മിസ്റ്റർ മോഹൻലാൽ താങ്കൾ പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ ?

650
‘ഉയരും ഞാൻ നാടാകെ’ എന്ന ചിത്രത്തിൽ ഗായകൻ ശ്രീ വി.ടി. മുരളി ആലപിച്ച ‘മാതളത്തേനുണ്ണാൻ പാറിപ്പറന്നുവന്ന മാണിക്യക്കുയിലാളേ…’ എന്ന ഒറ്റ ഗാനം മതി മലയാളിക്ക് അദ്ദേഹത്തെ ഓർക്കാൻ. മോഹൻലാൽ ഉദ്ദേശിച്ചത് താൻ അഭിനയിച്ചത് എന്നായിരിക്കും എന്ന് ആശ്വസിക്കാം എന്നാലും രണ്ടു പ്രാവശ്യം ഞാനാണ് പാടിയത് എന്ന് പറഞ്ഞപ്പോൾ പാടിയ ആളുടെ പേര് പരാമർശിക്കാഞ്ഞത് എന്ത്കൊണ്ടാവും.

ഈ മനോഹരമായ ഗാനം കേട്ടാൽ തന്നെ മനസിലാകില്ലേ അത് ലാൽ പാടിയതല്ലെന്ന്. അദ്ദേഹം നല്ലൊരു അഭിനേതാവായിരിക്കാം പക്ഷെ ഒരിക്കലും നല്ലൊരു ഗായകൻ അല്ല എന്ന് പറഞ്ഞാൽ പോരാ, അദ്ദേഹം ഒരു ഗായകൻ തന്നെയല്ല. അദ്ദേഹം എന്ത് എങ്ങനെ പാടിയാലും ഫാൻസിനു ബോധിക്കുന്നു എന്നതുമാത്രമാണ് പാടാൻ പ്രേരിപ്പിക്കുന്നത്. ‘ലാലിസം’ പോലുള്ള ദുരന്തങ്ങളും നമ്മൾ അതിജീവിച്ചതല്ലേ ?  ‘കംപ്ലീറ്റ് ആക്റ്റർ’ എന്നതിലുപരി പലതിലും കംപ്ലീറ്റ് ആകാനുള്ള വ്യാമോഹം അദ്ദേഹത്തിനുണ്ട്. അത് നല്ലതുതന്നെ. പക്ഷെ മറ്റൊരാളിന്റെ പരിശ്രമത്തെ ഇങ്ങനെ അവഹേളിച്ചുകൊണ്ട് ആകരുത്. ആ ഗാനം പാടിയ വിടി മുരളി സങ്കടത്തോടെ എഴുതുന്ന കുറിപ്പ് വായിക്കാം
V T Murali Singer
ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാൻ കാണാറില്ല.
ഇന്നലെ രാത്രി ആ പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ കുറെ പേർ വിളിച്ചു.
ബിഗ് ബോസ് കണ്ടില്ലെ എന്ന് ചോദിച്ചു.
ഇല്ല എന്ന് ഞാൻ പറഞ്ഞു.
എന്താണ് കാര്യം എന്ന് തുടർന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഇന്ന് ആ പരിപാടിയുടെ പുന: സംപ്രേക്ഷണം എത്ര മണിക്കാണെന്നന്വേഷിച്ച് ഇന്ന് ഞാൻ കണ്ടു.
പരിപാടിയുടെ അവസാന ഭാഗത്ത്.
ശോകമൂകമായ അന്തരീക്ഷത്തിൽ ധർമജൻ എന്ന നടൻ ക്യാമ്പ് വിട്ടു പോകുന്നു.
മോഹൻലാൽ ആ നാടകത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു.
എല്ലാവരുടെയും മുഖത്ത് ദു:ഖം ഘനീഭവിച്ചിരിക്കുന്നു.
മോഹൻലാൽ ( ലാലേട്ടൻ എന്ന് പറയാത്തത് അദ്ദേഹത്തിന് വയസ്സ് കുറവായത് കൊണ്ടാണേ.
ബഹുമാനക്കുറവ് കൊണ്ടല്ല. അങ്ങിനെ പറഞ്ഞ് ശീലവുമില്ല.ആരാധകർ ക്ഷോഭിക്കരുത് )
ധർമജനനോട് ഒരു പാട്ട് പാടാൻ പറയുന്നു.
ധർമജൻ പാടുന്നു.
” മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന
മാണിക്യക്കുയിലാളെ
നീയെവിടെ നിന്റെ കൂടെവിടെ
നീ പാടും പൂമരമെവിടെ “.
മോഹൻലാൽ..” ഈ പാട്ട് പാടിയതാരാണെന്നറിയാമോ ?
ധർമജൻ..” ഇല്ല”
മോഹൻലാൽ..” ഇത് ഞാൻ പാടിയ പാട്ടാണ്”
( സദസ്സിൽ കൈയടി )
മോഹൻലാൽ..
“ചന്ദ്രകുമാർ സംവിധാനം ചെയ്ത ”ഉയരും ഞാൻ നാടാകെ ” എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ പാടിയതാണീ പാട്ട്”
തുടർന്ന് ഗംഭീര കൈയടി മുഴങ്ങുന്നു.
കൈയടി നേർത്തുനേർത്തു വരുന്നു.
രംഗം അവസാനിക്കുന്നു..
( ഇന്നലെ ഏഷ്യാനെറ്റിൽ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്കാരിക പരിപാടി ഉൽഘാടനം ചെയ്യ് കൊണ്ട് , ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് മാതളത്തേനുണ്ണാൻ പാടുകയായിരുന്നു.
എന്നത് യാദൃശ്ചികം.)
വാൽക്കഷണം.:
പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ ?