പ്രതിരോധ വാക്‌സിനുകളും, വിവിധയിനം അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകളും എങ്ങനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നത് ? ബൂസ്റ്റര്‍ ഡോസുകള്‍ എന്നാൽ എന്താണ്?എന്ത്കൊണ്ടാണ് കോറണ വാക്സിനുകൾ പോളിയോ വാക്സിനുകളെ പോലെ നൽകാതെ കുത്തിവെയ്പ്പ് രീതിയിൽ നൽകുന്നത്? മറ്റ് രീതികളിൽ ഉള്ള ഗവേഷണങ്ങൾ ഏതൊക്കെയാണ്?⭐

കടപ്പാട്: ഡോ. പ്രസാദ് അലക്സ്
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

????പകര്‍ച്ചവ്യാധികള്‍ വരാതിരിക്കുന്നതിന് വേണ്ടി വ്യക്തികള്‍ക്ക് നല്‍കുന്ന ഔഷധങ്ങളാണ് പ്രതിരോധ വാക്‌സിനുകള്‍. മനുഷ്യ ശരീരത്തിന് രോഗാണുക്കളെ തിരിച്ചറിയാന്‍ കഴിയും. ഒരു തവണ നമ്മുടെ ശരീരത്തില്‍ പ്രവേശിച്ച രോഗാണു വീണ്ടും ആക്രമണത്തിന് എത്തിയാല്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും , രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യും.പ്രതിരോധ വാക്‌സിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് മുമ്പ് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ കുറിച്ച് അറിയുന്നത് നന്നായിരിക്കും. രോഗാണുക്കള്‍ പ്രവേശിച്ചാലുടന്‍ ശരീരം അത് തിരിച്ചറിയും. രോഗാണുക്കളെ പൊതുവെ ആന്റിജനുകള്‍ എന്നുപറയുന്നു. ഉടന്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഉണരുകയും ശ്വേത രക്താണുക്കള്‍ ആന്റിബോഡി ഉത്പാദിപ്പിച്ച് ഇവയെ നിര്‍വീര്യമാക്കുകയോ , നശിപ്പിക്കുകയോ ചെയ്യും.

ശ്വേതരക്താണുക്കള്‍ക്ക് ആന്റിജനുകളെ നേരിട്ട് മനസ്സിലാക്കി നശിപ്പിക്കാനും കഴിയും.എതെങ്കിലുമൊരു രോഗം ഒരുതവണ ബാധിച്ചാല്‍ ആ രോഗാണുവിനെ ശരീരം ഓര്‍ത്തുവയ്ക്കുകയും അതിന്റെ ആക്രമണം പിന്നീടുണ്ടാകുമ്പോള്‍ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യും. പ്രത്യേക രോഗാണുവിന് എതിരെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡി രക്തത്തില്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ ശരീരത്തില്‍ പ്രവേശിച്ചുടന്‍ ഇവയെ നശിപ്പിക്കാനാകും. ഒരു തവണ വന്ന ചിക്കന്‍ പോക്‌സ്, മുണ്ടിനീര് പോലുള്ള രോഗങ്ങള്‍ പിന്നീട് വരാതിരിക്കുന്നതിന് കാരണമിതാണ്. എന്നാല്‍ ചില രോഗാണുക്കള്‍ നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയരാകും. അതുകൊണ്ട് തന്നെ ശരീരത്തിന് അവയെ തരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കഴിയില്ല. പനിയുടെ വൈറസ് അത്തരമൊരു രോഗാണുവാണ്.

ഒരു പ്രത്യേക രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. രോഗാണുവോ , അതിന്റെ ഭാഗമോ ആണ് പ്രതിരോധ വാക്‌സിനില്‍ ഉണ്ടാവുക. ചില അവസരങ്ങളില്‍ വീര്യംകുറച്ച രോഗാണുവും വാക്‌സിനുകളില്‍ ഉപയോഗിക്കാറുണ്ട്. വാക്‌സിന്‍ എടുക്കുന്നതോടെ ശരീരത്തില്‍ രോഗാണു എത്തുകയും ശരീരം അതിനെതിരെ ആന്റിബോഡി ഉത്പാദിപ്പിക്കുകയും ചെയ്യും. പിന്നീട് ഈ രോഗാണുവിനെ ശരീരം എല്ലായ്‌പ്പോഴും ഓര്‍മ്മിച്ച് ഫലപ്രദമായി തടയുന്നു. അല്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ കടുക്കില്ല. വേഗത്തിലുള്ള രോഗമുക്തി ലഭിക്കുകയും ചെയ്യും.
മൂന്നുതരം പ്രതിരോധ വാക്‌സിനുകളാണുള്ളത്. അവ ഏതൊക്കെയാണെന്ന് നോക്കാം.

⚡1. വീര്യം കുറച്ച ജീവനുള്ള രോഗാണുക്കള്‍:ഇത്തരം പ്രതിരോധ വാക്‌സിനുകളില്‍ വീര്യം കുറച്ച ജീവനുള്ള രോഗാണുക്കളാണ് ഉപയോഗിക്കുന്നത്. രോഗാണുക്കള്‍ ശരീരത്തിനകത്ത് വളരും എന്നാല്‍ രോഗത്തിന് കാരണമാകില്ല. ഇവ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഉണര്‍ത്തി ആന്റിബോഡികളുടെ ഉത്പാദനത്തിന് കാരണമാകും.
????ഉദാ:
????ക്ഷയരോഗത്തിനുള്ള പ്രതിരോധ വാക്‌സിന്‍
????മീസെല്‍സ്, എംഎംആര്‍ വാക്‌സിന്‍
????വായിലൂടെ നല്‍കുന്ന പോളിയോ വാക്‌സിന്‍
⚡2.നിര്‍ജ്ജീവ രോഗാണുക്കള്‍:

ഇത്തരം പ്രതിരോധ വാക്‌സിനുകളിലെ രോഗാണുക്കള്‍ നിര്‍ജ്ജീവമായിരിക്കും. ഇവയ്ക്ക് ശരീരത്തിന്‍ വളരാന്‍ കഴിയില്ലെങ്കിലും ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഉണരും.
????ഉദാ:
????തൈറോയ്ഡ് വാക്‌സിന്‍
????വില്ലന്‍ചുമ വാക്‌സിന്‍
????ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍
⚡3.സബ്‌യൂണിറ്റ് വാക്‌സിന്‍:

പേര് സൂചിപ്പിക്കുന്നത് പോലെ രോഗാണുവിന്റെ ഒരു ഭാഗമോ , രോഗലക്ഷണത്തിന് കാരണമാകുന്ന പദാര്‍ത്ഥങ്ങളോ ആണ് ഇതിലുള്ളത്. ചില ആന്റിജനുകള്‍ക്ക് പ്രതിരോധ സംവിധാനത്തെ ഉണര്‍ത്താനുള്ള പ്രത്യേക കഴിവുണ്ട്. അത്തരം ആന്റിജനുകളാണ് സബ്‌യൂണിറ്റ് വാക്‌സിനുകളില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുന്ന രീതിയില്‍ വ്യത്യാസമില്ല.
????ഉദാ:
????ഹീമോഫിലസ് ഇന്‍ഫ്‌ളുന്‍സ വാക്‌സിന്‍ (രോഗാണുവിന്റെ ഭാഗം)
????ഡിഫ്തീരിയ വാക്‌സിന്‍ (നിര്‍വ്വീര്യമാക്കിയ ടോക്‌സിന്‍)

പകര്‍ച്ചവ്യാധി ബാധ ഇല്ലാതാക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ് പ്രതിരോധ വാക്‌സിനുകള്‍. വാക്‌സിനുകളുടെ ആവിര്‍ഭാവത്തിന് മുമ്പ് വിവിധ രോഗങ്ങള്‍ ബാധിച്ച് നിരവധി ആളുകള്‍ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. വസൂരി, പോളിയോ തുടങ്ങിയ രോഗങ്ങളെ തുടച്ചുനീക്കാന്‍ കഴിഞ്ഞത് വാക്‌സിനുകളുടെ സഹായത്താലാണ്. കൂടുതല്‍ ആളുകള്‍ പ്രതിരോധ വാക്‌സിനുകള്‍ എടുക്കാന്‍ തയ്യാറായാല്‍ മാത്രമേ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. ഇതിലൂടെ രോഗങ്ങളെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കഴിയും.

വളര്‍ത്തുമൃഗങ്ങളില്‍ നിന്നും മനുഷ്യര്‍ക്ക് രോഗങ്ങള്‍ വരാറുണ്ട്. ഇത്തരം രോഗങ്ങളെ തടയാന്‍ പ്രയാസമാണ്. എന്നാല്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ ഇത്തരം രോഗങ്ങളില്‍ നിന്നും മനുഷ്യന് സംരക്ഷണം നല്‍കും.വാക്‌സിനുകളില്‍ നിര്‍ജ്ജീവമാക്കിയതോ വീര്യം കുറച്ചതോ ആയ രോഗാണുക്കളോ അവയുടെ ഭാഗങ്ങളോ ആണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഒരു ഡോസ് കൊണ്ട് ശരീരത്തിന് ആ രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷി ലഭിക്കുകയില്ല. അതിനായാണ് ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കുന്നത്. 3-4 ഡോസുകളിലൂടെ ശരീരത്തിന് പൂര്‍ണ്ണ പ്രതിരോധശേഷി നേടാന്‍ കഴിയും. വാക്‌സിന്‍ എടുത്ത് നിശ്ചിത വര്‍ഷം കഴിയുമ്പോള്‍ രക്തത്തിലുള്ള ആന്റിബോഡിയുടെ അളവ് കുറയും. ഇത് രോഗസാധ്യത കൂട്ടും. ബൂസ്റ്റര്‍ ഡോസുകള്‍ ഈ പ്രശ്‌നവും പരിഹരിക്കും.

ആമാശയത്തില്‍ വച്ച് വാക്‌സിന്‍ നിര്‍വീര്യമാകുന്നതിനാല്‍ മിക്ക വാക്‌സിനുകളും വായ് മാര്‍ഗം നല്‍കാന്‍ കഴിയില്ല. ആദ്യം ചിലവ് കുറഞ്ഞതും, വളരെ വേഗത്തിൽ ലഭ്യമാക്കാൻ കഴിയുന്നതും, ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ഇഞ്ചക്ഷൻ രൂപത്തിൽ ഇരട്ട,ഒറ്റ ഡോസ് വാക്സിനുകളും പിന്നീട് വിവിധ രൂപത്തിൽ വായിലൂടെയും,മൂക്കിലൂടെയും , സ്പ്രേ ചെയ്യാവുന്നതും, ഗുളിക രൂപത്തിലും നൽകാവുന്ന വാക്സിനുകളും പല കമ്പനികളും നിരന്തര പരീക്ഷണ നീരീക്ഷണ ഗവേഷണങ്ങളിലൂടെ കണ്ടു പിടിക്കുന്നു. ഇത്തരത്തിൽ കൂടുതൽ മികവിലേക്കെത്തിയ വാക്സിനുകൾ നിലവിൽ ഒഴിവാക്കപ്പെട്ടിട്ടുള്ള വിഭാഗങ്ങളെക്കൂടി വാക്സിനേഷനിൽ ഉൾപ്പെടുത്താൻ സഹായകമാകും. ഉദാഹരണമായി ഗർഭിണികളടക്കമുള്ള വിഭാഗങ്ങളും, കുട്ടികളും, ചിലയിനം രോഗികൾ തുടങ്ങിയവർ.

ഇനി കൈകളിൽ കുത്തിവയ്പ്പ് രൂപത്തിൽ വാക്സിനുകൾ എടുക്കുന്നതിന്റെ കാരണങ്ങൾ നോക്കാം.
മിക്ക വാക്സിനുകളും നമ്മുടെ കൈകളിലേക്ക് കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്.മിക്ക വാക്സിനുകളുടെയും ലക്ഷ്യം ശക്തമായ രോഗപ്രതിരോധ ശേഷി ഉണ്ടാക്കുക എന്നതാണ്. വാക്സിനുകൾ നമ്മുടെ ശരീരത്തിൽ എത്തി ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കണമെങ്കിൽ ലിംഫ് നോഡുകളിൽ എത്തണം. ലിംഫ് നോഡുകളിൽ എത്തിച്ചേരാനുള്ള ഏറ്റവും നല്ല മാർഗ്ഗം സൂചി വഴി പേശികളിലേക്ക് ഇൻജക്ട് ചെയ്യുക എന്ന രീതി തന്നെയാണ്.പേശികളിൽ പ്രധാനപ്പെട്ട രോഗപ്രതിരോധ കോശങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ പേശികൾ മികച്ച വാക്സിൻ അഡ്മിനിസ്ട്രേഷൻ പ്രക്രിയ ഉണ്ടാക്കുന്നു.നമ്മുടെ ചർമ്മത്തിന് കീഴിലുള്ള കൊഴുപ്പിന്റെ പാളിയിൽ മറ്റുള്ള ശരീര ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി മികച്ച രക്ത വിതരണം സാധ്യമാക്കുന്നു മാത്രമല്ല കൈയിലെ പേശികൾ കട്ടിയുള്ളതും മാംസളവുമായിരിക്കും. പേശികളിൽ ഡെൻഡ്രിറ്റിക് സെല്ലുകൾ എന്നറിയപ്പെടുന്ന രോഗപ്രതിരോധ കോശങ്ങൾ അടങ്ങിയിരിക്കുന്നു.അവ ആന്റിജനുകൾ വേഗത്തിൽ എടുത്ത് ഡെൻഡ്രിറ്റിക് സെല്ലുകൾ വഴി ലിംഫ് നോഡുകളിലേക്ക് എത്തിക്കുകയും ചെയ്യും.എളുപ്പമുള്ളതോടൊപ്പം, പേശികളിലേക്ക് വാക്സിനുകൾ കുത്തിവയ്ക്കുന്നത് വളരെ കുറച്ച് പാർശ്വഫലങ്ങൾ മാത്രമേ ഉണ്ടാക്കുന്നുള്ളൂ .

⚡വാക്സിൻ അഡ്മിനിസ്ട്രേഷൻ സ്ഥാനം നിർണ്ണയിക്കുന്ന മറ്റൊരു ഘടകം പേശിയുടെ വലുപ്പമാണ്. മുതിർന്നവരെ അപേക്ഷിച്ച് മൂന്ന് വയസും അതിൽ കൂടുതലുമുള്ള ചെറിയ കുട്ടികൾക്ക് വാക്സിനുകൾ തുടയുടെ മധ്യത്തിൽ ആണ് നൽകുന്നത് കാരണം അവരുടെ കൈ പേശികൾ ചെറുതും , ലോലവുമാണ്.
⚡മറ്റൊരു കാര്യം രോഗിയുടെ സ്വകാര്യതയാണ്.ഒരു മാസ് വാക്സിനേഷൻ ക്ലിനിക്കിൽ വസ്ത്രങ്ങൾ മാറ്റുന്നതിന് പലർക്കും മടി കാണും.COVID-19 പോലുള്ള പകർച്ചവ്യാധികൾക്കിടയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കഴിയുന്നത്ര ആളുകൾക്ക് വാക്സിനേഷൻ നൽകുന്നതിനും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതിനാലും ഇൻജക്ഷൻ ചെയ്യാൻ കൈ തന്നെ തിരഞ്ഞെടുക്കുന്നു.
കോറണയുടെ കാര്യത്തിൽ രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ കുത്തിവയ്‌ക്കുന്നതാണ് നിലവിൽ കൊവിഡ് പ്രതിരോധത്തിന് തുടർന്നുവരുന്ന രീതി. എന്നാൽ സമീപഭാവിയിൽ തന്നെ കൊവിഡ് വാക്‌സിൻ ക്യാപ്‌സൂളായും ലഭിക്കുമെന്നാണ് വിവരം. ലോകമാകമാനമുള‌ള മരുന്ന് കമ്പനികൾ കൊവിഡ് വാക്‌സിൻ ക്യാപ്‌സൂൾ രൂപത്തിൽ ലഭ്യമാക്കാൻ ഒരുങ്ങുകയാണ്( ഉദാ: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ പ്രേമാസ് ബയോടെക് ).കൊവിഡിനെതിരെ വായിലൂടെ നൽകുന്ന വാക്‌സിൻ ഓറമെഡ് എന്ന കമ്പനി തയ്യാറാക്കിയിട്ടുണ്ട്. ഇത് ഫലപ്രദമാണെന്നാണ് മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ നിന്ന് വ്യക്തമായിട്ടുള്ളത്.

ഭാരത് ബയോടെക് കുത്തിവയ്‌പ്പല്ലാതെ മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്‌സിൻ നിർമ്മിക്കുകയാണ്.
വിസ്കോൻസിൻ സർവകലാശാലയുമായി സഹകരിച്ചാണ് ഇതിന്റെ നിർമ്മാണം. മൂക്കില്‍ സ്പ്രേ ചെയ്യുന്ന ‘ആള്‍ട്ടിമ്മ്യൂണ്‍’ എന്ന യുഎസ് കമ്പനി തയ്യാറാക്കിയ ‘നേസല്‍ വാക്‌സിന്‍’ (മൂക്കില്‍ സ്പ്രേ ചെയ്യുന്ന വാക്‌സിന്‍) കൊവിഡ് പ്രതിരോധത്തിന് ഏറെ ഫലപ്രദമാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളും വന്നിരുന്നു. പ്രത്യേകിച്ച് കുട്ടികള്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനപ്പെടുകയെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു .മൂക്കില്‍ സ്പ്രേ ചെയ്യുന്ന വാക്‌സിൻ ഭാരത് ബയോട്ടെക്കും കണ്ടു പിടിച്ചിട്ടുണ്ട് .
മൂക്കിലൂടെയും , വായിലൂടെയും , കണ്ണിലൂടെയുമെല്ലാമാണ് വൈറസ് നമ്മുടെ ശരീരത്തിലെത്തുന്നത് എന്ന് നമുക്കറിയാം. ഏറിയ പങ്കും മൂക്കിലൂടെയാണ് വൈറസ് പ്രവേശിക്കുന്നത്. അതിനാല്‍ തന്നെ മൂക്കിലടിക്കുന്ന സ്പ്രേ വൈറസ് പെരുകുന്നത് തടയുമെന്നും അതുവഴി ഫലപ്രദമായി കൊവിഡിനെ പ്രതിരോധിക്കുമെന്നുമാണ് പഠനം അവകാശപ്പെടുന്നത്. കുത്തിവയ്ക്കുന്ന വാക്‌സിനേഷനെ അപേക്ഷിച്ച് കുറെക്കൂടി ഉപയോഗിക്കാന്‍ സൗകര്യമുള്ളതും , വില കുറഞ്ഞതുമാണെന്നതും നേസല്‍ വാക്‌സിനേഷന്റെ പ്രത്യേകതകളാണ്. ട്രയലിന് ശേഷം അനുമതി ലഭിച്ചാല്‍ ഒരുപക്ഷേ കുത്തിവയ്ക്കുന്ന വാക്‌സിനെക്കാള്‍ അധികമായി ഉപയോഗിക്കപ്പെടുന്ന വാക്‌സിനായി ഇത് ഭാവിയിൽ മാറുമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.

???? ഇനി മരുന്നുകൾ എങ്ങനെയാണ് മനുഷ്യനിൽ പ്രവർത്തിക്കുന്നത് എന്ന് നോക്കാം..
നമ്മുടെ ശരീരത്തിന്റെ ജീവശാസ്ത്രപരമായ മിക്കവാറും എല്ല രാസമാറ്റങ്ങളിലും എൻസൈമുകളെന്ന ഉൽപ്രേരകം (catalyst) അത്യന്താപേക്ഷിത ഘടകമാണ്. ആരോഗ്യത്താടെയുള്ള ശരീരത്തിന് ഈ എൻസൈമുകളുടെ ശരിയായ തോതിലുള്ള പ്രവർത്തനം അത്യാവശ്യമാണ്. ചിലപ്പോഴെങ്കിലും ഇവയുടെ അസന്തുലിതമായ പ്രവർത്തനം രോഗങ്ങളുടെ കാരണമായി മാറാറുണ്ട്.അതുകൊണ്ടുതന്നെ ആധുനിക വൈദ്യശാസ്ത്രത്തിലെ പലവിധ മരുന്നുകളുടെയും പ്രവർത്തനയിടം എൻസൈമുകളാണ്. മരുന്നുകൾ ചിലയിടങ്ങളിൽ എൻസൈമുകളുടെ പ്രവർത്തനത്തെ കൂട്ടുകയും, ചിലയിടങ്ങളിൽ കുറയ്ക്കുകയും ചെയ്യും. ചിലപ്പോഴെങ്കിലും എൻസൈമുകൾ തന്നെ മരുന്നായി ഉപയോഗിക്കാറുണ്ട്. ഇതൊക്കെ കൂടാതെ ചില എൻസൈമുകൾ മരുന്നുകളുടെ ഉപാപചയങ്ങളെ (metabolism) നിയന്ത്രിക്കുകയും അവയുടെ പ്രവർത്തനഫലത്തെ മാറ്റിമാറിക്കുകയും ചെയ്തേക്കാം .

സാധാരണയായി ശരീരത്തിൽ എൻസൈമുകൾ ഏറ്റവും ഉചിതമായ അവസ്ഥയിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ മരുന്നുകൾ അവയിലൂടെ പ്രവർത്തിക്കുമ്പോൾ ഈ സന്തുലിതാവസ്ഥയിൽ മാറ്റംവരുന്നു.ചില മരുന്നുകൾ എൻസൈമുകളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രകൃത്യാ കാണപ്പെടുന്ന തന്മാത്രകളാണ് കൂടുതലായും ഉത്തേജനത്തിലൂടെ പ്രവർത്തിക്കുന്നത്. ഉദാഹരണത്തിന് അഡ്രിനാലിൻ (adrenaline) എന്ന തന്മാത്ര, അഡിനൈൽ സൈക്ളേസ് (adenyl cyclase) എന്ന എൻസൈമിനെ ഉത്തേജിപ്പിച്ച് ഹൃദയത്തിന്റെ പ്രവർത്തനത്തെ വേഗത്തിലാക്കുന്നു. ഇങ്ങനെയുള്ള നിരവധി തന്മാത്രകൾ നമുക്ക് ഈ വിധത്തിൽ മരുന്നായി ഉപയോഗിക്കാൻ സാധിക്കുന്നു. ഇതുകൂടാതെ ചില മരുന്നുകൾ ഉത്തേജനത്തിന് പകരം എൻസൈമുകളുടെ പ്രേരകങ്ങളായി (Inducers) മാത്രം പ്രവർത്തിക്കുകയും അവയെ കൂടുതലായി ഉല്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഈ രണ്ട് വിഭാഗം മരുന്നുകളും ആത്യന്തികമായി എൻസൈമുകളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തിക്കൊണ്ടാണ് ശരീരത്തിൽ ഇടപെടുന്നത്.

സാധാരണയായി കണ്ടുവരുന്ന ഒരുപാട് അസുഖങ്ങള്‍ക്ക് നമ്മുടെ പ്രതിരോധ ശേഷിക്ക് തന്നെ പ്രതിവിധി കണ്ടെത്താന്‍ കഴിയും. ഉദാഹരണം: ജലദോഷം, വൈറല്‍ പനി തുടങ്ങിയവ. ഈ അസുഖങ്ങള്‍ക്കെല്ലാം നല്ലപോലെ വിശ്രമവും ,ധാരാളം ജലപാനവും മാത്രം മതിയാകും. 100°F-ല്‍ കൂടുതല്‍ പനി ഉണ്ടെങ്കില്‍ മാത്രം ശമിപ്പിക്കാനുള്ള മരുന്നുകള്‍ എടുക്കാം. എന്നാല്‍ ചില സമയം ശത്രുപക്ഷം എണ്ണത്തില്‍ അധികം ആയിരിക്കുകയും, നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷിയുടെ തന്ത്രങ്ങള്‍ മറികടക്കുകയും ചെയ്യും. ഒരു യുദ്ധം പരാജയപെടും എന്ന നില വരുമ്പോള്‍ നാം എന്തു ചെയ്യും? മറ്റു സഖ്യകക്ഷികളുടെ സഹായം തേടുകയല്ലേ ചെയ്യുക?

ആന്റിബയോട്ടിക്കുകളുടെ റോളും ഇതു തന്നെ. രോഗാണുക്കള്‍ പെരുകുന്നത് തടഞ്ഞു കൊണ്ടോ അവയെ കൊന്നൊടുക്കിക്കൊണ്ടോ ഈ യുദ്ധം വിജയിക്കാന്‍ നമ്മുടെ പ്രതിരോധശേഷിയെ ആന്റിബയോട്ടിക്കുകള്‍ സഹായിക്കും.ആന്റി ബയോട്ടിക് എന്നല്ല മനുഷ്യരില്‍ പ്രയോഗിക്കുന്ന ഏതു മരുന്നും വാക്സിനും ഗുണദോഷങ്ങള്‍ വിപുലമായി പഠിച്ചു മനുഷ്യരില്‍ ഉപയോഗത്തിന് സുരക്ഷിതം എന്ന് കണ്ടെത്തിയതിനു ശേഷം മാത്രം പ്രയോഗിക്കപ്പെടുന്നതാണ്.

പ്രധാനമായും നമുക്ക് രണ്ടുതരം വാക്‌സിനുകളാണ് ഉള്ളത്: ലൈവ് (Live) & കില്‍ഡ് (Killed).
കൃത്രിമമായ ഒരു ആവാസവ്യവസ്ഥയില്‍ ബാക്ടീരിയയും വൈറസും അധികകാലം നിലനില്‍ക്കില്ല. അതിനാല്‍ വാക്‌സിനുകളുടെ ശേഷി നിലനിര്‍ത്തുന്നതിനായി നാം മനുഷ്യ ശരീരത്തിനു ദോഷകരമാകാത്ത പ്രിസര്‍വേറ്റിവുകള്‍ ചേര്‍ക്കുന്നു. അതു മാത്രവുമല്ല, വാക്‌സിനുകളില്‍ ഫംഗസോ മറ്റു ഉപദ്രവകാരികളായ ജീവികളോ വളരുന്നതും പ്രിസര്‍വേറ്റിവുകള്‍ തടയും.പ്രത്യേകിച്ച് രോഗം ഒന്നുമില്ലാത്ത എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കാവുന്നതാണ്. എന്നാല്‍ ചില അപൂര്‍വ്വ സാഹചര്യങ്ങളില്‍ വാക്സിന്‍ കൊടുക്കുന്നതില്‍ നിന്നും ഡോക്ടര്‍മാർ വിലക്കും. സ്റ്റിറോയിഡ് മരുന്നുകള്‍ എടുക്കുന്ന കുഞ്ഞുങ്ങള്‍,വാക്സിന്‍ അലര്‍ജി, മുന്‍കാല വാക്സിനേഷനേഷനില്‍ സന്നിപാതം മുതലായ ഗൗരവമേറിയ റിയാക്ഷന്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഒക്കെവാക്സിനേഷന്‍ മാറ്റിവയ്ക്കേണ്ടി വരികയോ എടുക്കാന്‍ പറ്റാതെ വരികയോ ചെയ്യാം. അങ്ങനെയുള്ളവർ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വാക്സിന്‍ എടുക്കുന്നതാണ് ഉചിതം.

സാധാരണഗതിയില്‍ ലൈവ് വാക്‌സിനുകള്‍ നമ്മള്‍ ഇഞ്ചക്ഷന്‍ ആയാണു കൊടുക്കുന്നത്. വളരെക്കുറച്ചു മാത്രമേ വായിലൂടെ തുള്ളിമരുന്ന് രൂപത്തില്‍ കൊടുക്കുകയുള്ളൂ.(ഉദാ: പോളിയോ, ടൈഫോറല്‍). കാരണം പോളിയോ വൈറസ് മലിനമായ ജലത്തിലൂടെയും , ഭക്ഷണത്തിലൂടെയുമാണ് പടരുന്നതെന്ന് നമുക്ക് അറിയാം. ഇപ്രകാരം പടരുന്ന വൈറസ് കുടലിലാണ് പെറ്റുപെരുകുക. അതിനാല്‍ വാക്‌സിന്‍ ഇഞ്ചക്ഷന്‍ രൂപത്തില്‍ കൊടുത്താലും, അണുബാധ ഉണ്ടാകുന്ന പക്ഷം കുടലില്‍ പെറ്റു പെരുകുന്ന വൈറസുകള്‍ രക്തത്തില്‍ ഉണ്ടായ ആന്റിബോഡികളില്‍ നിന്നും രക്ഷപ്പെടും.

കുടലിനകത്ത് പ്രത്യേകം ആന്റിബോഡികള്‍ രൂപപ്പെട്ടാല്‍ മാത്രമേ ഈ വൈറസുകളെ തടയാന്‍ കഴിയൂ. പോളിയോ തുള്ളിമരുന്ന് വായിലൂടെ കൊടുക്കുമ്പോള്‍ വാക്‌സിനകത്തുള്ള വീര്യം കുറഞ്ഞ വൈറസ് കുടലിനകത്ത് ആന്റിബോഡികള്‍ സൃഷ്ടിയ്ക്കുകയും ശേഷം രക്തത്തിലേയ്ക്കു കടന്ന് ശരീരം മുഴുവന്‍ പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു.വീര്യമുള്ള പോളിയോ വൈറസ് പോലെ തന്നെ, വീര്യം കുറഞ്ഞ വാക്‌സിന്‍ വൈറസിനേയും വാക്‌സിന്‍ ലഭിച്ച കുഞ്ഞുങ്ങള്‍ കുടലില്‍ നിന്നും പുറംതള്ളും. ഈ പ്രക്രിയ 6-8 ആഴ്ച വരെ നില്‍ക്കും.ഇതിനിടയില്‍ വാക്‌സിന്‍ വൈറസിനു രൂപപരിണാമം സംഭവിച്ചേക്കാം. ഇതിനെയാണു നമ്മള്‍ vaccine derived polio virus എന്നു പറയുന്നത്. മാത്രമല്ല കുഞ്ഞുങ്ങൾക്ക് വലിയവരെക്കാൾ ഇൻജക്ഷൻ രീതിയിൽ നൽകുന്ന വാക്സിനുകളോടുള്ള ഭയവും കുറയ്ക്കാം.

ആൻറിവൈറൽ മരുന്നുകൾ വൈറസുകളെ നേരിട്ട് ഉന്മൂലനം ചെയ്യുന്നില്ല. നേരെ മറിച്ച് പെരുകുന്നത് തടയുകയും അങ്ങനെ കോശങ്ങളിൽ നിന്ന് കോശങ്ങളിലേക്ക്, വ്യാപിക്കുന്നത് തടയുകയുമാണ് ചെയ്യുന്നത്. അത്കൊണ്ട് തന്നെ, വ്യക്തികളിൽ നിന്ന് മറ്റ് വ്യക്തികളിലേക്കുള്ള വ്യാപനവും നിയന്ത്രിക്കാൻ കഴിയുന്നു. അതിനോടകം ഉള്ളിൽ കടന്ന് കൂടി, ഉണ്ടായിത്തീർന്ന രോഗകാരികളെയും അവയുടെ അവശിഷ്ടങ്ങളെയും പുറന്തള്ളുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനമാണ്. അതുകൊണ്ട് വൈറസിന്റെ എണ്ണം കുറവായിരിക്കുന്ന ആദ്യഘട്ടങ്ങളിൽ തന്നെ ആൻറിവൈറൽ ചികിത്സ ആരംഭിക്കേണ്ടത് പ്രധാനമാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ രോഗിക്ക് എത്ര വേഗം മരുന്ന് നല്കുന്നുവോ, വൈറസ് പകരാനുള്ള സാദ്ധ്യത അത്രയും പരിമിതപ്പെടുത്താം.

Leave a Reply
You May Also Like

ഗയ എങ്ങോട്ടാണ് നോക്കുന്നത് ?

ഗയ എങ്ങോട്ടാണ് നോക്കുന്നത് ? സാബു ജോസ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ഡിസ്‌ക്കവറി മെഷീന്‍ എന്ന്…

അമിതാഭ് ബച്ചൻ്റെ മകൾ ശ്വേതയ്ക്കും മകൻ അഗസ്ത്യ നന്ദക്കും ഈ ചർമ്മപ്രശ്നമുണ്ടെന്ന് തോന്നുന്നു ! എന്താണ് ?

രോഗങ്ങൾ, അലർജികൾ, പ്രശ്നങ്ങൾ എല്ലാവരെയും അലട്ടുന്നു. ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്റെ കുടുംബത്തെയും ഒഴിവാക്കിയിട്ടില്ല.…

ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ തേക്കുമരം കേരളത്തിലാണ്

അറിവ് തേടുന്ന പാവം പ്രവാസി ഏഷ്യാ ഭൂഖണ്ഡത്തിൽ ഇന്നുള്ളതിൽ വച്ചേറ്റവും വലിയ തേക്കുമരമാണ് (Tectona grandis)…

വെള്ളച്ചാട്ടത്തിലെ കെടാവിളക്ക്

35 അടി ഉയരമുള്ള വെള്ളച്ചാട്ടമാണ് എറ്റേണൽ ഫ്ലേം ഫാൾസ്. ഇതിൽ 8 ഇഞ്ച് ഉയരമുള്ള ഒരു ചെറിയ മിന്നുന്ന തീജ്വാലയുണ്ട്. ഈ തീജ്വാലയും ഈ നീരൊഴുക്കുകളും ദശലക്ഷക്കണക്കിന് വർഷങ്ങളായി ആ പ്രദേശങ്ങളിൽ സംഭവിക്കുന്നു