സ്വപ്ന സ്ഖലനം
ഉറക്കത്തിൽ ഉണ്ടാകുന്ന സ്വാഭാവിക രതിമൂർച്ഛയാണ് സ്വപ്ന സ്ഖലനം അഥവാ നിദ്രാ സ്ഖലനം അല്ലെങ്കിൽ ഉറക്ക രതിമൂർച്ഛ. നൈറ്റ് എമിഷൻ, നൈറ്റ് ഫാൾ എന്നൊക്കെ ഇംഗ്ലീഷിൽ പറയാറുണ്ട്. പുരുഷന്മാരിൽ ലൈംഗിക ഉത്തേജനം നടക്കുന്നതിനൊപ്പം ശുക്ല സ്ഖലനവും സംഭവിക്കുന്നു. സ്ത്രീകളിൽ യോനിയിലെ നനവ് അല്ലെങ്കിൽ രതിമൂർച്ഛ (അല്ലെങ്കിൽ രണ്ടും) നടക്കുന്നു. പലപ്പോഴും ലൈംഗികത ഉണർത്തുന്ന സ്വപ്നങ്ങളുടെ കൂടെ ആവും ഇത് സംഭവിക്കുക. അതിനാൽ സ്വപ്ന സ്ഖലനം എന്ന് വാക്കാണ് ഇതിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുക.
എന്നാൽ സ്വപ്നം ഇല്ലാതെ തന്നെ ഇത് സംഭവിക്കാറുണ്ട്. നിദ്രാ സ്ഖലനം ആരംഭിക്കുന്നതും കൂടുതലായി നടക്കുന്നതും യൗവനകാലത്താണ്. ഉറക്കത്തിൽ അറിഞ്ഞോ അറിയാതെയോ ഇത് സംഭവിക്കുന്നു. എന്നാൽ ചിലരിൽ ഇത് സംഭവിക്കണമെന്നുമില്ല അല്ലെങ്കിൽ കൃത്യമായി മനസിലാക്കണമെന്നില്ല. വസ്ത്രത്തിൽ നനവോ ശുക്ലത്തിന്റെ അംശവോ കാണുമ്പോൾ ആകും പലപ്പോഴും ഇത് തിരിച്ചറിയുന്നുണ്ടാവുക.
ലൈംഗികബന്ധം അല്ലെങ്കിൽ സ്വയംഭോഗം ആഴ്ചകളോളം ഒഴിവാക്കുന്ന ഒട്ടുമിക്ക പുരുഷന്മാരിലും ഈ പ്രതിഭാസം ഉണ്ടാവാൻ സാധ്യത ഏറെയാണ്. നിറഞ്ഞു തുളുമ്പിയ ഒരു പാത്രത്തിൽ നിന്ന് എങ്ങനെയാണോ ജലം പുറത്തേക്ക് പോകുന്നത് അതുപോലെ ബീജോത്പാദനമുള്ള പുരുഷന്മാരിൽ സ്വാഭാവികമായും നിദ്രാസ്ഖലനം സംഭവിക്കുന്നു. മനോനിയന്ത്രണം ബോധപൂർവം പാലിക്കാൻ ശ്രമിച്ചാലും ഇത് സംഭവിക്കാം. രണ്ട് നിദ്രാസ്ഖലനം തമ്മിലുള്ള ഇടവേളകൾ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഏതാനും ആഴ്ചകൾ മുതൽ ഏതാനും മാസങ്ങൾ വരെ നീളാനും സാധ്യതയുണ്ട്.