‘കുട്ടികൾക്കായി ഒരു സമ്പൂർണ്ണ വർണ്ണചിത്രം’ എന്ന ടാഗ് ലൈനോടെയാണ് ‘വിടരുന്ന മൊട്ടുകൾ’ എന്ന സിനിമ 1977 ൽ പ്രദർശനത്തിനെത്തുന്നത്.. ആയിരത്തോളം സ്കൂൾകുട്ടികളെ അണിനിരത്തിക്കൊണ്ട് മെരിലാൻ്റ് സുബ്രഹ്മണ്യം നീലാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച് സംവിധാനംചെയ്ത ചിത്രത്തിൽ മധു, രാഘവൻ, പപ്പു, തിക്കുറിശ്ശി, മല്ലിക, കവിയൂർ പൊന്നമ്മ തുടങ്ങി അക്കാലത്തെ ഒട്ടേറെ മുൻനിര താരങ്ങളും അഭിനയിച്ചു.. കൂടാതെ നീലായുടെ തന്നെ മുൻകാല സിനിമകളായ ശ്രീരാമ പട്ടാഭിഷേകം, സ്നാപക യോഹന്നാൻ തുടങ്ങിയ സിനിമകളിലെ രംഗങ്ങളും സാരോപദേശരൂപേണ ആ സിനിമയിൽ ഉൾക്കൊള്ളിച്ചിരുന്നു..
പ്രധാനവേഷങ്ങളിലെത്തിയ കുട്ടിത്താരങ്ങളിൽ ബേബി സുമതിയൊഴികെ മറ്റാർക്കും തന്നെ സിനിമാഭിനയത്തിൽ കാര്യമായ മുൻ പരിചയമില്ലായിരുന്നെങ്കിലും അവരിൽ പലരും പിൽക്കാലത്ത് മലയാള സിനിമയിലെ പരിചിതമുഖങ്ങളായി മാറി എന്നതാണ് സത്യം. നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ സായ്കുമാർ ബാലതാരമായി ഈ ചിത്രത്തിലെ വിക്രമൻ എന്ന കഥാപാത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ മാസ്റ്റർ രാജീവ്കുമാർ എന്ന പേരിൽ നടൻ രാജീവ് രംഗനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു..
മറ്റൊരു ബാലതാരമായെത്തിയ നടി അംബിക ഈ പടത്തിനു മുൻപും ചില സിനിമകളിൽ അഭിനയിച്ചിരുന്നു.. ചിത്രത്തിൽ സ്കൂൾ ലീഡറായ ഹൈസ്കൂൾ വിദ്യാർത്ഥിയായി അഭിനയിച്ചത് ഈ കുട്ടിക്കൂട്ടത്തിലെ അൽപം മുതിർന്നൊരു കൗമാരക്കാരനായ കൈലാസ്നാഥ് ആയിരുന്നു.പ്രധാന ബാലതാരങ്ങൾക്കു പുറമേ ചിത്രത്തിലഭിനയിച്ച അനേകം കുട്ടികളുടെ കൂട്ടത്തിൽ പിൽക്കാലത്തെ പ്രശസ്ത അഭിനേത്രിമാരായ ഉർവശിയും കല്പനയുമൊക്കെ ഉൾപ്പെട്ടിരുന്നു..
( പോസ്റ്റിൽ പരാമർശിച്ചിരിക്കുന്ന നടനും സംവിധായകനും മിനിസ്ക്രീൻ താരവുമായ ശ്രീ. കൈലാസ്നാഥ് നിലവിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നും, ചികിത്സാ ചെലവുകൾക്ക് ബുദ്ധിമുട്ടുള്ളതിനാൽ അദ്ദേഹത്തിൻ്റെ കുടുംബം സാമ്പത്തിക സഹായം തേടിക്കൊണ്ടിരിക്കുകയാണെന്നുള്ള വിവരവും ഇതാടൊപ്പം പങ്കുവയ്ക്കുന്നു)