condolence
വി. പി ഖാലിദ് എന്ന കലാകാരൻ

വി. പി ഖാലിദ് ആദരാഞ്ജലികള്‍
Sigi G Kunnumpuram
മലബാറിലുള്ള വലിയ തറവാടുകളില്‍ ഒന്നായ ചുള്ളിക്കൽ വലിയകത്ത് വി കെ പരീദിന്റെയും കുഞ്ഞിപ്പെണ്ണിന്റെയും ആറു മക്കളില്‍ ഒരാളായ വി പി ഖാലിദിന്റെ ജനനം.സാമ്പത്തിക ക്ഷയിച്ചതിനെ തുടര്‍ന്നു ഫോർട്ട്കൊച്ചിയിൽ വന്നു താമസമാക്കി.വാപ്പയ്ക്ക് കപ്പലിൽ എത്തുന്ന ചരക്കുകൾ കൈമാറുന്ന ബിസിനസായിരുന്നു. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ കുട്ടിക്കാലമായിരുന്നു ഖാലിദിന്റേത്. ഫോർട്ട് കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സ്വാധീനമാണ് വി പി ഖാലിദിനെ പാശ്ചാത്യ നൃത്തത്തിലേക്ക് കൈപിടിച്ചു നടത്തിയത്. കുട്ടിക്കാലത്ത് ഫോർട്ട്കൊച്ചിയിൽ ഡിസ്കോ ഡാൻസ് പഠിച്ചു. കേരളത്തിലെ ആദ്യകാല മാജിക് ആചാര്യനായ വാഴക്കുന്നം നമ്പൂതിരിപ്പാടിൽ നിന്ന് മാജിക്കും പഠിച്ചു. സ്കൂൾ കാലഘട്ടത്തിൽ നാടകം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. സൈക്കിൾ യജ്ഞക്യാമ്പിൽ കൈസഹായത്തിനായി പോയതാണ് ഡാൻസറായുള്ള ഖാലിദിന്റെ ‘അരങ്ങേറ്റ’ത്തിനു വഴിയൊരുക്കിയത്.
അവിടെ റിക്കോർഡ് ഡാൻസറായുള്ള പ്രകടനം ഖാലിദിന് നിരവധി അവസരങ്ങൾ നേടിക്കൊടുത്തു. ഖാലിദ് കലാരംഗത്തു സജീവമായതിനു പിന്നാലെ ഫാ. മാത്യു കോതകത്ത് സമ്മാനിച്ച പേരാണ് കൊച്ചിൻ നാഗേഷ്. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന അദ്ദേഹം നാടകങ്ങളിൽ വേഷമിട്ടായിരുന്നു തുടക്കം.ആലപ്പി തിയറ്റേഴ്സിന്റെ ‘ഡ്രാക്കുള’, ‘അഞ്ചാം തിരുമുറിവ്’കൊച്ചിന് സനാതനയുടെ ‘എഴുന്നള്ളത്ത്’, എന്നിങ്ങനെ പല സൂപ്പര്‍ഹിറ്റ് നാടകങ്ങളിലും ഖാലിദ് വേഷമിട്ടു. 1973ല്‍ പുറത്തിറങ്ങിയ പി ജെ ആന്റണി സംവിധാനം ചെയ്ത ‘പെരിയാറി’ലൂടെയാണ് ഖാലിദ് വെള്ളിത്തിരയിലെത്തുന്നത്. തോപ്പില്‍ ഭാസിയുടെ ‘ഏണിപ്പടികള്‍’, കുഞ്ചാക്കോയുടെ ‘പൊന്നാപുരം കോട്ട’ എന്നിവയടക്കം ഒരുപിടി ചിത്രങ്ങള്‍ പിന്നാലെയെത്തി. മകൻ കലാപ്രവർത്തനവുമായി കറങ്ങിനടന്നു നശിച്ചു പോകുമെന്ന് കണ്ടപ്പോൾ വാപ്പ എന്നെ സൗദി അറേബ്യയിലേക്ക് കയറ്റി അയച്ചു. പിന്നെ അവിടെ ഏഴ് വർഷം. തിരിച്ചു വന്നു വിവാഹം കഴിച്ചു.
ഫോർട്ട്കൊച്ചിയിൽ വീട് വാങ്ങിച്ചു. കുറേക്കാലം അവിടെയായിരുന്നു ജീവിതം.ബിസിനസ്, മാജിക്, ബ്രേക്ക് ഡാൻസ്, മേക്ക്അപ്, അഭിനയം, സംവിധാനം…ഖാലിദ് കൈവയ്ക്കാത്ത മേഖലകൾ ചുരുക്കം. മൂത്ത മകൻ ഷാജിയുടെ പേരിൽ ‘ഷാജി കലാവേദി’ സ്ഥാപിച്ച് സ്വന്തമായി ടിക്കറ്റ് ഷോ നടത്താനുമാരംഭിച്ചു. സംഗീതം, നൃത്തം, പാവകളി, മാജിക്, സർക്കസ് എന്നിവയെല്ലാം ചേർന്ന് ഇന്നുള്ള മെഗാഷോകളുടെ ആദ്യരൂപമായിരുന്നു ഇത്.
വി പി ഖാലിദ് മറിമായത്തിന്റെ ഷൂട്ടിനെത്തുന്നത് മേക്കപ്പ് ആർട്ടിസ്റ്റായാണ്. അഭിനയ പശ്ചാത്തലം അറിഞ്ഞ സംവിധായകൻ എന്നാൽ ഖാലിദിന്റെ പ്രായവും വ്യത്യസ്തമായ രൂപവും കണ്ട സംവിധായകൻ അദ്ദേഹത്തിനായി ‘സുമേഷ്’ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നു. രൂപത്തിനും പ്രായത്തിനും ഇണങ്ങാത്ത പേരും നിഷ്കളങ്കമായ ചിരിയുമാണ് കഥാപാത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഏതാനും എപ്പിസോഡുകൾ കൊണ്ടു തന്നെ സുമേഷ് പ്രേക്ഷകപ്രീതി നേടി.
താപ്പാന, കുട്ടികളുണ്ട് സൂക്ഷിക്കുക, അനുരാഗ കരിക്കിൻ വെളളം, സൺഡേ ഹോളിഡേ, മട്ടാഞ്ചേരി, കക്ഷി അമ്മിണിപ്പിള്ള, വികൃതി തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലൂടെ ജന ശ്രദ്ധ നേടി. മമ്മൂട്ടി ചിത്രം പുഴുവാണ് അവസാനമായി പുറത്തിറങ്ങിയ സിനിമ. രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. സഫിയ, ആരിഫ. അഞ്ചു മക്കൾ. ഷാജി ഖാലിദ്, ജിംഷി ഖാലിദ്, ഷൈജു ഖാലിദ് എന്നിവർ ആദ്യ ഭാര്യയിലുള്ള മക്കളാണ്. ഖാലിദ് റഹ്മാൻ, റഹ്മത്ത് എന്നിവർ രണ്ടാം ഭാര്യയിലും.
വി പി ഖാലിദിന്റെ ആൺ മക്കൾ നാലു പേരും സിനിമയുടെ വഴി തെരെഞ്ഞെടുത്തവരാണ്. മരിച്ചുപോയ മൂത്തമകൻ ഷാജി ഖാലിദാണ് അനുജന്മാരായ ഷൈജു ഖാലിദിനെയും ഖാലിദ് റഹ്മാനെയും സിനിമയിലേക്ക് കൈപിടിച്ചു നടത്തിയത്.മലയാളസിനിമയ്ക്ക് ന്യൂജെൻ ഭാഷ്യം നൽകിയ സിനിമകളുടെ ക്യാമറ ചലിപ്പിച്ചത് ഷൈജു ഖാലിദാണ്. ട്രാഫിക്, 22 ഫീമെയ്ൽ കോട്ടയം, മഹേഷിന്റെ പ്രതികാരം, ഈ മ യൗ തുടങ്ങിയ ചിത്രങ്ങൾ…
ഖാലിദ് റഹ്മാന്റെ ആദ്യ സംവിധാനസംരംഭമായിരുന്നു ഹിറ്റായി മാറിയ അനുരാഗകരിക്കിൻവെള്ളം എന്ന ചിത്രം. ഇവരുടെ വഴിയേ തന്നെയാണ് ഇളയമകൻ ജിംഷി ഖാലിദും. ഖാലിദ് റഹ്മാന്റെ ചിത്രം ‘ഉണ്ട’യ്ക്കായി ക്യാമറ ചലിപ്പിച്ചത് ജിംഷിയാണ്. ഖാലിദ് റഹ്മാന്റെ ആദ്യ ചിത്രമായ ‘അനുരാഗ കരിക്കിൻവെള്ള’ത്തിൽ വി പി ഖാലിദും അഭിനയിച്ചിരുന്നു. മകൾ ജാസ്മിനും സ്കൂൾ‐കോളേജ് നൃത്തവേദികളിൽ സജീവമായിരുന്നു.
1,140 total views, 4 views today