ഇന്ത്യയിലെ ഒരു അനാചരം:നവവധുക്കളുടെ കന്യകാത്വ പരിശോധന
അറിവ് തേടുന്ന പാവം പ്രവാസി
👉മഹാരാഷ്ട്രയിലെ കാഞ്ചാർ ഭട്ട് സമുദായത്തിൽ ഇന്നും പെണ്ണിന്റെ കന്യകാത്വം നിർണ്ണയിക്കുന്നത് വെള്ളത്തുണിയിലെ രക്തക്കറകളാണ്. വിവാഹരാത്രിയിൽത്തന്നെ തന്റെ വധു വിവാഹത്തിന് മുൻപ് കന്യകയായിരുന്നുവെന്ന് വരൻ കുടുംബത്തിനും, സമുദായത്തിനും മുന്നിൽ തെളിയിക്കണം. നിർഭാഗ്യവശാൽ അവന്റെ വധു കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ടാൽ സമുദായം വിധിക്കുന്ന ശിക്ഷയേറ്റു വാങ്ങി ഒരായുസ്സിലേക്കുള്ള പാപഭാരവുമായി അവൾ മരിച്ചു ജീവിക്കണം.ഈ അനാചാരത്തെ ശക്തമായ നിയമമുപയോഗിച്ച് പ്രതിരോധിക്കാനുള്ള നടപടികളാണ് ഇപ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
നവവധുക്കളുടെ കന്യകാത്വ പരിശോധന ലൈംഗികാതിക്രമണത്തിന്റെ മറ്റൊരു പതിപ്പാണെന്നും നവവധുക്കളെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.മഹാരാഷ്ട്രയിലെ പല സമുദായങ്ങളിലും നിർബന്ധിത കന്യകാത്വ പരിശോധന നടക്കുന്നു.ഇത്തരം സംഭവങ്ങളിൽ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യാൻ പൊലീസ് മടിക്കാറുണ്ട് .സമുദായത്തിൽ നടക്കുന്ന ലൈംഗിക പീഡനമുൾപ്പടെയുള്ള സംഭവങ്ങളിൽ ഗ്രാമപഞ്ചായത്തുകൾ തീർപ്പു കൽപ്പിക്കാറാണ് പതിവ്.
കാടൻ ആചാരങ്ങൾ പിന്തുടരുന്നതിനെതിരെ ഒളിഞ്ഞും, തെളിഞ്ഞും നിരവധി വ്യക്തികളും, സംഘടനകളും പോരാടുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിലൂടെയുള്ള പോരാട്ടത്തിനാണ് യുവത്വം മുൻഗണന നൽകുന്നത്. സ്റ്റോപ് ദ് റിച്വൽ എന്ന വാട്സാപ് ഗ്രൂപ്പിലൂടെ ഇത്തരം അനാചാരങ്ങൾക്കെതിരെ പോരാടുന്ന ഒരു പെൺകുട്ടിയുണ്ട് പ്രിയങ്ക. കന്യകാത്വ പരിശോധന എന്ന പ്രാകൃതമായ ആചാരത്തെ താൻ എതിർക്കാനുള്ള കാരണത്തെപ്പറ്റിയും സ്റ്റോപ് ദ് റിച്വൽ എന്ന വാട്സാപ് ഗ്രൂപ്പിന്റെ പിറവിയെപ്പറ്റിയും പ്രിയങ്ക പറയുന്നതിങ്ങനെ :-
അയൽവക്കത്തെ നവവധുവിന്റെ അലറിക്കരച്ചിൽ കേട്ടാണ് അന്നു രാവിലെ ഉറക്കമുണർന്നത്. മഹാരാഷ്ട്രയിലെ കാഞ്ചാർ ഭട്ട് സമുദായത്തിലുള്ള സകലർക്കും ആ കരച്ചിലിനു പിന്നിലുള്ള കാര്യമറിയാം. നിർഭാഗ്യവതിയായ ആ പെൺകുട്ടി കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ടിരിക്കുന്നു. വിവാഹരാത്രിയിലുള്ള ലൈംഗികബന്ധത്തിനു ശേഷം കിടക്കവിരിയിൽ രക്തപ്പാടുകൾ കണ്ടില്ലെങ്കിൽ വധു കന്യകയല്ല എന്നു വിധിക്കുന്ന പ്രാകൃത ആചാരം ഇന്നും അവർ പിന്തുടരുന്നു. 400 വർഷം പഴക്കമുള്ള ആ ആചാരത്തിനെതിരെ പോരാടുകയാണ് ഞാനുൾപ്പടെയുള്ള നാൽപതോളം ആളുകൾ. അതിന് അവർ വേദി കണ്ടെത്തിയത് വാട്സാപ്പിലും.
സ്റ്റോപ് ദ് വി റിച്വൽ (Stop The V-Ritual) എന്ന പേരിലുള്ള വാട്സാപ് ഗ്രൂപ്പിലൂടെയാണ് പോരാട്ടം.‘എന്റെ സമുദായത്തിൽ നടക്കുന്ന ഒരു അനാചാരത്തെക്കുറിച്ച് ഈ വാട്സാപ്പ് ഗ്രൂപ്പിലാണ് ഞാൻ തുറന്നു സംസാരിക്കുന്നത്. ഇത് അനാചാരമാണെന്ന് ഞങ്ങളുടെ സമുദായത്തിൽ ആർക്കും തോന്നിയില്ല എന്നതാണ് സത്യം’.– റിയൽ എസ്റ്റേറ്റ് എക്സിക്യൂട്ടീവായ പ്രിയങ്ക പറയുന്നു. കാഞ്ചാർ ഭട്ട് സമുദായത്തിനു പുറത്തുള്ളവരുമായി സ്ത്രീകൾ ശാരീരികബന്ധത്തിൽ ഏർപ്പെടാതിരിക്കാനാണ് ഈ കാടത്തമെന്നും പറയപ്പെടുന്നു.
വിവാഹശേഷം വധുവിനെയും, വരനെയും, ബന്ധു ജനങ്ങൾക്കൊപ്പം ലോഡ്ജിലേക്കോ, ഹോട്ടലിലേക്കോ അയയ്ക്കുന്നു. മുറിവുണ്ടാക്കാൻ തക്ക ആയുധങ്ങളൊന്നും വധുവിന്റെ പക്കലില്ലെന്നുറപ്പാക്കാൻ ബന്ധുക്കൾ അവളെ വിവസ്ത്രയാക്കി പരിശോധിക്കും. പിന്നീട് വരന്റെ കൈയിൽ നീളമുള്ള ഒരു വെളുത്ത തുണിയും നൽകും. ആ തുണിയാണ് വധുവിന്റെ കന്യകാത്വം നിർണയിക്കുന്നത്. ലൈംഗികബന്ധത്തിനു ശേഷം വധുവിന്റെ രക്തംപൊടിഞ്ഞ തുണി വരന്റെ അമ്മയ്ക്കു കൈമാറണം. വധു വിവാഹത്തിനു മുൻപ് കന്യകയായിരുന്നോ എന്ന് അവർ നിർണയിക്കുന്നത് ഈ ചടങ്ങിലൂടെയാണ്.
‘എന്തെങ്കിലും കാരണത്താൽ വധൂവരന്മാർക്കു ശാരീരികബന്ധത്തിനു ബുദ്ധിമുട്ടനുഭവപ്പെടുകയാണെങ്കിൽ അവരെ അശ്ലീലവിഡിയോകൾ കാണിക്കും. ചില സ്ഥലങ്ങളിൽ അൽപം കൂടി കടന്ന ചില പ്രവൃത്തികളുമുണ്ടാകും. ബന്ധുക്കളായ ദമ്പതിമാർ നവ വധൂവരന്മാരുടെ മുന്നിൽ ശാരീരികബന്ധത്തിലേർപ്പെടും.’- ‘സ്റ്റോപ് ദ് വി റിച്വൽ’ എന്ന വാട്സാപ് ഗ്രൂപ്പിന്റെ സ്ഥാപകനും ,പ്രിയങ്കയുടെ ബന്ധുവുമായ വിവേക് പറയുന്നു. ‘ഒരാളുടെ സ്വകാര്യതയിലേക്കും അന്തസ്സിലേക്കുമുള്ള ക്രൂരമായ കടന്നുകയറ്റമാണിത്, പ്രത്യേകിച്ച് സ്ത്രീകളുടെ’. – ഈ പ്രാകൃതമായ ആചാരത്തെ എതിർക്കുന്ന വിവേക് പറയുന്നു.കോളജ് വിദ്യാഭ്യാസം നേടിയിട്ടുള്ള ചെറുപ്പക്കാർ മാത്രമല്ല വാട്സാപ്പിലൂടെ അരങ്ങേറുന്ന ഈ പ്രതിഷേധത്തിൽ പങ്കുചേരുന്നത്.
ഗ്രാമത്തിലെ ലീലാബായി ബാംബിയ സിങ് ഇന്ദ്രേക്കർ എന്ന 56 കാരിയായ വിവാഹമോചിതയും പോരാട്ടത്തിൽ മുൻപന്തിയിലുണ്ട്. പന്ത്രണ്ടാം വയസ്സിലായിരുന്നു ലീലാബായിയുടെ വിവാഹം. ‘അപമാനിക്കപ്പെടുകയാണെന്ന് മനസ്സിലാക്കാനുള്ള വിദ്യാഭ്യാസം പോലും അന്നില്ലായിരുന്നു’. രണ്ടു കുട്ടികളുടെ മുത്തശ്ശി കൂടിയായ ലീലാഭായി പറയുന്നു. താൻ കന്യകാത്വ പരിശോധനയ്ക്കു വിധേയയാകുകയും വിജയിക്കുകയും ചെയ്തെന്നും എന്നാൽ ഈ അനാചാരത്തിനെതിരാണെന്നും അവർ പറയുന്നു.
ഒരു സർക്കസ് കളി കാണുമ്പോലെയാണ് പുരുഷന്മാർ ഇത് ആസ്വദിക്കുന്നതെന്നും അവർ പറയുന്നു.ആചാരത്തെക്കുറിച്ച് ലീലാഭായി പറയുന്നതിങ്ങനെ : ‘വിവാഹപ്പിറ്റേന്ന് വധുവും, വരനും, ബന്ധുക്കളോടും, ഗ്രാമമുഖ്യനോടുമൊന്നിച്ച് ഗ്രാമത്തിലെ ഒരു പൊതുസ്ഥലത്ത് ഒത്തുകൂടും. അവിടെവച്ച് അത്രയും ആളുകളുടെ സാന്നിധ്യത്തിൽ സ്ഥലത്തെ പ്രധാനി ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്യും. ശേഷം വരനോട് നിന്റെ സാധനം (വധു) ഉപയോഗിക്കപ്പെട്ടതാണോ, അല്ലയോ എന്ന് ചോദിക്കും. സ്ത്രീയെ ഒരു വിൽപനച്ചരക്കായി കണക്കാക്കുന്നതെങ്ങനെയാണ്? ഈ സമുദായം സ്ത്രീകൾക്ക് ഒരു മൂല്യവും കൽപ്പിക്കുന്നില്ല. എന്തുകൊണ്ട് പുരുഷന്മാരോട് അവരുടെ വെർജിനിറ്റിയെക്കുറിച്ച് ചോദിക്കുന്നില്ല. ഞങ്ങളും തുല്യരാണ്’ ലീലാബായി രോഷത്തോടെ ചോദിക്കുന്നു.
നവവധുക്കൾ സഹിക്കേണ്ടി വരുന്ന അപമാനങ്ങളുടെ തുടക്കം മാത്രമാണ് കന്യകാത്വ പരിശോധന.
നിർഭാഗ്യവശാൽ അവൾ പരിശോധനയിൽ പരാജയപ്പെട്ടാൽ അവളുടെ കുടുംബത്തിന് 10000 രൂപ മുതൽ 50000 രൂപ വരെ ഗ്രാമമുഖ്യൻ പിഴചുമത്തും. കൂടാതെ വരൻ ആവശ്യപ്പെടുന്ന തുകയും വധുവിന്റെ വീട്ടുകാർ നൽകിയേ മതിയാകൂ. അതു നൽകിയാലും ആ വധുവിനെ കാത്തിരിക്കുന്നത് കൊടിയ പീഡനങ്ങളാണ്. വരന്റെയും, മാതാപിതാക്കളുടെയും ശാരീരികാക്രമണങ്ങൾക്ക് അവൾ ജീവിതകാലം മുഴുവൻ വിധേയയാകണം. എത്ര ആഴത്തിലുള്ള മുറിവുകളാണ് അവർ ശരീരത്തിലും, മനസ്സിലും ഏറ്റുവാങ്ങുന്നതെന്ന് പുറത്തുള്ളവർക്ക് ഒരിക്കലും മനസ്സിലാവില്ല. കാരണം ആ സ്ത്രീകൾ ഉപദ്രവിക്കുന്നവർക്കെതിരെ ഒരു വാക്കു പോലും മിണ്ടാറില്ല.ഭാവിയിൽ നടക്കാൻ പോകുന്ന കന്യകാത്വ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ചില പെൺകുട്ടികളുടെ ജീവിതം തന്നെ നിർണയിക്കപ്പെടുന്നത്.
‘എന്റെയും, സഹോദരിയുടെയും വിദ്യാഭ്യാസം അച്ഛനമ്മമാർ നിഷേധിക്കാൻ കാരണം ഈ കന്യകാത്വ പരിശോധനയാണ്. സ്കൂളിൽ പോയാൽ അവിടെ ആൺകുട്ടികളുണ്ടാകുമെന്നും അവരുടെ കൂട്ടുകൂടി എന്തെങ്കിലും തെറ്റു സംഭവിച്ചാൽ എന്തുചെയ്യുമെന്നൊക്കെയായിരുന്നു അവരുടെ ഭയം.’- തന്റെ അനുഭവം വെളിപ്പെടുത്തിക്കൊണ്ട് 46 വയസ്സുകാരിയായ പദ്മഭായി പറയുന്നു. കന്യകാത്വ പരിശോധനയ്ക്ക് വിധേയയാകാൻ താൽപര്യമില്ലാത്തതിനാൽ സമുദായത്തിന് പുറത്തുള്ളയാളെയാണ് പദ്മഭായി വിവാഹം കഴിച്ചത്.കുടുംബമല്ല, ജാതിവ്യവസ്ഥയും സമുദായ കൂട്ടായ്മയുമാണ് സ്ത്രീകളുടെ ജീവിതം ഇത്രമേൽ ദുസ്സഹമാക്കുന്നതെന്ന അഭിപ്രായക്കാരനാണ് വിവേക്. നാട്ടുകൂട്ടം തീരുമാനിച്ചു നടപ്പിലാക്കുന്ന അനാചാരങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താൽ അവരെ സമുദായത്തിൽനിന്നു പുറത്താക്കും.
ഒരു വ്യക്തിയെ മാത്രമല്ല കുടുംബത്തെത്തന്നെയാണ് ഒറ്റപ്പെടുത്തുന്നതും പുറത്താക്കുന്നതും. ഗ്രാമത്തിൽ നടക്കുന്ന വിവാഹത്തിലോ, മരണത്തിലോ , ഉത്സവങ്ങളിലോ ഒന്നും പങ്കെടുക്കാനുള്ള അവകാശം അവർക്കുണ്ടാവില്ല.കന്യകാത്വ പരിശോധനയ്ക്കെതിരെ പോരാടുന്ന മൂന്ന് ആക്ടിവിസ്റ്റുകളെ 40 ഓളം പേർ ചേർന്ന് ആക്രമിച്ചതോടെ ഈ വർഷമാദ്യം ‘സ്റ്റോപ് ദ് വി റിച്വൽ’ വാർത്തകളിൽ നിറഞ്ഞിരുന്നു.
ഇതിലേറെ കൗതുകം, കന്യകാത്വ പരിശോധനയെ പിന്തുണച്ചുകൊണ്ട് 400 ഓളം സ്ത്രീകൾ ചേർന്ന് മുംബൈയിൽ നടത്തിയ പ്രകടനമാണ്. കന്യകാത്വ പരിശോധന തങ്ങളുടെ സമുദായത്തിന്റെ ആചാരത്തിന്റെയും, വിശ്വാസത്തിന്റെയും ഭാഗമാണെന്നായിരുന്നു ആ സ്ത്രീകളുടെ വാദം. അതുകൊണ്ട് ‘സ്റ്റോപ് ദ് വി റിച്വൽ’ അംഗങ്ങൾ പൊതുമാപ്പു പറയണമെന്നും അവർ ആവശ്യപ്പെട്ടു.സമുദായാംഗങ്ങളുടെ ഭയമാണ് ഇതിനു പിന്നിലെന്നാണ് വിവേക് പറയുന്നത്. ‘മാധ്യമപ്രവർത്തകിൽനിന്നും രാഷ്ട്രീയ പ്രവർത്തകരിൽനിന്നും ഞങ്ങൾക്കു ലഭിക്കുന്ന പിന്തുണയെക്കുറിച്ച് നന്നായി അറിയാവുന്നവരും നിയമനടപടിയെടുക്കാൻ ഞങ്ങൾക്കു കഴിയും എന്നു മനസ്സിലാക്കിയവരുമാണ് ഞങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത്.
’- വിവേക് പറയുന്നു.കന്യകാത്വ പരിശോധനയ്ക്കെതിരെ സുപ്രീംകോടതിയിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ‘സ്റ്റോപ് ദ് വി റിച്വൽ’ പ്രവർത്തകർ. അവർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഡേറ്റാ ശേഖരണമാണ്. യുവതികളും, മധ്യവയസ്കരുമായ ഇരകളൊന്നും അവർ തുറന്നു പറയുന്ന അനുഭവങ്ങൾ റെക്കോർഡ് ചെയ്യാൻ അനുവദിക്കാറില്ല. സമുദായം ഒറ്റപ്പെടുത്തുമോ എന്ന ഭയമാണവർക്ക്. ഇതിനു പരിഹാരമായി, ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിൽ നടക്കുന്ന കന്യകാത്വ പരിശോധനയുടെ ഓഡിയോ, വിഡിയോ ക്ലിപ്പുകൾ അടക്കമുള്ള തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് ഇവർ. മറ്റൊരു വാട്സാപ് ഗ്രൂപ്പായ ‘വി സ്പീക്ക് ഔട്ട് എഗന്‍സ്റ്റ് ഫീമെയിൽ ജെനഷ്യൽ മ്യൂട്ടിലേഷൻ’ഇരകൾക്ക് സുരക്ഷിതമായി അവരുടെ അനുഭവങ്ങൾ തുറന്നു പറയാനുള്ള വേദിയൊരുക്കുന്നു. ആയിരം വർഷം പഴക്കമുള്ള ഈ ദുരാചാരം ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കണമെന്ന ആവശ്യത്തിന്മേലുള്ള കേസ് നടക്കുകയാണിപ്പോൾ.
അറുപതോളം കുടുംബങ്ങൾ താമസിക്കുന്ന കഞ്ചർബട്ട് സമുദായത്തിൽ പ്രിയങ്കയും കുടുംബവും മാത്രമാണ് പരസ്യമായി കന്യകാത്വ പരിശോധനയ്ക്കെതിരെ പ്രതികരിച്ചത്. ഉപദ്രവിക്കുമെന്നും സ്ഥാവരജംഗമ സ്വത്തുക്കളെല്ലാം നശിപ്പിച്ചു കളയുമെന്നും അയൽക്കാരുൾപ്പടെ പ്രിയങ്കയെ ഭീഷണിപ്പെടുത്തി. എന്നാൽ അതൊന്നും പ്രിയങ്കയെ പിന്തിരിപ്പിച്ചിട്ടില്ല.‘ഞാൻ ഈ പോരാട്ടത്തിൽനിന്ന് പിന്തിരിയില്ല. അന്തസ്സോടെ ജീവിക്കാനുള്ള വഴികളുണ്ടെന്ന് എന്റെ സമുദായത്തിലെ പെൺകുട്ടികൾക്ക് ഞാൻ മനസ്സിലാക്കിക്കൊടുക്കും. ഇതാണ് അവരോടുള്ള എന്റെ ആഹ്വാനം.’- പ്രിയങ്ക പറയുന്നു.
കഴിഞ്ഞവർഷം രാജസ്ഥാനിലെ ജയ്പൂരിൽ യുവതിയെ ഭർതൃവീട്ടുകാർ നിർബന്ധിച്ച് കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയതിൻ്റെ ഞെട്ടലിലാണ് രാജ്യം. വരൻ്റെ മാതാപിതാക്കൾ വിവാഹദിവസം തന്നെ നിർബന്ധിച്ച് കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നുവെന്നും പരിശോധനയിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് തന്നെ ഇവർ ഒഴിവാക്കുകയായിരുന്നു എന്നുമാണ് യുവതിയുടെ പരാതി. ഭിൽവാരയിൽ വെച്ച് മെയ് 11നാണ് വിവാഹം നടന്നതെങ്കിലും മാനസികമായി തളർന്ന തനിക്ക് ഇതുവരെ പരാതി നൽകാനായില്ലെന്നും യുവതി പറഞ്ഞു.
വിവാഹത്തിനു മുന്നേ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും പ്രണയത്തിൽ നിന്ന് പിന്മാറി മറ്റൊരാളെ വിവാഹം ചെയ്യുന്നതും സദാചാരവിരുദ്ധമായി കണക്കാക്കുന്ന ഇന്ത്യയിൽ വിവാഹദിവസത്തെ കന്യകാത്വ പരിശോധന എന്ന അനാചാരം ഞെട്ടിക്കുന്നതല്ല. എന്നാൽ രാജസ്ഥാനും മഹാരാഷ്ട്രയും അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല സ്ത്രീകൾക്കും ഇതൊരു പേടിസ്വപ്നമാണ്. നിർബന്ധിതമായ കന്യകാത്വ പരിശോധനയിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കുന്ന പല യുവദമ്പതികൾക്കും സമുദായത്തിലെ പ്രായമേറിയ അംഗങ്ങളിൽ നിന്ന് കടുത്ത പീഡനവും നേരിടേണ്ടി വരാറുണ്ട്. ഈ ദുരാചാരം മഹാരാഷ്ട്ര സർക്കാർ നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും പലയിടത്തും ഈ ആചാരം തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മെയ് മാസത്തിലാണഅ ഭിൽവാരയിൽ വെച്ച് യുവതിയുടെ വിവാഹം നടന്നത്. വിവാഹദിവസം തന്നെ തന്നെ നിർബന്ധിച്ച് ഭർതൃവീട്ടുകാർ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പരിശോധനയിൽ തോറ്റതോടെ തന്നോട് ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടെന്നും ഖാപ് പഞ്ചായത്ത് 10 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചെന്നും യുവതി ആരോപിച്ചു. തന്നെ ഭർത്താവും വീട്ടുകാരും ചേർന്ന് അപമാനിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. മെയ് 31ന് ചേർന്ന നാട്ടുകൂട്ടമാണ് ഭർത്താവിൻ്റെ വീട്ടുകാർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് വധുവിൻ്റെ വീട്ടുകാരോട് ആവശ്യപ്പെട്ടത്. വിവാഹത്തിനു മുൻപ് യുവതി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന വിവരം ഭർതൃവീട്ടുകാരോട് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും എന്നാൽ തന്നെ പീഡിപ്പിക്കാനായിരുന്നു ഭർതൃവീട്ടുകാരുടെ ശ്രമമെന്നുമാണ് യുവതി പറയുന്നത്. നിലവിൽ ഭർത്താവിൻ്റെ വീട്ടുകാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
വിവാഹശേഷം നടക്കുന്ന ആദ്യ ലൈംഗികബന്ധമാണ് കന്യകാത്വ പരിശോധനയുടെ അടിത്തറ. ഇതിനു മുന്നോടിയായി മണിയറയിൽ വെളുത്ത ബെഡ് ഷീറ്റ് വിരിച്ചിരിക്കും. വരൻ്റെയോ വധുവിൻ്റെയോ വീട്ടുകാരോ ഖാപ് പഞ്ചായത്തോ ആയിരിക്കും ഇതിനായി ഹോട്ടലിൽ മുറി ബുക്ക് ചെയ്യുക. വരനും വധുവും തമ്മിൽ മുറിയ്ക്കുള്ളിൽ ബന്ധപ്പെടുമ്പോൾ കുടുംബാംഗങ്ങളും ഖാപ് പഞ്ചായത്ത് പ്രതിനിധികളും മുറിയ്ക്കു പുറത്ത് കാവൽ നിൽക്കും. സെക്സിനിടയിൽ വധുവിൻ്റെ ‘കന്യാചർമം പൊട്ടി’ രക്തം വരുന്നുണ്ടോ എന്നു നിരീക്ഷിക്കുകയാണ് ലക്ഷ്യം. ഇതിൻ്റെ തെളിവിനായാണ് വെളുത്ത നിറത്തിലുള്ള കിടക്ക വിരിപ്പും. ലൈംഗികബന്ധത്തിനു ശേഷം പുറത്തെത്തുന്ന വരൻ വധു ‘പരിശുദ്ധ’യാണോ എന്ന് മറ്റുള്ളവരോടു ബോധിപ്പിക്കും. കന്യാചർമം പൊട്ടി രക്തം വന്നിട്ടില്ലെങ്കിൽ വധു കന്യകയല്ലെന്ന് കൽപ്പിക്കുന്ന നാട്ടുകൂട്ടം വധുവിൻ്റെ വീട്ടുകാരിൽ നിന്ന് വൻതുക പിഴയായി ഈടാക്കുകയും ചെയ്യും.
ഇതിനു പുറമെ കന്യകയല്ലെന്നു തെളിയിക്കപ്പെടുന്ന സ്ത്രീകളെ വസ്ത്രാക്ഷേപം നടത്തുക, തിളച്ച എണ്ണയിൽ നിന്ന് നാണയം എടുക്കാൻ നിർബന്ധിക്കുക, കൈയ്യിൽ ഇരുമ്പുദണ്ഡ് പഴുപ്പിച്ച് വെയ്ക്കുക എന്നിങ്ങനെ ക്രൂരമായ ശിക്ഷകൾ വേറെയും ഏറ്റുവാങ്ങേണ്ടി വരും. കന്യകാത്വം നഷ്ടപ്പെട്ടെന്ന് ആരോപിച്ചുള്ള ഭ്രഷ്ട് വേറെയുമുണ്ട്.
അതേസമയം, ഇത്തരത്തിൽ നടത്തുന്ന കന്യകാത്വ പരിശോധന അശാസ്ത്രീയമാണെന്നും കന്യാചർമം പൊട്ടുന്നതും കന്യകാത്വവുമായി ഒരു ബന്ധവുമില്ലെന്നുമാണ് വിദഗ്ധർ പറയുന്നത്. ആദ്യമായി ബന്ധപ്പെടുമ്പോഴാണെങ്കിലും കന്യാചർമത്തിൽ പൊട്ടലുണ്ടായി രക്തം വരണമെന്ന് നിർബന്ധമില്ല. കൂടാതെ സൈക്കിൾ ചവിട്ടുന്നത് അടക്കമുള്ള കായികപ്രവൃത്തികൾ ചെയ്യുമ്പോഴും മറ്റും കന്യാചർമത്തിൽ പൊട്ടലുണ്ടാകാൻ സാധ്യതയേറെയാണ്. ലൈംഗികബന്ധത്തിൻ്റെ സമയത്ത് കന്യാചർമം കീറാമെങ്കിലും പലപ്പോഴും മാർദവമുള്ള ഈ ചർമഭാഗം വലിഞ്ഞു നിൽക്കാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ആദ്യരാത്രിയിൽ വെളുത്ത വിരിയിലെ രക്തക്കറ കന്യകാത്വത്തിൻ്റെ അടയാളവുമല്ല. ഇത്തരം ഹീനമായ പരിശോധനകളിൽ സ്ത്രീകൾ പീഡനത്തിന് ഇരയാകുകയാണെന്നും സ്ത്രീയുടെ ലൈംഗികതയ്ക്കു മുകളിൽ പുരുഷൻ മേൽക്കൈയുണ്ടാക്കുന്ന സാഹചര്യം മാത്രമാണ് ഇതെന്നുമാണ് സാമൂഹ്യപ്രവർത്തകർ പറയുന്നത്.