS ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നു.

ULCCS-ൽ 3000 മെംബർമാർ. അതിൽ 80% വടകരയിലും പരിസരത്തും. 3-4 തലമുറകളായി ആ കുടുംബങ്ങളുടെ സാമൂഹ്യ-സാമ്പത്തിക നില ULCCS-ലൂടെ ഉയർന്നു പൊങ്ങി. വാഗ്ഭടാനന്ദ ഗുരു ആഗ്രഹിച്ച പോലെത്തന്നെ.

ജീവനക്കാർ മരിച്ചാൽ 15 മുതൽ 40 ലക്ഷം രൂപ വരെ കൊടുക്കുന്നു. ഈയ്യിടെ വെറും 42 ദിവസം ULCCS-ൽ പണിയെടുത്ത ശേഷം മരിച്ച ഒരു താൽക്കാലിക ജീവനക്കാരന്റെ കുടുംബത്തിനു കിട്ടിയത്‌ 15 ലക്ഷം രൂപ.

ഇത്രയൊക്കെ വാരിക്കോരി കൊടുത്തിട്ടും ULCCS വളരുന്നത്‌ എങ്ങനെ എന്നൊരു ചോദ്യമുണ്ട്‌. കൃത്യമായ Materials Management, Finance Management, Man-power Management. കഠിനമായും ആത്മാർത്ഥമായും 8 മണിക്കൂർ പണിയെടുക്കുന്ന ഒരു ജീവനക്കാരൻ ഈ സ്ഥാപനം തന്റേതാണെന്ന് 24 മണിക്കൂറും ചിന്തിക്കുന്ന ഒരു തൊഴിൽ സാഹചര്യം. പുതിയ സംരംഭങ്ങളും ഉയർച്ച-താഴ്ചകളും എല്ലാം അപ്പപ്പോൾ മെംബർമാരെ അറിയിക്കുന്ന ഒരു business model. വാഗ്ഭടാനന്ദ ഗുരുവിന്റെ ആദർശം ഇന്നും സ്ഥാപനത്തിൽ അദൃശ്യമായി നിലനിൽക്കുന്നു എന്നു തോന്നുന്നു.

ഇതൊക്കെയാണിന്ന് കോഴിക്കോടിന്റെ അഭിമാനമായ ULCCS. ഐക്യരാഷ്ട്രസഭ മോഡൽ സഹകരണ സൊസൈറ്റിയായി അംഗീകരിച്ച ULCCS.

ദേശീയ തലത്തിൽ ഇതിനകം നിരവധി അവാർഡുകൾ നേടിക്കഴിഞ്ഞ ULCCS-ന്റെ ചരിത്രം എഴുതി പുസ്തകമാക്കിയത്‌ ധനമന്ത്രി ഡോ. തോമസ്‌ ഐസക്കും ദക്ഷിണാഫ്രിക്കയിലെ പ്രൊഫെസറും തൊഴിലാളി വൈദഗ്ധ്യ ഗവേഷകയുമായ ഡോ. മിഷേൽ വില്ല്യംസും ചേർന്നാണ്‌ എന്നതും ഒരു പ്രത്യേകതയാണ്‌.

 

Advertisements