കേജ്രിവാളിനോട് ഏറ്റുമുട്ടാൻ ആ തുരുമ്പെടുത്ത ആയുധങ്ങൾ കൊണ്ടാകില്ല മോദിജീ…അമിട്ടേ

77

എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഹൃദയത്തിൽ സന്തോഷം നിറഞ്ഞ് തുളുമ്പുന്ന നിമിഷങ്ങൾ! 2015 ൽ ഒരു ചക്ക വീണപ്പോൾ അബദ്ധത്തിൽ ചത്ത മുയലല്ല ആം ആദ്മി സർക്കാർ എന്ന് ദില്ലിയിലെ ജനം വെളിവാക്കി കൊടുത്ത ദിവസമാണിന്ന്. ആദ്യത്തെ രണ്ടര വർഷത്തിലധികം കേന്ദ്രത്തിന്റെ അന്യായമായ ഇടപെടൽ മൂലം സർക്കാരിന് നടവിലങ്ങും കൂച്ച് വിലങ്ങും ഇട്ടിരുന്ന ലഫ് ഗവർണർ എന്തിനും ഏതിനും തടസ്സം നിന്നിരുന്നത് ആരുമോർക്കും.ഒടുവിൽ സുപ്രീം കോടതിയുടെ സ്പഷ്ടമായ വിധി വന്നതിന് ശേഷം കൃത്യമായ ആസൂത്രണത്തിലൂടെയും സമയ നിഷ്ഠയോടെയുള്ള ആത്മാർത്ഥ ശ്രമത്തിലൂടെയും തങ്ങളുടെ പ്രകടന പത്രികയിൽ പറഞ്ഞിരുന്ന ഓരോ വാഗ്ദാനവും നിറവേറ്റാൻ കേജരിവാൾ സർക്കാർ പ്രകടിപ്പിച്ച താല്പര്യം ദില്ലി നിവാസികളുടെ ഹൃദയം കവർന്നു എന്നതാണ് സത്യം.

ദേശവാസികളുടെ ക്ഷേമത്തിലുള്ള താല്പര്യത്തിലൂടെയാണ് ഒരു രാഷ്ട്രീയ പാർട്ടി യഥാർത്ഥ ദേശ സ്നേഹം പ്രകടമാക്കേണ്ടത് എന്ന പാഠം ആം ആദ്മി പാർട്ടിയിൽ നിന്ന് മുതുക്കൻ പാർട്ടികൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. പഴയ തന്ത്രങ്ങൾ കൊണ്ട് പഴയ പാർട്ടികേളോട് ഏറ്റുമുട്ടാൻ കഴിഞ്ഞേക്കും. എന്നാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബദൽ രാഷ്ട്രീയത്തിന്റെ ഉത്തമ മാതൃക നൽകുന്ന നവജനാധിപത്യ പ്രസ്ഥാനമായ ആം ആദ്മി പാർട്ടിയുമായി ഏറ്റുമുട്ടാൻ ആ തുരുമ്പെടുത്ത ആയുധങ്ങൾ കൊണ്ടാകില്ലെന്ന് ബിജെപി ഇപ്പോഴെങ്കിലും മനസ്സിലാക്കുമെന്ന് ആശിക്കുന്നു. ആത്യന്തികമായി ആം ആദ്മി പാർട്ടിയുടെ ലക്‌ഷ്യം തന്നെ രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവർത്തന ശൈലിയിലും പെരുമാറ്റത്തിലും മൂല്യങ്ങളിലും സമൂലമായ പരിവർത്തനം കൊണ്ടുവരുക എന്നതാണല്ലോ. ആം ആദ്മി പാർട്ടിയുടെ ചരിത്രം ആവർത്തിക്കുന്ന ഈ വിജയം ആ വിധത്തിൽ പ്രസക്തമായി മാറിയെങ്കിൽ എന്നാശിച്ചുകൊണ്ട് എല്ലാ സഹോദരങ്ങൾക്കും ഹൃദയത്തിൽ നിന്ന് ആയിരം അഭിനന്ദനങ്ങൾ!

(കടപ്പാട്)