എന്തുകൊണ്ടാണ് മേടം ഒന്നിന് എത്തുന്ന വിഷു ചില വർഷങ്ങളിൽ മേടം രണ്ടിന് ആഘോഷിക്കുന്നത്?

അറിവ് തേടുന്ന പാവം പ്രവാസി

സൂര്യോദയത്തിനുമുമ്പാണ് നമ്മള്‍ വിഷുക്കണി കാണുന്നത്. അപ്പോള്‍ മേടം ഒന്നാംതീയതി സൂര്യന്‍ ഉദിക്കുന്നതിനുമുമ്പ് സൂര്യൻ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറിയിട്ടില്ലെങ്കിലോ? എങ്കില്‍ നമ്മള്‍ അതിനെ മീനക്കണി എന്നല്ലേ വിളിക്കേണ്ടത്? അതുകൊണ്ടാണ് സൂര്യോദയം കഴിഞ്ഞുവരുന്ന മേടവിഷു, തൊട്ടടുത്ത ദിവസം ആചരിക്കുന്നത്.

മലയാളം ഒന്നാംതീയതി നമ്മള്‍ പൊതുവേ ആചരിക്കുന്നത് കലണ്ടര്‍ നോക്കിയാണ്. എന്നാല്‍ സൂര്യസംക്രമം (അതായത് സൂര്യന്‍ അടുത്ത രാശിയിലേക്ക് മാറുന്നത്) നടക്കുന്നത് സൂര്യോദയത്തിന് ശേഷമാണെങ്കില്‍, ആ ദിവസത്തെ ദിനമാനം (ഉദയം മുതല്‍ അസ്തമയം വരെയുള്ള സമയം) എടുത്ത്, അതിനെ അഞ്ചായി ഭാഗിച്ചാല്‍ ആദ്യത്തെ മൂന്ന് ഭാഗയില്‍ സംക്രമം വന്നാല്‍ മലയാളം ഒന്നാം തീയതി അന്നുതന്നെയും, മൂന്ന് ഭാഗയ്ക്ക് ശേഷമാണ് അന്നത്തെ സൂര്യസംക്രമം നടന്നതെങ്കില്‍ മലയാളം ഒന്നാംതീയതി ആചരിക്കുന്നത് അടുത്ത ദിവസമായിരിക്കും. ഈ പറഞ്ഞത് മലയാളം ഒന്നാംതീയതി എപ്രകാരം ഗണിക്കണം എന്നതിനെക്കുറിച്ചാണ്.

2022 ലെ (കൊല്ലവര്‍ഷം1197) വിഷു ആചരിക്കേണ്ടത് മേടം 02, 2022 ഏപ്രില്‍ 15 ന് ആയിരിക്കണം. എന്തെന്നാല്‍ ആ മേടമാസത്തിലെ സൂര്യസംക്രമം നടക്കുന്നത് മേടം ഒന്നാംതീയതി രാവിലെ 08.41.18 സെക്കന്റിനാണ്. ഈ സൂര്യസംക്രമം സൂര്യോദയശേഷമാകയാല്‍ സ്വാഭാവികമായും വിഷു എന്ന ആഘോഷവും വിഷുക്കണി കാണുന്നതും മേടം രണ്ടിനായിരിക്കും.

സൂര്യന്‍ ഓരോ രാശിമാറുന്നതും ഒരേ സമയക്രമം പാലിച്ചല്ല. സൂര്യനും , ഭൂമിയും അടുത്തു വരുമ്പോള്‍ ഭൂമിയുടെ സഞ്ചാരവേഗം കൂടുതലും എന്നാല്‍ സൂര്യനുമായി ഭൂമി അകന്നുപോകുമ്പോള്‍ ഭൂമിയുടെ വേഗം കുറയുകയും ചെയ്യും. ഭൂമിയുടെ സഞ്ചാരം വൃത്താകൃതിയിലല്ല; ദീര്‍ഘവൃത്താകൃതിയി ലാണെന്നും ഓര്‍ക്കണം. അല്പം കൂടി ലളിതമായി പറഞ്ഞാല്‍ ഒരു രാശി കടക്കാന്‍ സൂര്യന്‍ എടുക്കുന്ന സമയം കൃത്യമല്ല. ആദ്യാവസാന ഭാഗകളില്‍ വേഗം കൂടിയും കുറഞ്ഞുമിരിക്കാം. തുല്യവിസ്തീര്‍ണ്ണത്തിന് തുല്യസമയം (Equal Area in Equal Time) എന്ന തത്വമാണ് എല്ലാ ഗ്രഹങ്ങളുടെയും സഞ്ചാരനിയമം.

മുമ്പും ചില വര്‍ഷങ്ങളില്‍ ഇങ്ങനെ വിഷു തൊട്ടടുത്ത ദിവസം ആചരിച്ചിട്ടുണ്ട്. ഇനി വരുന്ന ചില വര്‍ഷങ്ങളിലും മേടവിഷു, മേടം രണ്ടിനായിരിക്കും. അത് ഇനി കുറച്ചു കൂടി വര്‍ഷങ്ങള്‍ക്ക് ശേഷം കുംഭത്തിലേക്ക് മാറുമെന്നാണ് കണക്കാക്കുന്നത്.ഇങ്ങനെ കണക്കിലെ ഒരു തര്‍ക്കം വടക്കന്‍ കേരളവും , തെക്കന്‍ കേരളവും തമ്മിലുണ്ട്. ദിനരാത്രങ്ങള്‍ തുല്യമായി വരുന്ന മാര്‍ച്ച് 21 (ഇപ്പോള്‍ മാര്‍ച്ച് 20), സെപ്റ്റംബര്‍ 22 എന്നീ ദിവസങ്ങളെക്കു റിച്ചും തര്‍ക്കമുള്ള ഇക്കാലത്ത് കലണ്ടറിലെ തര്‍ക്കം ശക്തമായി തുടരുകയും ചെയ്യുന്നു.

സൂര്യോദയത്തില്‍ സെക്കന്റുകളുടെ വ്യത്യാസം തിരുവനന്തപുരവും , കാസര്‍ഗോഡും തമ്മില്‍ ഉണ്ടാകുക സ്വാഭാവികമാണല്ലോ. എന്നാല്‍ ഒരു മലയാളമാസത്തിന്‍റെ ആദ്യം ഇപ്രകാരം സംഭവിക്കുകയും ഉദയത്തിന്റെ ശേഷം (അതും സെക്കന്റുകളുടെ വ്യത്യാസം മാത്രം) സൂര്യസംക്രമം വരികയും ആ സംക്രമം നടന്നത് അന്നത്തെ ദിനമാനത്തെ അഞ്ചായി ഭാഗിച്ചതിന്റെ ആദ്യ മൂന്നില്‍ ആയി വരുന്നതില്‍ തിരുവിതാംകൂറും മലബാറും തമ്മില്‍ സെക്കന്റുകളുടെ വ്യത്യാസം സംഭവിച്ചാല്‍ തിരുവിതാംകൂറിലും മലബാറിലും ഒന്നാം തീയതിയില്‍പ്പോലും മാറ്റമുണ്ടാകാം.

രാവും പകലും തുല്യമായി വരുന്ന ദിവസമാണ് വിഷുവായി ആചരിച്ചിരുന്നത്. അത് ഒരു കാര്‍ഷിക ഉത്സവം കൂടിയാണ്.കേരളം, കര്‍ണാടകയിലെ തുളുനാട് പ്രദേശം, മാഹി, തമിഴ്നാട്ടിലെ ചില ജില്ലകള്‍ എന്നിവിടങ്ങളിലും ഇത് ആഘോഷിക്കുന്ന ഹൈന്ദവ ആഘോഷിക്കുന്നു.

എഡി 844 മുതല്‍ സ്ഥാണു രവിയുടെ ഭരണ കാലത്താണ് കേരളത്തില്‍ വിഷു ആഘോഷിക്കാന്‍ തുടങ്ങിയത്. നരകാസുരന്‍ എന്ന അസുരനെ ഭഗവാന്‍ കൃഷ്ണന്‍ (Lord Krishna) വധിച്ചത് ഈ ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു. വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനെ വിഷുവിനോടനു ബന്ധിച്ച് ആരാധിക്കുകയും വിഷുക്കണി (Vishu Kani) ഒരുക്കുമ്പോള്‍ കൃഷ്ണന്റെ വിഗ്രഹം കണികാണാനായി വെയ്ക്കുകയും ചെയ്യുന്നു. ഭക്തര്‍ മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്ന ദിവസമാണ് വിഷുദിനം.
കേരളത്തിൽ വിളവെടുപ്പ് ആരംഭിക്കുന്നതിന്റെ അടയാളമായാണ് വിഷു ആഘോഷിക്കുന്നത്. വിഷുക്കണി കാണുന്നത് വര്‍ഷം മുഴുവനും മികച്ചതാക്കുകയും ഭാഗ്യദായകമാണെന്നുമാണ് വിശ്വാസം.

വാൽ കഷ്ണം

പണ്ടുകാലത്ത് വിഷു ഫലം പറയുന്ന രീതി നിലനിന്നിരുന്നു. ജ്യോതിഷന്മാർ വീടുകളില്‍ എത്തി വിഷുഫലം ഗണിച്ച് പറയുന്ന രീതിയാണിത്. ആ വര്‍ഷത്തെ മഴയുടെ ഏറ്റക്കുറച്ചിലുകളും എത്ര മഴ കിട്ടും, കാറ്റ് ഉണ്ടാകുമോ, നാശനഷ്ടങ്ങൾ സംഭവിക്കുമോ എന്ന് തുടങ്ങുന്ന കാര്യങ്ങളൊക്കെ ജ്യോതി ശാസ്ത്രപ്രകാരം വിശദീകരിക്കുന്ന രീതിയാണിത്. ഒരു വര്‍ഷത്തെ ഗ്രഹങ്ങളുടെ ഗതി അടിസ്ഥാനമാക്കി വിഷു ഫലം പ്രവചിക്കുന്ന രീതി പുരാതന കാലം മുതല്‍ നിലനിന്നിരുന്നു.

 

You May Also Like

1350 വർഷത്തിലധികം വ്യക്തമായ ചരിത്രമുള്ള ഇന്ത്യയിലെ ആദ്യകാല മുസ്ലീം നിവാസികളിലൊന്നായ തുളുനാട്ടിലെ ബ്യാരി സമൂഹത്തെ കുറിച്ച് വായിച്ചറിയാൻ

Sreekala Prasad ദക്ഷിണ കന്നടയിലെയും തുളുനാട്ടിലെയും മുസ്ലിങ്ങളെ പൊതുവെ വിളിക്കപ്പെടുന്ന പേരാണ് ബ്യാരി (ബിയറി). കാസര്‍കോട്…

വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന പള്ളി

വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന പള്ളി അറിവ് തേടുന്ന പാവം പ്രവാസി വർഷത്തിൽ ഒരിക്കൽ മാത്രം…

2030 ൽ മുസ്ലിം വിശ്വാസികൾക്ക് വിശുദ്ധ റമളാൻ ഒരു വർഷത്തിൽ രണ്ട് തവണ ലഭിക്കുമെന്ന് പറയുന്നത് എന്തുകൊണ്ടാണ്?

2030 ന്റെ ആദ്യത്തിൽ റമളാൻ മാസത്തിൽ നിന്നുള്ള 30 നോമ്പ് ലഭിക്കും.2030 ൽ ജനുവരി 5 നായിരിക്കും ഹിജ്റ കലണ്ടർ പ്രകാരം 1451 ലെ റമളാൻ ഒന്ന് കടന്ന് വരിക.അത് പോലെ 2030 ന്റെ അവസാനത്തിലും 6 റമളാൻ വ്രത നാളുകൾ ലഭിക്കും.

ഇന്ന് വിഷു, എന്താണ് വിഷുവിന്റെ ഐതീഹ്യം ?

കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്, അവയെല്ലാം ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭത്തിൻ്റെ ആഘോഷമാണ്.