എന്താണ് ഏക സിവില്‍ കോഡ്?

274
Shabeer Hassan എഴുതുന്നു 
എന്താണ് ഏക സിവില്‍ കോഡ്?
ഹിന്ദുവാണെങ്കിലും ക്രിസ്ത്യാനിയാണെങ്കിലും മുസല്‍മാനാണെങ്കിലും ഏതെങ്കിലുമൊരു മതത്തിന്റെ മാത്രം പൂര്‍ണവളര്‍ച്ച അനുവദിക്കുന്ന നാടല്ല എന്റെ സ്വപ്‌നങ്ങളില്‍ ഞാനാഗ്രഹിക്കുന്ന ഇന്ത്യ; ഓരോ മതവും മറ്റുള്ളവയുമായി ഒരുമിച്ചു നിന്ന് പണിയെടുക്കുന്ന സമ്പൂര്‍ണ സഹിഷ്ണുതയുടെ ദേശമാണത്.’ – മഹാത്മാഗാന്ധി, യങ്ങ് ഇന്ത്യ 22-12-1927
 
ബഹുസ്വരതയുടെ നാടാണ് ഇന്ത്യ. വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്നവരും വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുമെല്ലാം സുഹൃത്തുക്കളായി തോളോട് തോള്‍ ചേര്‍ന്ന് ജീവിക്കുന്ന നമ്മുടെ നാട്. ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും മറ്റുമതങ്ങളില്‍ വിശ്വസിക്കുന്നവരുമെല്ലാം തങ്ങള്‍ ശരിയെന്ന് വിശ്വസിക്കുന്ന ആദര്‍ശമനുസരിച്ച് ജീവിക്കുകയും മറ്റുള്ളവരെ അവരുടെ ആദര്‍ശമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന സാഹോദര്യത്തിന്റെ നാട്. സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്നതാണ് ഈ സൗഹൃദം. ചേരഭരണാധികാരികള്‍ക്കുകീഴില്‍ ഇസ്‌ലാം മതപ്രബോധനം നിര്‍വഹിച്ച മാലിക്ക് ദീനാറും (റ) സാമൂതിരിയുടെ പിന്നില്‍ പോരാടാന്‍ ആഹ്വാനം ചെയ്ത സൈനുദ്ദീന്‍ മഖ്ദൂമും (റ) ടിപ്പു സുല്‍ത്താനുവേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞ പൂര്‍ണയ്യയും ഛത്രപതി ശിവജിക്കുവേണ്ടി പോരാടിയ ദര്യാദെരംഗും ഗാന്ധിജിയോടൊപ്പം ദേശീയ പ്രസ്ഥാനത്തിന്റെ അമരത്തിരുന്ന മൗലാനാ ആസാദുമെല്ലാം ഈ സൗഹൃദത്തിന്റെ ജ്വലിക്കുന്ന മാതൃകകളാണ്. തങ്ങളുടെ മതങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ടുതന്നെ ഒരുമിച്ച് നിന്ന് ഭാരതത്തിന് വേണ്ടി പോരാടിയവരാണ് നമ്മുടെ മുന്‍ഗാമികള്‍. ഹിന്ദുവും മുസ്‌ലിമും സിഖുകാരനും മറ്റുമതവിശ്വാസികളുമെല്ലാം ഒരുമിച്ച് നിന്ന് ചോരയും നീരും കൊടുത്ത് നേടിയതാണ് നമ്മുടെ സ്വാതന്ത്ര്യം. അതുകൊണ്ടുതന്നെയാണ് നമ്മുടെ ഭരണഘടനയുടെ സ്തംഭങ്ങളിലൊന്നായി മതനിരപേക്ഷത മാറിയത്. നമ്മുടെ മതനിരപേക്ഷത നമ്മുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. താന്‍ ശരിയെന്ന് വിശ്വസിക്കുന്ന മതമനുസരിച്ച് ജീവിക്കുവാനും അത് പ്രബോധനം ചെയ്യുവാനും അതിനായി സ്ഥാപനങ്ങള്‍ നടത്തുവാനും ഓരോ ഇന്ത്യന്‍ പൗരനും അവകാശമുണ്ട്. Image result for uniform civil codeഭരണഘടന ഇന്ത്യന്‍ പൗരന് നല്‍കുന്ന അടിസ്ഥാനപരമായ ആറ് അവകാശങ്ങളില്‍ നാലാമത്തേതാണ് മത സ്വാതന്ത്ര്യം. ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് 25 മുതല്‍ 28 വരെയുള്ള വകുപ്പുകളില്‍ വ്യക്തമായി ഇത് നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. താന്‍ ശരിയെന്ന് വിശ്വസിക്കുന്ന മതമനുസരിച്ച് ജീവിക്കുവാനുള്ള ഇന്ത്യന്‍ പൗരന്റെ മൗലികാവകാശത്തെ ചോദ്യം ചെയ്യാന്‍ പാര്‍ലമെന്റ് വിചാരിച്ചാല്‍ പോലും സാധ്യമല്ല. ഭരണഘടനയുടെ അടിത്തറകള്‍ മാറ്റി നിര്‍മിച്ചുകൊണ്ടല്ലാതെ ഈ പൗരാവകാശത്തെ ഹനിക്കാനാവില്ല.
പൗരന്റെ അടിസ്ഥാനാവകാശമായ മതസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയാണ് ഏകസിവില്‍കോഡ് നടപ്പാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യുന്നത്. പൗരന്മാര്‍ക്ക് അവര്‍ക്കിഷ്ടപ്പെടുന്ന മതമനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യമില്ലാതെയാവുകയാണ് ഏകസിവില്‍കോഡ് നടപ്പാക്കപ്പെട്ടാല്‍ സംഭവിക്കുക. അതുകൊണ്ടാണ് സ്വാതന്ത്ര്യം ലഭിച്ച് ആറുപതിറ്റാണ്ടുകള്‍ക്കിടയില്‍ വ്യത്യസ്ത സര്‍ക്കാറുകള്‍ മാറിമാറി വന്നിട്ടും എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു സിവില്‍കോഡിന് വേണ്ടി ശ്രമിക്കാതിരുന്നത്. തങ്ങളുടെ ദേശീയത്വ നിര്‍വചനപ്രകാരമുള്ള ഭാരതീയത ഒരേയൊരു സംസ്‌കാരവും ഒരൊറ്റ മൂല്യവുമുള്‍ക്കൊള്ളുന്നതാണെന്ന് ഏകസിവില്‍കോഡിന് വേണ്ടി മുറവിളികൂട്ടുന്നവര്‍ വ്യക്തമാക്കിയിട്ടുണ്ട്. (M.G Vaidya: One Nation One Culture, Indian Express 24-03-2016). തങ്ങളുദ്‌ഘോഷിക്കുന്ന ഉന്നതമായ മൂല്യക്രമവും സനാതനമായ സംസ്‌കാരവും വര്‍ണാശ്രമവ്യവസ്ഥയില്‍ അധിഷ്ഠിതമാണെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. ഭാരതീയ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും സവിശേഷതയായ ബഹുസ്വരതയുടെ കടയ്ക്ക് കത്തിവെച്ച്, നമ്മുടെ ചരിത്രത്തില്‍ ഒരിക്കല്‍പോലും നിലനിന്നിട്ടില്ലാത്ത ഒരു ഏകശിലാത്മക സംസ്‌കാരം പ്രതിഷ്ഠിക്കുകയാണ് ഏകസിവില്‍കോഡ് വാദക്കാരുടെ ആത്യന്തിക ലക്ഷ്യം.
ബഹുസ്വരത തകരുന്നതോടെ ഇന്ത്യയാണ് തകരുക; ഭാരതത്തിന്റെ തനിമയും സംസ്‌കാരവുമാണ് തരിപ്പണമാവുക; വ്യത്യസ്ത നിറങ്ങളും മണങ്ങളുമുള്ള പൂക്കള്‍ വിരിഞ്ഞിരിക്കുന്ന സുന്ദരമായ പൂങ്കാവനമാകണം ഇന്ത്യയെന്ന നമ്മുടെ രാഷ്ട്ര ശില്‍പികളുടെ സ്വപ്‌നമാണ് നശിക്കുക. ഏകസിവില്‍കോഡ് നടപ്പാക്കപ്പെടുകയാണെങ്കില്‍ പ്ലാസ്റ്റിക്ക് പൂക്കളാല്‍ നിറയ്ക്കപ്പെട്ട കൃത്രിമത്തോട്ടമായിത്തീരും നമ്മുടെ ഇന്ത്യ. അതിലെ പൂക്കള്‍ക്ക് നിറമുണ്ടാകാം. പക്ഷെ മണവും ജീവനുമുണ്ടാവുകയില്ല. നാടിനെ സ്‌നേഹിക്കുന്നവരെല്ലാം ഏകസിവില്‍കോഡിനെ എതിര്‍ക്കുന്നത് അതുകൊണ്ടാണ്. ഏകസിവില്‍കോഡിനെതിരെയുള്ള സമരം ഭാരതത്തിന്റെ സാസ്‌കാരികത്തനിമ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സമരമാണ്. മുത്തലാഖിന്റെ പേരുപറഞ്ഞ് മുസ്‌ലിം വ്യക്തിനിയമം മാറ്റിയെഴുതാന്‍ സമ്മതിച്ചാല്‍ നമ്മുടെ പാരമ്പര്യത്തെ തകര്‍ക്കാന്‍ സമഗ്രാധിപത്യത്തിന് വാതില്‍തുറന്നുകൊടുക്കലായിത്തീരും അത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത മുഴുവന്‍ സംസ്‌കാരങ്ങളെയും തകര്‍ത്ത് അവയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിലേക്കാണ് അത് ചെന്നെത്തുക. ഇന്ത്യയിലെ അടിസ്ഥാന വര്‍ഗമായ ദലിതുകളുടെ മേലുള്ള വര്‍ണാധിപത്യത്തിന് കളമൊരുക്കുകയായിരിക്കും ഇതിന്റെ ആത്യന്തിക ഫലം. ശൂദ്രന്‍ വേദം കേട്ടാല്‍ കാതില്‍ ഈയ്യം ഉരുക്കിയൊഴിക്കുകയും, മന്ത്രങ്ങളുരുവിട്ടാല്‍ നാവ് അരിഞ്ഞുകളയുകയും ചെയ്യുന്ന ‘നല്ലകാല’ത്തിന്റെ പുനരാഗമനം സ്വപ്‌നം കാണുന്നവര്‍ക്കുമാത്രമേ ഏകസിവില്‍ കോഡിനെ അനുകൂലിക്കാനാവൂ. അതുകൊണ്ടാണ് നാടിനെ സ്‌നേഹിക്കുന്ന ഭൗതികവാദികള്‍ പോലും ഏകസിവില്‍കോഡിനെതിരെയുള്ള പോരാട്ടത്തില്‍ മതവിശ്വാസികളോടൊപ്പം അണിനിരക്കുന്നത്.
ഈ പ്രപഞ്ചത്തിന്റെ നിലനില്‍പിന് ആധാരമായ ചില നിയമങ്ങളുണ്ട്. ആകാശഗോളങ്ങളും ഭൂമിയും ഭൂമിയിലെ ജീവനടക്കമുള്ള പ്രതിഭാസങ്ങളുമെല്ലാം ശാന്തമായി നിലനില്‍ക്കുന്നത് സ്രഷ്ടാവ് നിശ്ചയിച്ച പ്രസ്തുത നിയമങ്ങളനുസരിച്ചുകൊണ്ട് അവയെ ക്രമപ്പെടുത്തിയതുകൊണ്ടാണ്. മറ്റു പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ നിന്നു വ്യത്യസ്തമായി സ്വതന്ത്രമായ കൈകാര്യകര്‍തൃത്വത്തിന് കഴിവ് നല്‍കിയിരിക്കുന്ന മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കേണ്ടതെങ്ങനെയെന്ന് അവനെ സൃഷ്ടിച്ചവന്‍ പഠിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത പ്രവാചകന്മാരിലൂടെ പടച്ചവന്‍ അവതരിപ്പിച്ച ഈ വിധിവിലക്കുകളാണ് ശരീഅത്ത് എന്ന് അറിയപ്പെടുന്നത്. മാനവികതയെ ദീപ്തമാക്കുകയും സമാധാനപൂര്‍ണമായ വ്യക്തിജീവിതവും സംതൃപ്തമായ കുടുംബജീവിതവും നീതിയിലും പാരസ്പര്യത്തിലും അധിഷ്ഠിതമായ സാമൂഹ്യജീവിതവും സാധിക്കുകയും ചെയ്യുന്നതിനുവേണ്ടിയുള്ളതാണ് ശരീഅത്തിലെ വിധിവിലക്കുകള്‍. സമാധാനപൂര്‍ണമായ ഇഹലോകജീവിതവും മരണാനന്തരം ശാശ്വത സമാധാനത്തിന്റെ ഭവനമായ സ്വര്‍ഗവും ലഭിക്കുന്നതിന് മനുഷ്യരെല്ലാം പിന്‍തുടരേണ്ട ദൈവദത്തമായ ജീവിതക്രമമാണത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരിലൂടെയാണ് അവരുടെ ജനതയ്ക്കുള്ള ശരീഅത്ത് പഠിപ്പിക്കപ്പെട്ടത് അന്തിമപ്രവാചകനായ മുഹമ്മദ് നബി(സ)യിലൂടെ അവസാന നാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയുള്ള ശരീഅത്ത് അവതരിപ്പിക്കുകയാണ് സ്രഷ്ടാവ് ചെയ്തത്. ജീവിതത്തെ പ്രകാശമാനമാക്കുകയും മാനവികത പഠിപ്പിക്കുകയും ചെയ്യുന്ന ശരീഅത്തിന്റെ സ്രോതസ്സുകള്‍ പരിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യകളുമാണ്.
ഏതെങ്കിലുമൊരു സമുദായത്തിനുവേണ്ടിയുള്ളതല്ല ശരീഅത്ത്. മാനവികതയുടെ ഉജ്ജ്വലീകരണമാഗ്രഹിക്കുന്ന ആര്‍ക്കും അനുധാവനം ചെയ്യാവുന്നതാണത്. ആത്മീയവും ഭൗതികവുമായ ചങ്ങലക്കെട്ടുകളില്‍ നിന്ന് മോചിപ്പിക്കുകയും ചൂഷണങ്ങളില്‍ നിന്ന് രക്ഷിക്കുകയും സമാധാനസംതൃപ്തമായ ജീവിതം ആസ്വദിക്കുവാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നതാണീ വിധിവിലക്കുകള്‍. ശരീഅത്ത് നിര്‍ദേശിക്കുന്ന സ്വഭാവ ഗുണങ്ങള്‍ പാലിക്കുകയും ദുര്‍ഗുണങ്ങള്‍ ഒഴിവാക്കുകയും ചെയ്യുമ്പോള്‍ തനിക്കും താനുമായി ബന്ധപ്പെട്ടവര്‍ക്കും സമാധാനവും ശാന്തിയും സംതൃപ്തിയുമുണ്ടാവുന്നു. സത്യം പറയണം, നീതിപാലിക്കണം, കരാറുകള്‍ നിറവേറ്റണം, ദാനധര്‍മങ്ങള്‍ ചെയ്യണം, ക്ഷമിക്കണം, മുതിര്‍ന്നവരെ ബഹുമാനിക്കണം, ഇളയവരോട് കാരുണ്യം കാണിക്കണം, മാന്യതയോടെ പെരുമാറണം, വിട്ടുവീഴ്ച്ച ചെയ്യണം, സത്യസന്ധമായി തൊഴിലെടുക്കണം, അനാഥകളെ സംരക്ഷിക്കണം, അഗതികളെ പുനരധിവസിപ്പിക്കണം, മാന്യമായ വസ്ത്രം ധരിക്കണം, വിധവകള്‍ക്ക് തുണയാകണം, മാതാപിതാക്കളെ അനുസരിക്കണം, മക്കള്‍ക്ക് നന്മ ചെയ്യണം, ഇണകളോട് നല്ല നിലയില്‍ വര്‍ത്തിക്കണം, അമുസ്‌ലിംകളോട് സൗഹാര്‍ദത്തോടെ പെരുമാറണം, തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം നല്‍കണം, അയല്‍വാസിയെ പിരിഗണിക്കണം, പുഞ്ചിരികൊണ്ട് അഭിമൂഖീകരിക്കണം തുടങ്ങിയ ശരീഅത്തിലെ നിയമങ്ങളനുസരിക്കുന്നവരുടെ ജീവിതം എത്രത്തോളം സമാധാനപൂര്‍ണമായിരിക്കും! മദ്യപിക്കരുത്, വ്യഭിചരിക്കരുത്, ചൂതാട്ടത്തിലേര്‍പ്പെടരുത്, പലിശ വാങ്ങുകയോ കൊടുക്കുകയോ അരുത്, കള്ള സാക്ഷ്യം പറയരുത്, വഞ്ചിക്കരുത്, അനര്‍ഹമായത് സമ്പാദിക്കരുത്, പൂഴ്ത്തിവെക്കരുത്, ഊഹക്കച്ചവടം പാടില്ല, തൊഴിലാളികളെ ദ്രോഹിക്കരുത്, മുതലാളിയെ വഞ്ചിക്കരുത്, അഹങ്കരിക്കരുത്, അസൂയ പാടില്ല, അത്യാഗ്രഹമുണ്ടാവരുത്, പിശുക്കുണ്ടാവരുത്, അമിതവ്യയം അരുത്, അശ്ലീലം പറയരുത്, പരദൂഷണം പാടില്ല, കാപട്യം ഉണ്ടാവരുത്, കള്ളം പറയരുത്, പരിഹസിക്കരുത്, കുത്തുവാക്കുകള്‍ പറയരുത്, വിദ്വേഷം പാടില്ല, ഏഷണിക്കാരനാകരുത്, വിശ്വാസവഞ്ചനയുണ്ടാകരുത്, കൊടുത്തദാനം എടുത്ത് പറയരുത്, സമ്പാദിക്കാന്‍ വേണ്ടി യാചിക്കരുത്, അന്യായമായി ആരെയും വധിക്കരുത്, പതിവ്രതകളുടെമേല്‍ ആരോപണങ്ങളുന്നയിക്കരുത്, മാതാപിതാക്കളോട് കയര്‍ക്കരുത്, ഭര്‍ത്താക്കന്മാരെ ധിക്കരിക്കരുത്, ഭാര്യമാരെ ദ്രോഹിക്കരുത്, മക്കളെ ശപിക്കരുത് തുടങ്ങിയ ശരീഅത്തിലെ വിലക്കുകള്‍ അനുസരിച്ചുകൊണ്ട് ജീവിക്കുന്നവരോടൊപ്പമുള്ളവരുടെ ജീവിതം എത്രത്തോളം സംതൃപ്തമായിരിക്കും. ശരീഅത്തിലെ കുടുംബ നിയമങ്ങളുടെയും സാമ്പത്തിക നിയമങ്ങളുടെയും സാമൂഹിക നിയമങ്ങളുടെയുമെല്ലാം സ്ഥിതി ഇതുതന്നെയാണ്. പലിശയിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥിതിയുടെ സ്വാഭാവികോല്‍പന്നമായ സാമ്പത്തിക പ്രതിസന്ധികള്‍ കടന്നുവരുമ്പോഴെല്ലാം അതിനുള്ള ശാശ്വത പരിഹാരം ലോകം ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥിതി സ്വീകരിക്കു കയാണെന്ന് സമ്പത്ത് ശാസ്ത്ര വിദഗ്ധര്‍ പ്രസ്താവിക്കാറുണ്ട്. ശരീഅത്തിലെ നിയമങ്ങളുടെയെല്ലാം സ്ഥിതി ഇതാണ്. സമാധാനവും സംതൃപ്തിയും നല്‍കുന്നവയാണ് പ്രസ് തുത നിയമങ്ങളെന്ന് അവയനുസരിച്ച് ജീവിക്കുന്നവര്‍ക്കറിയാം. അവയനുസരിക്കുവാന്‍ സന്നദ്ധതയില്ലാത്തവര്‍, ദൈവധിക്കാരത്തിന്റെ കെടുതി അനുഭവിക്കുമ്പോഴാണ് അവയുടെ പ്രസക്തി മനസ്സിലാക്കുക.
കേവലം ചില വിശ്വാസാചാരങ്ങളാണ് ചിലര്‍ക്ക് മതം. താന്‍ പൂജിക്കുന്ന ദൈവത്തെ ആരാധിക്കുവാനും ജനനസമയത്തും വിവാഹസമയത്തും മരണസമയത്തുമെല്ലാം ചില അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുവാനും നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പോകുവാനുമുള്ള സ്വാതന്ത്ര്യമുണ്ടായാല്‍ അവര്‍ക്ക് മതസ്വാതന്ത്ര്യമായി. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവികനിയമങ്ങള്‍ പാലിക്കുകയാണ് ഇസ്‌ലാം എന്നതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു രംഗത്തെ നിയമങ്ങള്‍ പാലിക്കുവാന്‍ അനുവദിക്കപ്പെടാതിരിക്കുന്നത് മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം മതസ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്. കുടുംബരംഗത്തെ ഇസ്‌ലാമികനിയമങ്ങളെ പൂര്‍ണമായും ലംഘിക്കുവാനാണ് ഏകസിവില്‍കോഡ് ആവശ്യപ്പെടുകയെന്നതു കൊണ്ടുതന്നെ ഇക്കാര്യത്തില്‍ മുസ്‌ലിംകള്‍ക്ക് കൂടുതല്‍ വേദനയുണ്ടാകും. എന്നാല്‍ മുസ്‌ലിംകളില്‍ നിന്നുതുടങ്ങി ഇന്‍ഡ്യയെ മുഴുവന്‍ വിഴുങ്ങുവാനുള്ള പൈശാചികതന്ത്രമാണിതെന്ന് മനസ്സിലാക്കി നാടിനെ സ്‌നേഹിക്കുന്നവരെല്ലാം ഒന്നിച്ചുനില്‍ക്കേണ്ട സന്ദര്‍ഭമാണിത്. തലമുറകളായി നമ്മുടെ നാട് കൈമാറിവന്ന ബഹുസ്വരതയുടെ നന്മകളെയെല്ലാം നശിപ്പിച്ച് ജഢത്വത്തിന്റെയും അധീശാധികാരത്തിന്റെയും ജാതിമേല്‍ക്കോയ്മകളുടെയും നുകങ്ങള്‍ പൗരന്‍മാരുടെ പിരടിയില്‍ കെട്ടുന്നതിനായുള്ള സമഗ്രാധിപത്യ പരിശ്രമത്തിന്റെ ഉദ്ഘാടനമാണ് ഏകസിവില്‍കോഡ് നടപ്പാക്കുന്നതിലൂടെ നിര്‍വഹിക്കപ്പെടുക.
വേദോപനിഷത്തുകളുടെയും പുരാണേതിഹാസങ്ങളുടെയും ഹിന്ദുമതത്തിന് പരിചയമുള്ളതല്ല ഈ സമഗ്രാധിപത്യദുര. ദേശീയത്വമെന്ന ലേബലില്‍ നമ്മുടെ നാടിന് തീരെ പരിചയമില്ലാത്ത ഏകശിലാത്മകതയാണ് അടിച്ചേല്‍പിക്കപ്പെടാന്‍ പോകുന്നത്. തങ്ങള്‍ ദേശീയത്വം പഠിച്ചത് ഇറ്റലിയിലെ ഫാഷിസ്റ്റുകളില്‍ നിന്നും ജര്‍മനിയിലെ നാസികളില്‍ നിന്നുമാണെന്ന് അതിന്റെ വക്താക്കള്‍ തുറന്നുപറഞ്ഞിട്ടുള്ളതുമാണ്. ഏകസിവില്‍കോഡ് അടിച്ചേല്‍പിക്കാനുള്ള ശ്രമം മുസ്‌ലിംകള്‍ക്കേ ബുദ്ധിമുട്ടുണ്ടാക്കൂവെന്നു കരുതി മാറിനില്‍ക്കുന്നവര്‍ അടുത്ത ഇര തങ്ങളോരോരുത്തരുമാണെന്ന് മനസ്സിലാക്കണം. നാടിനെ സ്‌നേഹിക്കുന്നവരുടെയെല്ലാം ഐക്യനിരയാണ് ഇവിടെ ഉയര്‍ന്നുവരേണ്ടത്. അല്ലെങ്കില്‍ ഇറ്റലിയിലും ജര്‍മനിയിലും സംഭവിച്ചതുപോലെ ഈ പൈശാചികദുരയുടെ സംഹാരതാണ്ഡവം നമ്മുടെ നാടിനെയും സംസ്‌കാരത്തെയും തകര്‍ക്കും. അതിന്റെ ദുരിതങ്ങള്‍ മുഴുവന്‍ സഹിച്ചശേഷം നാട് അതിനെ ഛര്‍ദിച്ചുകളയുന്നതായിരിക്കും ചരിത്രം രേഖപ്പെടുത്തുക. മുസോൡനിക്കോ ഹിറ്റ്‌ലര്‍ക്കോ അവരുടെ ദേശീയത്വമനുഭവിച്ച നാടുകളില്‍ ഇന്ന് അനുയായികളില്ല. വെറുപ്പോടും പകയോടും കൂടിയല്ലാതെ അവിടെങ്ങളില്‍ ജീവിക്കുന്നവര്‍ ഈ സമഗ്രാധിപതികളുടെ പേരുകേള്‍ക്കുന്നില്ലെന്നോര്‍ക്കുക