കൊറോണാവൈറസ് ചൈനയിൽ നിന്നു പൊട്ടിപ്പുറപ്പെട്ടു എന്ന് തീർത്തുപറയാൻ കഴിയുമോ? അതോ മുമ്പേ ഉണ്ടായിരുന്ന ഒരു വൈറസ് അനുകൂലസാഹചര്യത്തിൽ പെട്ടെന്നു് സജീവമായതോ ?

116
ചോദ്യം: “ഈ പുത്തൻകൊറോണാവൈറസ് ചൈനയിൽ നിന്നു പൊട്ടിപ്പുറപ്പെട്ടു എന്ന് തീർത്തുപറയാൻ കഴിയുമോ? അതോ മുമ്പേ ഉണ്ടായിരുന്ന ഒരു വൈറസ് അനുകൂലസാഹചര്യത്തിൽ പെട്ടെന്നു് സജീവമായി എന്ന് കരുതണോ?”
– Rajesh Sadasivan
ഉത്തരം:
ഈ ഭൂമിയിൽ നിറയെ വൈറസുകളാണു്. എവിടെത്തിരിഞ്ഞൊന്നുനോക്കിയാലും (നമുക്കു കാണാൻ പറ്റില്ലെങ്കിലും) അവിടെല്ലാം വൈറസുകളും ബാൿടീരിയകളും തന്നെ!
അവ പക്ഷേ പലതരമുണ്ടു്.
ഒരു ഒന്നിട്ടശേഷം അതിന്റെ പിന്നിൽ 32 പൂജ്യം ഇട്ട അത്രയും ഇനങ്ങൾ വൈറസുകൾക്കു് സാദ്ധ്യതയുണ്ടെന്നാണു് വൈറസുകളുടെ ഗണിതശാസ്ത്രക്കണക്കു്. അതായതു് അത്രയും ജനിതക കോംബിനേഷനുകൾ ചേരുമ്പടി ചേർത്തുവെയ്ക്കാം. അവയിൽ ഓരോന്നിനും ഒരു വൈറസിന്റെ സ്വഭാവം ചേരും.
പക്ഷേ,
1. അവയിൽ ചിലതൊന്നും നിലനിൽക്കില്ല. അവയിലടങ്ങിയ തന്മാത്രകളുടെ ‘ടീം‌വർക്കു്‘ അത്ര മികച്ചതാവില്ല. അതിനാൽ അവയെല്ലാം പരസ്പരം തല്ലിപ്പിരിഞ്ഞുപോവും.
2. ചിലതു് ഇനിയും ഭൂജാതരായിട്ടില്ല. നാനൂറുകോടി കൊല്ലം കാത്തിരുന്നിട്ടും അത്തരം തന്മാത്രാ കോംബിനേഷനുകൾ ഇനിയുമുണ്ടായിട്ടില്ല. അഥവാ,
3. ഒരിക്കലോ പല തവണയോ അങ്ങനെയുണ്ടായവയിൽ മിക്കതും അത്രയും തവണ വംശനാശമുണ്ടായി ഒടുങ്ങിപ്പോയി. (അവ ഇനിയും വരാം).
4. കുറേയെണ്ണം ഇപ്പോഴും നിരുപദ്രവമായി മൃഗങ്ങളിലും മറ്റു ജീവികളിലുമൊക്കെയായി കഴിഞ്ഞുപോവുന്നു. യുദ്ധമാണവരുടെ മെയിൻ. പക്ഷെ ഈയിടെ കുറേകാലമായി ആ പുരുഷുമാർക്കു് യുദ്ധമില്ല.വെക്കേഷനാണു്.
5. ചിലതു് മനുഷ്യരിൽ തന്നെ നിരുപദ്രവമായി അടങ്ങിയൊതുങ്ങിക്കഴിയുന്നു. നമ്മൾ തിന്നുന്നതിന്റെയും കുടിക്കുന്നതിന്റെയുമൊക്കെ ഒരു പങ്കുപറ്റി വീട്ടിലെ പൂച്ചക്കുഞ്ഞുങ്ങളെപ്പോലെ അവയും പെറ്റുപെരുകി അവയുടെ പാടും നോക്കി നമുക്കുള്ളിൽ ജീവിക്കുന്നു.
ഇനിയും കുറേയെണ്ണം നമ്മുടെ ശരീരവുമായി ആദ്യമൊന്നേറ്റുമുട്ടി വലിയൊരു യുദ്ധവും നടത്തി ഒടുവിൽ തോൽ‌വി സമ്മതിച്ചു് നമ്മുടെത്തന്നെ ജീനുകളുടെ ഭാഗമായി, നമ്മുടെത്തന്നെ ജീവനായി, നമ്മുടെ ചങ്കും കരളും മുത്തുമായി ഇപ്പോഴും നമുക്കുള്ളിലുണ്ടു്.
6. കാലക്രമത്തിൽ അവയിൽ ചിലതു നമ്മുടെ സ്വന്തം പോരാളികളായി മാറി.
7. മറ്റു ചിലതു് നമ്മുടെ അടുക്കളജോലിക്കാരായി കിട്ടുന്ന ശമ്പളവും വാങ്ങി കഴിയുന്നു
8. പിന്നെയും ചിലതു് തരം കിട്ടിയാൽ നമുക്കെതിരേ തിരിയാൻ തക്കം പാത്തു് തൽക്കാലം അടങ്ങിയൊതുങ്ങി നമ്മുടെ DNA ചങ്ങലയ്ക്കുള്ളിൽ തന്നെ ഒരു ചെറിയ കണ്ണിക്കൂട്ടമായി, ചങ്ങലക്കഷ്ണമായികഴിയുന്നു. (നമ്മുടെ DNAയുടെ പത്തുശതമാനത്തോളം അത്തരം പ്രാചീനവൈറസുകളെ ജപിച്ചുകെട്ടി പാലയിൽ ആണിയടിച്ചു ബന്ധിപ്പിച്ച യക്ഷിയാത്മാക്കളാണത്രെ!)
ഇവയിൽ ഓരോന്നും ഓരോ നമ്പർ മാത്രമല്ല, ഓരോ നീണ്ടകഥയാണു്. ഓരോ ജീവചരിത്രമാണു്.
***************************
തൽക്കാലം ആ നാലാം നമ്പർ തന്നെ എടുക്കാം: യുദ്ധമില്ലാത്ത പുരുഷുമാർ.
അവ മൃഗങ്ങൾക്കുള്ളിൽ, അവയുടെ കോശദ്രവ്യങ്ങൾക്കുള്ളിൽ സ്വന്തം നിലയിൽ തന്നെ ജീവിച്ചുവരികയായിരുന്നു. (അതായതു് മൃഗങ്ങളുടെ ജീനിന്റെ ഭാഗമായല്ല). ദിവസേന കാലത്തെണീറ്റു കുളിച്ചുതൊഴുതു് പെറ്റുപെരുകി സ്കൂളിലോ ഓഫീസിലോ എവിട്യാച്ചാൽ പോയി അങ്ങനെ ആർക്കും പ്രത്യേകിച്ച് ശല്യമൊന്നുമില്ലാതെ ജീവിച്ചുവരികയായിരുന്നു.
പക്ഷേ ഈ വൈറസുകൾക്കു് ഒരു പ്രശ്നമുണ്ടു്. ജീവന്റെ ഏതുകോശത്തിലുമെന്നപോലെ അവയുടെയും DNA ചങ്ങലകൾ (ജനിതകസൂത്രം) ഇടയ്ക്കിടെ കൊളുത്തുമാറിപ്പിണയുകയോ കൊളുത്തഴിഞ്ഞുപോവുകയോ മറ്റോ ചെയ്യും. ബോധപൂർവ്വമല്ല, അങ്ങനെ ആയിപ്പോവുന്നതാണു്.
അങ്ങനെ കൊളുത്തുമാറിപ്പോയി ഉണ്ടായ പുതിയ വൈറസ്‌കുഞ്ഞിനു ചിലപ്പോൾ ജീവിക്കാനാവില്ല.ആ സാധുവിന്റെ വംശം അങ്ങനെ പിന്നൊരു കുഞ്ഞിക്കാലുകാണാനാവാതെ അതോടെ കുറ്റിയറ്റുപോവും.
പക്ഷേ ചിലപ്പോൾ കൊളുത്തുമാറിപ്പോയാലും ഒരു പുതിയ മുഖമായി, പുതിയ രൂപവൈവിദ്ധ്യമായി അതിനു വംശം തുടരാനാവും.
അങ്ങനെയെങ്കിൽ അതൊരു പുതിയ ഇനമായി മാറും! ടോട്ടലി ഒരു പുത്തൻ വൈറസ്!
മാത്രമല്ല, ഒരു കൊച്ചുവെളുപ്പാൻകാലത്തു് ആ വൈറസ് കുഞ്ഞുങ്ങളിലൊരു പറ്റം എങ്ങനെയോ തങ്ങളുടെ ആതിഥേയത്തറവാടായ മൃഗശരീരം വിട്ട് മനുഷ്യനിൽ എത്തിപ്പെട്ടു.
മനുഷ്യൻ അങ്ങോട്ടുചെന്നു് പണി വാങ്ങി എന്നുപറയുന്നതാവും ശരി. ചുമ്മാ എവിടെയോ തൂങ്ങിനിന്നിരുന്ന വവ്വാലിനെയോ ഇത്തിൾപ്പന്നിയേയോ ഈനാം‌പേച്ചിയേയോ പാമ്പിനെയോ മറ്റോ മുറിച്ചു പൊരിച്ചു തിന്നാൻ നോക്കിയതാണു്! (അഥവാ ആയിരിക്കാം. ചിലപ്പോൾ വെറുതെ ആ പന്നിയുടെ അടുത്തൂടെ ഒന്നു പോയിട്ടേ ഉണ്ടാവൂ എന്നും വരാം. അല്ലെങ്കിൽ വവ്വാൽ കാഷ്ഠമിട്ടതാവാം)
ശരീരത്തിൽ വന്നുകയറിയ ഈ പുതിയ വിരുന്നുകാരനെ കണ്ടു് ശ്വാസകോശം അന്തം വിട്ടു.
ഇങ്ങനെയൊരു വഹ വൈറസിനെ മനുഷ്യർ- മനുഷ്യന്റെ ശരീരത്തിലെ കോശങ്ങൾ- ഇതുവരെ പരിചയപ്പെട്ടിട്ടുണ്ടാവില്ല. മുമ്പും പല വൈറസുകളും വന്നിട്ടുണ്ടു്. പക്ഷേ അവന്മാരുമായി പണ്ടേ മുട്ടുപരിചയവും ഏറ്റുമുട്ടലും ഒക്കെയുണ്ടാക്കിയിട്ടുണു്. അവന്മാരുടെ ആധാറും പാസ്സ്പോർട്ടും തക്ക പാറ്റേണിൽ തിരിച്ചുകൊടുക്കാനുള്ള തല്ലിന്റെ പാചകവിധിയുമൊക്കെ നമ്മുടെ കോശങ്ങളിലുണ്ടു്.
പക്ഷേ, ഈ പുതിയ വരത്തനെ എങ്ങനെ നേരിടുമെന്നു് നമുക്കറിയില്ല. കോശങ്ങളിൽ വലിഞ്ഞുകയറുന്ന രീതി, ഒളിച്ചിരിക്കുന്ന രീതി, കോശത്തിന്റെ മെഷീനറിയും സാധനങ്ങളുമെടുത്തു് സ്വന്തം കോപ്പികളുണ്ടാക്കുന്ന രീതി, എന്നിട്ട് ലക്ഷക്കണക്കിനു പുതിയ ജന്മങ്ങളായി അതേ കോശത്തെ പൊട്ടിച്ചിതറിച്ചു് പുറത്തുകടന്നു് പുതിയ കോശങ്ങളും ശരീരവും തേടി രക്ഷപ്പെടുന്ന രീതി – ഇവയെല്ലാം പുതുതാണു്.
പിന്നീടുണ്ടാവുന്നതൊരു മഹായുദ്ധമാണു്. അതിൽ ആദ്യമാദ്യമൊക്കെ വൈറസ് തന്നെ ജയിക്കും. അപ്പോഴാണു് നമുക്കു് രോഗലക്ഷണങ്ങൾ തുടങ്ങിവെയ്ക്കുന്നതു്. കുറേ സമയമെടുത്താലും മിക്കപ്പോഴും ഒടുവിൽ ജയിക്കുക നാം തന്നെയായിരിക്കും. ജീവൻ തിരിച്ചുപിടിക്കുക മാത്രമല്ല അപ്പോൾ ചെയ്യുക. ആ പുതിയ വൈറസ് ഇനം തന്നെ വീണ്ടും എന്നെങ്കിലും വന്നെത്തിയാൽ അതിനെ എളുപ്പം തിരിച്ചറിയാനും നശിപ്പിക്കാനും പറ്റിയ പ്രതിമരുന്നുകൂടി അപ്പൊഴേക്കും ശരീരം കണ്ടുപിടിച്ചിരിക്കും.
അതുപോലൊരു വൈറസാണു് ഇപ്പോൾ ലോകത്തിൽ അവതരിച്ചിരിക്കുന്നതു്. അതു തുടങ്ങിവെച്ചതു് ചൈനയിലെ വുഹാൻ നഗരത്തിലെ ഏതോ മൂങ്ങാക്കൂട്ടിലോ ഈനാം‌പേച്ചിച്ചന്തയിലോ ആണു്. പക്ഷേ പ്രാകൃതം മായിച്ചോനു് ലോറിമാറിപ്പോയി. ചിന്താഭാരം റോട്ടിലും മാവോയിസം വീട്ടിലുമായി.
കാക്ക ഇരുന്നതു് പോയി. പാപ്പിയങ്കിൾ വെറും പഴച്ചാറായി. എന്നിട്ടിപ്പോൾ ബാലേട്ടൻ ചോദിക്കുന്നു:“എപ്പോ എന്താ ചാക്കോച്ചാ?“
അതെ, പുരുഷു വീണ്ടും യുദ്ധത്തിനു് കച്ചകെട്ടി ഇറങ്ങിയിരിക്കയാണു്!
എത്രയോ അങ്കങ്ങളിൽ തോൽക്കാൻ അവന്റെ ജന്മം ഇനിയും ബാക്കി!
അതു് എവിടെനിന്നുവേണമെങ്കിലും ആവാമായിരുന്നു. ഇത്തവണ പാവം ചൈനയിൽനിന്നായി എന്നു മാത്രം.
ഇനി, പ്രസ്തുത ‘പ്രമുഖ‘ വൈറസിന്റെ വരവു് പ്രവചിച്ചു് വർഷങ്ങൾക്കുമുമ്പ് ഒരു മലയാളിയായ പാപ്പിയമ്മാവൻ (Paul Chacko) റഷ്യക്കാരുടെ സഹായത്തോടെ അവതരിപ്പിച്ച വീഡിയോ കൂടി കാണാം