ആമസോണിൽ ഒരു പ്രത്യേകതരം ഗുളികയുടെ പരസ്യം കണ്ടു, കന്യകാത്വ സംരക്ഷണ ഗുളിക!

0
815

കന്യകാത്വ സംരക്ഷണ ഗുളിക!

ആമസോണിൽ ഒരു പ്രത്യേകതരം ഗുളികയുടെ പരസ്യം കണ്ടു. സംഭോഗം കഴിയുമ്പോൾ ഈ ഗുളിക പൊട്ടി അതിൽനിന്നും കൃത്രിമമായി ചോര വരികയും, അതിനമൂലം ആളുകൾ സ്ത്രീകളെ കന്യകമാരായി കണക്കാക്കുമത്രേ.

യോനിക്കുള്ളിൽ വെയ്ക്കാവുള്ള ഗുളികയുടെ പരസ്യം കണ്ടപ്പോൾ ഞാനാദ്യം ഓർത്തത് ലൈലയെക്കുറിച്ചാണ്. താലിബാൻ തകർത്തുകളഞ്ഞ അഫ്ഗാനിസ്ഥാനിൽ, സ്വന്തം അച്ഛനമ്മമാരെ നഷ്ടപ്പെട്ട്, എവിടെയാണെന്നുപോലുമറിയാത്ത തന്റെ കാമുകന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്ന പതിനേഴു വയസ്സുകാരി ലൈലയ്ക്ക്, റഷീദ് എന്ന വിവാഹിതനായ മധ്യവയസ്കനെ കല്യാണം കഴിക്കേണ്ടിവരുന്നുണ്ട്, ഖാലിദ് ഹൊസ്സെനിയുടെ “thousand splendid sons ” എന്ന പുസ്തകത്തിൽ. ലൈലകയ്ക്ക് തന്റെ കുഞ്ഞിനെ രക്ഷിക്കണമായിരുന്നു. അവളുടെ കാമുകൻ മടങ്ങിവരുംവരെ റഷീദിനെ അത് അയാളുടെ കുഞ്ഞാണെന്ന് വിശ്വസിപ്പിക്കണമായിരുന്നു. അതിന് വിവാഹം കഴിഞ്ഞുള്ള ആദ്യരാത്രി റഷീദ് അവളുമേൽ കാട്ടുന്ന ക്രിയകൾക്കവസാനം മുറിയിൽ ഒളിപ്പിച്ചുവെച്ച കത്തി ഉപയോഗിച്ച് അവൾ കിടക്കവിരിയിൽ ചോര വീഴ്ത്തുന്നുണ്ട്.

“Laila already saw the sacrifices a mother had to make. Virtue was only the first”.

ഒരമ്മ കടന്നുപോകേണ്ട ത്യാഗങ്ങൾ ലൈല മനസ്സിലാക്കുകയിരുന്നു. ആത്മാഭിമാനം ത്യജിക്കൽ, അതിന്റെ ആദ്യ പടി മാത്രമായിരുന്നു എന്ന് ഖാലിദ് ഹൊസ്സെനി എഴുതുന്നു.

സമൂഹത്തിന്റെ മുഴുവൻ അന്തസ്സും സ്ത്രീകളുടെ തുടയ്ക്കിടയിലാണെന്ന് വിശ്വസിക്കുന്നവർക്കിടയിൽ അതിൽക്കൂടുതൽ അവളെക്കൊണ്ടെന്തുചെയ്യാൻ സാധിക്കുമായിരുന്നു?

ഞാൻ ഓർത്തുപോവുകയാണ്. അന്ന് ഈ ഗുളിക നിന്റെ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ എന്റെ ലൈലാ, നീ അനുഭവിച്ച കഷ്ടതകളും മാനക്കേടും എത്രയോ കുറഞ്ഞേനേ!

മേല്പറഞ്ഞ ഗുളിക, ക്യാപിറ്റലിസം പാട്രിയാർക്കിയെ പുണരുന്ന അപൂർവ പ്രതിഭാസം ആണ്, സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ് എന്നൊക്കെയുള്ള അഭിപ്രായങ്ങൾ കേട്ടു. പക്ഷെ എനിക്ക് മറിച്ചാണ് തോന്നുന്നത്. തീർച്ചയായും ഈ ഗുളികയ്ക്ക് പിന്നിലെ ബുദ്ധി ഏതെങ്കിലും സ്ത്രീപക്ഷ ചിന്താഗതിക്കാരുടേതാവണം തീർച്ച. അല്ലെങ്കിൽ കന്യാചർമം വെച്ച് തങ്ങളുടെ അന്തസ്സളക്കുന്ന സമൂഹത്തിനോട് ഇന്നത്തെ സാഹചര്യത്തിൽ ഒരു സ്ത്രീയ്ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും സുന്ദരമായ, ഇത്രയ്ക്ക് മാധുര്യമുള്ളൊരു പ്രതികാരം വേറെയുണ്ടാവില്ല.
ഈ പറയുന്ന so called virginity മെംബ്രേയ്‌ന്റത്രേം വിഢിത്തമൂറുന്നൊരു കോൺസെപ്റ് ഒരുപക്ഷെ വേറെയെങ്ങുമുണ്ടാവില്ല. Hymen പൊട്ടും എന്ന് പേടിച്ച് menstrual കപ്പുകൾ ഉപയോഗിക്കാത്ത സഹോദരിമാർക്കും ഇതൊരു വലിയ ആശ്വാസമാകും തീർച്ച.

സ്ത്രീകൾ എന്നാൽ തങ്ങൾക്ക് അവകാശപ്പെട്ട ഏതോ ഒരു വസ്തുവാണെന്ന് കരുതുന്നവർക്ക്, അവളെ സ്വന്തമാക്കുകയും അലമാരയിൽ അടച്ചുവെക്കുകയുമാണ് ചെയ്യേണ്ടത് എന്ന് വിശ്വസിക്കുന്നവർക്ക് നാളെ ഒരുനാൾ, അവളുടെ തുടയിടുക്കിൽ കണ്ട രക്തം ശെരിക്കുമുള്ളതാണോ അതോ കൃത്രിമമാണോ എന്നറിയാതെ ഭ്രാന്ത് പിടിക്കണം. ഇങ്ങനെയല്ലാതെ ഒരു മാറ്റം സാധ്യമാണെന്ന് തോന്നുന്നില്ല.

ആയിരത്തൊന്ന് രാവുകളിൽ തുടക്കത്തിൽ സ്വന്തം ഭാര്യ തന്നെ വഞ്ചിക്കുകയായിരുന്നു എന്നറിയുന്ന ഷഹരിയാർ ചക്രവർത്തി അയാളുടെ അനിയനെയും കൂട്ടി രാജ്യം ഉപേക്ഷിച്ചു പോവുന്നുണ്ട്. എന്നാൽ തന്നെക്കാൾ ഭാഗ്യംകെട്ട മറ്റൊരു പുരുഷനെ കണ്ടുമുട്ടുകയാണെങ്കിൽ ചക്രവർത്തിയായി രാജ്യത്തേക്ക് തിരിച്ചുവരാം എന്ന് അനിയന് വാക്കുനൽകുന്നു. യാത്രയ്ക്കിടയിൽ ഒരു ഭൂതം ഏഴു താഴുകളിട്ടു പൂട്ടിയ പെട്ടിയിൽനിന്നൊരു സുന്ദരി പുറത്തുവരികയും, അവൾ ചക്രവർത്തിയോടും അനിയനോടുമൊപ്പം ശയിക്കുകയും ചെയ്യുന്നു. ആ ദിവസത്തിന്റെ ഓർമയ്ക്കായി അവരുടെ മോതിരങ്ങൾ ഊരി വാങ്ങി അവളതൊരു മാലയിൽ കോർക്കുന്നു. ആ മാലയിൽ മറ്റ്‌ തൊണ്ണൂറ്റിയെട്ട് മോതിരങ്ങൾ കൂടി കാണുമ്പോൾ ചക്രവർത്തി പറയുന്നുണ്ട്, “അനിയാ എന്നെക്കാൾ ഭാഗ്യംകെട്ടവൻ ഈ ഭൂതം തന്നെ “. അപ്പോൾ പൊട്ടിചിരിച്ചുകൊണ്ടാ സുന്ദരി മറുപടി പറയുന്നു, ഏഴു താഴിട്ട് പൂട്ടിയാലും, കടലിനടിയിൽ ഒളിപ്പിച്ചാലും ഒരു സ്ത്രീ വിചാരിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല എന്ന്.

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല എന്നൊരു ചൊല്ല് നമുക്കുമുണ്ടല്ലോ.

അപ്പൊ പെണ്ണുങ്ങളെ, നമുക്ക് മാത്രം അനുഭവിക്കാൻ കഴിയുന്ന വന്യമായ അനുഭൂതികളെല്ലാം നുകർന്നുകൊണ്ട് നമുക്ക് വളരെ മനോഹരമായി പുഞ്ചിരിക്കാം. നമ്മുടെയുള്ളിലെ കടലാഴങ്ങളുടെ നീഗൂഡതകൾ പാവം പുരുഷന്മാർ എന്തറിഞ്ഞു. അവർക്കാകെ വേണ്ടത് വെളുത്ത കിടക്കവിരിയിൽ രണ്ട് തുള്ളി ചോരയാണ്. ആമസോണിൽ മേല്പറഞ്ഞ ഗുളികയ്ക്ക് ഓഡർ കൊടുക്കു. വരുമ്പോൾ ഇതിന്റെ കാശും അവരുടെ പോക്കറ്റിൽനിന്ന് എടുത്തുകൊടുത്തേക്കു. ചോദിച്ചാൽ അമ്പലത്തിൽപോവാൻ ആർത്തവം മാറ്റിവെക്കാനുള്ള ഗുളികയാണെന്ന് പറയു. എന്നിട്ട് ഗൂഢമായി, അതിഗൂഡമായി പൊട്ടിച്ചിരിയ്ക്കു !!