ഇതൊരു ചെറിയ വാര്‍ത്തയാണ്, എന്നാല്‍ അത്ര ചെറുതുമല്ല

0
143

 

എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് വി പി സാനുവും എറണാകുളം വൈപ്പിനിലെ ഗാഥ എം ദാസും വിവാഹിതരായി. ഇതൊരു ചെറിയ വാര്‍ത്തയാണ്. എന്നാല്‍ അത്ര ചെറുതുമല്ല. സെക്കുലര്‍ വിവാഹങ്ങള്‍ ഇക്കാലത്ത് വളരെ കുറവാണ്. നവോത്ഥാന പാരമ്പര്യവും വിപ്ലവ വീര്യവും വഴിയുന്ന ചെറുപ്പക്കാര്‍ വിവാഹം പരമ്പരാഗതവും മത(ജാതി)പരവുമായ ആചാരാനുഷ്ഠാനങ്ങളോടെ വേണമെന്ന നിര്‍ബന്ധത്തിലേക്കു പിന്‍വാങ്ങിയിരിക്കുന്നു. രണ്ടും മൂന്നും ദിവസം നീളുന്ന ആഘോഷങ്ങള്‍ കാണും. കടം വാങ്ങിയെങ്കിലും തൊങ്ങലും പൊലിപ്പും കൂട്ടും. ധൂര്‍ത്തിന്റെ നാട്ടുത്സവങ്ങള്‍. പ്രണയ വിവാഹങ്ങള്‍പോലും ആ വിഷമായി.

Image may contain: 2 people, people smiling, beard and outdoorമതാചാരപ്രകാരമല്ലാതെ, രാജ്യത്തെ വിവാഹ നിയമമനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാവ് രംഗത്തു വന്നത് അഭിനന്ദനീയമാണ്. യുവാക്കള്‍ക്ക് അതെത്തിക്കുന്ന സന്ദേശം ആവേശകരമാണ്. വിവാഹം രണ്ടു പേരെ ഒന്നിപ്പിക്കുന്നു. രണ്ടു പേരെ വലയം ചെയ്ത കുടുംബ സാമൂഹിക ബന്ധങ്ങളെ വിപുലമാക്കുകയോ അഴിച്ചു പണിയുകയോ ചെയ്യുന്നു. അതത്രയും സാധാരണം. എന്നാല്‍ ആ അഴിച്ചുപണിയലില്‍ ഒരു രാഷ്ട്രീയ വ്യവഹാരത്തിന്റെ സൂക്ഷ്മതയും ദാര്‍ശനിക ദീപ്തിയും കലരുന്നത് അപൂര്‍വ്വം. മതവിവാഹങ്ങള്‍ നല്‍കാത്ത ഇവ്വിധമുള്ള ഒരു രാഷ്ട്രീയമാനം മതേതര വിവാഹങ്ങളെ വ്യത്യസ്തമാക്കുന്നു. രണ്ടുപേര്‍ രണ്ടു വ്യക്തിത്വങ്ങളായി നിന്ന്, ‘തന്നെ’ നല്‍കുകയും ‘തന്നിലേക്കു’ സ്വീകരിക്കുകയും ചെയ്യുന്നു. വൈയക്തികതയുടെ സൂക്ഷ്മ മാനങ്ങളില്‍ ദേശീയമായ ഒരു രാഷ്ട്രീയം അടയാളപ്പെടുന്നു.

അതു ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിശ്വാസം ഉറപ്പിക്കലാണ്. മതാത്മകതയുടെ പതിവു ശാഠ്യങ്ങളില്‍നിന്നു കുതറിപ്പോരലാണ്. ജനാധിപത്യ സ്ഥാപനങ്ങള്‍ക്കുമുണ്ട് പവിത്രത എന്നു പ്രഖ്യാപിക്കലാണ്. ബദല്‍ ജീവിതത്തിന്റെ കൊടികള്‍ സമസ്തകോശങ്ങളിലും നാട്ടി നിര്‍ത്തലാണ്. നാം മുന്നോട്ടുതന്നെ പോകും എന്ന് വരും തലമുറയെ പ്രചോദിപ്പിക്കലാണ്. വി പി സാനുവിനും ഗാഥയ്ക്കും സ്നേഹാഭിവാദ്യം. രജിസ്റ്റര്‍ ഓഫീസില്‍നിന്ന് സഹോദരന്‍ അയ്യപ്പന്‍ ഹാളിലേക്കാണ് നിങ്ങള്‍ പ്രവേശിച്ചതെന്നറിഞ്ഞു. അതിലുണ്ട് നിങ്ങളുടെ നിശ്ചയം. അപ്പോള്‍ സഖാക്കളേ എന്നു വിളിച്ച് ആശ്ലേഷിക്കാതിരിക്കാന്‍ ആര്‍ക്കാവും?