ആ പൊന്നുമോളെ നിഷ്ടൂരമായി കൊന്ന മനുഷ്യന് ആത്മഹത്യ ചെയ്യാൻ പേടിയായിരുന്നത്രെ, ഇത്തരക്കാർ കൊടുംക്രിമിനലുകളെക്കാൾ ഭീകരന്മാരാണ്

55

താൻ ഇല്ലാതായാൽ മകൾ കഷ്ടപ്പെടുമെന്ന ഭയം കാരണം അവളെ നെഞ്ചോട് ചേർത്ത് നിർത്തി ഞെരിച്ചു കൊന്നു കളഞ്ഞിട്ടു പുഴയിൽ തള്ളിയ ശുദ്ധനായ മനുഷ്യന് ആത്മഹത്യ ചെയ്യാൻ പേടിയായിരുന്നത്രെ. പല രീതിയിലും മരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. എന്നാൽ ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള ചെറിയ ഗ്യാപ് മാക്സിമം ആഘോഷിക്കാനായി കാർ വിൽക്കുകയും ഗോവയിലെ കാസിനോകളിൽ പണമെറിഞ്ഞു ചൂത് കളിക്കുകയും ചെയ്തു. ഇന്നലെ പിടിയിലായ സനു മോഹൻ ഇങ്ങനെ മൊഴി നൽകിയതായി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. ഈ റിപ്പോർട്ട് കണ്ടപ്പോൾ വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു സംഭവം നടന്നത് ഓർമ വന്നു. കാമുകനും കാമുകിയും ഒരുമിച്ചു ജീവനൊടുക്കാൻ തീരുമാനിച്ചു. കാമുകി മരിച്ചു. കാമുകൻ രക്ഷപ്പെട്ടു. മരിക്കാനുള്ള ഭയം കാരണം വിഷം കഴിക്കുന്നതിൽ നിന്ന് പിന്മാറി എന്നാണ് അയാൾ ന്യായീകരണമായി പറഞ്ഞത്. എന്നാൽ അന്ന് ഒരു മനഃശാസ്ത്ര വിദഗ്ധൻ അഭിപ്രായപ്പെട്ടത് ഇങ്ങനെയുള്ളവരെയാണ് ഏറ്റവും സൂക്ഷിക്കേണ്ടതെന്നാണ്. ഒരു സാധാരണ ക്രിമിനലിനേക്കാൾ നൂറു മടങ്ങ് അപകടകാരികളും സ്വാർത്ഥരുമായിരിക്കും അവരത്രെ. ഇതുവരെ വന്ന വാർത്തകൾ കണ്ടപ്പോ അത് ശരിയാണെന്ന് തോന്നുന്നു. ഇനി ഇതിൽ നമ്മളാരുമറിയാത്ത വേറെന്തെങ്കിലും സംഗതികൾ ഉണ്ടോ എന്നുമറിയില്ല. എന്തായാലും ആ കുഞ്ഞിനെപ്പറ്റി ഓർക്കുമ്പോൾ വിഷമമുണ്ട്. പാവം. ഇങ്ങനെയുള്ള വിചിത്രമായ വാർത്തകൾ ദിവസവും കണ്ടു മതിയായി. ഒരു വശത്ത് കോവിഡും മറുവശത്ത് അതിനേക്കാൾ ക്രൂരന്മാരായ മനുഷ്യരും.

സംഭവം ഇങ്ങനെ :

എറണാകുളം മുട്ടാര്‍ പുഴയില്‍ വൈഗയെന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പിതാവ് സനു മോഹന്‍ പിടിയിലായി. കര്‍ണാടകയില്‍ നിന്ന് ആണ് സനു മോഹന്‍ കേരള പോലീസിന്റെ പിടിയിലായത്. വൈകീട്ട് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തി കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കും എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് അറിയിച്ചു.
പതിമൂന്ന് വയസുകാരി വൈഗയുടെ ദൂരൂഹ മരണത്തില്‍ പ്രതിയെന്ന് കരുതുന്ന പിതാവ് സനുമോഹന്‍ ആറ് ദിവസമാണ് മൂകാംബികയിലുണ്ടായിരുന്നത്.പൂനെയിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ കൂടി പ്രതിയായ സനുമോഹനെ കണ്ടെത്താന്‍ രാജ്യവ്യാപക അന്വേഷണമാണ് നടക്കുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതി പിടിയിലാകുന്നത്.മാര്‍ച്ച് 20നാണ് സനു മോഹനെയും മകള്‍ വൈഗയെയും(13) കാണാതായത്. വൈഗയെ പിറ്റേന്നു കൊച്ചി മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സനു മോഹനെ കണ്ടെത്താനായില്ല.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ കാര്‍ കോയമ്പത്തൂര്‍ വരെ എത്തിയതായി കണ്ടെത്തി. തുടര്‍ന്നു രണ്ടാഴ്ചയോളം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് ഇയാള്‍ 10 മുതല്‍ 16 വരെ കൊല്ലൂരില്‍ താമസിച്ചതായി വ്യക്തമായതും ഇവിടെ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിയിലായതും.

ഏറെ നിഗൂഡതകള്‍ നിറഞ്ഞതാണ് കൊച്ചിയിലെ 13കാരിയായ വൈഗയുടെ മരണവും പിതാവ് സനു മോഹന്റെ തിരോധാനവും. മകളെ വകവരുത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടുപോയെന്ന് വരുത്തി തീര്‍ക്കാനാണ് സനു മോഹന്‍ ശ്രമിച്ചതെന്നാണ് പൊലീസ് വിലയിരുത്തല്‍. മകളുടെ മരണത്തിന്റെ തൊട്ടുമുമ്പ് നടത്തിയ മുഴുവന്‍ പ്രവൃത്തികളിലും അസ്വാഭാവികതകളുണ്ടെന്ന് പൊലീസ് കണ്ടെത്തി. മകൾ വൈഗയെ മുട്ടാര്‍ പുഴയിൽ തള്ളിയിട്ടുകൊന്നത് താന്‍ തന്നെയെന്ന് പിതാവ് സനു മോഹന്റെ കുറ്റസമ്മതമൊഴി.