ജലത്തിന്റെ ജാലവിദ്യകള് എന്തെല്ലാം?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
👉കണ്ടാലൊരു പാവത്താനാണ്.നിറമില്ല,മണമില്ല,പ്രത്യേകിച്ചൊരു രുചിയും ഇല്ല.എന്നാൽ ആൾ അത്രക്ക് പാവമാണോ? പലതിനെയും തന്നിലേക്ക് ലയിപ്പിക്കാൻ വിരുതനാണ്.ഏത് രൂപവും, സ്വീകരിക്കാൻ കഴിവുള്ള മായാജാലക്കാരനാണ്..ഖരമായും,ദ്രാവകമായും,വാതകമായുമൊക്കെ എളുപ്പം രൂപം മാറും.
ഇങ്ങനെ രൂപം മാറി എവിടെയുമെത്തുന്ന സഞ്ചാരപ്രിയൻ .ആളെ പിടികിട്ടിയില്ലേ? എല്ലാ ജീവികൾക്കും ജീവൻ നൽകുന്ന ജീവജലമാണ് ആ മായാജാലക്കാരൻ.കുപ്പിയിലൊഴിച്ചാൽ കുപ്പിയുടെ ആകൃതി.ഗ്ലാസിലൊഴിച്ചാൽ ഗ്ലാസിന്റെ ആകൃതി.ബക്കറ്റിലെടുത്താൽ അതിന്റെ ആകൃതി.വെള്ളത്തിന് നിശ്ചിത ആകൃതിയില്ല.അത് സ്ഥിതി ചെയ്യുന്ന പാത്രത്തിന്റെ ആകൃതി ജലം സ്വീകരിക്കും.
ഖര-ദ്രാവക-വാതക രൂപങ്ങളിലാണ് ഇവൻ കാണപ്പെടുന്നത്.ഖരാവസ്ഥയിൽ (മഞ്ഞുകട്ട) ചൂടിന് വിധേയമായാൽ ഉരുകി വെള്ളമാകും.പിന്നെയും ചൂട് കൂടിയാൽ നീരാവിയാകും.മലമുകളിലും, ധ്രുവപ്രദേശങ്ങളിലും മഞ്ഞുകട്ടയായി കിടക്കും.
ദ്രാവകാവസ്ഥയിൽ ഒഴുകി നാനാഭാഗത്തും എത്തും.അപ്പോൾ വാതകാവസ്ഥയിലോ? കാറ്റിന്റെ ഗതിയനുസരിച്ച് അന്തരീക്ഷത്തിൽ എവിടെയും വ്യാപിക്കും.ഐസ്കട്ടയായിരിക്കുമ്പോഴും സൗകര്യം കിട്ടിയാൽ പൊങ്ങിക്കിടന്ന് വെള്ളത്തിന്റെ ഒഴുക്കനുസരിച്ച് ഒഴുകും.ഭൂമിക്കടിയിലൂടെയും, മുകളിലൂടെയും ഈ ജാലക്കാരൻ സഞ്ചരിക്കും.ആവിയായി ആകാശത്തേക്കുയരും.
മേഘമായി,മഴയായി വീണ്ടും ഭൂമിയിലേക്ക്.ജലം ചില്ലറക്കാരനല്ലെന്ന് ഇതിൽ നിന്നെല്ലാം മനസ്സിലാക്കാം.ഒഴുകുന്ന ജലത്തിനും, ഉയരത്തിൽ നിന്ന് താഴേക്ക് കുതിക്കുന്ന ജലത്തിനും വലിയ ശക്തിയുണ്ട്.ഉയരം കൂടുംതോറും ഈ ശക്തി കൂടിക്കൂടി വരും.ഡാമുകളിൽ ശേഖരിച്ചുവെച്ച വെള്ളത്തിന്റെ ശക്തി ഉപയോഗിച്ചാണ് ജലവൈദ്യുതി നിർമ്മിക്കുന്നത്.അണക്കെട്ടിലെ ജലം ഉയരത്തിൽനിന്ന് പെൻസ്റ്റോക്ക് പൈപ്പുകളിലൂടെ താഴെ വിദ്യുച്ഛക്തി നിലയങ്ങളിലെ ടർബൈനുകളിൽ ശക്തിയായി പതിക്കുന്നു.ഈ ശക്തിയിൽ വലിയ ജലചക്രങ്ങൾ കറങ്ങുന്നു.ഈ ശക്തി ഉപയോഗിച്ച് കൂറ്റൻ ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് വൈദ്യുതനിലയങ്ങളിൽ വൈദ്യുതിയുണ്ടാക്കുന്നത്.