അന്ധരുടെ വഴികാട്ടിയായ വെള്ളച്ചൂരലിന്റെ ചരിത്രം

അറിവ് തേടുന്ന പാവം പ്രവാസി

ചൂരല്‍, വടി, ഇടയന്റെ കോല്‍ എന്നിവ നൂറ്റാണ്ടുകളായി യാത്രകളുടെ പ്രതീകങ്ങളായിരുന്നു. ഈ ഉപകരണങ്ങള്‍ കാലികളെ മേയ്ക്കാനും, പാതയിലെ തടസ്സങ്ങള്‍ നീക്കാനും, മലകളും കുന്നുകളും കയറുമ്പോള്‍ സംതുലനം ലഭിക്കാനും മനുഷ്യന്‍ ഉപയോഗിച്ചിരുന്നു. കാലങ്ങളായി കാഴ്ചവൈകല്യമുള്ളവര്‍ അവരുടെ സഞ്ചാരപാതയിലെ തടസ്സങ്ങള്‍ തിരിച്ചറിയാന്‍ വടികള്‍ ഉപയോഗിച്ചിരുന്നെങ്കിലും, ഇന്നുപയോഗിക്കുന്ന തരത്തിലുള്ള വെള്ളച്ചൂരൽ (White Cane) ഇരുപതാം നൂറ്റാണ്ടു വരെ നിലവിലുണ്ടായിരുന്നില്ല.

1921 ഒരു അപകടത്തെ തുടര്‍ന്ന് പൂര്‍ണ്ണ അന്ധനായിത്തീര്‍ന്ന ഇംഗ്ലീഷ് പത്ര പ്രവര്‍ത്തകനായിരുന്ന ജെയിംസ് ബിഗ്ഗ്‌സ് വീടിന്റെ ചുറ്റും സമീപസ്ഥലങ്ങളിലും തടസ്സം കൂടാതെ നടക്കാനായി ഒരു സാധാരണ ചൂരല്‍ ഉപയോഗിക്കാന്‍ തുടങ്ങി. റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടേയും , കാല്‍നടയാത്രക്കാരുടേയും ശ്രദ്ധ പിടിച്ചു പറ്റാനായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ചൂരലിന് ബിഗ്ഗ്‌സ് വെള്ളനിറം കൊടുത്തു.1930 ല്‍ ഇലിയോനിസ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റായ ജോര്‍ജ്ജ് എ ബോണ്‍ഹാം വെള്ളച്ചൂരലിന് ഒരു ചുവന്ന ബാന്റ് കൂടി വരച്ചാല്‍ ആളുകളുടെ ശ്രദ്ധ കൂടുതല്‍ പതിയുമെന്ന് അഭിപ്രായപ്പെട്ടു. ഒരു കറുത്ത ചൂരല്‍ ഉപയോഗിച്ച് റോഡ് മുറിച്ചു കടക്കാന്‍ ഒരാള്‍ ശ്രമിക്കുന്നത് കണ്ടപ്പോഴാണ് ബോണ്‍ഹാം ഈ അഭിപ്രായം രേഖപ്പെടുത്തിയത്. ബോണ്‍ ഹാമിന്റെ ആശയം ലയണ്‍സ് ക്ലബ് അംഗങ്ങള്‍ അംഗീകരിക്കുകയും, കാഴ്ചയില്ലാത്തവരുടെ ചലനാത്മകത മെച്ചപ്പെടുത്താനായി ചുവന്ന ബാന്റോടു കൂടിയ വെള്ളച്ചൂരല്‍ വിതരണം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു.

മാത്രമല്ല, വെള്ളച്ചൂരല്‍ ഉപയോഗിച്ച് റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് തടസ്സം ഉണ്ടാകാതിരിക്കാനായി വാഹന മോടിക്കുന്നവര്‍ക്ക് ചില മാര്‍ഗ നിര്‍ദേശങ്ങള്‍ പിയോറിയ സിറ്റി കൗണ്‍സില്‍ പാസ്സാക്കുകയും ചെയ്തു. ക്രമേണ അമേരിക്കയിലെ മറ്റു ലയണ്‍സ് ക്ലബ്ബുകളും ഈ പ്രവര്‍ത്തനം ഏറ്റെടുത്ത് നടപ്പാക്കാന്‍ തുടങ്ങി.

1931 ല്‍ തിരക്കേറിയതും , ട്രാഫിക് കൂടുതലുള്ളതുമായ പാരിസ് തെരുവുകളില്‍ സഞ്ചരിക്കുമ്പോള്‍ അന്ധരായ ആളുകള്‍ നേരിടുന്ന അപകടങ്ങള്‍ തിരിച്ചറിഞ്ഞ ഗില്ലി ഡി ഹെര്‍ബിമോമോണ്ട് എന്ന സാമൂഹ്യപ്രവര്‍ത്തക ഫ്രാന്‍സിലും വെള്ളച്ചൂരല്‍ പ്രസ്ഥാനം ആരംഭിയ്ക്കുകയും ഏകദേശം അയ്യായിരത്തിലധികം വെള്ളച്ചൂരല്‍ അധികൃതര്‍ക്ക് നല്‍കുകയും ചെയ്തു.വെള്ളച്ചൂരല്‍ കാഴ്ചവൈകല്യമുള്ള വ്യക്തിയ്ക്ക് പരിസ്ഥിതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കും. ചുറ്റുമുള്ള ലോകം പര്യവേക്ഷണം ചെയ്യാനും, മനസ്സിലാക്കാനും കാഴ്ചാവൈകല്യമുള്ളവര്‍ കേള്‍വി, സ്പര്‍ശം എന്നിവ ഉപയോഗിക്കുന്നു.

വെള്ളച്ചൂരലിനെ കാഴ്ചാവൈകല്യമുള്ള വ്യക്തിയുടെ ഡിജിറ്റല്‍ എക്‌സ്‌റ്റെന്‍ഷന്‍ എന്നു വിളിക്കാം. ഡിജിറ്റല്‍ എന്ന പദം സൂചിപ്പിക്കുന്നത് ആധുനിക സാങ്കേതിക വിദ്യയെയല്ല . മറിച്ച് വെള്ളച്ചൂരല്‍ അവരുടെ കൈകളെ വിപുലീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. അതുവഴി അവര്‍ക്ക് സാഹചര്യം വിലയിരുത്താനും വേഗത്തിലും ആത്മവിശ്വാസത്തോടെയും നീങ്ങാനും കഴിയുന്നു. തടസ്സങ്ങള്‍ തിരിച്ചറിയാനും, പടികളും നിയന്ത്രണങ്ങളും കണ്ടെത്താനും, നടപ്പാതയിലെ സമമല്ലാത്ത സ്ഥലങ്ങള്‍ തിരിച്ചറിയാനും, പടിയിറങ്ങാനും വാതിലുകള്‍ കണ്ടെത്താനും, കാറുകളിലും ബസ്സുകളിലും കയറാനും വെള്ളച്ചൂരല്‍ അവരെ സഹായിക്കുന്നു.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അന്ധര്‍ക്ക് വെള്ളച്ചൂരല്‍ ഉപയോഗപ്രദമായ ഒരുപകരണമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉപയോഗപ്രദമായ ഉപകരണമായിരുന്നില്ലെങ്കില്‍ വെള്ളച്ചൂരലിന് ഒരിക്കലും അന്ധര്‍ക്കിടയില്‍ ഇത്രമാത്രം സ്വീകാര്യത നേടാന്‍ കഴിയുമായിരുന്നില്ല.ലോകത്തില്‍ നിന്നും വിവരങ്ങള്‍ സ്വീകരിക്കുന്നതിനും അവ വ്യാഖ്യാനിക്കുന്നതിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ് കാഴ്ച.

തലച്ചോറിന്റെ ആഴത്തിലുള്ള ആന്തരിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോഴും പൂര്‍ണ്ണമായ അറിവില്ല. അതിനാല്‍ പഞ്ചേന്ദ്രിയങ്ങളില്‍ കണ്ണുകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം (‘പഞ്ചേന്ദ്രിയാണാം നയനം പ്രധാനം’) എന്ന പ്രസ്താവനയെ ചോദ്യം ചെയ്യാനുള്ള അറിവുകളോ, പഠനങ്ങളോ ഒന്നും തന്നെ ശാസ്ത്രജ്ഞരുടെ വശം ഇപ്പോഴുമില്ല. എന്നാല്‍ കാഴ്ചാവൈകല്യമുള്ള വ്യക്തികള്‍ ലോകത്തെ അനുഭവിക്കാന്‍ തികച്ചും വ്യത്യസ്തമായ സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തുന്നത് എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.
കാഴ്ചാവൈകല്യമുള്ള വ്യക്തികള്‍ തങ്ങളുടെ പാതയിലെ തടസ്സങ്ങള്‍ കണ്ടെത്താന്‍, നടക്കുമ്പോള്‍ വെള്ളച്ചൂരല്‍ വശങ്ങളില്‍ നിന്ന് വശങ്ങളിലേയ്ക്ക് ടാപ്പ് ചെയ്യുന്നു. എന്നാല്‍ പരമ്പരാഗത വെള്ളച്ചൂരല്‍ ഒരു വ്യക്തിയെ നിലത്തും, പരമാവധി പകുതി മുതല്‍ ഒരു മീറ്റര്‍ വരെയുള്ള തടസ്സങ്ങള്‍ കണ്ടെത്താന്‍ മാത്രമേ സഹായിക്കൂ. അന്ധരായ ആളുകള്‍ക്ക് പലപ്പോഴും അപകടകരമായി തൂങ്ങി നില്‍ക്കുന്ന മരക്കൊമ്പുകള്‍ തട്ടിയും, പരസ്യ ബോര്‍ഡുകളില്‍ തട്ടിയും, മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ തട്ടിയും അരയ്ക്കു മുകളിലുള്ള ഭാഗത്തും, മുഖത്തും പരിക്കുകള്‍ ഉണ്ടാകുന്നു. ഈ അനുഭവങ്ങള്‍ അവരില്‍ ഉത്കണ്ഠ ഉണ്ടാക്കുക മാത്രമല്ല, സ്വതന്ത്ര ചലനാത്മകതയെ കര്‍ശനമായി പരിമിതപ്പെടുത്തുകയും ചെയ്യും.

കാഴ്ചവൈകല്യമുള്ളവരുടെ രക്ഷാകവചമായ വെള്ളച്ചൂരല്‍ വിദേശരാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാഴ്ചാ വൈകല്യമുള്ളവരുള്ള ഇന്ത്യയില്‍ പരമാവധി എട്ടു ശതമാനം കാഴ്ച വൈകല്യമുള്ളവര്‍ മാത്രമേ ഈ രക്ഷാകവചം ഉപയോഗിക്കുന്നുള്ളൂ. വെള്ളച്ചൂരല്‍ ഉപയോഗിക്കുന്നതു കണ്ടാല്‍ ‘അന്ധന്‍’ എന്ന പേര് സമൂഹം ചാര്‍ത്തിക്കൊടുക്കുമെന്ന ഭയമാണ് പലരേയും ഇതുപയോഗിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.
ഈ കാരണം കൊണ്ടു തന്നെ സ്വന്തം കുടുംബാംഗങ്ങള്‍ പോലും വെള്ളച്ചൂരലിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നു.ഈ വികാരങ്ങള്‍ അംഗീകരിക്കുമ്പോള്‍ തന്നെ, കാഴ്ചവൈകല്യമുള്ളവരുടെ സുരക്ഷയ്ക്കും, സ്വാതന്ത്ര്യത്തിനുമായി ഒരു വെള്ളച്ചൂരല്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വ്യക്തികളേയും, കുടുംബാംഗങ്ങളേയും ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ഉണ്ട്.

വാൽ കഷ്ണം

⚡കാഴ്ചയില്ലാത്തവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗങ്ങളില്‍ ചിലതാണ്

🎉’ബ്ലൈന്റ് വാക്ക് :
കാഴ്ചയില്ലാത്തവരും, ഉള്‍ക്കാഴ്ചയുള്ളവരുമായ ആളുകള്‍ നയിക്കുന്ന നടത്തമാണ് ‘ബ്ലൈന്റ് വാക്ക്’. അവരെ പിന്തുടരുന്ന കാഴ്ചയുള്ളവര്‍, സ്വയം കറുത്ത തുണികൊണ്ട് കണ്ണടയ്ക്കുന്നതിനാല്‍ പൂര്‍ണ്ണമായും ഇരുട്ടിലായിരിയ്ക്കും. ഈ പദയാത്ര കാഴ്ചവൈകല്യമുള്ളവര്‍ നേരിടുന്ന വെല്ലുവിളികളെ ബോധ്യപ്പെടുത്താനും, അവര്‍ വികസിപ്പിച്ചെടുക്കുന്ന പ്രത്യേക കഴിവുകള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും സഹായകമായി ത്തീരുന്നു.

🎉ഡൈന്‍ ഇന്‍ ഡാര്‍ക്ക്:
ഒന്നാം നൂറ്റാണ്ടില്‍ സമാഹരിച്ച റോമന്‍ പാചകങ്ങളുടെ ശേഖരണമാണ് ‘അപീഷ്യസ്’. ഈ ഗ്രന്ഥത്തിലെ ഒരു പരാമര്‍ശമായ ‘നമ്മള്‍ ആദ്യം നമ്മുടെ കണ്ണുകള്‍കൊണ്ട് ഭക്ഷണം കഴിയ്ക്കുന്നു’ എന്നത് ഇന്നും അവിതര്‍ക്കമായി തുടരുന്നു. കാഴ്ചയുടെ പ്രലോഭനത്തില്‍ നിന്നാണ് രുചിമുകുളങ്ങള്‍ ഉത്തേജിക്ക പ്പെടുന്നത്. രുചിയേക്കാള്‍ കൂടുതല്‍ ദൃശ്യരൂപത്തെ അടിസ്ഥാനമാക്കിയാണ് നാം ഭക്ഷണം കഴിക്കുന്നത്.
എന്നാല്‍ തീര്‍ത്തും അന്ധകാരം നിറഞ്ഞുനില്‍ക്കുന്ന ഒരു റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനുള്ള അവസരം ലഭിച്ചാല്‍ ഉണ്ടാകുന്ന മാനസികാവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ. മാത്രമല്ല, ഭക്ഷണ ശാലയിലേക്ക് നയിക്കുന്നതും, മെനു വായിച്ചുതരുന്നതും, ഭക്ഷണം വിളമ്പുന്നതും, കൈകഴുകാനായി കൊണ്ടുപോകുന്നതും, ബില്‍ തയ്യാറാക്കുന്നതും തീരെ കാഴ്ചയില്ലാത്തവരാണെങ്കിലോ? ഈ അനുഭവങ്ങളാണ് ‘ഡൈനിങ്ങ് ഇന്‍ ഡാര്‍ക്ക്’ റെസ്‌റ്റോറന്റുകള്‍ വഴി ലഭിക്കുന്നത്. 1997 ല്‍ പാരീസില്‍ രൂപംകൊണ്ട ഈ സംരംഭം ഇന്ന് ലോകമാകമാനം വ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഡല്‍ഹിയിലും, ഹൈദരാബാദിലും, ബാംഗ്ലൂരിലും ഇതുപോലുള്ള റെസ്‌റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാഴ്ചാവൈകല്യമുള്ളവരുടെ സങ്കടങ്ങളും, വെല്ലുവിളികളും കുറച്ചു സമയത്തേക്കെങ്കിലും കാഴ്ചയുള്ളവരെ ബോധ്യപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും . മാത്രമല്ല, കാഴ്ചയില്ലെങ്കിലും, ഭക്ഷണം ആസ്വദിക്കാന്‍ മറ്റു ഇന്ദ്രിയങ്ങള്‍ കൂടുതലായി ഉത്തേജിപ്പിക്കപ്പെടുമെന്നും മനസിലാവും.

⚡സ്വതന്ത്രമായ ചലനാത്മകതയ്ക്ക് വെല്ലുവിളി നേരിടുന്ന കാഴ്ചാവൈകല്യമുള്ളവരുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനായി ഐ.ഐ.ടി. ഡല്‍ഹിയിലെ സാങ്കേതിക വിദഗ്ധര്‍ ഒരു നൂതന ഉത്പന്നത്തിന് രൂപം നല്‍കിയിട്ടുണ്ട്. കാഴ്ചയില്ലാത്തവര്‍ക്ക് സുരക്ഷിതമായും, സ്വതന്ത്രമായും ചലനാത്മകത പ്രദാനം ചെയ്യാനായി ഇവര്‍ വികസിപ്പിച്ചെടുത്ത ഉപകരണമാണ് സ്മാര്‍ട്ട് വൈറ്റ് കെയ്ന്‍. മൂന്നു മീറ്റര്‍ അകലെയുള്ള, കാല്‍ മുട്ടിന് മുകളിലുള്ള തടസ്സം നിര്‍ണ്ണയിക്കാന്‍ ഈ ഉപകരണം സഹായിക്കും. ഈ ഉപകരണത്തിന് ഏകദേശം 3000 രൂപ മാത്രമേ വിലയുള്ളൂ.

⚡അന്ധതയെക്കുറിച്ച് ലോകത്തെ ബോധവത്ക്കരിക്കുക, അന്ധര്‍ക്ക് സമൂഹത്തില്‍ സ്വതന്ത്രമായും ആത്മവിശ്വാസത്തോടും കൂടി ജീവിക്കാനുള്ള അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുക, കാഴ്ചയുള്ള ലോകത്ത് അന്ധരായ വ്യക്തികള്‍ നേടിയ കഴിവുകളും വിജയങ്ങളും ആഘോഷിക്കുകയും അവരോട് ആദരവ് പ്രകടിപ്പിക്കുകയും ചെയ്യുക എന്നി ലക്ഷ്യങ്ങൾക്കായി ഒക്ടോബര്‍ 15 അന്താരാഷ്ട്ര വെള്ളച്ചൂരല്‍ ദിനമായി ആചരിക്കുന്നു.

ലോകമെമ്പാടുമുള്ള അന്ധരോ, ഭാഗികമായി കാഴ്ചവൈകല്യമുള്ളവരോ ആയ ആളുകളെ പ്രതിനിധാനം ചെയ്യുന്ന ആഗോള സംഘടനയായ ‘വേള്‍ഡ് ബ്ലൈന്റ് യൂണിയന്റെ’ അഭിപ്രായത്തില്‍ ‘അന്ധരുടെ ആശ്രയത്വം മുതല്‍ സമൂഹത്തില്‍ പൂര്‍ണ്ണ പങ്കാളിത്തം വരെയുള്ള ചലനത്തെ തിരിച്ചറിയുന്നതിനായി വെള്ളച്ചൂരല്‍ ദിനം സഹായിക്കുന്നു.

You May Also Like

അവിയൽ ഉണ്ടായതെങ്ങനെ ? ​കുറെ കഥകള്‍ ഉണ്ട്

അറിവ് തേടുന്ന പാവം പ്രവാസി എല്ലാം ഒരു അവിയല്‍ പോലെ ആയി എന്ന് തമാശയ്ക്കെങ്കിലും നമ്മള്‍…

എന്താണ് ബേബി ബൂം ?

എന്താണ് ബേബി ബൂം ? അറിവ് തേടുന്ന പാവം പ്രവാസി ഒരു പ്രദേശത്ത് നിശ്ചിത കാലയളവിനുള്ളിൽ…

ഈച്ചകൾ അവയുടെ മുൻകാലുകൾ പരസ്പരം ഉരസുന്നത് എന്തിന് ?

വൃത്തിയില്ലാത്ത സ്ഥലങ്ങളിലും, ചപ്പുചവറുക ളിലുമെല്ലാം ഈച്ചകൾ വന്നിരിക്കും. അപകടകാരികളായ ബാക്ടീരിയകൾ ഇവിടെ നിന്നുമാണ് അവയുടെ കാലുകളിലെത്തുന്നത്