Jijeesh Renjan
വിജയ് സൂപ്പറും പൗർണ്ണമിയും സിനിമയിൽ ഒരു പ്രധാന രംഗമുണ്ട്.ആദ്യമായി കാറ്ററിങ് സ്റ്റാട്ടേഴ്സിന്റെ ഓർഡർ കിട്ടുന്ന പൗർണ്ണമി സമയക്കുറവ് ഉള്ളത് കൊണ്ട് ഏതെങ്കിലും നല്ല ഹോട്ടലിൽ നിന്ന് വാങ്ങിയാൽ മതി എന്ന് വിജയോട് പറയുന്നു.ഒപ്പം വണ്ടിയിൽ ഡീസൽ അടിച്ചിടണം എന്നും.ഒരു ബിസിനസ് തുടങ്ങുമ്പോ ആദ്യമേ ലാഭമല്ലല്ലോ നല്ല പേരും കൊണ്ടാക്റ്റും ആണ് ആവശ്യം.പൗർണ്ണമിക്ക് അതറിയാമായിരുന്നു.എന്നാൽ അലസനായി നടന്ന വിജയിന് ആദ്യമേ കഴിവ് തെളിയിക്കണം.അത് കൊണ്ട് അയാൾ സ്വന്തമായി കുക്ക് ചെയ്തു.അതിന്റെ ക്ഷീണത്തിൽ ഉറങ്ങിയും പോയി.11 മണിക്ക് കൊടുക്കേണ്ട ഫുഡും കാത്ത് പൗർണ്ണമി പള്ളിയിൽ കാത്തു നിന്നു.ഓർഡർ തന്ന കൂട്ടുകാരിയുടെ അങ്കിൽ വന്ന് ചോദിച്ചപ്പോഴും അവൾ ആത്മവിശ്വാസത്തോടെ മറുപടി നൽകി.
എന്നാൽ അവളുടെ ഫോൺ കാൾ വന്നപ്പോ മാത്രം ഉറക്കം എഴുന്നേറ്റ വിജയ് പുറപ്പെട്ടതേ ഉണ്ടായിരുന്നുള്ളൂ.സമയം കഴിയും തോറും അവൾക്ക് ടെൻഷനായി.അങ്കിൾ ഇങ്ങനെ നോക്കുന്നുണ്ട്.വല്ലാത്ത ഒരു അവസ്ഥ.ഇത്തരത്തിൽ ഉള്ള സാഹചര്യങ്ങൾ നമുക്ക് പല രീതിയിൽ ഉണ്ടായിട്ടുണ്ടാകും.ഒന്നുകിൽ ജോലി സംബന്ധമായി അല്ലെങ്കിൽ വ്യക്തിപരമായി.എന്തെങ്കിലും കാര്യം ഒരാളെ ഏൽപ്പിച്ച് ടെൻഷനോടെ കാത്ത് നിൽക്കേണ്ട അവസ്ഥ ദയനീയമാണ്.പ്രത്യേകിച്ചും ഒരാൾ ഇങ്ങനെ മുന്നിൽ നോക്കി നിൽക്കുമ്പോൾ.നമ്മൾ ഇങ്ങനെ ഫോൺ എടുത്ത് വിളിച്ചോണ്ടിരിക്കും.മറ്റവരൊട്ട് എടുക്കുകയുമില്ല.
ചിലപ്പോൾ അവർ വൈകി എത്തും.ചിലപ്പോൾ എല്ലാം കുളമാക്കും.ഇവിടെ പൗർണ്ണമി ക്ക് ആകെ മാനക്കേടായി. വാക്ക് പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബിസിനസ് തകരും.ഒരു പെൺകുട്ടിയെ പ്രോത്സാഹിപ്പിക്കാൻ നോക്കിയ അങ്കിളിന്റെ കാര്യം അതിലും കഷ്ടമായിരുന്നിരിക്കണം.പൗർണ്ണമിക്ക് അയാളെ ഫേസ് ചെയ്താൽ മതി എന്നാൽ അയാൾക്ക് എത്ര പേരോട് ഉത്തരം പറയണം.വിജയിന് പിന്നീട് തിരുത്താനും പൗർണ്ണമിയുമായി ചേർന്ന് ബിസിനസ് ചെയ്യാനും അവസരം കിട്ടി.എന്നാൽ ജീവിതത്തിൽ അത് പ്രയാസമാണ്.
ആ സിനിമയിൽ തന്നെ ബിസിനസിൽ വിജയിച്ച ഒരാൾ ഉണ്ട്.വിജയിനെ മകളെ കൊണ്ട് വിവാഹം ചെയ്യിക്കാൻ നടക്കുന്ന വ്യവസായിക്ക് എല്ലാം പണമായിരുന്നു.അയാൾക്ക് കൃത്യമായ പ്ലാനിങ്ങും കണിശതയും ഉണ്ട്.ഒരു സീനിൽ വിജയുടെ സുഹൃത്തുകൾക്ക് പ്രൊമോഷൻ ചെയ്യാൻ വേണ്ടി വളം കടി മാറ്റാൻ എന്ന പേരിൽ ഇറക്കിയ ഷൈല എന്ന പ്രോടക്റ്റ് സാമ്പിൾ കൊടുക്കുന്നു.അയാൾ ആദ്യം രണ്ടെണ്ണം എടുത്തിട്ട് പിന്നെ ഒന്ന് തിരിച്ചു വച്ചിട്ട് ഒരെണ്ണമാണ് അവർക്ക് കൊടുക്കുന്നത്.അനാവശ്യമായി സൗജന്യങ്ങൾ കൊടുക്കരുത് എന്ന ബിസിനസ് നയം കൃത്യമായി നടപ്പിലാക്കുന്ന ഒരാൾ ആയത് കൊണ്ടാണ് അയാൾ വിജയിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ഒരു സീൻ ആയിരുന്നു.പിന്നീട് സിനിമയിൽ സ്നേഹത്തിന് മുന്നിൽ പണം തോൽക്കുന്നത് കാണിച്ചത് നല്ലോരു സന്ദേശമാണ്.