തൊട്ടതെല്ലാം പൊന്നാക്കിയ ‘പാച്ചുവിന്റെ മുത്തച്ഛൻ ‘

19

ഉണ്ണികൃഷ്ണൻ നമ്പൂതിരി ആദരാഞ്ജലികള്‍

പുല്ലേരി വാധ്യാരില്ലത്തെ നാരായണ വാധ്യാർ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിൻ്റെയും മകനായി 1923 ലാണ് ജനനം. തൻറെ അച്ഛൻ സ്ഥാപിച്ച വീട്ടുമുറ്റത്തുള്ള കോറോം ദേവീസഹായം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. ചിട്ടയോടെ ഉപനയനം കഴിഞ്ഞ് മൂന്ന് വർഷം വേദമന്ത്രങ്ങൾ, പൂജാ ക്രമങ്ങൾ, ഗണപതിഹോമം, ചമത ഹോമം, പുരുഷസൂക്തം, ഭാഗ്യസൂക്തം, ശ്രീരുദ്രം, ശ്രീസൂക്തം, വിഷ്ണു സഹസ്രനാമം, ലളിതാ സഹസ്രനാമം എന്നിവ അമ്മയുടെ അമ്മാവൻ ആയ ഗോവിന്ദൻ നമ്പൂതിരിയിൽ നിന്നും പഠിച്ച് സമാവർത്തനം പൂർത്തിയാക്കി.

മൂത്തസഹോദരനായ അഡ്വ. പി.വി.കെ. നമ്പൂതിരി ഹൈസ്കൂൾ പഠന കാലത്തു എ.കെ. ഗോപാലനുമായി അടുത്ത സൗഹൃദത്തിലായിരുന്നു. എ.കെ.ജിയോടൊപ്പം കമ്യൂണിസ്റ്റ് പ്രവർത്തനത്തിൽ മുഴുകിയതിനാൽ കുടുംബം മുഴുവനും ഇടതുപക്ഷത്തോട് ചേർന്നുനിന്നു.ഉണ്ണി നമ്പൂതിരി ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അസുഖബാധിതനായ എ.കെ. ഗോപാലൻ ഒളിവിൽ താമസിക്കാൻ പുല്ലേരി ഇല്ലത്ത് എത്തിയത്. അങ്ങിനെ സോഷ്യലിസത്തിന്‍റെയും കമ്യൂണിസത്തിന്‍റെയും വെള്ളിവെളിച്ചം പുല്ലേരി ഇല്ലത്തും പരന്നു. എ.കെ.ജിയോടുള്ള ആരാധന ഉണ്ണി നമ്പൂതിരിയെയും കറകളഞ്ഞ കമ്യൂണിസ്റ്റുകാരനാക്കി.

Malayalam actor Unnikrishnan Namboothiri dies at 98 | Regional-cinema News  – India TVപയ്യന്നൂർ ബോർഡ് ഹൈസ്കൂളിൽ എത്തിയ ഉണ്ണിനമ്പൂതിരി ഫുട്ബോൾ, വോളിബാൾ കളികളിലും സജീവമായിരുന്നു, സ്കൂളിൽ പ്രചച്ഛന്നവേഷ മത്സരങ്ങളിലും നാടകങ്ങളിൽ സ്ത്രീ വേഷത്തിലും തിളങ്ങി.നിരവധി ക്ഷേത്രങ്ങളിലെ താന്ത്രിക അവകാശമുള്ള ഇല്ലത്തെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നിരവധി ക്ഷേത്രങ്ങളിലെ തന്ത്രി കൂടിയാണ്. 6 മാസം എയർഫോഴ്സിൽ ജോലി ചെയ്തു. തിരിച്ചു വന്ന് കർഷകനായി. തുടർന്ന് 22 വർഷം കോറോം ദേവീ സഹായം യുപി സ്കൂൾ മാനേജരായി ജോലിനോക്കി

തന്റെ 76-ാം വയസ്സില്‍ അദ്ദേഹം സിനിമയിലെത്തിയത് മകൾ ദേവകിയുടെ ഭർത്താവും‌ ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ കോഴിക്കോട്‌ തിരുവണ്ണൂരിലെ വീടിന്റെ ഗൃഹപ്രവേശത്തിന്‌ മാടമ്പ്‌ കുഞ്ഞിക്കുട്ടനൊപ്പം എത്തിയതായിരുന്നു ജയരാജ്‌. ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരിയെ ജയരാജ്‌ ആദ്യമായി കാണുന്നത് അവിടെ വെച്ചാണ്. കുസൃതി കണ്ണുകളും നിഷ്കളങ്ക മുഖവുമുള്ള അതിസുന്ദരനും കുലീനവുമായ ഒരു എഴുപതു വയസുകാരൻ. ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ കണ്ടപാടെ ജയരാജിന് ബോധിച്ചു. ദേശാടനത്തിലേ മുത്തച്ഛനാകാൻ അവിടെ വെച്ചു‌‌ തന്നെ ക്ഷണിച്ചു. ഈ സമയങ്ങളിലെല്ലാം കാരണവരാകാൻ പുതുമുഖത്തെ തേടുകയായിരുന്നു ജയരാജ്‌.
കൈതപ്രവും മകളുടെ നിരന്തരമായ നിർബന്ധത്തിന്‌ വഴങ്ങി. ഇതോടെ മലയാള സിനിമയിൽ മറ്റൊരു ചരിത്രം പിറക്കുകയായിരുന്നു. പാച്ചുവിൻ്റെ മുത്തച്‌ഛനായി ദേശാടനത്തിൽ ജീവിക്കുകയായിരുന്നു ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരി. സ്വന്തം സ്വഭാവസവിശേഷതകളോട്‌ ചേർന്ന്‌ നിൽക്കുന്ന കഥാപാത്രത്തെ അസാമാന്യമായ മെയ്‌വഴക്കത്തോടെ പകർത്തി.

അവസാനഭാഗത്തിന്റെ ചിത്രീകരണം തൃശൂർ ബ്രഹ്മസ്വം മഠത്തിൽ. സ്വാമിയാരുടെ അടുത്തെത്തി ആചാര്യനെ കാണുന്ന സന്ദർഭം.ചിത്രത്തിലെ പ്രധാന ഷോട്ടുകളിലൊന്ന്.പാച്ചുവിനെ സന്ന്യാസത്തിന് വിടണമെന്ന് കൽപ്പിക്കുന്ന ഭാഗം. വൈകാരികതയുടെ വേലിയേറ്റം. അനായാസം അഭിനയിച്ചു. ഷോട്ട് പൂർത്തിയായപ്പോൾ കൈയുയർത്തി ജയരാജ് ആഹ്ലാദം പ്രകടമാക്കി. മഠത്തിൽ നിന്ന് വീട്ടിലേക്കുവന്ന പാച്ചുവിനെ അച്ഛനും അമ്മയും തിരസ്‌കരിച്ചു. ‘മുത്തശ്ശനും എന്നെ വേണ്ടേ’ എന്നു പാച്ചു ചോദിക്കുമ്പോൾ ഞെട്ടിവിറച്ച്, കണ്ണുനിറഞ്ഞ്, തളർന്നു താഴെവീഴുന്ന രംഗം ആരുടെ മനസും അലിയിക്കുന്ന ഭാവാദ്രമായിരുന്നു ഈ രംഗങ്ങൾ. ദേശാടനം’ കണ്ടവർ “പഥേർ പാഞ്ചാലി’യിൽ ദുർഗയുടെ മുത്തശിയെ അവതരിപ്പിച്ച ചുനി ബാലദേവിയുടെ അഭിനയ മികവിനോളമെന്ന് ഉണ്ണിക്കൃഷ്ണൻ നമ്പുതിരിയെ വാഴ്‌ത്തി. ബെംഗാളിലെ അറിയപ്പെടുന്ന നാടക നടിയായിരുന്നു ചുനി ബാലദേവിയെങ്കിൽ ഒരിക്കലും അഭിനയിക്കാത്ത നടനായിരുന്നു ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരി.

പാച്ചുവിന്‍റെ മുത്തച്ഛൻ പിന്നീട് മലയാള സിനിമയുടെ മുത്തച്ഛനായി തൊട്ടതെല്ലാം പൊന്നാക്കി. മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലുള്ള ചിത്രങ്ങളിലും അഭിനയിച്ചു ഒരാൾ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധ നേടിയ ചിത്രം കല്യാണരാമനിലേതാണ്.ഗര്‍ഷോം,മേഘമൽഹാർ, അങ്ങനെ ഒരു അവധിക്കാലത്ത്, മായാമോഹിനി, സദാനന്ദന്റെ സമയം, ഫോട്ടോഗ്രാഫർ, ലൗഡ് സ്പീക്കർ,രാപകല്‍,ഉടയോന്‍,സിഐഡി മൂസ, പോക്കിരി രാജ, വസന്തത്തിന്റെ കനൽ വഴി, നോട്ട്ബുക്ക്‌, വസന്തതിന്തെ കനാല്‍ വാഹികലില് എന്നീ സിനിമകളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. കമല്‍ഹാസനോടൊപ്പം പമ്മല്‍കെ സമ്മന്തം എന്ന ചിത്രത്തിലും രജനികാന്തിനോടൊപ്പം ചന്ദ്രമുഖി എന്ന ചിത്രത്തിലും കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തില്‍ ഐശ്വര്യ റായിയുടെ മുത്തച്ഛന്‍ വേഷത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സിനിമാ ആസ്വാദകര്‍ക്ക് പ്രിയപ്പെട്ട മുത്തച്ഛനായിരുന്നു.മരുമകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്ത മഴവില്ലിനറ്റംവരെയാണ് ഒടുവിലായി അഭിനയിച്ച ചിത്രം.