വാണീജയറാം, ആധുനിക ഇന്ത്യയിലെ മീര

285

Sunil Narayanan 

1973 ൽ ഒഎൻവി – സലീൽ ചൗധരി ടീമിന്റെ സ്വപ്നം എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. അക്കാലയളവിൽ തെക്കേ ഇന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് തന്റെ തേരോട്ടം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ വാണി ജയറാം. സ്വപ്നത്തിലെ ‘സൗരയൂഥത്തിൽ വിടർന്നോരു’ എന്ന ഗാനത്തിലൂടെയായിരുന്നു അവരുടെ മലയാളത്തിലേയ്ക്കുള്ള എൻട്രി. ബോളിവുഡിലെ നൗഷാദും മദൻ മോഹനും ഒപി നയ്യാറുമുൾപ്പെടെയുള്ള മാസ്റ്റഴ്സുമായി ചേർന്ന് സൃഷ്ടിച്ച ഹിറ്റുകൾ അക്കാലത്തേ വാണിയമ്മയ്ക്കു പ്രശസ്തിയും അംഗീകാരങ്ങളും നേടിക്കൊടുത്തിരുന്നു.

സൗരയൂഥത്തിൽ വിടർന്നോരു പാട്ടു കേൾക്കുക:

തുടർന്ന് ശങ്കർ ഗണേഷിന്റെ അയലത്തെ സുന്ദരിയിലെ ‘ചിത്രവർണ്ണപുഷ്പജാലമൊരുക്കി വച്ചു’, എം എസ് വിയുടെ ബാബുമോനിലെ ‘പത്മതീർത്ഥക്കരയിൽ’, സലീൽദായുടെ രാഗത്തിലെ ‘നാടൻ പാട്ടിലെ മൈന’ തുടങ്ങിയ ഗാനങ്ങളിലൂടെ മലയാളിയുടെ മനസ്സിലും വാണിയമ്മ ഒരിടം കണ്ടെത്തി. സുശീലാമ്മയ്ക്കും ജാനകിയമ്മയ്ക്കും ശേഷം ഒരു മറുനാടൻ ഗായിക അങ്ങിനെ നമ്മുടെ കാതുകളിൽ തേൻ മഴ പെയ്യിയ്ക്കാൻ തുടങ്ങി. വി ദക്ഷിണാ മൂർത്തി, കെ രാഘവൻ, ആർകെ ശേഖർ, എംഎസ് വിശ്വനാഥൻ, സലീൽ ചൗധരി, എംഎസ് ബാബുരാജ്, എംകെ അർജുനൻ, ശ്യാം, കെജെ ജോയി തുടങ്ങിയ മുൻനിര സംഗീത സംവിധായകരുടെ ഇഷ്ട ഗായികയായി മാറാൻ വാണി ജയറാമിന് പിന്നീട് അധികനാൾ വേണ്ടി വന്നില്ല.

ചിത്രവർണ്ണപുഷ്പജാലമൊരുക്കി പാട്ടു കേൾക്കുക:

1975 ൽ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് അർജ്ജുനൻ മാഷിന്റെ സംഗീതത്തിൽ പിറന്ന ‘തിരുവോണപ്പുലരിതൻ തിരുമുൽ കാഴ്ച കാണാൻ’ എന്ന ഗാനം വാണി ജയറാം മലയാളിയ്ക്ക് പാടി നല്കിയ ഓണക്കോടിയായി നാല് പതിറ്റാണ്ടിനു ശേഷവും നാം സ്മരിക്കുന്നു. കോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്ന കോമളബാലനാം ഓണക്കിളിയുടെ നാദം. അതേപോലെ ശാന്ത ഒരു ദേവതയിലെ ‘നിലവിളക്കിൻ തിരിനാളമായ് വിടർന്നൂ’ എന്ന ഗാനം എത്രമാത്രം ഭാവസാന്ദ്രമായ ഒരു ഭക്തിഗാനമായി നാം ഇന്നും കേട്ടുകൊണ്ടേയിരിയ്ക്കുന്നു.

തിരുവോണപ്പുലരിതൻ പാട്ടു കേൾക്കുക:

യുദ്ധഭൂമി എന്ന ചിത്രത്തിനായി ആർകെ ശേഖർ ഈണം പകർന്ന ‘ആഷാഢമാസം’ വാണിയമ്മയുടെ ആലാപന ചാരുതയുടെ മകുടോദാഹരണമാണ്. അവൾക്കു മരണമില്ല എന്ന ചിത്രത്തിലെ ‘നവനീതചന്ദ്രികേ തിരി താഴ്ത്തൂ’ എന്ന ഗാനം ദേവരാജൻ മാസ്റ്ററുടെ കീഴിൽ വാണിയമ്മ പാടിയ അപൂർവം ചില ഗാനങ്ങളിൽ ഒന്നാണ്. ആശീർവാദത്തിലെ ഭരണിക്കാവ് ശിവകുമാറിന്റെ ‘സീമന്തരേഖയിൽ ചന്ദനം ചാർത്തിയ’ എന്ന ഗാനം കേട്ട് മലയാളി മങ്ക പുളകാര്‍ദ്രയായി,
സ്നേഹവതീയായി. റൗഡി രാമുവിൽ എസ് ജാനകിയുമായി ചേർന്ന് ‘മഞ്ഞിൻ തേരേറി കുളിരണ് കുളിരണ്’ എന്ന ഗാനം ശ്യാമിന്റെ മേൽനോട്ടത്തിൽ പാടി ഹിറ്റാക്കി. സായൂജ്യത്തിലെ ‘മറഞ്ഞിരുന്നാലും’ കെജെ ജോയിയുടെ ഈണത്തിൽ ഹാപ്പി മൂഡിൽ പാടി. എംബി ശ്രീനിവാസൻ സംഗീതം പകർന്ന ബന്ധനത്തിലെ രാഗം ശ്രീരാഗം എന്ന ഗാനം ജയചന്ദ്രൻ പാടിയതോടൊപ്പം സോളോയിൽ വാണി ജയറാമും പാടിയിട്ടുണ്ട്.

ആഷാഢമാസം പാട്ടു കേൾക്കുക:

വടക്കൻപാട്ട് ചിത്രങ്ങളിലെ ഗാനങ്ങൾ രാഘവൻ മാസ്റ്റർ അവരിലുള്ള ആത്മവിശ്വാസം കൊണ്ടു തന്നെയാണ് വാണിയമ്മയെ പാടാനേല്പിച്ചത്. പി സുശീലാമ്മയുമായി ചേർന്ന് മങ്കമാരെ മയക്കുന്ന കുങ്കുമം, യേശുദാസുമായി ചേർന്ന് പഞ്ചവർണ്ണക്കിളിവാലൻ (കണ്ണപ്പനുണ്ണി), നാദാപുരം പള്ളിയിലെ (തച്ചോളി അമ്പു), യേശുദാസുമായി അടി തൊഴുന്നേൻ, വറുത്ത പച്ചരി (മാമാങ്കം) തുടങ്ങിയ ഗാനങ്ങൾ കേൾക്കുമ്പോൾ വാണിയമ്മയുടെ ആ സ്വരമാധുരി മലയാളിയ്ക്ക് കേൾക്കാനായത് തീർച്ചയായും ഒരു ഭാഗ്യമായി തോന്നുക സ്വഭാവികം. ആധുനിക ഇന്ത്യയിലെ മീര എന്ന വിളിപ്പേര് വാണി ജയറാമിന് ലഭിച്ചതിൽ അതിശയോക്തിയ്ക്ക് വകയില്ല തന്നെ.

നാദാപുരം പള്ളിയിലെ പാട്ടു കേൾക്കുക:

തിരയും തീരവും (അവൾ വിശ്വസ്തയായിരുന്നു), ഏതു പന്തൽ കണ്ടാലും (വേനലിൽ ഒരു മഴ), ഒരു പ്രേമലേഖനം (തുറമുഖം),
കിഴക്കൊന്നു തുടുത്താൽ (പുഴ), നന്ദസുതാവര (പാർവതി), ഏതോ ജന്മ കല്പനയിൽ (പാളങ്ങൾ), മൗനം പൊൻമണി തംബുരു മീട്ടി (ഓർമ്മയ്ക്കായി) തുടങ്ങിയ ഗാനങ്ങൾ തീർച്ചയായും വാണിയമ്മയുടെ മാസ്റ്റർപീസ് ഗാനങ്ങൾ തന്നെ.

കിഴക്കൊന്നു തുടുത്താൽ പാട്ടു കേൾക്കുക:

വാണി ജയറാമിന്റെ യുഗ്മഗ്നങ്ങൾ:
യേശുദാസുമായി.
xxxxxxxxxxxxxxxxxxxxxxxxxxxxx
ആയില്യം പാടത്തെ പെണ്ണേ (രാസലീല), വാൽക്കണ്ണെഴുതി (പിക്നിക്ക്), കുറുമൊഴി മുല്ലപ്പൂവേ (ഈ ഗാനം മറക്കുമോ), ഗാനമേ പ്രേമഗാനമേ (റൗഡി രാമു), പുലരിയോടോ, കാവാലൻ ചുണ്ടൻ വെള്ളം (സിംഹാസനം), പൊന്നലയിൽ (ദേവദാസി), പകൽ സ്വപ്നത്തിൽ (അമ്പലവിളക്ക്), മഞ്ചാടിക്കുന്നിൽ (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ), ഒന്നാനാം കുന്നിന്മേൽ, ഉണരൂ ഉണരൂ (എയർഹോസ്റ്റസ് ), മുത്തും മുടിപ്പൊന്നും (പ്രേമ ഗീതങ്ങൾ), മഞ്ഞിൽ ചേക്കേറും (രക്തം),
പൂകൊണ്ടു പൂ മൂടി (പാളങ്ങൾ)……

മഞ്ചാടിക്കുന്നിൽ പാട്ടു കേൾക്കുക:

യുഗ്മഗാനങ്ങൾ മറ്റു ഗായകരുമായി ചേർന്നാലപിച്ചപ്പോൾ

ജയചന്ദ്രനുമൊത്ത് കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാം (നായാട്ട്), കുറുനിരയോ (പാർവ്വതി), നാണം നിൻ കണ്ണിൽ (കേൾക്കാത്ത ശബ്ദം), ബ്രഹ്മാനന്ദനുമൊത്ത് പുഷ്പമംഗല്യ രാത്രിയിൽ (ആദ്യ പാഠം), ഉണ്ണിമേനോനുമായി വളകിലുക്കം ഒരു വളകിലുക്കം (മുന്നേറ്റം), ഇടവാ ബഷീറുമൊത്ത് ആഴിത്തിരമാലകൾ (മുക്കുവനെ സ്നേഹിച്ചു ഭൂതം), ജോളി എബ്രഹാമുമായി ഓമൽക്കലാലയ വർഷങ്ങളെ (കോളിളക്കം), കൃഷ്ണചന്ദ്രനുമൊത്ത് സൗഗന്ധികങ്ങൾ വിടർന്നു (മഹാബലി).

പുഷ്പമംഗല്യ രാത്രിയിൽ പാട്ടു കേൾക്കുക:

സർപ്പം എന്ന ചിത്രത്തിൽ കെജെ ജോയിയുടെ സംഗീത സംവിധാനത്തിൽ പിറന്ന മാസ്മരിക ഗാനം ഓർക്കാത്ത ഗാനാസ്വാദകരോ! യേശുദാസും എസ്പി ബാലസുബ്രഹ്മണ്യവും പി സുശീലയും വാണി ജയറാമും മത്സരിച്ചുപാടിയ ഖവാലി ഗാനം.

സ്വർണ്ണ മീനിന്റെ ചേലൊത്ത കണ്ണാളെ എന്ന ആ ഗാനം കേൾക്കുക:

പുതിയ തലമുറയിലെ ഗോപി സുന്ദർ 1983 എന്ന ചിത്രത്തിനായി
ചിട്ടപ്പെടുത്തിയ ‘ഓലഞ്ഞാലിക്കുരുവി’ എന്ന സൂപ്പർ ഡ്യൂയറ്റ് 2014ൽ പാടിയത് ജയചന്ദ്രനും വാണിയമ്മയും ചേർന്നായിരുന്നു. 2016ൽ മറ്റൊരു അത്യപൂർവമായ പ്രതിഭാസംഗമത്തിനും മലയാള ഗാനരംഗം സാക്ഷിയായി. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ ‘പൂക്കൾ പനിനീർപ്പൂക്കൾ’ എന്ന ഗാനം ജെറി അമൽദേവ് ചിട്ടപ്പെടുത്തിയത് യേശുദാസിനെയും വാണി ജയറാമിനെയും കൊണ്ടു പാടിപ്പിക്കുവാനായിരുന്നു. ജെറിയുടെയും ഇഷ്ട ഗായികയായിരുന്നല്ലോ വാണിയമ്മ. പുലിമുരുകനിലെ ‘മാനത്തെ മാരിക്കുറുമ്പെയും’ വാണി ജയറാമിന്റെ ഇനിയും ജരാനരകൾ ലവലേശം ബാധിച്ചിട്ടില്ലാത്ത ശബ്ദത്തിൽ കേൾക്കാനായി! ആ ഗാനം ഓസ്ക്കാർ നോമിനേഷൻ ലിസ്റ്റിലും പെട്ടു.

ഓലഞ്ഞാലിക്കുരുവി എന്ന പാട്ടു കേൾക്കുക:

തെക്കേയിന്ത്യയിൽ വൻ തരംഗമായി മാറിയ ‘ശങ്കരാഭരണം’ എന്ന ചിത്രത്തിലെ കീർത്തനങ്ങൾ വാണി ജയറാമിന്റെ കരിയറിലെ ഒരു നാഴികക്കല്ല് തന്നെയായിരുന്നു. അതു പോലെ ശ്രീകുമാരൻ തമ്പിയുടെ ‘ഗാനം’ എന്ന ചിത്രത്തിലെ കീർത്തനങ്ങളും.1971ലെ ഗുഡ്ഡി എന്ന ബോളിവുഡ് ചിത്രത്തിലെ ‘ബേലെ രെ പാപിഹരാ’ എന്ന ഒറ്റ ഗാനത്തിലൂടെ വാണിയുടെ ആലാപന മികവ് ഭാരതമാകെ അംഗീകരിച്ചുവെന്നത് ആർക്കാണ് മറക്കാനാകുക. തമിഴിലെ മല്ലികൈ എൻ മന്നൻ മയങ്ങും (ദീർഗ സുമംഗലി) എന്ന ഗാനം എം എസ് വിശ്വനാഥൻ വാണിയെക്കൊണ്ട് പാടിച്ചതും ഹിറ്റായതും ചരിത്രം. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരം തീർച്ചയായും മൂന്നിൽ കൂടുതൽ തവണ ലഭിയ്ക്കാൻ അർഹതയുള്ള ഭാരതത്തിന്റെ അഭിമാന ഗായിക തന്നെയാണ് വാണി ജയറാം.

പക്ഷേ ഒരു കാര്യം പറയാതെ വയ്യ. കേരളം മാത്രം വാക്കുകളിലൊതുക്കി വാണിയമ്മക്കുള്ള ആദരവ്.

ബോലേ രേ പാപിഹര പാട്ടു കേൾക്കുക:

My Pick:
ദൊര ഗുണ ഇതുവന്തി ദേവാ (ശങ്കരാഭരണം) പാട്ടു കേൾക്കുക: